കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി, ലോക്സഭാംഗങ്ങളായ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും. "ഏറ്റവും നീചനായ മനുഷ്യൻ"എന്ന് ജോഷിയെ വിശേഷിപ്പിച്ച രാഹുൽ, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ച ചരിത്രമുള്ളയാളാണ് അയാളെന്നും കുറ്റപ്പെടുത്തി. ഈ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചു.
നീറ്റ് പരീക്ഷാ വിവാദവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കുന്നതിനിടെ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. "ഈ രാജ്യത്തെ ചെറുപ്പക്കാർ വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്കെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്.നിരവധിയായ പെൺകുട്ടികളും ഈ സമരത്തിലുണ്ട്. ഇവരെല്ലാം പോലീസ് അതിക്രമത്തിന് ഇരയായിട്ടുണ്ട്.
ഇതിനിടയിലാണ് ബലാത്സംഗക്കാരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്ത ഒരു വ്യക്തിയെ ബിജെപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നയാളേക്കാൾ നീചനായ മറ്റൊരു മനുഷ്യനില്ല. അങ്ങനെയൊരാളാണ് ഇപ്പോൾ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാബിനറ്റിൽ വേറെ എത്രയോ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്തരമൊരു വ്യക്തിയെ തെരഞ്ഞെടുത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
2022-ൽ ബിൽക്കിസ് ബാനോ കേസിൽ കുറ്റക്കാരായ 11 പേർക്ക് ഗുജറാത്ത് സർക്കാർ ഇളവ് നൽകി വെറുതെ വിട്ടപ്പോൾ, അത് നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രൾഹാദ് ജോഷി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. പിന്നീട് സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കുകയും പ്രതികളെ തിരികെ ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
*ആരോപണങ്ങൾ തള്ളി പ്രൾഹാദ് ജോഷി
അതേസമയം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് പ്രൾഹാദ് ജോഷി രംഗത്തെത്തി. ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രസ്താവനകൾ നടത്തിയതിന് പ്രിയങ്ക ഗാന്ധിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയിക്കണമെന്നും പ്രൾഹാദ് ജോഷി ലോക്സഭയിൽ തിരിച്ചടിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.
Tags : RahulGandhi PriyankaGandhi PralhadJoshi LatestNews Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash