കോഴിക്കോട്: റാഗിംഗ് തടയാന്‍ കര്‍ശന നിയമ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കേരള റാഗിംഗ് നിരോധന നിയമം ഭേദഗതി വരുത്തി പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതുവരെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടാകും.
കേരളത്തില്‍ പുതിയ റാഗിംഗ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ‘റാഗിംഗ് വിരുദ്ധ-വിദ്യാര്‍ഥിക്ഷേമ മാര്‍ഗനിര്‍ദേശങ്ങള്‍ 2026’പ്രാബല്യത്തിലാക്കിയത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ. അച്യുത്ശങ്കര്‍ ചെയര്‍മാനായ സമിതി തയാറാക്കിയ കരട് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
കാമ്പസുകള്‍ക്കു പുറമെ ഹോസ്റ്റലുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, പൊതു-സ്വകാര്യ യാത്രാമാര്‍ഗങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. കുറ്റക്കാരെ സ്ഥാപനത്തില്‍നിന്നു പുറത്താക്കുന്നതിനും പൊലിസിന്റെ നിയമനടപടികള്‍ക്കു വിധേയരാക്കുന്നതിനും പുറമെ ഒട്ടേറെ മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.
മാനേജ്മെന്റ്, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ ജാതി, മതം, ഭാഷ, വംശം, നിറം, ലിംഗഭേദം, ഭിന്നശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ മാനസികമോ ശാരീരികമോ ആയ പീഡനമോ ഭീഷണിപ്പെടുത്തലോ നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്താലും റാഗിംഗ് നിയമത്തിന്റെ പരിധിയില്‍ വരും.
പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം വാങ്ങണം. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ ക്വാറന്റൈന് കാലയളവ് പ്രഖ്യാപിക്കണം. ഈ കാലയളവില്‍ സ്ഥാപന മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പറോ ഇ മെയിലോ മറ്റ് വിവരങ്ങളോ ശേഖരിക്കാനുള്ള ശ്രമവും റാഗിംഗായി കണക്കാക്കും.
അപമാനിക്കാനോ പണം തട്ടാനോ വേണ്ടി മാത്രം വ്യാജപരാതി നല്‍കുകയോ തെറ്റായ വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവര്‍ക്ക് ആറ് മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടികള്‍ പാടില്ല. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതിക്ക് കേസെടുക്കാന്‍ കഴിയില്ല.