ന്യൂഡൽഹി: എസ്ഐആറിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാടകീയ നീക്കങ്ങളിലൂടെയും രാഹുലും പ്രിയങ്കയും ഇന്നലെ ഡൽഹി പൊലിസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കി.
എട്ടു മണിക്കൂറിനുശേഷം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് മുഖംരക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുശേഷം രാഹുലിനെയും പ്രിയ ങ്കയെയും നേതാക്കളെയും പൊലിസ് വിട്ടയച്ചു.
►രാഹുലിന്റെ അപ്രതീക്ഷിത നീക്കം
ഇന്നലെ രാവിലെ പത്തര മുതൽ സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് എംപിമാർ മാർച്ച് നടത്തിയത്. പാർലമെന്റ് മന്ദിരത്തിൽനിന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധസമരം എംപിമാരുടെ അറസ്റ്റോടെ പതിവുരീതിയിൽ അവസാനിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.
►കുത്തിയിരുന്നു പ്രതിഷേധം
ബാരിക്കേഡിനു മുകളിൽനിന്നിറങ്ങിയ രാഹുൽ സമരം നിർത്തി തിരിച്ചുപോകുന്നതായി ഭാവിച്ച് നടന്നതോടെ പൊലിസിന്റെ ശ്രദ്ധ കുറഞ്ഞു. ഇതിനിടെ, പൊലിസിന്റെ കണ്ണുവെട്ടിച്ച് ആകാശവാണി ഭവനിലേക്കുള്ള ചെറിയ ഗേറ്റ് വഴി രാഹുൽ അകത്തു കടന്നു. അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പോകാനായിരുന്നു രാഹുലിന്റെ ശ്രമം. ഗേറ്റ് തുറന്നു കിടന്നതും പൊലിസിന്റെ അസാന്നിധ്യവും രാഹുലിന് തുണയായി.
പിന്നാലെ രാഹുൽ പ്രിയങ്ക ഗാന്ധിയെയും ഇങ്ങോട്ടേക്കു വരുത്തിച്ചു. ഇവിടെ ഇവരെ പൊലിസ് തടഞ്ഞതോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ആകാശവാണി ഭവനിൽ പ്രവേശിച്ച രാഹുലിനെയും മറ്റ് നേതാക്കളെയും രാത്രി എട്ടോടെയാണ് വൻ പൊലിസ് സന്നാഹം അറസ്റ്റ് ചെയ്തു നീക്കിയത്.
സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു എംപിയോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെടാൻ പൊലിസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നതു തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
►ബലംപ്രയോഗിച്ച് കസ്റ്റഡി
തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കാണാതെ പിന്മാറില്ലെന്ന് രാഹുലും പ്രിയങ്കയും ശഠിച്ചു. തുടർന്ന് കെ.സി. വേണുഗോപാൽ, പവൻ ഖേര അടക്കമുള്ള നേതാക്കളും ഇവിടെയെത്തി. ഒടുവിൽ രാത്രി എട്ടോടെ ബലം പ്രയോഗിച്ച് പൊലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. നേതാക്കൾ ശക്തമായി ചെറുത്തുനിന്നു. പിന്നീട് പൊലിസ് ബസിൽ കയറ്റിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു ചാടാൻ ശ്രമിച്ച രാഹുലിനെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തിനുള്ളിലാക്കി.
രാഹുലിനൊപ്പം ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് എംപിമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള കിംഗ്സ് വേ ക്യാമ്പിലേക്കാണ് രാഹുൽ ഉൾപ്പടെയുള്ള എംപിമാരെ പൊലിസ് കൊണ്ടുപോയത്.
പാർലമെന്റിനകത്ത് മകർദ്വാറിൽനിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവനു മുമ്പിൽ പൊലിസ് എംപിമാരെ തടഞ്ഞു.
►പാർലമെന്റ് മാർച്ചിൽ നാടകീയരംഗങ്ങൾ
- രാവിലെ പത്തരയോടെ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി എംപിമാർ പാർലമെന്റിലെ മകർദ്വാറിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് ആരംഭിച്ചു
- വിജയ്ചൗക് വഴി പുറത്തുകടക്കാനുള്ള നീക്കം ഉപേക്ഷിച്ച് പാർലമെന്റ് സ്ട്രീറ്റിലൂടെ എംപിമാർ അര കിലോമീറ്റർ അകലെയുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യമാക്കി നീങ്ങി.
- ഇലക്ഷൻ കമ്മിഷൻ കോംപ്രമൈസ്ഡ് - സാക്ക് ഗ്യാനേഷ് കുമാർ (കമ്മിഷന്റെ വിശ്വാസ്യത തകർന്നു- ഗ്യാനേഷ് കുമാറിനെ പുറത്താക്കൂ) എന്നെഴുതിയ ബാനറും പ്ലക്കാഡുകളും എംപിമാർ കൈയിലേന്തിയിരുന്നു
- മാർച്ച് മുന്നോട്ടു നീങ്ങിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷന് നൂറു മീറ്ററോളം അകലെ ആകാശവാണി ഭവനു മുന്നിൽ പൊലിസ് എംപിമാരെ തടഞ്ഞു.
- കോൺഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും ഇടതു പാർട്ടികളുടെയും പ്രവർത്തകർ എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നു
- പൊലിസ് തടഞ്ഞതോടെ ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് എംപിമാരും പ്രവർത്തകരും മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു.
- ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മല്ലികാർജുൻ ഖാർഗെയെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റിയതിനു പിന്നാലെ ഒരു മണിക്കൂറോളം അരങ്ങേറിയ പ്രതിഷേധത്തിൽ പൊലിസ് നടപടി ആരംഭിച്ചു
- ഇതിനിടയിൽ രാഹുൽ ഗാന്ധി, അഭിഷേക് ബാനർജി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ബാരിക്കേഡിന് മുകളിൽ കയറി. രാഹുൽ ദേശീയ പതാകയേന്തി പ്രതിഷേധിച്ചു.
- എസ്പിയുടെ അഖിലേഷ് യാദവ്, സിപിഎമ്മിന്റെ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, സിപിഐയിലെ പി. സന്തോഷ്കുമാർ തൃണമൂലിന്റെ അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയാൻ തുടങ്ങിയവരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
- പൊലിസിന്റെ കണ്ണുവെട്ടിച്ച് രാഹുലും പ്രിയങ്കയും ആകാശവാണി ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്കെത്തി. ആകാശവാണിയുടെ പിൻഗേറ്റിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് എത്താനായിരുന്നു രാഹുലിന്റെ ശ്രമം.
- രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തിൽ പതറിയ പൊലിസ് ആകാശവാണി ഭവന്റെ എല്ലാ ഗേറ്റുകളും അടച്ച് രാഹുലിനെ തടഞ്ഞു. ഇതോടെ ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരുന്ന് അദ്ദേഹം പ്രതിഷേധം ആരംഭിച്ചു.
- കെ.സി. വേണുഗോപാൽ ഉൾപ്പടെ കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം ആകാശവാണി ഭവനു പുറത്ത് പ്രതിഷേധം തുടർന്നു
- അനുനയ ശ്രമവുമായി പൊലിസ് എത്തിയെങ്കിലും രാഹുൽ വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാതെ പ്രതിഷേധത്തിൽനിന്നു പിന്മാറില്ലെന്ന് വ്യക്തമാക്കി മണിക്കൂറുകളോളം രാഹുലും നേതാക്കളും ആകാശവാണി കോമ്പൗണ്ടിൽ തുടർന്നു.