ന്യൂഡൽഹി: രാജ്യത്തു നിലവിലുള്ള വിമാന ഇന്ധന വിലനിർണയ രീതി അടിയന്തരമായി പുനഃപരിശോധിക്കണമെന്നു കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്ഐഎ). അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കുകൾക്കു പകരം ആഭ്യന്തരസർവീസുകൾക്ക് ഇന്ധനത്തിന്റെ യഥാർഥ ഉത്പാദനച്ചെലവും ന്യായമായ മാർജിനും മാത്രം അടിസ്ഥാനമാക്കിയുള്ള ‘കോസ്റ്റ് പ്ലസ്’ വിലനിർണയ മാതൃക നടപ്പിലാക്കണമെന്നാണ് എഫ്ഐഎയുടെ ആവശ്യം.
വിഷയത്തിൽ ഉടൻ ഇടപെടലുണ്ടായില്ലെങ്കിൽ രാജ്യത്തെ പല റൂട്ടുകളിൽനിന്നുമുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയച്ച കത്തിൽ എഫ്ഐഎ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ധനച്ചെലവിലെ കടുത്ത വർധനവ്, രൂപയുടെ മൂല്യത്തകർച്ച എന്നിവ വിമാനക്കമ്പനികളുടെ സാമ്പത്തിക അടിത്തറയെ തകർത്തുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ പ്രതിസന്ധി കാരണം കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൽ ഇന്ധനച്ചെലവ് വിഹിതം 30-40 ശതമാനത്തിൽനിന്ന് 55-60 ശതമാനമായി കുത്തനെ ഉയർന്ന സാഹചര്യമാണുള്ളത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് എഫ്ഐഎ. വിമാന ഗതാഗതമേഖല നിലനില്പ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ വിമാനക്കമ്പനികളെ സംരക്ഷിക്കാൻ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Tags : Aviation fuel price Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews