National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ.
പൊലിസ് ബലം പ്രയോഗിച്ചാണ് ഇരുനേതാക്കളെയും കസ്റ്റഡിയിലെടുത്തത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും വഴിമധ്യേ പൊലിസ് തടയുകയായിരുന്നു.
തുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. സ്ഥലത്ത് അർധസൈനിക വിഭാഗങ്ങളെയടക്കം വിന്യസിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷണർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ട് മണിക്കൂർ നീണ്ട ധർണയ്ക്ക് ശേഷമാണ് രാഹുൽ പ്രതിപക്ഷ എംപിമാർക്കൊപ്പം ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയത്. പിന്നാലെയാണ് നേതാക്കളെ ബലം പ്രയോഗിച്ച് നീക്കിയത്.
അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയ പ്രിയങ്ക ഗാന്ധി ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് കയറ്റിയ വാഹനത്തിൽ എൻഎസ്യു പ്രവർത്തകർ ഉൾപ്പെടെ വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർച്ചയായി നാലാം ദിവസമാണ് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. ജന്തർ മന്തറിലേക്ക് നീങ്ങിയ എംപിമാരെ പൊലിസ് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഐക്യദാർഢ്യ ലഞ്ചിന് പിന്നാലെയാണ് എംപിമാർ മൂന്ന് ബസുകളിലായി ജൻപഥിൽ നിന്ന് ജന്തർ മന്തറിലേക്ക് തിരിച്ചത്. എന്നാൽ ജന്തർ മന്തറിന് സമീപം പൊലിസ് ബാരിക്കേഡ് തീർത്ത് ബസുകൾ തടഞ്ഞു. ഇതോടെ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി.
പൊലിസ് ബലപ്രയോഗത്തിലൂടെ നിരവധി പ്രവർത്തകരെ നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, ആർജെഡി തുടങ്ങിയ കക്ഷികളുടെ എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സമാജ്വാദി പാർട്ടി എംപിമാർ മാർച്ചിൽ പങ്കെടുത്തില്ല. ഗ്യാനേഷ് കുമാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
ന്യൂഡൽഹി: സമര കലുഷിതമായി രാജ്യതലസ്ഥാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ. സ്ഥലത്ത് പ്രവർത്തകരും പൊലിസും തമ്മിൽ വാക്കേറ്റമുണ്ടായി.
രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് പൊലിസ് വാഹനത്തിൽ കയറ്റിയെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ പൊലിസ് വളരെ പണിപ്പെട്ടിരുന്നു. പ്രവർത്തകർ വാഹനം തടഞ്ഞിരുന്നു. രാഹുലിനെ അറസ്റ്റുചെയ്ത് കയറ്റിയ വാഹനത്തിന് മുകളിൽ കയറി എൻഎസ്യു പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നേരത്തെ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിക്ക് ചുറ്റും പ്രവർത്തകർ വലയമൊരുക്കിയിരുന്നു. പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ ഭരണഘടന ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു.
National
ന്യൂഡൽഹി: എസ്ഐആറിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാടകീയ നീക്കങ്ങളിലൂടെയും രാഹുലും പ്രിയങ്കയും ഇന്നലെ ഡൽഹി പൊലിസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കി.
എട്ടു മണിക്കൂറിനുശേഷം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് മുഖംരക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുശേഷം രാഹുലിനെയും പ്രിയ ങ്കയെയും നേതാക്കളെയും പൊലിസ് വിട്ടയച്ചു.
►രാഹുലിന്റെ അപ്രതീക്ഷിത നീക്കം
ഇന്നലെ രാവിലെ പത്തര മുതൽ സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് എംപിമാർ മാർച്ച് നടത്തിയത്. പാർലമെന്റ് മന്ദിരത്തിൽനിന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധസമരം എംപിമാരുടെ അറസ്റ്റോടെ പതിവുരീതിയിൽ അവസാനിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.
