x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കര്‍ഷകരെ വലച്ച് ഫ്യൂസേറിയം രോഗബാധ; കപ്പയും വാഴയും നശിക്കുന്നു

കൊച്ചി ബ്യൂറോ
Published: July 28, 2026 03:54 PM IST | Updated: July 28, 2026 03:54 PM IST

രോഗബാധ കണ്ടെത്തിയ വാഴ

കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിലെ മുപ്പതേക്കറിലധികം പാടത്തെ കപ്പയുള്‍പ്പെടെയുള്ള കൃഷികള്‍ക്ക് രോഗബാധ. ആറു മാസം പ്രായമായ കപ്പയുടെ ചുവട് ഭാഗം തണ്ടുള്‍പ്പെടെ ചീഞ്ഞ് കിഴങ്ങുകള്‍ പൂര്‍ണ്ണമായി കേടുവന്ന നിലയിലാണ്. ചുവട് ഭാഗത്തെ കിഴങ്ങുകള്‍ പൂര്‍ണ്ണമായും നശിച്ച് തണ്ടും ഇലയും ഉള്‍പ്പെടെയുള്ള മുകള്‍ ഭാഗം മറിഞ്ഞു വീഴുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.

പാലക്കുഴ മനക്കപ്പാടത്ത് 2020 മുതലാണ് രോഗബാധ തുടങ്ങിയത്. ചേനയുടെ ചുവട് ഭാഗത്തെ തണ്ട് കറുത്ത നിലയിലായ ശേഷം ചീയല്‍ ബാധ ചുവട്ടിലേക്ക് കൂടി ബാധിച്ച് നശിക്കുകയാണ്. വാഴയുടെ അടി ഭാഗത്ത് ചീയല്‍ ഉണ്ടായി വാഴ പിടര്‍ന്ന് വീഴുന്നതാണ് രോഗ ലക്ഷണം. കുലയ്ക്കാറായ വാഴകളുടെ ഇലകള്‍ കരിയുകയും ചെയ്യുന്നുണ്ട്. വളരെ ചെറിയ കുലകളാണ് ഈ വാഴകളില്‍ നിന്നും ലഭിക്കുന്നത്.

കാരമല, കോഴിപ്പിള്ളി കാവുംഭാഗം എന്നീ പാടശേഖരങ്ങളിലും ഈ രോഗബാധയുണ്ട്. എല്ലാ വര്‍ഷവും കൃഷി വകുപ്പില്‍ നിന്നുള്ള സംഘമെത്തി പരിശോധന നടത്തുന്നുണ്ടെങ്കിലും രോഗബാധക്ക് ശമനമില്ല. ഇതോടെ കപ്പ കൃഷി മാറ്റി വാഴ, ചേന എന്നീ കൃഷികള്‍ ആരംഭിച്ചെങ്കിലും രക്ഷയില്ല. കാര്‍ഷിക വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് പുതിയ കപ്പത്തണ്ടുകള്‍ കൃഷി ചെയ്‌തെങ്കിലും അവയ്ക്കും രോഗം പിടിപെട്ടു.

പലതരത്തിലുള്ള കൃഷികള്‍ മാറി മാറി ചെയ്തിട്ടും രോഗം മാറാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഭൂമിയുമുണ്ട്. ഓരോ വര്‍ഷവും വലിയൊരു തുക നഷ്ടമാകുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിക്കാരുമായി ചര്‍ച്ച നടത്താനും രോഗബാധ പരിശോധിക്കാനും ശ്രീകാര്യത്തു നിന്നുള്ള കേന്ദ്ര ട്യൂബര്‍ ക്രോപ്സ് ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ സയന്റിസ്റ്റുകള്‍ പാലക്കുഴയിലെത്തി.

 

K-Rail Survey

തിരുവനന്തപുരം ഐസിഎആര്‍സിടി സിആര്‍ഐ പ്രിന്‍സിപ്പിള്‍ സയന്‍റിസ്റ്റ് ഡോ. എം.എല്‍. ജീവ, സീനിയര്‍ സയന്‍റിസ്റ്റ് ഡോ. ജീന മാത്യു എന്നിവരാണ് പരിശോധനക്കെത്തിയത്. പാടശേഖരങ്ങളില്‍ സംഘമെത്തി കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പാലക്കുഴയില്‍ രണ്ട് കേന്ദ്രങ്ങളില്‍ പരീക്ഷണ കൃഷി നടത്തുമെന്ന് വിദഗ്ദ്ധ സംഘാംഗങ്ങള്‍ പറഞ്ഞു.

ഫ്യൂസേറിയം എന്ന രോഗമാണ് കപ്പ കൃഷിക്ക് ബാധിച്ചിട്ടുള്ളത്. ബയോ ഏജന്‍റ് മിത്രകുമിള്‍, മിത്ര ബാക്ടീരിയ എന്നിവ ഉപയോഗിച്ച് രോഗബാധ തടയുക, മണ്ണ് പരിശോധന നടത്തി ഓരോ ഘട്ടങ്ങളിലും ഏതൊക്കെ ഘടകങ്ങളുടെ കുറവുകളുണ്ടെന്ന് കണ്ടെത്തി പരിഹാരം ചെയ്യുക, ഉചിതമായഅളവില്‍ കുമ്മായം ചേര്‍ത്ത് അമ്ലത്വം കുറയ്ക്കുക എന്നീ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടതെന്ന് സംഘം വിശദമാക്കി.

Tags : Fusarium Farmers Crops

Recent News

Corehub Up