സിഐഐ സംഘടിപ്പിച്ച ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ 2026.
കൊച്ചി: മികച്ച ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരും പ്രകൃതിഭംഗിയുമുള്ള കേരളത്തിന് മെഡിക്കൽ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്താൻ സാധിക്കുമെന്ന് വിദഗ്ധർ.
സിഐഐ സംഘടിപ്പിച്ച ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ 2026ൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ.
രോഗചികിത്സയ്ക്കു പുറമെ വെൽനസ്, പുനരുജ്ജീവന ചികിത്സാ മേഖലകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കേരളത്തിനു മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ വിപുലമാക്കാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ആഗോള നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാരവും രോഗീസുരക്ഷാ സംവിധാനങ്ങളുമുള്ള ആയുർവേദ ആശുപത്രികളും ക്ലിനിക്കുകളും വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമാപനപ്രസംഗത്തിൽ സിഐഐ നാഷണൽ ആയുർവേദ കമ്മിറ്റി കോ ചെയർമാൻ ഡോ. സജി കുമാർ പറഞ്ഞു.
ഡിസംബർ 10 മുതൽ 13 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 11-ാമത് ലോക ആയുർവേദ കോൺഗ്രസിൽ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് വേൾഡ് ആയുർവേദ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. എസ്. സുനിൽ കുമാർ അറിയിച്ചു. സിഐഐ കേരള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
കൊച്ചി ഹോട്ടൽ ലെ മെറിഡിയനിലാണ് രണ്ടു ദിവസത്തെ സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ നടന്നത്. ഒമാൻ, ലൈബീരിയ, ഫിലിപ്പീൻസ്, നേപ്പാൾ തുടങ്ങി 11 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Tags : Medical tourism Experts Immense potential Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash