പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിയുടെയും പ്രമുഖ മന്ത്രിമാരുടെയും ശക്തികേന്ദ്രങ്ങളിൽപ്പോലും ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടത് പാർട്ടിക്കു വലിയ തിരിച്ചടിയായി.
ജില്ലാ പരിഷത്തിലെ തെരഞ്ഞെടുപ്പ് നടന്ന 1271 സീറ്റുകളിൽ കോൺഗ്രസ് 794 എണ്ണം നേടിയപ്പോൾ ബിജെപിക്കു നേടാനായത് 357 സീറ്റാണ്. ആർഎൽപി 51 സീറ്റ് നേടി.
പഞ്ചായത്ത് സമിതിയിലെ ആകെയുള്ള 7520 സീറ്റിൽ കോൺഗ്രസ് 3758 സീറ്റ് നേടിയപ്പോൾ ബിജെപിക്കു ലഭിച്ചത് 2213 ആണ്. ആർഎൽപിക്ക് 497 സീറ്റ് ലഭിച്ചു.
ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവയുടെ മണ്ഡലമായ ദൂദു, ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിൻവ്സാറിന്റെ ലോഹാവത്, കൃഷിമന്ത്രി കിരോഡി ലാൽ മീണയുടെ സവായ് മാധോപുർ എന്നിവിടങ്ങളിൽ ബിജെപി പരാജയപ്പെട്ടു. നഗരവികസന മന്ത്രി ഝബർ സിംഗ് ഖാരയുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പിൽ തോറ്റു. ആകെ 17 സംസ്ഥാന മന്ത്രിമാർക്കും മൂന്ന് കേന്ദ്രമന്ത്രിമാർക്കും തങ്ങളുടെ സ്വാധീനമേഖലകളിൽ പാർട്ടിയെ വിജയിപ്പിക്കാനായില്ല. അതേസമയം, മുൻ ബിജെപി മന്ത്രി രാജേന്ദ്ര റാത്തോഡിന്റെ മകനും മരുമകളും വിജയിച്ചു.
ഈമാസം 25ന് ജില്ലാ പ്രമുഖന്മാരുടെയും 27ന് പഞ്ചായത്ത് സമിതി പ്രധാൻമാരുടെയും തെരഞ്ഞെടുപ്പ് നടക്കും. കൂടുതൽ സീറ്റുകൾ നേടിയ കോൺഗ്രസിന് ഭൂരിഭാഗം സമിതികളിലും ഭരണം പിടിക്കാൻ സാധിക്കും.
റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും പ്രാദേശിക ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമുള്ള അതൃപ്തിയുമാണ് ഗ്രാമീണമേഖലയിൽ ബിജെപിക്കു തിരിച്ചടിയായതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.
ബിജെപി സർക്കാരിന്റെ മൂന്നു വർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പാണ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ടിക്ക റാം ജുള്ളി പറഞ്ഞു.
നഗരസഭകളിൽ അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെയാണ് ബിജെപി വിജയിച്ചതെന്നും അതിന് ഗ്രാമീണ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്താസ്ര അഭിപ്രായപ്പെട്ടു.
Tags : Rajasthan Local Body Election Setback BJP Constituencies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash