ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലിസ് ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിക്കുന്നു.
ന്യൂഡൽഹി: എസ്ഐആറിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാടകീയ നീക്കങ്ങളിലൂടെയും രാഹുലും പ്രിയങ്കയും ഇന്നലെ ഡൽഹി പൊലിസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കി.
എട്ടു മണിക്കൂറിനുശേഷം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് മുഖംരക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുശേഷം രാഹുലിനെയും പ്രിയ ങ്കയെയും നേതാക്കളെയും പൊലിസ് വിട്ടയച്ചു.
►രാഹുലിന്റെ അപ്രതീക്ഷിത നീക്കം
ഇന്നലെ രാവിലെ പത്തര മുതൽ സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് എംപിമാർ മാർച്ച് നടത്തിയത്. പാർലമെന്റ് മന്ദിരത്തിൽനിന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധസമരം എംപിമാരുടെ അറസ്റ്റോടെ പതിവുരീതിയിൽ അവസാനിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.
►കുത്തിയിരുന്നു പ്രതിഷേധം
ബാരിക്കേഡിനു മുകളിൽനിന്നിറങ്ങിയ രാഹുൽ സമരം നിർത്തി തിരിച്ചുപോകുന്നതായി ഭാവിച്ച് നടന്നതോടെ പൊലിസിന്റെ ശ്രദ്ധ കുറഞ്ഞു. ഇതിനിടെ, പൊലിസിന്റെ കണ്ണുവെട്ടിച്ച് ആകാശവാണി ഭവനിലേക്കുള്ള ചെറിയ ഗേറ്റ് വഴി രാഹുൽ അകത്തു കടന്നു. അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പോകാനായിരുന്നു രാഹുലിന്റെ ശ്രമം. ഗേറ്റ് തുറന്നു കിടന്നതും പൊലിസിന്റെ അസാന്നിധ്യവും രാഹുലിന് തുണയായി.
പിന്നാലെ രാഹുൽ പ്രിയങ്ക ഗാന്ധിയെയും ഇങ്ങോട്ടേക്കു വരുത്തിച്ചു. ഇവിടെ ഇവരെ പൊലിസ് തടഞ്ഞതോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ആകാശവാണി ഭവനിൽ പ്രവേശിച്ച രാഹുലിനെയും മറ്റ് നേതാക്കളെയും രാത്രി എട്ടോടെയാണ് വൻ പൊലിസ് സന്നാഹം അറസ്റ്റ് ചെയ്തു നീക്കിയത്.
സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു എംപിയോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെടാൻ പൊലിസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നതു തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
►ബലംപ്രയോഗിച്ച് കസ്റ്റഡി
തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കാണാതെ പിന്മാറില്ലെന്ന് രാഹുലും പ്രിയങ്കയും ശഠിച്ചു. തുടർന്ന് കെ.സി. വേണുഗോപാൽ, പവൻ ഖേര അടക്കമുള്ള നേതാക്കളും ഇവിടെയെത്തി. ഒടുവിൽ രാത്രി എട്ടോടെ ബലം പ്രയോഗിച്ച് പൊലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. നേതാക്കൾ ശക്തമായി ചെറുത്തുനിന്നു. പിന്നീട് പൊലിസ് ബസിൽ കയറ്റിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു ചാടാൻ ശ്രമിച്ച രാഹുലിനെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തിനുള്ളിലാക്കി.
രാഹുലിനൊപ്പം ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് എംപിമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള കിംഗ്സ് വേ ക്യാമ്പിലേക്കാണ് രാഹുൽ ഉൾപ്പടെയുള്ള എംപിമാരെ പൊലിസ് കൊണ്ടുപോയത്.
പാർലമെന്റിനകത്ത് മകർദ്വാറിൽനിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവനു മുമ്പിൽ പൊലിസ് എംപിമാരെ തടഞ്ഞു.
►പാർലമെന്റ് മാർച്ചിൽ നാടകീയരംഗങ്ങൾ

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നില്ലെന്ന് കമ്മിഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്.
ഇന്നലെ വൈകുന്നേരം നാലുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടില്ല. നാലിനു ശേഷമാണ് ഡല്‍ഹി പൊലിസിൽനിന്ന് കൂടിക്കാഴ്ച ആഗ്രഹിക്കുന്നതായി വിവരം ലഭിച്ചത്.
240 എംപിമാരുടെ സംഘത്തെ പാര്‍ലമെന്റ് ഹൗസ് അനക്സിൽ വച്ച് കാണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് അസാധാരണമാണ്. ഇത്തരം മീറ്റിംഗുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരിസരത്ത് മാത്രമേ നടക്കുകയുള്ളൂ.
നിവേദനം സ്വീകരിക്കാന്‍ ഡ്യൂട്ടിയിലുള്ള തങ്ങളുടെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെ മീറ്റിംഗ് സ്ഥലത്തേക്ക് അയയ്ക്കാമെന്നും നിര്‍ദേശിച്ചിരുന്നു. ഈ വാഗ്ദാനം എംപിമാര്‍ നിരസിച്ചു. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും എപ്പോള്‍ വേണമെങ്കിലും കമ്മിഷനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ഥിക്കാമെന്നും കമ്മിഷൻ വ്യക്തമാക്കി.
Tags : Police Forcibly RahulGandhi PriyankaGandhi Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash