പ്രതീകാത്മക ചിത്രം
കോഴിക്കോട്: റാഗിംഗ് തടയാന്‍ കര്‍ശന നിയമ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കേരള റാഗിംഗ് നിരോധന നിയമം ഭേദഗതി വരുത്തി പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതുവരെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടാകും.
കേരളത്തില്‍ പുതിയ റാഗിംഗ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ‘റാഗിംഗ് വിരുദ്ധ-വിദ്യാര്‍ഥിക്ഷേമ മാര്‍ഗനിര്‍ദേശങ്ങള്‍ 2026’പ്രാബല്യത്തിലാക്കിയത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ. അച്യുത്ശങ്കര്‍ ചെയര്‍മാനായ സമിതി തയാറാക്കിയ കരട് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
കാമ്പസുകള്‍ക്കു പുറമെ ഹോസ്റ്റലുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, പൊതു-സ്വകാര്യ യാത്രാമാര്‍ഗങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. കുറ്റക്കാരെ സ്ഥാപനത്തില്‍നിന്നു പുറത്താക്കുന്നതിനും പൊലിസിന്റെ നിയമനടപടികള്‍ക്കു വിധേയരാക്കുന്നതിനും പുറമെ ഒട്ടേറെ മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.
മാനേജ്മെന്റ്, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ ജാതി, മതം, ഭാഷ, വംശം, നിറം, ലിംഗഭേദം, ഭിന്നശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ മാനസികമോ ശാരീരികമോ ആയ പീഡനമോ ഭീഷണിപ്പെടുത്തലോ നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്താലും റാഗിംഗ് നിയമത്തിന്റെ പരിധിയില്‍ വരും.
പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം വാങ്ങണം. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ ക്വാറന്റൈന് കാലയളവ് പ്രഖ്യാപിക്കണം. ഈ കാലയളവില്‍ സ്ഥാപന മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പറോ ഇ മെയിലോ മറ്റ് വിവരങ്ങളോ ശേഖരിക്കാനുള്ള ശ്രമവും റാഗിംഗായി കണക്കാക്കും.
അപമാനിക്കാനോ പണം തട്ടാനോ വേണ്ടി മാത്രം വ്യാജപരാതി നല്‍കുകയോ തെറ്റായ വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവര്‍ക്ക് ആറ് മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടികള്‍ പാടില്ല. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതിക്ക് കേസെടുക്കാന്‍ കഴിയില്ല.
►ആന്റി-റാഗിംഗ് കമ്മിറ്റി
സമിതിയില്‍ എട്ടു വിഭാഗം പ്രതിനിധികള്‍ ഉണ്ടാകണം- അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍, നവാഗതര്‍, രക്ഷിതാക്കള്‍, പൊലിസ്, പ്രാദേശിക മാധ്യമ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍.
►കൗണ്‍സലിംഗ് സെല്ലുകള്‍
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ്യതയുള്ള സൈക്കോളജിസ്റ്റിന്റെ ചുമതലയില്‍ വെല്‍നസ് ക്ലിനിക്കോ കൗണ്‍സലിംഗ് സെല്ലോ സ്ഥാപിക്കണം. ആത്മഹത്യാ പ്രവണത തടയാന്‍ വെല്‍നസ് ക്ലിനിക്കിനോട് ചേര്‍ന്ന് ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം.
►സര്‍വകലാശാലാ തല സമിതി
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും കീഴിലുള്ള കോളജുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി ആന്റി-റാഗിംഗ് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കണം.
►സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ഗ്രാന്റ്, ഫണ്ട്, സ്കോളര്‍ഷിപ്പുകള്‍ എന്നിവ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് തടഞ്ഞുവയ്ക്കുകയോ അഫിലിയേഷന് പിന്‍വലിക്കുകയോ ചെയ്യാം. സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് സര്‍വകലാശാലകള്‍ക്കു തടയാം.
Tags : Ragging Guidelines Students Strict legal measures Curb ragging Kerala Prohibition of Ragging Act Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash