പ്രതീകാത്മക ചിത്രം
പൂന്തുറ: തിരുവനന്തപുരം ബീമാപള്ളി ആസാദ് നഗറിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതികളിലൊരാൾ പിടിയിൽ. ബീമാപള്ളി സ്വദേശി മാഹീൻകണ്ണ്(20) ആണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിക്കായി അന്വേഷണം തുടരുന്നു.
ആസാദ് നഗറിലെ രാജിലയുടെ വീട് കുത്തിത്തുറന്ന് നാലേമുക്കാൽ പവന്റെ സ്വർണാഭരണങ്ങളും 15000 രൂപയുമാണ് പ്രതികൾ കവർന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാർ ബീമാപള്ളി ഉറൂസിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം.
പ്രതികളിലൊരാൾ വാതിലിനോട് ചേർന്നുള്ള ജനാലതുറന്ന് കതകിന്റെ കുറ്റിയെടുത്താണ് അകത്ത് കടന്നത്. പിന്നാലെ അലമാര കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവർന്നു. കുടുംബം ശനിയാഴ്ച പുലർച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പൂന്തുറ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Tags : Trivandrum Crime Police Investigation CaseFile FIR