►കുത്തിയിരുന്നു പ്രതിഷേധം
ബാരിക്കേഡിനു മുകളിൽനിന്നിറങ്ങിയ രാഹുൽ സമരം നിർത്തി തിരിച്ചുപോകുന്നതായി ഭാവിച്ച് നടന്നതോടെ പൊലിസിന്റെ ശ്രദ്ധ കുറഞ്ഞു. ഇതിനിടെ, പൊലിസിന്റെ കണ്ണുവെട്ടിച്ച് ആകാശവാണി ഭവനിലേക്കുള്ള ചെറിയ ഗേറ്റ് വഴി രാഹുൽ അകത്തു കടന്നു. അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പോകാനായിരുന്നു രാഹുലിന്റെ ശ്രമം. ഗേറ്റ് തുറന്നു കിടന്നതും പൊലിസിന്റെ അസാന്നിധ്യവും രാഹുലിന് തുണയായി.
പിന്നാലെ രാഹുൽ പ്രിയങ്ക ഗാന്ധിയെയും ഇങ്ങോട്ടേക്കു വരുത്തിച്ചു. ഇവിടെ ഇവരെ പൊലിസ് തടഞ്ഞതോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ആകാശവാണി ഭവനിൽ പ്രവേശിച്ച രാഹുലിനെയും മറ്റ് നേതാക്കളെയും രാത്രി എട്ടോടെയാണ് വൻ പൊലിസ് സന്നാഹം അറസ്റ്റ് ചെയ്തു നീക്കിയത്.
സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു എംപിയോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെടാൻ പൊലിസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നതു തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
►ബലംപ്രയോഗിച്ച് കസ്റ്റഡി
തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കാണാതെ പിന്മാറില്ലെന്ന് രാഹുലും പ്രിയങ്കയും ശഠിച്ചു. തുടർന്ന് കെ.സി. വേണുഗോപാൽ, പവൻ ഖേര അടക്കമുള്ള നേതാക്കളും ഇവിടെയെത്തി. ഒടുവിൽ രാത്രി എട്ടോടെ ബലം പ്രയോഗിച്ച് പൊലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. നേതാക്കൾ ശക്തമായി ചെറുത്തുനിന്നു. പിന്നീട് പൊലിസ് ബസിൽ കയറ്റിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു ചാടാൻ ശ്രമിച്ച രാഹുലിനെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തിനുള്ളിലാക്കി.
രാഹുലിനൊപ്പം ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് എംപിമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള കിംഗ്സ് വേ ക്യാമ്പിലേക്കാണ് രാഹുൽ ഉൾപ്പടെയുള്ള എംപിമാരെ പൊലിസ് കൊണ്ടുപോയത്.
പാർലമെന്റിനകത്ത് മകർദ്വാറിൽനിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവനു മുമ്പിൽ പൊലിസ് എംപിമാരെ തടഞ്ഞു.
►പാർലമെന്റ് മാർച്ചിൽ നാടകീയരംഗങ്ങൾ
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആശ്ചര്യഭരിതരായി പൊലിസുകാരും ആകാശവാണി ഭവനിലെ ഉദ്യോഗസ്ഥരും.
മാർച്ചിനൊടുവിൽ രാഹുലിനെയും എംപിമാരെയും അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലും പ്രിയങ്കയും ചേർന്ന് ആകാശവാണി ഭവൻ കവാടത്തിലെ ചെറിയ ഇടനാഴിയിലൂടെ അകത്തേക്ക് കയറിയപ്പോൾ അത് പൊലിസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
പാർലമെന്റിനും തെരഞ്ഞെടുപ്പ് കമ്മിഷനുമിടയിലെ ബാരിക്കേഡുകൾക്കിടയിൽ കനത്ത സുരക്ഷാ വിന്യാസം ഒരുക്കിയിരുന്ന പൊലിസിന് നിമിഷനേരംകൊണ്ട് ആകാശവാണി ഭവനിലും കനത്ത സുരക്ഷ ഒരുക്കേണ്ടിവന്നു.
അഭിവാദ്യങ്ങളുമായി ആകാശവാണി ജീവനക്കാരും
കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയുടെ ഹൃദയഭാഗം സമരകലുഷിതമായിരുന്നെങ്കിലും ആകാശവാണിയിലെ ഉദ്യോഗസ്ഥർക്ക് ഇന്നലെ എന്നത്തെയും പോലൊരു ദിവസമായിരുന്നില്ല. അപ്രതീക്ഷിതമായി സമരം തങ്ങളുടെ ഓഫിസിലെത്തിയത് അവർ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
രാഹുലും പ്രിയങ്കയും പിന്നീട് ആകാശവാണി ഭവനിനു മുന്നിലുള്ള ബോധിവൃക്ഷത്തിനു കീഴെ സമരം ആരംഭിച്ചപ്പോൾ കാഴ്ചക്കാരായി ആകാശവാണി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സമരമാരംഭിച്ചതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ചിലർക്ക് സെൽഫികളും ഫോട്ടോകളും ലഭിച്ചെങ്കിലും പൊലിസ് പിന്നീട് ഇവരെ ഒഴിപ്പിച്ചു. എന്നാൽ ബാൽക്കണിയിൽനിന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും ശ്രദ്ധയാകർഷിച്ച ആകാശവാണി ഉദ്യോഗസ്ഥർ അഭിവാദ്യങ്ങളുമർപ്പിച്ചു.
ഗ്യാനേഷ് കുമാർ ചെയ്തത് രാജ്യദ്രോഹം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ ചെയ്തതു രാജ്യദ്രോഹമാണെന്നും ഇവരാരും നിയമത്തിനു മുന്നിൽനിന്ന് രക്ഷപ്പെടില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണത്തിലൂടെ ഇവർ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർത്തുവെന്നും വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തുമെന്നും രാഹുൽ വ്യക്തമാക്കി.
ജനപ്രതിനിധികളായ എംപിമാർക്ക് തെരഞ്ഞെടുപ്പു കമ്മിഷണർമാരെ കാണാൻപോലും കഴിയുന്നില്ലെങ്കിൽ പിന്നെ എന്തു ജനാധിപത്യമാണ് രാജ്യത്തുള്ളത്. വിഷയം ഇവിടം കൊണ്ടവസാനിക്കില്ല. ഇതിൽനിന്ന് ആർക്കും ഒളിച്ചോടാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന് വോട്ടുതട്ടിപ്പ് പഠിപ്പിച്ചുകൊടുത്തവരാണ് ഏറ്റവും വലിയ കള്ളന്മാരെന്നും, തെരഞ്ഞെടുപ്പു കമ്മിഷൻ എന്നാൽ ‘ഇലക്ഷൻ കോംപ്രമൈസ്ഡ്’എന്ന അവസ്ഥയിലേക്കു തരംതാഴരുതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കടുപ്പിച്ചു പറഞ്ഞു.
Kerala
കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന്റെ കോഴിക്കോട് തിരുവമ്പാടിയിലെ വീട്ടിൽ പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. വിദർശയുടെ മാതാപിതാക്കളെ നേരിൽ കണ്ട പ്രിയങ്ക, അവരുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.
നമ്മുടെ കുട്ടികൾ വലിയ കഴിവുള്ളവരാണെന്നും ശരിയായ പരിശീലനവും പിന്തുണയും ലഭിച്ചാൽ അന്താരാഷ്ട്ര വേദികളിൽ തിളങ്ങാനും വിജയങ്ങൾ സ്വന്തമാക്കാനും അവർക്ക് സാധിക്കുമെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയ സംഘത്തിൽ വിദർശയും ഉൾപ്പെട്ടിരുന്നു. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വിദർശ അടങ്ങിയ ടീം വെള്ളി മെഡൽ നേടിയിരുന്നു.
Kerala
മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അവർ, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബിജെപി നേതാക്കൾ തങ്ങൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം ഇതിൽനിന്ന് പൂർണമായും വ്യത്യസ്തമാണ്.
ഭരണകൂടത്തിന്റെ നയങ്ങളിൽ ആരും സംതൃപ്തരല്ല. തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ അവസ്ഥ ഏതൊരാൾക്കും ബോധ്യപ്പെടും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തന്നെ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Kerala
കല്പ്പറ്റ: ജനവാസകേന്ദ്രങ്ങളുടെയും ജീവനോപാധികളുടെയും സംരക്ഷണം കോണ്ഗ്രസിന്റെ മുഖ്യ ഉത്തരവാദിത്വമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകര് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനം ആശങ്കയുളവാക്കുന്നതാണ്. ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്പ്പെടുത്തി പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ചെയ്യുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. കരട് വിജ്ഞാപനത്തില് നിരവധി ജനവാസ മേഖലകളാണ് ഉള്പ്പെട്ടിരിക്കുന്നത്. വിഷയത്തില് മുഖ്യമന്ത്രി ഇടപെട്ടുവരികയാണ്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി കേന്ദ്ര സര്ക്കാര് പ്രതിനിധികളുമായി ഇഎസ്എ പ്രശ്നം ചര്ച്ചചെയ്തുവെന്നാണ് മനസിലാക്കുന്നത്. ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്കിയിട്ടുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കാത്ത വിധത്തിലാകണം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം.
തെരഞ്ഞെടുപ്പ് പ്രക്രിയയില് ക്രമക്കേട് കാണിക്കുന്നത് രാജ്യത്തിനെതിരായ വലിയ കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. ഭരണഘടനാസ്ഥാപന പദവിയിലിരുന്ന് നിയമവിരുദ്ധമായ കാര്യങ്ങള് ചെയ്യുന്നവര്ക്ക് സംരക്ഷണം നല്കേണ്ടതില്ല.
വോട്ടര്പട്ടിക അട്ടമറിച്ചതും 13 കോടിയോളം വോട്ടര്മാരെ നീക്കം ചെയ്തതും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ വെല്ലുവിളിയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സാധാരണ കുറ്റവാളികളെപോലെ കണ്ട് നിയമനടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പട്ടു.
Kerala
കല്പ്പറ്റ: വിവിധ പരിപാടികളില് പങ്കെടുക്കുന്നതിനായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപി താമസിക്കുന്ന പടിഞ്ഞാറത്തറ താജ് ഹോട്ടല് പരിസരത്ത് ബാനറുകള് സ്ഥാപിച്ച് ഡിവൈഎഫ്ഐ തരിയോട് യൂണിറ്റ്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനത്തില് ഉള്പ്പെടുത്തിയ പ്രദേശങ്ങളുടെയും ജീവനോപാധികളുടെയും രക്ഷയ്ക്ക് എംപി അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ബാനറുകളില്. എംപി വല്ലപ്പോഴും മാത്രം മണ്ഡലസന്ദര്ശനം നടത്തുന്നതിലുള്ള വിമര്ശനവും ബാനറുകളിലുണ്ട്.
ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനെതിരേ എംപി രംഗത്തുവരാത്ത സാഹചര്യത്തിലാണ് ബാനറുകള് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകര് പറഞ്ഞു.
Kerala
നിലമ്പൂര്: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉയരുന്ന ആരോപണങ്ങള് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയെന്ന് എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി.
കമ്മിഷന്റെ പക്ഷപാതപരമായ നടപടികളും അനീതിയും സംബന്ധിച്ച് രാഹുല് ഗാന്ധി നിരന്തരം ഉന്നയിക്കുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങള് ഇപ്പോള് മാധ്യമങ്ങളിലൂടെയും പുറത്തുവരികയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
നിലമ്പൂര് മുണ്ടേരിയിലായിരുന്നു അവരുടെ പ്രതികരണം. തെരഞ്ഞെടുപ്പു കമ്മിഷന് ഇത്തരം ക്രമക്കേടുകള്ക്കു സഹായം നല്കുന്നുവെന്ന ആരോപണം ശരിയാണെങ്കില് അത് വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ്. കമ്മിഷന് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും അത് അനുവദിക്കുന്നുണ്ടെങ്കില് അതും ഗുരുതരംതന്നെ.
ഇത്തരം ആരോപണങ്ങളില് കൃത്യമായ നടപടിക്രമം പാലിച്ച് അന്വേഷണം നടത്തണം. നീതിയുക്തമായ അന്വേഷണ സംവിധാനമുണ്ടാകണം. വോട്ടര്പട്ടികയില് കൃത്രിമം, ലക്ഷക്കണക്കിനു വോട്ടര്മാരെ പട്ടികയില്നിന്നു നീക്കം ചെയ്യല് തുടങ്ങിയ ആരോപണങ്ങള് രാഹുല് ഗാന്ധി ആവര്ത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരം വിഷയങ്ങള് ഉയര്ന്നുവന്നിട്ടുണ്ടെന്നും അവര് പറഞ്ഞു. സംശയങ്ങള് ശരിയാണെന്ന് തെളിഞ്ഞാല് ഉത്തരവാദികളായവര്ക്കെതിരേ കര്ശനനടപടി സ്വീകരിക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: വയനാട് സന്ദർശന വേളയിൽ തനിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതൽ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച അവർ, ഈ രീതി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്ന കാര്യം പ്രിയങ്ക ഗാന്ധി സിആർപിഎഫ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയാണുണ്ടായത്.
ഭാവിയിലും സമാനമായ രീതി തുടരുകയാണെങ്കിൽ തന്റെ മണ്ഡല സന്ദർശനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Kerala
മലപ്പുറം: ദുരന്തബാധിത മേഖലയായ വണ്ടൂരിലേക്കുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ ഇന്നത്തെ സന്ദർശനം മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങളാൽ സന്ദർശനം മാറ്റിവച്ചത്. ബുധനാഴ്ച പ്രിയങ്ക വണ്ടൂരിലെത്തും.
അതേസമയം മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തെത്തി. ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൂക്കോട്ടുംപാടം സന്ദർശിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലം പോലുമല്ലാതിരുന്ന സമയത്ത് അപ്രതീക്ഷിതമായിയെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ പരീക്ഷാ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതാധികാര സമിതിയിൽ അംഗമായി നിയമിക്കപ്പെട്ട ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ "ഗോമൂത്ര വിദഗ്ദ്ധൻ" എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. മുൻപ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് കാമകോടി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചാണ് പ്രിയങ്കയുടെ പരിഹാസം.
ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് ശേഷം പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യമാക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയിലേക്ക് കാമകോടിയെ നിയമിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ കടന്നാക്രമണം.
ആരാണ് വി. കാമകോടി?
പ്രിയങ്ക ഗാന്ധിയുടെ വിമർശനം രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നെങ്കിലും, കമ്പ്യൂട്ടർ സയൻസ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് വി. കാമകോടി. ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസും പിഎച്ച്ഡിയും നേടി. 2001-ൽ അധ്യാപകനായി ചേർന്നു, 2022 ജനുവരി മുതൽ ഡയറക്ടറാണ്.
പ്രതിരോധം, വാർത്താവിനിമയം എന്നീ മേഖലകളിൽ വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനായി ഇന്ത്യ നിർമിച്ച ആദ്യ തദ്ദേശീയ പ്രോസസ്സറായ 'ശക്തി'വികസിപ്പിച്ചെടുത്ത ടീമിന് നേതൃത്വം നൽകിയത് കാമകോടിയാണ്.
ഗോമൂത്ര വിവാദത്തിന് പിന്നിൽ
2025 ജനുവരിയിൽ ചെന്നൈയിലെ ഒരു ഗോശാലയിൽ നടന്ന മാട്ടുപ്പൊങ്കൽ ചടങ്ങിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നാടൻ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും സംസാരിക്കവേ, ഗോമൂത്രത്തിന് ബാക്ടീരിയ വിരുദ്ധവും ദഹനത്തെ സഹായിക്കുന്നതുമായ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചിരുന്നു. ഇതിനെയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ആയുധമാക്കിയത്.
എൻടിഎ ടാസ്ക് ഫോഴ്സിലെ പങ്ക്
നിലവിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന എൻടിഎ പരീക്ഷകൾ ചോർച്ചയില്ലാതെ സുരക്ഷിതമായും സുതാര്യമായും നടത്തുന്നതിന് ആവശ്യമായ വിവരസാങ്കേതിക-സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് പാനലിൽ കാമകോടിയുടെ പ്രധാന ചുമതല.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും. "ഏറ്റവും നീചനായ മനുഷ്യൻ"എന്ന് ജോഷിയെ വിശേഷിപ്പിച്ച രാഹുൽ, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ച ചരിത്രമുള്ളയാളാണ് അയാളെന്നും കുറ്റപ്പെടുത്തി. ഈ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചു.
നീറ്റ് പരീക്ഷാ വിവാദവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കുന്നതിനിടെ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. "ഈ രാജ്യത്തെ ചെറുപ്പക്കാർ വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്കെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്.നിരവധിയായ പെൺകുട്ടികളും ഈ സമരത്തിലുണ്ട്. ഇവരെല്ലാം പോലീസ് അതിക്രമത്തിന് ഇരയായിട്ടുണ്ട്.
ഇതിനിടയിലാണ് ബലാത്സംഗക്കാരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്ത ഒരു വ്യക്തിയെ ബിജെപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നയാളേക്കാൾ നീചനായ മറ്റൊരു മനുഷ്യനില്ല. അങ്ങനെയൊരാളാണ് ഇപ്പോൾ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാബിനറ്റിൽ വേറെ എത്രയോ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്തരമൊരു വ്യക്തിയെ തെരഞ്ഞെടുത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
2022-ൽ ബിൽക്കിസ് ബാനോ കേസിൽ കുറ്റക്കാരായ 11 പേർക്ക് ഗുജറാത്ത് സർക്കാർ ഇളവ് നൽകി വെറുതെ വിട്ടപ്പോൾ, അത് നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രൾഹാദ് ജോഷി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. പിന്നീട് സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കുകയും പ്രതികളെ തിരികെ ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
*ആരോപണങ്ങൾ തള്ളി പ്രൾഹാദ് ജോഷി
അതേസമയം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് പ്രൾഹാദ് ജോഷി രംഗത്തെത്തി. ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രസ്താവനകൾ നടത്തിയതിന് പ്രിയങ്ക ഗാന്ധിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയിക്കണമെന്നും പ്രൾഹാദ് ജോഷി ലോക്സഭയിൽ തിരിച്ചടിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.
സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചത് എന്തിനാണ്. ലാത്തിച്ചാർജ് നടത്തേണ്ട ആവശ്യം എന്തായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും അവരുടെ വസ്ത്രങ്ങൾ കീറുകയും ക്രൂരമായി മർദിക്കുകയും ചെയ്തത് എന്തിനാണ്. രാജ്യത്തെ യുവാക്കൾക്കെതിരെ പെല്ലറ്റ് ഗണ്ണും എകെ 47ഉം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ.
അവർ ഭീകരവാദികൾ അല്ലെന്നും പ്രിയങ്ക പറഞ്ഞു. പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്നും പ്രധാനമന്ത്രിയാണോ ആഭ്യന്തരമന്ത്രിയാണോ നിർദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് മാത്രമല്ല രാജ്യം മുഴുവൻ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്.
യുവാക്കളുടെ ശബ്ദത്തെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്. ഗാന്ധിജിയുടെ അഹിംസാ മാർഗം പിന്തുടർന്ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾ അവരുടെ അവകാശം ഉയർത്തിപ്പിടിച്ചെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേസമയം ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാർലമെന്റിലെത്തിയപ്പോൾ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെയും പ്രിയങ്ക വിമർശിച്ചു.
രാജിവച്ചതിന് പിന്നാലെ മുൻ വിദ്യാഭ്യാസ മന്ത്രിയെ വിജയാഘോഷം പോലെയാണ് ഭരണപക്ഷ എംപിമാർ സ്വീകരിച്ചത്. പ്രധാനമന്ത്രി കാമറയുടെ ആംഗിൾ മാറ്റിമാറ്റി പരീക്ഷിച്ചതുകൊണ്ട് കാര്യമില്ല. കാമറ ആംഗിൾ അല്ല അദ്ദേഹം മനസിന്റെ ആംഗിളാണ് മാറ്റേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.
Kerala
കല്പ്പറ്റ: വിദ്യാര്ഥികള് രാജ്യത്തെ തിരിച്ചുപിടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ചുള്ള മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എഐസിസി ജനറല് സെക്രട്ടറി കൂടിയായ അവർ.
പുഞ്ചിരിമട്ടം ഉരുള്ദുരന്ത ബാധിതര്ക്ക് കോണ്ഗ്രസ് നടപ്പാക്കുന്ന ഭവന പദ്ധതി പ്രദേശം സന്ദര്ശിക്കാന് മേപ്പാടി കുന്നുന്പറ്റയില് എത്തിയപ്പോഴായിരുന്നു പ്രിയങ്ക മാധ്യമപ്രവര്ത്തകരെ കണ്ടത്.
രാജ്യചരിത്രത്തിലെ നിര്ണായക നിമിഷമാണ് ധര്മേന്ദ്ര പ്രധാന്റെ രാജിയോടെ പിറന്നത്. എല്ലാ ഭരണകര്ത്താക്കള്ക്കുമുള്ള പാഠമാണിത്. പരീക്ഷാ ക്രമകേടുകള്ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് സമരത്തിനിറങ്ങിയ വിദ്യാര്ഥികള്ക്ക് വലിയ രീതിയിലുള്ള പോലീസ് അതിക്രമം നേരിടേണ്ടിവന്നു.
എന്നിട്ടും അവര് പിന്നാക്കം പോയില്ല. തന്റെ സഹോദരന് ഉള്പ്പെടെ അവര്ക്കൊപ്പം നിന്ന് പോരാടി. വിദ്യാര്ഥികളുടെ വിജയത്തില് സന്തോഷമുണ്ട്. ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും വിദ്യാര്ഥികള്ക്കൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.
National
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. വിദ്യാർഥികളുടെയും യുവാക്കളുടെയും അടിയുറച്ച പോരാട്ടത്തിന്റെ വിജയമാണിതെന്നും ജനവിരുദ്ധ ഭരണാധികാരികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും അവർ പറഞ്ഞു.
അടിച്ചമർത്തലുകൾക്കും പോലീസ് അതിക്രമങ്ങൾക്കും മുന്നിൽ പതറാതെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിന്റെ വിജയം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി.
വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടന്നിട്ടും അവർ പിന്നോട്ടുപോയില്ല. ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിദ്യാർഥികൾക്കൊപ്പം ഉറച്ചുനിന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി.
രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളുടെ അംഗീകാരം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജ് നടത്തിയ ശേഷം, സാമൂഹികമാധ്യത്തിൽ യുവാക്കളുടെ ഭാവിയെപ്പറ്റി പ്രധാനമന്ത്രി ആശങ്കപ്പെടുന്നതു വഞ്ചനാപരമായ സമീപനമാണ്.
തന്റെ മുക്കിനുതാഴെ 152 പരീക്ഷപേപ്പറുകൾ ചോർന്നിട്ടും ഒന്നിൽപ്പോലും നടപടിയെടുക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തെ യുവാക്കളുടെ ഭാവിഇല്ലാതാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
NRI
ഡബ്ലിൻ: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില് പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് എതിരേ കേന്ദ്രസേനയും ഡൽഹി പോലീസും സ്വീകരിച്ച നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യ അവകാശങ്ങൾ വിനിയോഗിച്ച് സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും നേതാക്കൾക്കും എതിരായ ഇത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധാവകാശത്തിന്റെയും ലംഘനമാണെന്നും ഇത് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണമാണെന്നും ഐഒസി അയർലൻഡ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരം കാണുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ജനാധിപത്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള എല്ലാ സമാധാനപരമായ പോരാട്ടങ്ങൾക്കും ഐഒസി അയർലൻഡിന്റെ പൂർണ ഐക്യദാർഢ്യവും പിന്തുണയും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
National
ന്യൂഡൽഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ രാഹുൽ ഗാന്ധി അറസ്റ്റിൽ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ കൂടാതെ പ്രിയങ്ക ഗാന്ധിയെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
രാഹുൽ ഗാന്ധിയെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് നടപടിക്കെതിരെ സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള എംപിമാരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാത്രിയിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ തുടരാനുള്ള തീരുമാനത്തിനിടെയാണ് പോലീസ് നടപടി.
Kerala
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടി സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.
ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇവരെന്നും ദുരിതബാധിതരെ പൂർണമായി അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എംപിയുടെ സന്ദർശനം.
കഴിഞ്ഞ എട്ടിനാണ് കള്ളാടി തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു
National
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിക്കാൻ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നണി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹാട്രിക് വിജയം തടയുക ലക്ഷ്യമിട്ട്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഡൽഹിയിൽ രഹസ്യ ചർച്ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
യുപിയിൽ യോഗി സർക്കാരിനെ താഴെയിറക്കാൻ എസ്പിയുമായുള്ള സീറ്റ് പങ്കിടൽ കോൺഗ്രസിന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസപ്പെട്ട വേളയിലാണ് നേതാക്കൾ ഇതിനായി ഒത്തുകൂടിയത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് വസ്തുക്കൾ മോഷ്ടിക്കപ്പെട്ട വിവാദവിഷയവും നേതാക്കൾ ചർച്ച ചെയ്തതായാണ് സൂചന.
ഉത്തർപ്രദേശിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സ്ഥാനാർത്ഥികളുടെ വിജയസാധ്യതയും ബൂത്ത് തലത്തിലുള്ള സംഘടനാശേഷിയും മുൻനിർത്തി മാത്രമേ സീറ്റുകൾ നൽകാനാവൂ എന്ന നിലപാടിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചേർന്നുള്ള സഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നു.
Kerala
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി.
വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.
ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു.
Viral
ഗാന്ധി കുടുംബത്തിൽ നിന്നും ഒരു പുതിയ വിവാഹവാർത്ത പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അവിവ ബെയ്ഗ് എന്ന പേര് തരംഗമായത്.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്രയുടെ പ്രതിശ്രുത വധുവാണ് അവിവ.
വർഷങ്ങളായുള്ള സൗഹൃദവും ഏഴ് വർഷം നീണ്ട പ്രണയവുമാണ് ഇപ്പോൾ വിവാഹനിശ്ചയത്തിൽ എത്തിനിൽക്കുന്നത്. രാജസ്ഥാനിലെ രൺതംബോറിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
തന്റെ മൂന്നാം വയസുമുതലുള്ള ഉറ്റ സുഹൃത്താണ് അവിവ എന്ന് വ്യക്തമാക്കിക്കൊണ്ട് റൈഹാൻ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ പഴയകാല ചിത്രങ്ങളും നിശ്ചയത്തിന്റെ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഡൽഹി സ്വദേശിയായ അവിവ ബെയ്ഗ് വെറുമൊരു സെലിബ്രിറ്റി മരുമകൾ എന്നതിലുപരി മികച്ച ഒരു കലാകാരിയും പ്രൊഫഷണലുമാണ്.
ഫോട്ടോഗ്രഫിയിലും വിഷ്വൽ ആർട്സിലും സജീവമായ അവിവ ‘അറ്റലിയർ 11' എന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോയുടെ സഹസ്ഥാപക കൂടിയാണ്.
ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയ ഇവർ മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ്.
കലാരംഗത്തേക്ക് തിരിയുന്നതിന് മുമ്പ് കായികരംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുള്ള അവിവയുടെ ചിത്രങ്ങൾ പല പ്രമുഖ പ്രദർശനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.
റൈഹാനും അവിവയും തമ്മിലുള്ള ബന്ധം വെറും വ്യക്തിപരം മാത്രമല്ല, കലയോടുള്ള അഭിനിവേശവും ഇവരെ പരസ്പരം അടുപ്പിച്ചു. റൈഹാൻ ഒരു വന്യജീവി ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമായി അറിയപ്പെടുമ്പോൾ, അവിവ ഫാഷൻ, ബ്രാൻഡിംഗ് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇവരുടെ കുടുംബങ്ങൾ തമ്മിലും പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ഒരു വ്യവസായിയും, അമ്മ നന്ദിത ബെയ്ഗ് പ്രശസ്തയായ ഇന്റീരിയർ ഡിസൈനറുമാണ്.
പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്തായ നന്ദിതയാണ് എഐസിസി ആസ്ഥാനത്തിന്റെ ഇന്റീരിയർ ഡിസൈൻ നിർവ്വഹിച്ചതെന്നതും ശ്രദ്ധേയമാണ്.
കുടുംബങ്ങളുടെ പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടിയുള്ള ഈ വിവാഹം വരും മാസങ്ങളിൽ നടക്കുമെന്നാണ് സൂചനകൾ.