പ്രതീകാത്മക ചിത്രം - എഐ
ന്യൂഡല്‍ഹി: പാക്കിസ്ഥാനും ചൈനയും സൈനിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ഇന്ത്യയെ സുരക്ഷാഭീഷണിയിലേക്ക് എത്തിക്കുന്നതായി യുഎസ് കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്.
ഇന്ത്യയുടെ വളർച്ചയെ നിയന്ത്രിക്കുന്നതിനു വ്യവസായ, വിതരണശൃംഖലകളെ തളർത്തുന്നതിനൊപ്പം അതിർത്തിയിൽ സൈനികസമ്മർദം എന്ന ഇരട്ട തന്ത്രമാണ് ചൈന ഉപയോഗിക്കുന്നത്.
യുഎസ്-ചൈന സാന്പത്തിക, സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധരംഗത്ത് ഇന്ത്യയുമായി, പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ യുഎസ് ഭരണകൂടത്തോടു സമിതി നിര്‍ദേശിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനുള്ള സൈനിക സഹായം ചൈന വർധിപ്പിക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ ഒരേസമയം വെല്ലുവിളി സൃഷ്ടിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത് ചൈനയുടെ സാധ്യതകളാണ് വർധിപ്പിച്ചത്. നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാതെ അവശ്യഘട്ടങ്ങളിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുക എന്നതായിരുന്നു ചൈനയുടെ തന്ത്രം.
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വകവരുത്തിയതിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരവാദകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച കാര്യം റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഇത്തരം സംഘർഷങ്ങളിൽ പാക്കിസ്ഥാനുള്ള ചൈനീസ് പിന്തുണ ഭാവിയിലെ ഇന്ത്യയുടെ സൈനിക നടപടികൾക്കു വെല്ലുവിളി സൃഷ്ടിക്കും.
യുഎസിന്റെ സഖ്യരാജ്യമല്ലാതെ ചൈനയുമായി മത്സരിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യ ശക്തമാകുന്നതിലൂടെ ഏഷ്യയിൽ അധികാരം സന്തുലിതമായി തുടരും. ചൈനയുടെ വിതരണ-ഉത്പാദന ശൃംഖലകൾക്കു ബദലാകാൻ ഇന്ത്യക്കു മാത്രമേ കഴിയൂ.
ഇക്കാര്യം വ്യക്തമായി മനസിലാക്കുന്നതിനാൽ ഇന്ത്യയുടെ വളർച്ച തടസപ്പെടുത്താനാണ് ചൈനീസ് ശ്രമം. സാന്പത്തിക മേഖലയെയാണ് ഇതിനായി ചൈന കൂടുതൽ ആശ്രയിക്കുന്നത്. പ്രധാനപ്പെട്ട വ്യാവസായിക ഘടകങ്ങൾ, സാങ്കേതികവിദ്യ, നിർമാണ വൈദഗ്ധ്യം എന്നിവ നിയന്ത്രിച്ച് ഇന്ത്യയുടെ മത്സരശേഷിയെ തളർത്താനാണ് ചൈനയുടെ നീക്കം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നാവിക, നിരീക്ഷണ, ഗവേഷണ സാന്നിധ്യം വര്‍ധിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മേഖലയില്‍ ഇന്ത്യക്കുള്ള മുൻതൂക്കം കുറയുന്നതിനും ഇന്ത്യൻ സൈന്യത്തിനു കൂടുതൽ സമ്മർദം ഉണ്ടാകുന്നതിനും ഇതു കാരണമാകും. ദീർഘകാല നാവികപദ്ധതികളാണ് ഇതിനായി ചൈന തയാറാക്കുന്നത്. ഭാവിയിൽ സമുദ്രമേഖലയിലെ കൂടുതൽ തർക്കങ്ങൾക്ക് ഇതു വഴിതെളിച്ചേക്കാം.
Tags : military partnership China Pakistan US double challenge India