ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ 130 വർഷത്തോളം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക
രാജ്നന്ദ്ഗാവ് (ഛത്തീസ്ഗഡ്): സർക്കാർ ഭൂമിയുടെ പാട്ടക്കരാർ റദ്ദാക്കിയതിനെത്തുടർന്ന് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ 130 വർഷത്തോളം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്രിസ്ത്യൻ പള്ളി ഭരണകൂടം പൊളിച്ചുനീക്കി.
ബസന്ത്പുർ മേഖലയിലെ 23 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണു നടപടി. പള്ളിക്കു പുറമെ വളപ്പിലുണ്ടായിരുന്ന പഴയ ആശുപത്രി വാർഡുകൾ, ഓഫീസുകൾ, താമസസ്ഥലങ്ങൾ എന്നിവയും ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു.
കഴിഞ്ഞ ആറിന് രാജ്നന്ദ്ഗാവ് ജില്ലാ കളക്ടർ ജിതേന്ദ്ര യാദവ് ഭൂമിയുടെ പാട്ടക്കരാർ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ 15ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗൗതം പാട്ടീലിന്റെയും തഹസിൽദാർ പി.എൽ. നാഗിന്റെയും നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹത്തോടെയായിരുന്നു പൊളിച്ചുനീക്കൽ നടപടി.
പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം നാട്ടുരാജ്യ ഭരണകാലത്ത് 1944ലാണ് കുഷ്ഠരോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഒരു മിഷനറി സംഘടനയ്ക്ക് ബസന്ത്പുരിലെ 23 ഏക്കർ ഭൂമി അനുവദിച്ചത്. 43 വർഷത്തെ പാട്ടക്കരാർ പിന്നീട് പുതുക്കുകയും ചെയ്തിരുന്നു.
ഭൂമി അനധികൃതമായി കൈമാറുക, ഉപപാട്ടത്തിനു നൽകുക തുടങ്ങിയ കരാർ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണു പാട്ടം റദ്ദാക്കിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള പല കെട്ടിടങ്ങളും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ഭൂമി തിരിച്ചുപിടിക്കാൻ തഹസിൽദാർക്ക് ഏഴുദിവസത്തെ സമയം നൽകിയശേഷമാണു റവന്യു, മുനിസിപ്പൽ, പൊലിസ് സംഘങ്ങൾ ചേർന്ന് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയത്. തിരിച്ചുപിടിച്ച ഭൂമിയിൽ കായികമൈതാനം ഉൾപ്പടെയുള്ള പൊതുസൗകര്യങ്ങൾ വികസിപ്പിക്കാനാണു ഭരണകൂടത്തിന്റെ തീരുമാനം.
ചരിത്രപൈതൃകം നഷ്ടമായെന്ന് ക്രൈസ്തവസമൂഹം
സർക്കാർ രേഖകളിൽ 1944 മുതലുള്ള വിവരങ്ങളാണുള്ളതെങ്കിലും മിഷൻ കാമ്പസിന് 1905 മുതൽ ചരിത്രമുണ്ടെന്നാണ് പ്രാദേശിക ക്രൈസ്തവ സമൂഹത്തിന്റെ വാദം. ആശുപത്രിയിലെ കുഷ്ഠരോഗികൾക്കും പ്രദേശവാസികൾക്കും തലമുറകളായി പ്രാർഥനയ്ക്കും ആരാധനയ്ക്കും ആശ്രയമായിരുന്ന പള്ളിയാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഓടുമേഞ്ഞ പള്ളി യന്ത്രസഹായത്തോടെ തകർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശ്വാസികൾക്കിടയിൽ വലിയ വേദനയും പ്രതിഷേധവുമുയർന്നു. “ഈ പള്ളി എന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ഒന്നാണ്. എന്റെ കുട്ടിക്കാലം ചെലവഴിച്ചതും ആത്മീയമായി വളർന്നതും ഇതിന്റെ ചുവരുകൾക്കുള്ളിലാണ്. കൺമുന്നിൽ അതു തകർക്കപ്പെടുന്നത് കാണുന്നത് വാക്കുകൾക്കതീതമായ വേദനയാണ്”- പ്രദേശവാസിയായ ബൽറാം ടണ്ടൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
തങ്ങളുടെ ക്രൈസ്തവ പൈതൃകത്തിന്റെ നഷ്ടമായാണു സംഭവത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാമ്പസിലെ കുഷ്ഠരോഗികൾക്കും താമസക്കാർക്കും കൃത്യമായ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കണമെന്നും അദ്ദേഹം അധികൃതരോട് അഭ്യർഥിച്ചു.
Tags : Church demolished Chhattisgarh Christian Church Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash