പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: കോളജും സ്കൂളുകളും മാത്രമല്ല, വിദ്യാർഥികൾ താമസിക്കുന്ന ഇടങ്ങളും റാഗിംഗ് സംബന്ധിച്ച നിയമത്തിന്റെ പരിധിയിൽവരുമെന്ന് സർക്കാർ മാർഗനിർദേശം. ഡിജിറ്റൽ ഇടങ്ങളിലടക്കം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏതു പ്രവൃത്തിയെയും റാഗിംഗായി കണക്കാക്കും.
പുതിയ റാഗിംഗ് നിരോധനനിയമം നടപ്പിൽവരാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തയാറാക്കിയത്. മാർഗനിർദേശങ്ങൾ ബാധകമാകുന്ന പ്രദേശങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിനകത്തും പുറത്തും എന്നരീതിയിലുള്ള വാക്കുകളിൽ
മാറ്റം വേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കോടതി നേരത്തേ നിർദേശിച്ച പ്രകാരം കരട് ബില്ലി ന്റെ അടിസ്ഥാനത്തിലാണു മാർഗനിർദേശം തയാറാക്കിയതെന്ന് സർക്കാർ അറിയിച്ചു.
പ്രധാന ഉള്ളടക്കം ഇങ്ങനെ:
1.വിദ്യാർഥികൾ വാഹനം കാത്തിരിക്കുന്ന സ്ഥലവും മാർഗനിർദേശ പ്രകാരം വിദ്യാലയം/കലാലയം എന്ന നിർവചനത്തിന്റെ പരിധിയിൽ വരും.
2. റാഗിംഗ് തെളിഞ്ഞാൽ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷയ്ക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും മൂന്നു വർഷത്തേക്ക് മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്യും.
3. റാഗിംഗ് നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ 24 മണിക്കൂറിനകം പൊലിസിനു പരാതി കൈമാറുകയും ആരോപണവിധേയനായ വിദ്യാർഥിയെ ഉടനടി സസ്പെൻഡ് ചെയ്യുകയും വേണം.
4. പരാതി മറച്ചുവച്ചാൽ സ്ഥാപന മേധാവിക്കെതിരേയും റിഗിംഗിനെതിരായ നടപടിയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടാകും.
Tags : Student Government Guidelines Accommodation AntiRagging Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash