പത്മജ വേണുഗോപാൽ
തിരുവനന്തപുരം: ബിജെപി പ്രവേശനം താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്നും ഹൃദയത്തിന്റെ ഭാഷയിൽ മാപ്പു പറയുന്നുവെന്നും ബിജെപിയിൽ നിന്നു രാജിവച്ചെത്തിയ പത്മജ വേണുഗോപാൽ.
ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസുകാരിയായി മാറണമെന്നത് മാത്രമാണ് തന്റെ മനസിലുള്ളതെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ബിജെപി വിട്ടു കോണ്‍ഗ്രസിൽ തിരിച്ചെത്തുന്നതിനു മുൻപു പരസ്യമായി മാപ്പുപറയണമെന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യമുയർത്തിയ സാഹചര്യത്തിലാണ് പത്മജ ഫേസ് ബുക്ക് വഴി മാപ്പ് പറഞ്ഞത്.
വൈകാരികമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും തന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് തയാറെടുത്തത്.
പല ഭാഗങ്ങളിൽ നിന്നുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണമായി ഉൾക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്താനും ഈ അവസരം വിനിയോഗിക്കുന്നു.
അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Tags : Padmaja Venugopal Joining BJP wrong decision apologize Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash