District News
28ന് ജനകീയ അദാലത്ത് നടത്തും: അഡ്വ. റോയി കെ. പൗലോസ്
ചെറുതോണി: സഹകരണ മേഖലയില് ജപ്തി നടപടികള് നേരിടുന്ന ഇടുക്കി അസംബ്ലി മണ്ഡലത്തിലെ കര്ഷകര്ക്കായി 28ന് രാവിലെ 11ന് ജനകീയ അദാലത്ത് നടത്തുമെന്ന് അഡ്വ. റോയി കെ. പൗലോസ് എംഎല്എ പത്രസമ്മേളനത്തിൽ അറിയിച്ചു.
സര്ക്കാര് അനുവദിച്ച ആനുകൂല്യം എല്ലാവര്ക്കും ലഭിച്ചില്ലെന്നുള്ള പരാതിയെത്തുടര്ന്നാണ് ജനകീയ അദാലത്ത് നടത്തുന്നത്. ജപ്തി നടപടികള് നേരിടുന്നവര്ക്ക് തവണകള് ലഭിക്കുന്നതിനും സര്ക്കാര് പ്രഖ്യാപിച്ച ആനുകൂല്യങ്ങള് ലഭിക്കുന്നതിനും അവസരമുണ്ടായിരിക്കും.
യോഗത്തില് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര് പങ്കെടുക്കും. ജപ്തി നടപടികള് നേരിടുന്നവര് 28 ന് മുമ്പ് ഇടുക്കി ജോയിന്റ് രജിസ്ട്രാര്ക്ക് പരാതിനല്കണം. സര്ക്കാര് നല്കുന്ന ആനുകുല്യങ്ങള് തടസപ്പെടുത്തുന്ന ബാങ്കുകള്ക്കെതിരേ നടപടിയുണ്ടാകും. 24ന് ഇടുക്കിയിലെത്തുന്ന റവന്യു വകുപ്പുമന്ത്രി എ.പി. അനില്കുമാര് 1000ത്തോളം പട്ടയം വിതരണം ചെയ്യും. 93 റൂള് പ്രകാരമാണ് ഇപ്പോള് പട്ടയം നല്കുന്നത്. മറ്റുപട്ടയങ്ങള്ക്ക് കോടതിയുടെ വിലക്കുള്ളതിനാല് ഇപ്പോള് പട്ടയം നല്കാന് കഴിയില്ല.
പട്ടയം നല്കുന്നതിനുള്ള നടപടികള് ദ്രുതഗതിയില് നടന്നുവരികയാണ്. തേക്കുകൂപ്പ്, പാറപുറമ്പോക്ക്, സിഎച്ച്ആര് മേഖല, ഇഎസ്എ തുടങ്ങിയ പലവിധകാരണങ്ങൾ പറഞ്ഞും കോടതി ഇടപെടല്മൂലവും അര്ഹതപ്പെട്ട പലര്ക്കും പട്ടയം നല്കാന് കഴിയുന്നില്ല.
ഇതിനെതിരേ അഭിഭാഷകരെ നിയോഗിച്ച് കേസ് വാദിക്കുമെന്നും അനാവശ്യതടസങ്ങള് മാറ്റുമെന്നും എംഎല്എ പറഞ്ഞു. ഇഎസ്എ വനത്തിനുള്ളില് മാത്രമായി ക്രമവത്കരിക്കും.
ആദിവാസി ഭൂമിയുടെ പേരില് കട്ടപ്പനയിലും വെള്ളയാംകുടിയിലും പട്ടയം നല്കുന്നതിനുള്ള വിലക്ക് മാറ്റും.
നദികളില്നിന്നും അണക്കെട്ടുകളില്നിന്നും മണല് വാരുന്നതിനുള്ള കോടതി വിലക്ക് മാറ്റി മണല് വാരുന്നതിനുള്ള നടപടി സ്വീകരിക്കും. 25ന് ഇടുക്കിയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്, സിവില് സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, മുതിര്ന്ന ഗവ. സെക്രട്ടറിമാര് തുടങ്ങിയവര് പങ്കെടുക്കും.
യോഗത്തില് നിര്മാണ നിരോധന നിയമം, ഇഎസ്എ, ഷോപ്പ്സൈറ്റുകള്ക്ക് പട്ടയം നല്കുന്നതിനുള്ള തടസം, സിഎച്ച്ആര് മേഖലയിലും പത്ത് ചെയിന്, മൂന്ന് ചെയിന് മേഖലകളിലും പട്ടയം നല്കുന്നതിനുള്ള തടസം തുടങ്ങിയ 20ലധികം വിഷയങ്ങള്ക്ക് പരിഹാരമുണ്ടാക്കും.
വനം വകുപ്പമായിട്ടുള്ള തര്ക്കങ്ങള്ക്കു ശാശ്വത പരിഹാരമുണ്ടാക്കും. ഭൂമിയുടെ താരിഫ് വില സംബന്ധിച്ചുള്ള തര്ക്കങ്ങള്ക്കും പരിഹാരമാകും.
കരാറുകാര്ക്കുള്ള കുടിശിക നല്കുന്നതിനുള്ള നടപടി സ്വീകരിക്കും.
മുഖ്യ മന്ത്രിയായശേഷം ആദ്യമായി ഇടുക്കിയിലെത്തുന്ന വി.ഡി. സതീശന് 25ന് ഉച്ചകഴിഞ്ഞ് കട്ടപ്പനയില് പൗരസ്വീകരണം നല്കുമെന്നും എംഎൽഎ പറഞ്ഞു.
പത്രമ്മേളനത്തിൽ കോണ്ഗ്രസ് നേതാക്കളായ എന്. പുരുഷോത്തമന്, അഡ്വ. അനീഷ് ജോര്ജ്, എം.കെ. പുരുഷോത്തമന് തുടങ്ങിയവർ പങ്കെടുത്തു.
District News
പത്തനംതിട്ട : വേനലിനെ വെല്ലുന്ന ചൂട് കൃഷിയെ ബാധിക്കുന്നു. ഇടവിട്ട് മഴ പെയ്യേണ്ടിയിരുന്ന കാലമാണിത്. എന്നാൽ കൊടുംവരൾച്ചയുടെ അന്തരീക്ഷത്തിൽ മണ്ണ് തിളയ്ക്കുകയാണ്. നനവുകിട്ടാത വാഴ ഒടിഞ്ഞ് നിലംപൊത്തുന്നു. നാമ്പിട്ട പച്ചക്കറി തൈകൾ കരിഞ്ഞുണങ്ങി. കര കർഷകരാണ് ചൂടിന്റെ ഇരകളായി മാറിയത്. കിഴങ്ങുവർഗ കൃഷികൾ പൂർണമായി നശിച്ചു. ചേനയും ചേന്പുമെല്ലാം കരിഞ്ഞു തുടങ്ങി. മരച്ചീനി കൃഷിയെയും ചൂട് ബാധിച്ചു. സമീപകാലത്തു നട്ട ഒരു കൃഷിയും മുളച്ചു പൊങ്ങിയിട്ടില്ല. വാഴക്കൃഷിയെ വേനൽ സാരമായി ബാധിക്കുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ നട്ട കൃഷികൾ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, വഴുതന, പച്ചമുളക് തുടങ്ങി പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങി. ഇഞ്ചി, മഞ്ഞൾ, കൊക്കോ കർഷകരും പ്രതിസന്ധിയിലായി. തോട്ടവിള കൃഷികൾക്കായി തൈകൾ വാങ്ങിവച്ചവരും മഴയ്ക്കായി കാത്തിരിക്കുകയാണ്.
ഭൂമി കിളയ്ക്കാൻ പോലുമാകാത്ത രീതിയിൽ ഉറച്ചിരിക്കുകയാണ്. വെള്ളവും വളവും നൽകേണ്ട സമയത്തെ അപ്രതീക്ഷിത കൊടുംവരൾച്ച ഉത്പാദനത്തെ സാരമായി ബാധിക്കും. കൃഷിയിടങ്ങളിലേക്ക് പകൽ ഇറങ്ങാൻ പോലുമാകാത്ത സ്ഥിതിയാണ്. അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്നു നിൽക്കുന്നത് കർഷകരെ തളർത്തുകയാണ്. കാട്ടുമൃഗങ്ങളോടു മല്ലടിച്ചാണ് മലയോര കർഷകർ കൃഷി നടത്തുന്നത്. കാട്ടുപന്നിയുടെ ആക്രമണം ജില്ലയൊട്ടാകെ കൃഷിയിടങ്ങൾ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിച്ചാണ് കൃഷി ഇറക്കിവരുന്നത്.
നെൽകർഷകരും ബുദ്ധിമുട്ടിൽ
ചൂട് കടുത്തതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിൽ നെൽ കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിൽ പച്ചക്കറി, കിഴങ്ങുവർഗ കൃഷികളെയും വരൾച്ച ബാധിച്ചു. പടിഞ്ഞാറൻ മേഖലയിൽ പ്രളയകാലം കഴിഞ്ഞു കൃഷി ഇറക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം പാടങ്ങളിലേക്ക് ഇറങ്ങാൻ കർഷകർ മടി കാട്ടുന്നു. കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി നടത്താൻ തയാറായവരാണ് എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നത്.
മഴയും കെടുതിയും വരുത്തിവച്ച നഷ്ടത്തിൽ നിന്നു കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ. ഇനിയുള്ള കൃഷി കൂടി നശിക്കുന്നത് പലർക്കും ചിന്തിക്കാൻ പോലുമാകുന്നില്ല.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ദുർബലമായതാണ് പാടശേഖരങ്ങളെ ബാധിക്കുന്നത്. കാലവർഷംഇത്തവണ കാര്യമായി ലഭിച്ചതുമില്ല. പാടശേഖരങ്ങളിൽ പാത്തികളിൽ വെള്ളവും കുറഞ്ഞു. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കരകൃഷിക്കു പിന്നാലെ പാടശേഖരങ്ങളും കരിയും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് ഇത്തവണ വലിയ നഷ്ടം നേരിടുന്നത്. മാറിയ കാലാവസ്ഥയിൽ എന്തു ചെയ്യണമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ധാരണയില്ല.
റബർ, ക്ഷീര കർഷക മേഖലകൾക്ക് ഇരുട്ടടി
വിലയുണ്ടെങ്കിലും പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് റബർ കൃഷി.
ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായ റബർ മേഖലയും തകർച്ചയിലാണ്. കടുത്ത ചൂടുമൂലം റബർ മരങ്ങൾ ഇലപൊഴിക്കുന്നു. പാൽ ഉത്പാദനം കുറഞ്ഞതോടെ പലരും ടാപ്പിംഗ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. റബറിനു വിലയുണ്ടെങ്കിലും ഉത്പാദനം നടത്താനാകാത്ത സാഹചര്യമാണ്.
അന്തരീക്ഷ താപനില ഉയർന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. തീറ്റപ്പുല്ല് കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ കന്നുകാലികളും തളർന്നുവീഴുകയാണ്. വെള്ളത്തിനു കൂടി ക്ഷാമമാകുമോയെന്ന ആശങ്കയുണ്ട്. പാടശേഖരങ്ങളിൽ മാത്രമാണ് വെള്ളം ലഭ്യമാകുന്നത്. തോടുകളും നീരുറവകളും വറ്റിവരണ്ടു തുടങ്ങി. ഇതിനിടെ കാലിത്തീറ്റ വില വർധിച്ചതും കർഷകർക്ക് ഇരുട്ടടിയായി.
Kerala
തിരുവനന്തപുരം: വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള കർഷക സംഘടനാ പ്രതിനിധികളുടെ രണ്ടാം ഘട്ട യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
രാവിലെ സെക്രട്ടേറിയറ്റ് ലയം ഹാളിൽ ചേരുന്ന യോഗത്തിന് വനംമന്ത്രി ഷിബു ബേബിജോൺ അധ്യക്ഷത വഹിക്കും.
വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കാളികളാകും.
District News
കൽപ്പറ്റ: ജില്ലയിൽ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വില്ലേജ് കാര്യാലയങ്ങളിലേക്ക് കർഷകസംഘം പ്രവർത്തകർ മാർച്ച് നടത്തി. പേര്യ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, തരിയോട്, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, വെള്ളാർമല വില്ലേജ് ഓഫിസുകളിലേക്കായിരുന്നു മാർച്ച്. ഈ വില്ലേജുകളെ പരിസ്ഥിതി ലോലമായി വിജ്ഞാപനം ചെയ്യാനുള്ള നീക്കം പിൻവലിക്കണമെതായിരുന്നു സമരാവശ്യം. വില്ലേജ് ഓഫീസ് പരിസരത്ത് മാർച്ച് പൊലിസ് തടഞ്ഞതിനെത്തുർന്ന് യോഗം നടന്നു.
കുന്നത്തിടവകയിൽ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. എസ്. ചിത്രകുമാർ അധ്യക്ഷത വഹിച്ചു. പി. ഗഗാറിൻ, പി.ടി. സ്കറിയ, എം.വി. വിജേഷ്, അപ്പുക്കുട്ടൻ നായർ, പി.എ. ദേവസി എന്നിവർ പ്രസംഗിച്ചു. തിരുനെല്ലിയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. ടി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എം. വർക്കി, പി.വി. ബാലകൃഷ്ണൻ, കെ.ടി. ഗോപിനാഥൻ, കെ.ആർ. ജിതിൻ, സി.ആർ. ഷീല, പി.എൻ. ഹരീന്ദ്രൻ, എം.എം. ഹംസ എന്നിവർ പ്രസംഗിച്ചു.
തരിയോടിൽ ജില്ലാ പ്രസിഡന്റ് പി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.എൻ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ടി. ഡെന്നിസ്, എം.ടി. ജോണി, പി.ജെ. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. നൂൽപ്പുഴയിൽ ജില്ലാ ട്രഷറർ എൻ.പി. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. ഷിജോ പട്ടമന അധ്യക്ഷത വഹിച്ചു. പി.ആർ. ജയപ്രകാശ്, സി. ശിവശങ്കരൻ, കെ.കെ. പൗലോസ്, കെ.സി. ഗോപിദാസ്, കെ.കെ. ചക്രപാണി എന്നിവർ പ്രസംഗിച്ചു.
തൃശിലേരിയിൽ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സി.കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. പി.എ. ഗിരിജ, എൻ.പി. സൈനുദ്ദീൻ, കെ. സിജിത്ത്, പി. കെ. പ്രേമചന്ദ്രൻ, പി.ആർ. ഷിബു, കെ.വി. വസന്തകുമാരി എന്നിവർ പ്രസംഗിച്ചു. പേര്യയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എം. ആന്റണി ഉദ്ഘാടനം ചെയ്തു. സി.ടി. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. വി.കെ. തുളസീദാസ്, കെ. സൈനബ, ബാബു ഷജിൽകുമാർ, ടി.കെ. അയ്യപ്പൻ, എ.വി മാത്യു, ബെന്നി ആന്റണി, ഇ.എം. പീയൂസ്, പി. സുരേഷ്, പവിത്രൻ, എബിസണ്, കെ. രതീഷ്, ഷാജി ജോണ് എന്നിവർ പ്രസംഗിച്ചു.
തൊണ്ടർനാടിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ചാക്കോ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ഉരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വേണു മുള്ളോട്ട്, എ.കെ. ശങ്കരൻ, കെ.കെ. ഇസ്മയിൽ, ബാബു പാറയ്ക്കൽ, എ.എം. ശങ്കരൻ എന്നിവർ പ്രസംഗിച്ചു. കോട്ടപ്പടിയിൽജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജെയിൻ ആന്റണി ഉദ്ഘാടനം ചെയ്തു. ജോബിഷ് കുര്യൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ റഷീദ്, കെ. ശിവദാസൻ, പി.വി. മാത്യു, പി.ടി. മൻസൂർ, അനീഷ് ജോസഫ്, ശെൽവകുമാർ, പി.വി. രാമചന്ദ്രൻ, രേഷ്മ, സുരേഷ് എന്നിവർ പ്രസംഗിച്ചു.
കിടങ്ങനാടിൽ ബത്തേരി ഏരിയാ സെക്രട്ടറി ടി.കെ. ശ്രീജൻ ഉദ്ഘാടനം ചെയ്തു. എം.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, പി.കെ. രാമചന്ദ്രൻ, സണ്ണി ജോസഫ്, ടി.കെ ശിവൻ, എം.ആർ. സഹദേവൻ, സി.കെ. സത്യരാജ് എന്നിവർ പ്രസംഗിച്ചു. പൊഴുതനയിൽ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. രതീഷ് അധ്യക്ഷത വഹിച്ചു.
എം. സെയ്ത്, സി.എച്ച്. മമ്മി, പ്രസാദ്, ഗഫൂർ, ഗിരീഷ്, സി. മമ്മി, വി. വിനോദ്, പി.ഡി. ദാസൻ, എൻ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വെള്ളാർമലയിൽ കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജിതിൻ അധ്യക്ഷത വഹിച്ചു. സി. സീനത്ത്, പി.കെ. മുഹമ്മദുകുട്ടി, മനു ഏബ്രഹാം, സലിം എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റൂർ: ഉണക്കുഭീഷണി നേരിടുന്ന നെൽകൃഷിക്ക് ആളിയാർഡാമിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് വെള്ളം ഇറക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘന്റെ മാർച്ചും ധർണയും 16ന്.
ചിറ്റൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ ജലസേചനവകുപ്പ് കാര്യാലയത്തിലേക്കാണ് സമരം. രാവിലെ പത്തിന് സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. മഴക്കുറവ് കാരണം കൃഷിയിറക്കാൻ വൈകിയതിനാൽ ഇനിയും രണ്ടുമാസത്തേക്ക് വെള്ളം ആവശ്യമാണ്. പുഴയിൽ വെളളമിറക്കുന്നത് കുറവായതിനാൽ വാലറ്റ പ്രദേശങ്ങളിൽ നെൽകൃഷി ഉണക്കുഭീഷണിയിലാണ്. ആളിയാർഡാംവെളളം ലഭ്യമാക്കിയാൽ മാത്രമേ പ്രശ്നപരിഹാരമാകൂയെന്നു കർഷകസംഘം ഏരിയാ പ്രസിഡന്റ് വി. രാജൻ പറഞ്ഞു.
District News
ചമ്പക്കുളം: കുട്ടനാട്ടിൽ രണ്ടാംകൃഷി ചെയ്യുന്ന മിക്ക പാടശേഖരങ്ങളിലും വരിനെല്ല് ശല്യം അതിരൂക്ഷം. 50 ദിവസത്തിലധികം പ്രായമായ നെൽച്ചെടികളോടൊപ്പമാണ് കതിർചൂടീ വരിനെല്ല് വളർന്നുകയറുന്നത്. നെൽചെടികൾ കതിർ വരുന്നതിന് ആഴ്ചകൾക്ക് മുൻപ് വരിനെല്ല് വിളവെത്തും.
വിളവെത്തിയാൽ വരിനെല്ല് കൊഴിഞ്ഞ് വീഴുകയും പാടശേഖരത്തിൽ തന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഓരോ കൃഷിയുടെ സമയത്തും ഇത് ആവർത്തിക്കപ്പെടും.
വരിനെല്ല് പൂർണമായും കുട്ടനാടൻ പാടശേഖരങ്ങളിൽ ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ. വിളവ് ഇല്ലാതാക്കുക മാത്രമല്ല, വരും വർഷങ്ങളിലേയ്ക്കുള്ള കൃഷി കൂടി നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.
കള പറിക്കുന്ന അവസരത്തിൽ വരിപറിച്ച് കളയുന്ന രീതിയായിരുന്നു മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് തൊഴിലാളികളെ കിട്ടാനില്ലാത്തതും ജോലിക്ക് ഇറങ്ങുന്നവർക്ക് നെൽച്ചെടിയും വരിയും വേർതിരിച്ചറിയാതെ പോകുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഓരോ കൃഷിക്ക് ശേഷവും പാടശേഖരത്തിൽ വെള്ളം കയമ്പോൾ വരിനെല്ല് വിത്തുകൾ മറ്റ് കണ്ടങ്ങളിലേയ്ക്കും ഒഴുകിയെത്തും.
അതിനാൽ ഒരു പാടശേഖരത്തിലെ മുഴുവൻ കർഷകരും വരിനെല്ല് വിളവ് എത്തും മുൻപ് പറിച്ച് മാറ്റേണ്ടിവരും. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഒരു ജോലി ആയതിനാൽ പല കർഷകരും ഇതിന് തയാറാകുന്നില്ല.
വരിനെല്ലിന് ആയുസ് കുറവായതിനാൽ ഇവ വേഗത്തിൽ വളർന്ന് നെൽചെടികളെ ഞെരുക്കികളിയും. ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിന് പുറമേ നെല്ലിനൊപ്പം സംഭരിക്കപ്പെടുന്ന വരിനെല്ല് നെല്ലിന്റെ ഈർപ്പം വർധിപ്പിച്ച് ഗുണമേന്മ കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച കേന്ദ്ര സംഘത്തിന് മുൻപാകെ വരിനെല്ല് ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണം എന്നാണ് കുട്ടനാട്ടിലെ കർഷകർ ആവശ്യപ്പെട്ടിരുന്നു.
വരിനെല്ല് നശീകരണത്തിന് സർക്കാരിന്റെ സാമ്പത്തിക സഹായം അനിവാര്യമാണെന്നാണ് കർഷകരുടെ അഭിപ്രായം.
District News
കോട്ടയം: രാസവളങ്ങളുടെ വില ഉയര്ന്നതു സാധാരണക്കാരായ കര്ഷകര്ക്കു തിരിച്ചടിയായി. കൃഷിക്ക് ഏറ്റവും കൂടുതല് ആവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്കാണ് വില ഉയര്ന്നത്. കഴിഞ്ഞ വര്ഷം പൊട്ടാഷ് 50 കിലോഗ്രാം ചാക്കിന് 1850 രൂപയായിരുന്നത് ഇപ്പോള് 2200 രൂപയായി. ഫാക്ടംഫോസ് കഴിഞ്ഞവര്ഷം 1450 രൂപയായിരുന്നതു ഇപ്പോള് 2200 രൂപയായി ഉയര്ന്നു.
വിള സംരക്ഷണത്തിന് അത്യാവശ്യമായ തുരിശിന്റെ വിലയുയര്ന്നതാണ് കര്ഷകര്ക്കു വലിയ തിരിച്ചടിയായത്. മുമ്പ് കിലോഗ്രാമിനു 210 രൂപയായിരുന്നത് ഇരട്ടിയിലധികം വര്ധിച്ച് 540 രൂപയിലെത്തി.
യൂറിയ, ഡിഎപി എന്നിവയൊഴികെ കര്ഷകര് പ്രധാനമായും ഉപയോഗിക്കുന്ന ഒട്ടുമിക്ക രാസവളങ്ങള്ക്കും 40 ശതമാനത്തോളം വില വര്ധിച്ചിട്ടുണ്ട്. യൂറിയ, ഡിഎപി അടക്കമുള്ള പ്രധാന വളങ്ങള്ക്ക് മുമ്പ് കമ്പനികളില്നിന്ന് കടത്തുകൂലി ലഭിച്ചിരുന്നു. ഇപ്പോള് അതും നിര്ത്തലാക്കി. കേന്ദ്ര സബ്സിഡിയുള്ളതിനാലാണ് യൂറിയ വില അധികം വര്ധിപ്പിക്കാത്തത്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പശ്ചിമേഷ്യയിലെ സംഘര്ഷങ്ങളും കേന്ദ്രസര്ക്കാര് സബ്സിഡി നിരക്കുകളില് വരുത്തിയ വ്യത്യാസങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്. വിലവര്ധനയ്ക്ക് ആനുപാതികമായി സര്ക്കാര് വളങ്ങളുടെ സബ്സിഡി ഉയര്ത്താത്തതും വിലക്കയറ്റത്തിനു കാരണമാണ്.
വളം വിപണിയിലെ അമിത വിലക്കയറ്റം നിയന്ത്രിക്കാനും കമ്പനികളുടെ കടത്തുകൂലിയിലെ പ്രശ്നങ്ങളില് അടക്കം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അടിയന്തരമായി ഇടപെട്ടില്ലെങ്കില് കൃഷി പൂര്ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയാകുമെന്ന് കര്ഷകര് പറയുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി ആണ്ടുവിളകളുടെ കാര്യത്തില് ചെറുകിട കര്ഷകര്ക്കു നഷ്ടം മാത്രമാണ്. വലിയ ചെലവില് കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന വിളകള് വില്പന നടത്തുമ്പോള് കര്ഷകര്ക്കു കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനൊപ്പമാണ് രാസവളം വിലകൂടി ഉയര്ന്നു നില്ക്കുന്നത്. കൃഷികള്ക്കു സര്ക്കാര് സബ്സിഡി നൽകണമെന്നാണ് കര്ഷകരുടെ ആവശ്യം.
കര്ഷക കോണ്ഗ്രസ് ധര്ണ ഇന്ന്
കോട്ടയം: രാസവളങ്ങളുടെ വിലവര്ധനയ്ക്കെതിരേ കര്ഷക കോണ്ഗ്രസിന്റെ നേതൃത്വത്തില് ഇന്നു രാവിലെ 10.30നു കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നില് ധര്ണ നടത്തും. മുന്മന്ത്രി കെ.സി. ജോസഫ് ധര്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല് അധ്യക്ഷത വഹിക്കും. കര്ഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ബിനിമോന് എംഎല്എ, അനില് മലരിക്കല്, ജോര്ജ് ജേക്കബ് തുടങ്ങിയവര് പ്രസംഗിക്കും.
Kerala
കോഴിക്കോട്: കേരള കര്ഷക ക്ഷേമ പെന്ഷന് വിതരണം ഈ ഡിസംബറില് ആരംഭിക്കണമെന്നിരിക്കേ പദ്ധതിക്ക് ഇതുവരെ സര്ക്കാരിന്റെ അംഗീകാരമായില്ല. ഈ പ്രത്യേക സാഹചര്യത്തില് പെന്ഷന് പദ്ധതി തുടരണമോ എന്ന ആലോചനയില് കൃഷി വകുപ്പ്.
കര്ഷക ക്ഷേമനിധി ബോര്ഡിനുള്ള വിഹിതം മുന് സര്ക്കാര് അനുവദിക്കാത്ത സാഹചര്യത്തിലും ഭാവിയിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തും ഇതേക്കുറിച്ച് പഠിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില് ഉന്നതതല സമിതിയും രൂപവത്കരിച്ചു.
സംസ്ഥാനത്തെ കര്ഷകര്ക്കായി ആവിഷ്കരിച്ച കര്ഷക ക്ഷേമനിധി പദ്ധതിയുടെ തുടര്നടത്തിപ്പ്, മറ്റ് ക്ഷേമപദ്ധതികളുമായുള്ള ലയനം എന്നിവ സംബന്ധിച്ച് പഠിക്കാന് കൃഷിവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, കാര്ഷിക വികസന കര്ഷകക്ഷേമ വകുപ്പ് ഡയറക്ടര് എന്നിവരടങ്ങിയ സമിതിയെയാണു നിയോഗിച്ചിരിക്കുന്നത്.
2019ലെ കേരള കര്ഷക ക്ഷേമനിധി ആക്ട് പ്രകാരമാണു കര്ഷകര്ക്ക് പെന്ഷനും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതിനു ക്ഷേമനിധി രൂപവത്കരിച്ചത്.
നിലവില് ബോര്ഡില് നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ 12,250 അംഗങ്ങളുണ്ട്. കര്ഷകരില്നിന്ന് അംശദായം സ്വീകരിച്ചു വരുന്നതിനാല് അംഗത്വത്തിന്റെ അഞ്ചു വര്ഷം പൂര്ത്തിയാകുന്ന ഈ ഡിസംബര് മുതല് 60 വയസ് തികഞ്ഞ അംഗങ്ങള്ക്ക് പെന്ഷന് നല്കാനുള്ള ബാധ്യത സര്ക്കാരിനുണ്ട്. എന്നാല്, ആക്ട് പ്രകാരമുള്ള പദ്ധതിക്ക് ഇതുവരെ സര്ക്കാര് ഔദ്യോഗിക അംഗീകാരം നല്കിയിട്ടില്ല. തന്മൂലം പെന്ഷന് തുക എത്രയാണെന്നോ ഏതു രീതിയില് പെന്ഷന് അനുവദിക്കണമെന്നോ നിശ്ചയിക്കാന് കൃഷി വകുപ്പിന് സാധിക്കാത്ത സാഹചര്യമാണുള്ളത്.
കര്ഷകര് അടച്ച തുകയ്ക്കു തുല്യമായ ഫണ്ട് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാര് കര്ഷക ക്ഷേമനിധി ബോര്ഡിന് നല്കിയിരുന്നില്ല. ബോര്ഡ് സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില് പെന്ഷന് നല്കാന് തീരുമാനിച്ചാല് ഇതുവരെയുള്ള സര്ക്കാര് വിഹിതം പൂര്ണമായും യുഡിഎഫ് സര്ക്കാര് വഹിക്കേണ്ടി വരും.
Kerala
കോഴിക്കോട്: കതിര് ആപ് എന്ന ഡിജിറ്റല് സംവിധാനമുപയോഗിച്ച് ഓണക്കാലത്ത് ഓണസമൃദ്ധി കര്ഷകച്ചന്തകള് നടത്താനായി ഹോര്ട്ടികോര്പ്പ് കര്ഷകരില്നിന്ന് ശേഖരിച്ച ഉത്പന്നങ്ങളുടെ ശേഷിക്കുന്ന തുക ഈ ആഴ്ചതന്നെ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
ചില സാങ്കേതിക പ്രശ്നങ്ങളില്പ്പെട്ട 202 കര്ഷകരുടെ 3.09 ലക്ഷം രൂപ ഒഴികെ ബാക്കി എല്ലാം അക്കൗണ്ടുകളില് നിക്ഷേപിക്കാനായി. കര്ഷകരില്നിന്ന് വിവിധ മാര്ഗങ്ങളിലൂടെ ശേഖരിച്ച 2.642 ലക്ഷം ടണ് ഉത്പന്നങ്ങള് 2,000 കര്ഷകച്ചന്തകള് വഴി വിതരണം ചെയ്തു.
14.25 കോടി വിപണിമൂല്യമുള്ള പച്ചക്കറികള് 2,94,785 ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി. 14,212 കര്ഷകര്ക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാനും സാധിച്ചു. ഓണച്ചന്തകളിലൂടെ സബ്സിഡി കഴിച്ച് 8.98 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
ഉത്സവ സീസണുകളിലും ശബരിമല കാലത്തും പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയുന്നതിനു കൃഷിവകുപ്പ് ശക്തമായ വിപണി ഇടപെടല് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാംവിള നെല്ലുസംഭരണം കാര്യക്ഷമമാക്കുംഅടുത്ത ഒന്നാംവിള നെല്ലുസംഭരണം കാര്യക്ഷമമാക്കാന് കൃഷിവകുപ്പും സിവില് സപ്ലൈസ് വകുപ്പും ചേര്ന്ന് മുന്കൂട്ടി യോഗം ചേരുകയും ആവശ്യമായ നിര്ദേശങ്ങള് നല്കുകയും ചെയ്തതായി കൃഷിമന്ത്രി അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തില്, നെല്കര്ഷകര്ക്ക് സര്ക്കാര് 1051.34 കോടി രൂപ നല്കി. ബാക്കിയുള്ള തുകയും ഉടന്തന്നെ നല്കും.
കര്ഷകര്ക്കു സമയബന്ധിതമായി പണം ലഭ്യമാക്കുന്ന രീതി തുടര്ന്നും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര് രണ്ടിനു നാളികേര ദിനത്തില് തിരുവനന്തപുരത്ത് വഴുതക്കാട് കാര്മല് കണ്വന്ഷന് സെന്ററില് സംസ്ഥാനതല കേരോത്സവം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. നാളികേരവുമായി ബന്ധപ്പെട്ട ഏജന്സികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റേക്ക് ഹോള്ഡേഴ്സ് യോഗം നടക്കും.
നാളികേര ഉത്പാദനത്തില് സംസ്ഥാനത്തെ മുന്നിരയില് തിരിച്ചെത്തിക്കാനുള്ള സമഗ്ര നാളികേര പുനരുജ്ജീവന പദ്ധതിക്കു രൂപം നല്കും. കോഴിക്കോട് കുറ്റ്യാടിയില് നാളികേര പാര്ക്ക് ഉള്പ്പെടെയുള്ള സമഗ്ര പദ്ധതികള് ആവിഷ്കരിക്കുന്നതിന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചര്ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
Kerala
ചങ്ങനാശേരി: കഴിഞ്ഞ സീസണില് സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുമുമ്പ് പൂര്ണമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും ഉറപ്പ് പാലിക്കാത്തതില് കര്ഷകര്ക്ക് അതൃപ്തി.
കഴിഞ്ഞ സീസണില് സംഭരിച്ച നെല്ലിന്റെ തുക ഇനിയും നല്കാനുള്ളത് 259.85കോടി രൂപയാണ്. കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില് നിന്നും നെല്ല് സംഭരിച്ച ഇനത്തില് കര്ഷകര്ക്ക് നല്കാനുള്ളത് 3.89 കോടി രൂപ. ഏറ്റവും കൂടുതല് വിതരണം ചെയ്യാനുള്ളത് പാലക്കാട് ജില്ലയിലാണ്.
ഇന്നലത്തെ കണക്കനുസരിച്ച് 204.13 കോടിരൂപ പാലക്കാട് ജില്ലയിലെ കര്ഷകര്ക്ക് വിതരണം ചെയ്യാനുണ്ട്. തൃശൂര് ജില്ലയില് 11.02 കോടിയും ആലപ്പുഴയില് 19.12കോടി രൂപയും പത്തനംതിട്ടയില് നാലുകോടി രൂപയും വിതരണം ചെയ്യാനുള്ളതായി സപ്ലൈകോയുടെ പാഡി പ്രൊക്യുയര്മെന്റ് പ്രോസസിംഗ് മാര്ക്കറ്റിംഗ് സ്റ്റാറ്റസില് ചൂണ്ടിക്കാട്ടുന്നു.
നെല്ല് സംഭരണവിഹിതമായി കേന്ദ്രസര്ക്കാര് സര്ക്കാര് 364 കോടി അടുത്തിടെ സംസ്ഥാന സര്ക്കാരിനു നല്കിയിരുന്നു. ഈ വിഹിതത്തില്നിന്നും 13000 കര്ഷകര്ക്ക് 96കോടി രൂപ സപ്ലൈകോ മുഖാന്തിരം വിതരണം ചെയ്തുവെന്ന് സംസ്ഥാന സര്ക്കാര് അവകാശപ്പെടുമ്പോഴും സപ്ലൈകോയുടെ സൈറ്റില് ഇപ്പോഴും കാണിക്കുന്നത് 259.85കോടി രൂപകര്ഷകര്ക്ക് നല്കാനുള്ളതായാണ്.
2026-27 വര്ഷത്തെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് നടപടികള് ആരംഭിച്ചിട്ടും പുതിയ സീസണിലേക്കുള്ള നെല്ല് സംഭരണനയം ഇതുവരെ പ്രഖ്യാപിക്കാത്തതും കര്ഷകര്ക്ക് ആശങ്കക്കിടയാക്കുന്നു. നെല്ലിന്റെ മിനിമം സപ്പോര്ട്ട് പ്രൈസ് എത്രയായിരിക്കുമെന്നും സംസ്ഥാന സര്ക്കാരിന്റെ ഉല്പാദന പ്രോത്സാഹനമായി എത്ര തുക ലഭിക്കുമെന്നും കര്ഷകരില് നിന്ന് നെല്ല് സംഭരിക്കുന്ന ആകെ സംഭരണവില എത്രയായിരിക്കുമെന്നതിലും വ്യക്തതയില്ലാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്.
നെല്ലിന്റെ സംഭരണവില സംബന്ധിച്ച പ്രഖ്യാപനം വൈകുന്നത് കര്ഷകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് നെല്കര്ഷക സംരക്ഷണ സമിതി സംസ്ഥാന ജനറല്സെക്രട്ടറി സോണിച്ചന് പുളിങ്കുന്ന് അഭിപ്രായപ്പെട്ടു.
District News
കുറുപ്പന്തറ: മാഞ്ഞൂര് ക്ഷീരവ്യവസായ സഹകരണ സംഘത്തില് 2025-26 വര്ഷം പാല് നല്കിയ കര്ഷകര്ക്ക് ഓണം പ്രമാണിച്ച് ലിറ്റര് ഒന്നിന് 50 പൈസ പ്രകാരം അധികവില വിതരണം ചെയ്തു.
സംഘം വൈസ് പ്രസിഡന്റ് ബിജു ജോസ് ഓരത്തേല് അധ്യക്ഷത വഹിച്ച യോഗത്തില് പ്രസിഡന്റ് ജോസ് ജേക്കബ് ഏറ്റവും കൂടുതല് പാല് അളന്ന ബിജുമോന് ജോസഫ് പാലയ്ക്കപറമ്പിന് അധികവില നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘത്തില് പാല് അളന്ന കര്ഷകര്ക്ക് അധിക വിലയായും ജീവനക്കാരുടെ ബോണസായും സംഘം 3,45,000 രൂപയാണ് അനുവദിച്ചത്.
മികച്ച ക്ഷീരകര്ഷകനായി ജനറല്-ബിജുമോന് ജോസഫ് പാലയ്ക്കപറമ്പില്, വനിത- പൗളില് ഗര്വാസീസ് ഇട്ടംപറമ്പില്, പട്ടികജാതി-ചെല്ലമ്മ ചിറപ്പുറം എന്നിവരെ മാഞ്ഞൂര് ക്ഷീര വികസന ഓഫീസര് ഉപഹാരങ്ങള് നല്കി ആദരിച്ചു. സെക്രട്ടറി ഇന് ചാര്ജ് കെ.എം. രാജു, പൗളിന് ഗര്വാസീസ്, ഭരണസമിതിയംഗങ്ങളായ പി.എം. ജോര്ജ്, വി.വി. ചന്ദ്രന് എന്നിവര് പ്രസംഗിച്ചു.
District News
മഞ്ചേരി: കേര കർഷകർക്ക് ന്യായവും ലാഭകരവും ശാശ്വതവുമായ വരുമാനം ഉറപ്പുവരുത്തുവാൻ നാളികേരത്തിന് താങ്ങുവില നിശ്ചയിക്കണമെന്നും മതിയായ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്നും സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻ സർക്കാർ ബാക്കിയാക്കിയ നെല്ലിന്റെ വില പൂർണമായും കൊടുത്ത് തീർത്തും റബറിന് ന്യായമായ താങ്ങുവില നിശ്ചയിച്ചും കർഷകരെ ചേർത്തു പിടിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ മെഹ്ബൂബ് കുരിക്കൾ അധ്യക്ഷത വഹിച്ചു. എലന്പ്ര ബാപ്പുട്ടി, എം.പി.എ. ഇബ്രാഹിം കുരിക്കൾ, വി. മുഹമ്മദ്, അബ്ദുറഹിമാൻ മാന്പള്ളി, ടി.പി. ഇല്യാസ്, കെ.പി. ഷൗക്കത്തലി, ശ്രീദേവി പ്രാക്കുന്ന്, വി. ആയിഷമ്മു, പി. ഷജ് ല, പി.പി. സൈത്, സി.ടി. ഇബ്രാഹിം, അബ്ദുൾ കരീം, ടി. അബ്ദുഹാജി, ഉമ്മർ അന്പാട്ട്, എം.എ. റഫീക്ക് കുരിക്കൾ എന്നിവർ പ്രസംഗിച്ചു.
District News
അതിരമ്പുഴ: അതിരമ്പുഴ ഫൊറോന മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തില് പുന്നത്തുറ സാന്തോം ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച കര്ഷക ദിനാചരണം ചാണ്ടി ഉമ്മന് എംഎല്എ ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടര് ഫാ. അനില് കരിപ്പിങ്ങാപ്പുറം, ബ്ലോക്കംഗം ലിസമ്മ ബേബി, പഞ്ചായത്തംഗം ജിജി നാകമറ്റം, ആലീസ് രാജു, ലാല്സിപ്പി മാത്യു, പിതൃവേദി പ്രസിഡന്റ് ജോസ് ജോസഫ്, മാതൃവേദി പ്രസിഡന്റ് ഷീന സിബി, ജോര്ജ് കുര്യന് എന്നിവര് പ്രസംഗിച്ചു.
District News
സുല്ത്താന് ബത്തേരി: 400 ഓളം കര്ഷകരുടെ കൂട്ടായ്മയായ കര്ഷകമിത്രം ഫാര്മേഴ്സ് കമ്പനി 14 ഇനങ്ങള് അടങ്ങിയ ഓണക്കിറ്റ് പുറത്തിറക്കി.
മിത്ര പ്രൊഡക്ട്സ് എന്ന പേരിലാണ് കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. കര്ഷമിത്രം ഉപരക്ഷാധികാരി ഡോ. പി. രാജേന്ദ്രന് പുളിയന്മാക്കല് ഗ്രൂപ്പ് എംഡി പി.എം. സെബാസ്റ്റ്യന് നല്കി ഉദ്ഘാടനം നിര്വഹിച്ചു. ചീരാലിലെ യൂണിറ്റില് ഉത്പാദിപ്പിച്ച വിഷ രഹിത ഭക്ഷ്യ ഉത്പന്നങ്ങള് 802 രൂപ വിലയുള്ള കിറ്റ് 720 രൂപയ്ക്ക് ആണ് നല്കുന്നത്.
ഡയറക്ടര് ഡോ. പി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. കര്ഷകമിത്രം ഉപരക്ഷാധികാരി കാദര് പട്ടാമ്പി, കര്ഷകമിത്രം ചെയര്മാന് പി.എം. ജോയ്, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാല്, വി. ഉമ്മര് ഹാജി, ജോജോ യു. ജോണ്, എം.കെ. ബാലന്, കെ.പി. അസൈനാര്, സുരേന്ദ്രന് മണിച്ചിറ തുടങ്ങിയവര് പ്രസംഗിച്ചു.
District News
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എംഎൽഎ സി. കെ. കാസിം ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, സ്ഥിരംസമിതി അധ്യക്ഷരായ ജെയിംസ് വേളാശേരി, ആയിഷ ബി. ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, കൃഷി ഓഫീസർ ടിൻസി ടോം, ആദർശ് ജോസഫ്, എം. കെ. സജയ്, പി.എം. തോമസ് മാസ്റ്റർ, സണ്ണി പെരികിലംതറപ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: കേരള കര്ഷകസംഘം ജില്ലാസമ്മേളനത്തിന് തുടക്കമായി. പതാക, കൊടിമര ജാഥകൾ സമ്മേളന നഗരിയില്എത്തിയതിനെത്തുടര്ന്ന് സ്വാഗതസംഘം ചെയര്മാന് പി.വി. സുനില് പതാക ഉയര്ത്തി. പതാക സംഘാടകസമിതി രക്ഷാധികാരി സി.ജെ. ജോസഫും കൊടിമരം
സംഘാടകസമിതി വൈസ് ചെയര്മാന് ടി.സി. വിനോദും ഏറ്റുവാങ്ങി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ ബഹുജനറാലി ഇന്നു മൂന്നിന് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലെ ബൈപാസ് റോഡിനു സമീപത്തുനിന്ന് ആരംഭിക്കും.
അഞ്ചിന് പൊതുസമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. നാളെ ഗൗരീശങ്കരം ഓഡിറ്റോറിയത്തില് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം എഐകെഎസ് വൈസ് പ്രസിഡന്റ് ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് സെമിനാര് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമ്മേളനം സമാപിക്കും.
District News
പത്തനംതിട്ട: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക കൂട്ടിയതായി സർക്കാർ അവകാശപ്പെടുന്പോഴും ഒരു സെന്റ് നെല്ല് കൃഷി നഷ്ടപ്പെട്ട കർഷകനു ലഭിക്കുന്നത് 68 രൂപയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ നഷ്ടപരിഹാരം ലഭിച്ചത് നാമമാത്രമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമാണ് 25 ശതമാനം വർധനയുണ്ടായത്. ഇപ്പോഴും പല കാർഷിക വിളകളുടെയും ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുന്പോൾ തുക തുച്ഛമാണെന്ന് ഇന്നലെ പ്രളയബാധിത മേഖലകളിലെത്തിയ മന്ത്രി ടി. സിദ്ദിഖിനോടു കർഷകർ പരാതിപ്പെട്ടു.
മുന്തിയ ഇനം വാഴകളിൽ നിന്നും ലഭിക്കുന്ന ഒരു കുലയ്ക്ക് 30 മുതൽ 40 കിലോ വരെ ഭാരം വരും. നാടൻ ഏത്തക്കായ്ക്ക് 60 മുതൽ 80 വരെ കമ്പോളവിലയുണ്ട്. കുറഞ്ഞ വില നോക്കിയാലും 1800 രൂപ ഒരു കുലയ്ക്ക് ലഭിക്കും. പക്ഷേ പ്രകൃതി ദുരന്ത നഷ്ടപരിഹാരമായി ഒരു കുലച്ച വാഴയ്ക്ക് ലഭിക്കുന്നത്100 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 75 രൂപയും മാത്രമാണ്. ചേന, കാച്ചിൽ, ചേമ്പ്, കപ്പ തുടങ്ങിയ കിഴങ്ങുവർങ്ങളുടെയും നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം കർഷകരും കൃഷിഭൂമി പാട്ടത്തിനെടുത്താണ് ചെയ്യുന്നത് പാട്ട കൃഷിക്കാർക്ക് കൃത്യമായ രേഖകൾ ലഭിക്കാത്തതിനാൽ ഇൻഷ്വറൻസ് ചെയ്യാൻ കഴിയുകയുമില്ല. ഇക്കാര്യങ്ങൾ കൃഷിവകുപ്പിന്റെ ശ്രദ്ധയിലുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
മോട്ടോറുകൾ തകർന്നത് പുനഃസ്ഥാപിക്കും
പ്രളയക്കെടുതിയിൽ മോട്ടോറുകളും തറകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് സഹായം നൽകണമെന്ന കർഷകരുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് ഇന്നലെ തിരുവല്ലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ നൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാർഷികാവശ്യത്തിനു വാങ്ങിയ ട്രാക്ടറുകൾ, ടില്ലറുകൾ തുടങ്ങിയ കാർഷികോപകരണങ്ങൾ പലയിടത്തും തുരുന്പെടുത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി ഡിജിറ്റലൈസ് ചെയ്യും. അവിടെ കൃഷി ആരംഭിക്കും. വന്യമൃഗ ശല്യം നേരിടുന്നതിന് വനംവകുപ്പുമായി ചേർന്ന് കോഴിക്കോട്ട് കോൺക്ലേവ് നടത്തും. മൃഗങ്ങളെ അകറ്റാനുള്ള ലേസർ ലൈറ്റ്, ശബ്ദം തുടങ്ങിയ നൂതന സംവിധാനങ്ങളക്കുറിച്ച് കോൺക്ലേവ് ചർച്ച ചെയ്യം.
സ്കൂളുകളിൽ കതിർ ക്ലബ്
സ്കൂളുകളിൽ കൃഷി വകുപ്പിന്റെ കതിർ ക്ലബ് പദ്ധതി ആരംഭിക്കും. ആദ്യഘട്ടമായി 500 സ്കൂളുകളിൽ നടപ്പാക്കും. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂളിൽതന്നെ കൃഷി ചെയ്യും. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. സ്കൂളിലും വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
District News
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ദുര്ബല മേഖലയാക്കിയതിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങി കര്ഷകരും പ്രദേശവാസികളും. പഞ്ചായത്തില് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ കുളത്തൂപ്പുഴ, തിങ്കള് കരിക്കം വില്ലേജില്പ്പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്ബല മേഖലയില് ഉള്പ്പെടുത്തിയിട്ടുള്ളത്.
പശ്ചിമഘട്ട മലനിരകളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദുര്ബല മേഖലകളും അവക്കു ചുറ്റുമുള്ള സംരക്ഷിത മേഖലയും സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രായലം കരടുവിജ്ഞാപനം
പ്രസിദ്ധീകരിച്ചിരുന്നു. ഈ കരടുവിജ്ഞാപനത്തിലാണ് കുളത്തൂപ്പുഴ പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലെ ജനവാസ മേഖലകള് ഉള്പ്പെട്ടത്. തോട്ടം മേഖലകളും ആരാധന ആലയങ്ങളും കാര്ഷിക മേഖലകളും പരിസ്ഥിതി ദുര്ബല മേഖലയില് ഉള്പ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരേ ജനരോഷം ശക്തമാകുകയാണ്. പഞ്ചായത്തിന്റെ 90 ശതമാനം പ്രദേശങ്ങളും കരടു പട്ടിക പ്രകാരം പരിസ്ഥിതി ദുര്ബല പ്രദേശത്തിലും സംരക്ഷിത മേഖലയിലും ഉള്പ്പെട്ടിരിക്കുകയാണ്.
ജനവാസ മേഖലകള് പട്ടികയില് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന് വി. ഉമ്മന് കമ്മിറ്റിയെ മുന് സര്ക്കാര് നിയോഗിക്കുകയും നിര്ദേശങ്ങളടങ്ങിയ നിവേദനം കേന്ദ്ര സര്ക്കാരിനും പരിസ്ഥിതി മന്ത്രാലയത്തിനും നല്കുകയും ചെയ്തിരുന്നു. എന്നാല് അതൊന്നും പരിഗണിക്കാതെയാണ് ഇപ്പോള് കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതനുസരിച്ച് അന്തിമ വിജ്ഞാപനം കേന്ദ്രസര്ക്കാര് ഇറക്കിയാല് പ്രദേശത്തെ ജനങ്ങളുടെ ജീവിതമാര്ഗങ്ങളെയും നിത്യജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും സ്വന്തംഭൂമിയില് യാതൊരുവിധത്തിലുമുള്ള നിര്മാണ പ്രവര്ത്തനങ്ങളോ കൈമാറ്റമോ നടത്താന് കഴിയാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും.
ഇതു പ്രതിരോധിക്കാനാണ് കുളത്തൂപ്പുഴ നിവാസികള് തണല് കൂട്ടായ്മ രൂപീകരിച്ചത്. പ്രദേശത്തെ ജനവാസ മേഖലകളും കൃഷി ഭൂമികള്, തോട്ടം മേഖലകള് എന്നിവ കരടു പട്ടികയില് നിന്ന് ഒഴിവാക്കണമെന്നും പൊതുജനങ്ങളുടെ വികസന പ്രവര്ത്തനങ്ങള്, ഭവനനിര്മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്ക് നിയന്ത്രണം ഏര്പ്പെടുത്തുന്നതില് നിന്നു സര്ക്കാര് പിന്വാങ്ങണമെന്നും കൂട്ടായ്മയുടെ നേതൃത്വത്തില് സര്ക്കാറുകള്ക്ക് നിവേദനം നല്കി.
ഇതു സംബന്ധിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി കേന്ദ്ര സര്ക്കാരിനും എംപിക്കും നല്കുന്നതിനുള്ള നടപടികള് ആരംഭിച്ചതായി കുളത്തൂപ്പുഴ വൈഎംസിഎ ഓഡറ്റോറിയത്തില് വിളിച്ചുചേര്ത്ത പത്രസമ്മേളനത്തില് തണല് കൂട്ടായ്മ ഭാരവാഹികളായ പി. സഹദേവന്, മനോജ്. ജി. നായര്, സുധീര് അലിഫ്, അന്സാര് നാഗൂര്, കെ. ജോണി, ജയപ്രകാശ് തുടങ്ങിയവര് അറിയിച്ചു.
Kerala
ചങ്ങനാശേരി: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കര്ഷകര്ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്പ്പിക്കേണ്ട എഐഎംഎസ് പുതിയ പോര്ട്ടല് കൃത്യമായി പ്രവര്ത്തിക്കാത്തത് കര്ഷകരെ കടുത്ത സമ്മര്ദത്തിലാക്കുന്നു.
പോര്ട്ടലിലെ സാങ്കേതിക തകരാര് കാരണം അപേക്ഷാ വിവരങ്ങള് അപ്ലോഡ് ചെയ്യാന് മണിക്കൂറുകളോളം ശ്രമിക്കേണ്ടിവരുന്നതും കൃഷിഭവനുകളിലും ഓണ്ലൈന് സേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ടിവരുന്നതും കര്ഷകരുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നു.
പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനും സംസ്ഥാനത്തിന്റെ കാലാവസ്ഥാധിഷ്ഠിത വിള ഇന്ഷുറന്സ് പദ്ധതികള്ക്കുമായി വര്ഷങ്ങളായി എഐഎംഎസ് പോര്ട്ടല്വഴി രജിസ്റ്റര് ചെയ്ത് അപേക്ഷകള് സമര്പ്പിച്ചിട്ടും പല കര്ഷകര്ക്കും ഇതുവരെ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്.
അപേക്ഷയും രജിസ്ട്രേഷനും കൃത്യമായി നടത്താന് കര്ഷകരോട് ആവശ്യപ്പെടുന്ന സംവിധാനത്തില് അര്ഹരായ കര്ഷകര്ക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ബന്ധപ്പെട്ട വകുപ്പുകള് ഏറ്റെടുക്കണമെന്ന് വോയ്സ് ഓഫ് ഗ്രേറ്റര് കുട്ടനാട് സംഘടന അഡ്മിന് സോണിച്ചന് പുളിങ്കുന്ന് പറഞ്ഞു.
District News
ഇരിട്ടി: ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറളത്ത് നടക്കും. മന്ത്രി സണ്ണി ജോസഫ് ആറളം പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫിസർ തുളസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൈഹാനത്ത് സുബി, ജോർജ് ആലംപള്ളി, രജിത മാവില, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപറമ്പിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സന്ധ്യ, കൃഷി ഓഫിസർ ആർ. രാഹുൽ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പാലമറ്റം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കർഷക വികസനസമിതി അംഗങ്ങൾ, കർഷക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കർഷകദിനാചരണത്തിന്റെ ഭാഗമായി നൂതന കാർഷിക രീതികളെക്കുറിച്ചുള്ള സെമിനാറുകളും കാർഷിക ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്കും രൂപം നൽകി.
District News
പത്തനംതിട്ട: തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.
രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകളും കർഷക - കർഷക തൊഴിലാളി സംഘടനകളും സംയുക്തമായി രാജ്യവ്യാപകമായി നടത്തിയ ജയൽ നിറയ്ക്കൽ സമരത്തിന്റ് ഭാഗമായി കേരളത്തിൽ തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ ഓഫീസ് ഉപരോധ സമരത്തിന്റെ ഭാഗമായി നടന്ന ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായ നയങ്ങൾ കേന്ദ്ര സർക്കാർ പിന്തുരുകയാണ്. 29 തൊഴിലാളിനിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾ നടപ്പാക്കിയത് തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും നശിപ്പിക്കാനാണെന്ന് ചിറ്റയം കുറ്റപ്പെടുത്തി. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി, കർഷക സംഘം ജില്ലാസെക്രട്ടറി ആർ. തുളസീധരൻ പിള്ള , കിസാൻ സഭാ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ, ബികെഎംയു ജില്ലാ സെക്രട്ടറി കെ.ജി.രതീഷ് കുമാർ, വിവിധ സംഘടനാ നേതാക്കന്മാരായ കെ.സി.രാജഗോപാൽ, ആർ. ഉണ്ണികൃഷ്ണപിള്ള, രാജൻ സുലൈമാൻ , ബൻസി തോമസ്, പി.ജെ.അജയകുമാർ, സുനിതാ കുര്യൻ, ഫ്രാൻസ് വി.ആന്റണി, കെ.ഐ. ജോസഫ് , ബൈജു ഓമല്ലൂർ, ശ്യാമശിവൻ, കെ.അനിൽകുമാർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
District News
ചാരുംമൂട്: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മറ്റൊരു ദുരിതമാകുന്നു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യം ശക്തമായി. വിളനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിലവിലുള്ള സങ്കീർണ നടപടിക്രമങ്ങൾ കർഷകർ ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് കർഷക സംഘടനകളും ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം ലഭിക്കാൻ വില്ലേജ് ഓഫീസുകളിലും കൃഷിഭവനുകളിലും സമർപ്പിക്കേണ്ട ഡിജിറ്റൽ തെളിവുകൾ, ഉടമസ്ഥാവകാശ രേഖകൾ, പോക്കുവരവ് രേഖകൾ, ബാങ്ക് പാസ്ബുക്ക്, ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സാധാരണക്കാരായ കർഷകർക്ക് വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയും സ്ഥലപരിശോധനയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പരിശോധനകളുടെ പേരിൽ നഷ്ടപരിഹാരം മാസങ്ങളോളം വൈകുന്നതും കർഷകരെ മാനസികമായി തളർത്തുന്നതായി കർഷക സംഘടനകൾ പറയുന്നു.
സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷി ചെയ്തവരാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത്. വിളനാശത്തെത്തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങുകയും പലിശ വർധിക്കുകയും ജപ്തി നോട്ടീസുകൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം വേഗത്തിൽലഭിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കമെന്നാണ് കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നത്.
അപേക്ഷാ നടപടികൾ പൂർണമായുംഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനാക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കി ആധാർ ബന്ധിപ്പി ച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാൻ നടപടി വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
Kerala
ചെറുതോണി: പരിസ്ഥിതിലോല മേഖല നിർണയത്തിന്റെ മറവിൽ മലയോരത്തുനിന്നു കർഷകരെ പുറത്താക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കം മലയോരങ്ങളെ കർഷകരുടെ ശവപ്പറമ്പുകളാക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ.
പശ്ചിമഘട്ട മലനിരകളിലെ കർഷകരും കർഷക സംഘടനകളും ജനപ്രതിനിധികളും ഉന്നയിച്ച പ്രശ്നങ്ങളും ജനകീയപ്രതിഷേധങ്ങളും കണക്കിലെടുക്കാതെയാണ് വീണ്ടും കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ ആധിയും ആശങ്കകളും വർധിപ്പിച്ചിരിക്കുകയാണ്.
ജനാഭിലാഷം കണക്കിലെടുത്ത് പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുന്നതുമൂലം മലയോര ജനതയുടെ മാനവും മണ്ണിന്റെ മൂല്യവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന് നിർബന്ധിതരാകുകയാണ്.
പതിറ്റാണ്ടുകളായി പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും അവരുടെ വീടും കൃഷിയിടങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ളവ വിട്ടൊഴിഞ്ഞുപോകേണ്ടി വരുമെന്നുള്ള ആശങ്കകൾക്ക് അറുതി വരുത്തുവാൻ ഉതകുന്ന അന്തിമവിജ്ഞാപനം ഉണ്ടായേ മതിയാകൂ. അന്തിമമായ തീരുമാനം അനന്തമായി നീളുന്നതുവഴി അനിശ്ചിതത്വം വർധിക്കുകയാണ്.
ഇഎസ്എ പരിധിയിൽനിന്നു ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കപ്പെടണമെന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ 12 വർഷംകൊണ്ട് കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളുടെ പോരായ്മകൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്കു കഴിഞ്ഞില്ല.
9993.7 ചതുരശ്ര കിലോമീറ്റർ എന്നത് 8590.69 ചതുരശ്ര കിലോമീറ്ററായി പുനർനിർണയിക്കുന്നതിന് കേന്ദ്രസർക്കാരിന്മേൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. ഇതേ പ്രതിസന്ധി നേരിട്ട തമിഴ്നാടും ഗോവയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുകയും അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി ലോല മേഖലയിലെ ഭൂവിസ്തൃതി ഗണ്യമായി കുറയ്ക്കുകയും ചെയ്തു.
കേരള സർക്കാരിന്റെ നടപടിക്രമങ്ങളിലെ കാലതാമസവും വകുപ്പുകളുടെ ഏകോപനമി ല്ലായ്മയുമാണ് ഈ ദുരന്തത്തിലേക്ക് മലയോര ജനതയെ എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ കൃത്യമായ ഫീൽഡ് സർവേയും ശാസ്ത്രീയമായ മാപ്പിംഗും ജിയോ സ്പെഷൽ മാപ്പിംഗും ഉൾപ്പെടെയുള്ളവ അടിയന്തരമായി പൂർത്തീകരിച്ച് റവന്യു വില്ലേജുകളും ഫോറസ്റ്റ് വില്ലേജുകളും കൃത്യമായി അടയാളപ്പെടുത്തി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണം.
അതുവഴി കരട് വിജ്ഞാപനത്തിൽ നിർണയിച്ചിരിക്കുന്നതിൽനിന്നു ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിഭൂമിയും പൂർണമായി ഒഴിവാക്കണം. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും രാഷ്ട്രീനേതാക്കളും അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
District News
പുല്പ്പള്ളി: കാലവര്ഷം കനിഞ്ഞതോടെ പുല്പ്പള്ളി, മുള്ളന്കൊല്ലി പഞ്ചായത്തില് നെല്കൃഷി സജീവമായി. തുടര്ച്ചയായി മഴലഭിച്ചതോടെയാണ് മേഖലയില് കര്ഷകര് കര്ഷിക ജോലികളില് സജീവമായിരിക്കുന്നത്.
വയനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ചേകാടി പാടത്തും ചാത്തമംഗലം, കൊളവള്ളി, പെരിക്കല്ലൂര്, ആളൂര്ക്കുന്ന് മേഖലകളിലും ദ്രുതഗതിയില് നെല്പാടമൊരുക്കിവരികയാണ്. ഞാറ് നടുന്നതിനായി ഇപ്പോള് വയലുകള് ഒരുക്കുന്ന തിരക്കിലേക്ക് കടന്നിരിക്കുകയാണ് കര്ഷകര്. മഴ ശക്തമാകാത്തതിനെ തുടര്ന്ന് മേഖലയിലെ നെല്വയലുകളില് ഇത്തവണ കൃഷി ആരംഭിക്കാന് വൈകിയിരുന്നു. ഗന്ധകശാല, വലിച്ചൂരി നെല്ലിനങ്ങളാല് പേരു കേട്ട ചേകാടിപ്പാടത്ത് ഞാറ് നടാന് വയലൊരുക്കുന്ന തിരക്കിലാണ് കര്ഷകര്. വയനാട്ടില് തനതുകൃഷി ചെയ്യുന്ന 200 ഏക്കറോളം പാടശേഖരമാണ് ചേകാടിയിലുള്ളത്. ഗോത്ര വിഭാഗത്തില്പ്പെട്ട നിരവധി കര്ഷകരും ഇവിടെ നെല്കൃഷി നടത്തിവരുന്നുണ്ട്.
District News
നെടുംകുന്നം: മേഖലയിലെ കർഷക- നാമമാത്ര കർഷകർ ദുരിതത്തിൽ. നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികൾ കുട്ടത്തോടെ എത്തി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാന്തുരുത്തി, മുളയംവേലി, കുരുന്നം വേലി, ഇടത്തി നാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികൾ ഇറങ്ങി നിരവധി കർഷക-നാമ മാത്ര കർഷകരുടെ മരച്ചീനി, ഏത്തവാഴകൾ, കമുകുകൾ, ചേന ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയ കാർഷിക, ഫലവൃക്ഷ വിളകൾ നശിപ്പിക്കൽ പതിവാണ്.
ഇതിനോടൊപ്പം ആണ് കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത കാലവർഷത്തിൽ കർഷകർക്ക് ഉണ്ടായ നഷ്ടം. നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി കാർഷിക വിളകൾക്ക് കനത്ത നാശമാണ് സംഭവിച്ചത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായാലേ വ്യാപതി നിജപ്പെടുത്താൻ സാധിക്കു. വരും ദിവസങ്ങളിൽ കണക്കെടുപ്പ് പൂർത്തിയാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കാട്ടുമൃഗങ്ങൾ വരുത്തുന്ന കൃഷിനഷ്ടത്തോടൊപ്പം പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടവും കൂടിയാകുമ്പോൾ കർഷകർ ആകെ പ്രതിസന്ധിയിലാവുകയാണ്.
ഓണവിപണി ലക്ഷ്യമാക്കി ഏത്തവാഴ, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ കൃഷി ഇറക്കിയ നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു.ബിജു കോഴി മണ്ണിൽ, പുല്ലംപ്ലാവിൽ തങ്കച്ചൻ, മടിയ കുന്നേൽ വിജയൻ, വെണ്ണിക്കുളം ജോയി, മരുതൂർ പുരുഷൻ, തോണിപ്പാറ സാബു, കണ്ണോത്ത് ബാബു, രാജു എന്നിവർക്ക് വ്യാപക കൃഷിനാശം ആണ് സംഭവിച്ചത്.
Kerala
കൊച്ചി: വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പാൽ വില നാലു രൂപ വർധിപ്പിച്ചത് ക്ഷീരകർഷകർക്കു തെല്ല് ആശ്വാസമായെങ്കിലും തൊട്ടുപിന്നാലെ കാലിത്തീറ്റ വിലയും ഉയർത്തിയത് തിരിച്ചടിയായി.
ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുന്നതിനാൽ പലരും ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തിൽ കാലിത്തീറ്റ വിലവർധനയുടെ ഭാരം ഈ രംഗത്തെ കർഷകരെയാകെ തളർത്തുന്നതാണ്.
കേരള ഫീഡ്സ് ഉൾപ്പെടെ സംസ്ഥാനത്തു കാലിത്തീറ്റ വിപണിയിലുള്ള ചെറുതും വലുതുമായ കന്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചു. സൈലേജ്, തീറ്റപ്പുല്ല് എന്നിവയുടെ വില കൂടിയതിനു പിന്നാലെയാണ് പായ്ക്കറ്റുകളിലെത്തുന്ന കാലിത്തീറ്റയുടെയും വിലയിൽ വർധനയുണ്ടായത്.
സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിന്റെ വിവിധ ബ്രാൻഡുകളിലുള്ള കാലിത്തീറ്റകൾക്ക് 70 രൂപയുടെ വർധനയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. 1574 രൂപയായിരുന്ന ഡയറി റിച്ചിന്റെ 50 കിലോഗ്രാം പായ്ക്കറ്റിന് 1644 രൂപയായി ഉയർന്നു. 1410 രൂപയ്ക്കു കിട്ടിയിരുന്ന 45 കിലോഗ്രാമിന്റെ പായ്ക്കറ്റിന്റെ വില 1480ലെത്തി.
കെഎഫ് എലൈറ്റ്, മിടുക്കി കാലിത്തീറ്റകൾ 50 കിലോഗ്രാമിന് യഥാക്രമം 1540, 1440 രൂപയായി വർധിച്ചു. ക്ഷീരകർഷകർ കൂടുതലായി ആശ്രയിക്കുന്ന കെഎസ് കാലിത്തീറ്റയുടെ വിലയും ഉയർന്നു. 50 രൂപവീതം വർധനയുണ്ടായത് അടുത്തിടെയാണ്. മിൽമയും കാലിത്തീറ്റയുടെ വില വർധിപ്പിച്ചിരുന്നു.
ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണു കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കളായ ചോളം, സോയ തുടങ്ങിവയ്ക്ക് വില വർധിച്ചിട്ടുണ്ട്. ആട്, കോഴി തീറ്റകൾക്കും കന്പനികൾ വില കൂട്ടി.
കേരള ഫീഡ്സിന്റെ അതുല്യം ലെയർ മാഷ് 20 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 850 രൂപ നൽകണം. മഴക്കാലത്തു വ്യാപകമാകുന്ന അകിടുവീക്കം, കുളമ്പുരോഗം, ചർമമുഴ തുടങ്ങിയ രോഗങ്ങൾ കന്നുകാലികളിൽ പാൽ ഉത്പാദനം കുറയ്ക്കുന്നതിന്റെ ആശങ്കകൾ കർഷകരെ അലട്ടുന്പോഴാണ് കാലിത്തീറ്റകളുടെ വില വർധനകൂടി എത്തുന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകർ നടത്തിവന്ന സമരം പിൻവലിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണു സമരം അവസാനിപ്പിച്ചത്. അർഹരായ കർഷകരിൽനിന്ന് പയർ വർഗങ്ങളുടെ സംഭരണം നിലവിലുണ്ടായിരുന്ന 25 ശതമാനത്തിൽനിന്ന് 60 ശതമാനമായി ഉയർത്താനും, വളം വിതരണത്തിനായുള്ള ഇ-ടോക്കണ് സന്പ്രദായം താത്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സർക്കാർ പ്രതിനിധികളും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്കു മാർച്ച് നടത്തുകയും ചെയ്തതിനു പിന്നാലെയാണു സർക്കാർ അനുരഞ്ജന നീക്കത്തിനു തയാറായത്.
നർമദാപുരം, സീഹോർ, ഹർദ തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് ഈ ആനുകൂല്യം ഉടൻ ലഭിക്കും.
പയർ വിളകളുടെ സംഭരണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 10ൽനിന്ന് 20 ആയും, സ്ലോട്ട് ബുക്കിംഗ് തീയതി ജൂലൈ 30ൽനിന്ന് ഓഗസ്റ്റ് 10ആയും നീട്ടിയിട്ടുണ്ട്. വളം വിതരണത്തിലെ ഇ-ടോക്കണ് സന്പ്രദായത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാനും സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ഈ സന്പ്രദായം താത്കലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ കർഷക സംഘടനകളും സർക്കാരിന്റെ തീരുമാനം അംഗീകരിച്ചതിനെത്തുടർന്ന് പ്രക്ഷോഭകർക്കു സുരക്ഷിതമായി വീടുകളിലേക്കു മടങ്ങിപ്പോകാൻ ബസ് സൗകര്യവും ഭരണകൂടം ഏർപ്പെടുത്തി.
Kerala
കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിലെ മുപ്പതേക്കറിലധികം പാടത്തെ കപ്പയുള്പ്പെടെയുള്ള കൃഷികള്ക്ക് രോഗബാധ. ആറു മാസം പ്രായമായ കപ്പയുടെ ചുവട് ഭാഗം തണ്ടുള്പ്പെടെ ചീഞ്ഞ് കിഴങ്ങുകള് പൂര്ണ്ണമായി കേടുവന്ന നിലയിലാണ്. ചുവട് ഭാഗത്തെ കിഴങ്ങുകള് പൂര്ണ്ണമായും നശിച്ച് തണ്ടും ഇലയും ഉള്പ്പെടെയുള്ള മുകള് ഭാഗം മറിഞ്ഞു വീഴുന്നതായാണ് കര്ഷകര് പറയുന്നത്.
പാലക്കുഴ മനക്കപ്പാടത്ത് 2020 മുതലാണ് രോഗബാധ തുടങ്ങിയത്. ചേനയുടെ ചുവട് ഭാഗത്തെ തണ്ട് കറുത്ത നിലയിലായ ശേഷം ചീയല് ബാധ ചുവട്ടിലേക്ക് കൂടി ബാധിച്ച് നശിക്കുകയാണ്. വാഴയുടെ അടി ഭാഗത്ത് ചീയല് ഉണ്ടായി വാഴ പിടര്ന്ന് വീഴുന്നതാണ് രോഗ ലക്ഷണം. കുലയ്ക്കാറായ വാഴകളുടെ ഇലകള് കരിയുകയും ചെയ്യുന്നുണ്ട്. വളരെ ചെറിയ കുലകളാണ് ഈ വാഴകളില് നിന്നും ലഭിക്കുന്നത്.
കാരമല, കോഴിപ്പിള്ളി കാവുംഭാഗം എന്നീ പാടശേഖരങ്ങളിലും ഈ രോഗബാധയുണ്ട്. എല്ലാ വര്ഷവും കൃഷി വകുപ്പില് നിന്നുള്ള സംഘമെത്തി പരിശോധന നടത്തുന്നുണ്ടെങ്കിലും രോഗബാധക്ക് ശമനമില്ല. ഇതോടെ കപ്പ കൃഷി മാറ്റി വാഴ, ചേന എന്നീ കൃഷികള് ആരംഭിച്ചെങ്കിലും രക്ഷയില്ല. കാര്ഷിക വിദഗ്ധരുടെ നിര്ദേശമനുസരിച്ച് പുതിയ കപ്പത്തണ്ടുകള് കൃഷി ചെയ്തെങ്കിലും അവയ്ക്കും രോഗം പിടിപെട്ടു.
പലതരത്തിലുള്ള കൃഷികള് മാറി മാറി ചെയ്തിട്ടും രോഗം മാറാത്തതിനാല് കഴിഞ്ഞ രണ്ടു വര്ഷമായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഭൂമിയുമുണ്ട്. ഓരോ വര്ഷവും വലിയൊരു തുക നഷ്ടമാകുന്നുണ്ടെന്ന് കര്ഷകര് പറഞ്ഞു. കൃഷിക്കാരുമായി ചര്ച്ച നടത്താനും രോഗബാധ പരിശോധിക്കാനും ശ്രീകാര്യത്തു നിന്നുള്ള കേന്ദ്ര ട്യൂബര് ക്രോപ്സ് ഗവേഷണ കേന്ദ്രത്തിലെ കാര്ഷിക ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ സയന്റിസ്റ്റുകള് പാലക്കുഴയിലെത്തി.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ കര്ഷകരുടെ വ്യക്തിഗത വിവരങ്ങള്, ഭൂമി, വിളകള്, ആനുകൂല്യങ്ങള്, വായ്പകള് തുടങ്ങിയ വിവരങ്ങള് വിരല്ത്തുമ്പില് ലഭ്യമാക്കുന്ന അഗ്രിസ്റ്റാക് ഡിജിറ്റല് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്ക്കാര് ഗവേണന്സ് കമ്മിറ്റിക്കു രൂപം നല്കി.
കേന്ദ്ര കര്ഷക ക്ഷേമ മന്ത്രാലയത്തിന്റെ നിര്ദേശാനുസരിച്ചാണു നടപടി. കര്ഷകരുടെ വ്യക്തിഗത വിവരങ്ങളും ഭൂമി രേഖകളും അടങ്ങുന്ന വിവരശേഖരമായതിനാല് 2023ലെ ഡിജിറ്റല് പേഴ്സണല് ഡാറ്റാ പ്രൊട്ടക്ഷന് ആക്ട് പ്രകാരം പൂര്ണ സുരക്ഷ ഉറപ്പാക്കണമെന്നു കേന്ദ്ര മന്ത്രാലയം നിര്ദ്ദേശിച്ചിട്ടുണ്ട്. അഗ്രിസ്റ്റാക് ഡാറ്റ ഉപയോഗിക്കുന്നതിനുള്ള അപേക്ഷകള് പരിശോധിക്കാനും അംഗീകരിക്കാനും നിരസിക്കാനുമുള്ള പൂര്ണ അധികാരം സമിതിക്കായിരിക്കും.
ഡാറ്റ ചോര്ച്ച തടയല്, കര്ഷകരുടെ സമ്മതം ഉറപ്പാക്കല് എന്നിവയുടെ മേല്നോട്ടവും ഗവേണന്സ് കമ്മിറ്റി വഹിക്കും. കേന്ദ്ര സര്ക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായുള്ള ഡാറ്റ കൈമാറ്റ ഏകോപന ഏജന്സിയായി പ്രവര്ത്തിക്കും. സംസ്ഥാനത്തെ അഗ്രിസ്റ്റാക് വിവരങ്ങളുടെ പൂർണ നിയന്ത്രണാധികാരവും സമിതിക്കു മാത്രമാണ്.
ഇന്ത്യന് കാര്ഷിക മേഖലയെ ഡിജിറ്റല്വല്കരിക്കുന്നതിനായി കേന്ദ്ര സര്ക്കാര് വികസിപ്പിച്ചെടുത്ത ഡിജിറ്റല് പബ്ലിക് ഇന്ഫ്രാസ്ട്രക്ചര് പദ്ധതിയാണ് അഗ്രിസ്റ്റാക്. രാജ്യത്തെ കര്ഷകര്ക്കും കൃഷിഭൂമിക്കും ഡിജിറ്റല് തിരിച്ചറിയല് രേഖ നല്കി കര്ഷക ആനുകൂല്യങ്ങളും സേവനങ്ങളും കൂടുതല് വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണു പ്രധാന ലക്ഷ്യം.
പദ്ധതി പ്രാബല്യത്തിലാകുന്നതോടെ കര്ഷകരുടെ നിലവിലുള്ള വായ്പകളും ബാധ്യതകളും ഭൂമിയുടെ വിസ്തൃതിയും മറ്റ് ആസ്തികളും ഡിജിറ്റലായി പരിശോധിക്കാന് ധനകാര്യ സ്ഥാപനങ്ങള്ക്ക് സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കര്ഷകര്ക്കുള്ള വായ്പാ, ആനുകൂല്യ വിതരണം. അതുകൊണ്ടുതന്നെ വിവര ശേഖരണത്തെ സംബന്ധിച്ച് കര്ഷകരില് ആശങ്കയുമുണ്ട്.
ഡിജിറ്റല് ഐഡി കര്ഷകന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കൃഷി ചെയ്യുന്ന വിളകള്, ലഭിക്കുന്ന ആനുകൂല്യങ്ങള് എന്നിവയുമായി ബന്ധിപ്പിക്കും. റവന്യൂ വകുപ്പിലെ ഡിജിറ്റൈസ് ചെയ്ത ഭൂമി രേഖകളുമായി കര്ഷക ഐഡി ബന്ധിപ്പിക്കും.
സാറ്റലൈറ്റ് ചിത്രങ്ങളും മൊബൈല് ആപുകളും ഉപയോഗിച്ച് ഏത് സീസണില് ഏത് കൃഷിഭൂമിയില് എന്തൊക്കെ വിളകളാണ് ഇറക്കിയിരിക്കുന്നത് എന്ന് തത്സമയം രേഖപ്പെടുത്താനും സംവിധാനമുണ്ടാകും. വിളനാശമുണ്ടായാല് കൃഷിഭൂമിയുടെയും വിളകളുടെയും ഡിജിറ്റല് വിവരങ്ങള് ഉപയോഗിച്ച് ക്ലെയിമുകള് പെട്ടെന്നു തീര്പ്പാക്കാന് സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.
Kerala
തിരുവനന്തപുരം: 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നു തിരുവനന്തപുരത്ത് നടന്ന കർഷകസംഘടനാ പ്രതിനിധികളുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്സർവേഷൻ ഓഫ് നേച്ചർ മുന്നോട്ടു വയ്ക്കുന്ന സമീപനം വന്യജീവി മാനേജ്മെന്റ് എന്നതാണ്. നിയമ ഭേദഗതിയുടെ ഭാഗമായി വന്യജീവി സംരക്ഷണത്തോടൊപ്പം മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുനൽകുന്ന പ്രത്യേക അധ്യായം കൂട്ടിച്ചേർക്കണമെന്നും കണ്വൻഷൻ അഭിപ്രായപ്പെട്ടു.
വനാതിർത്തി മേഖലയിലെ കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്ക് ഇടംനൽകുക, വന്യജീവി ആക്രമണ പ്രതിരോധം ഭരണകൂടത്തിന്റെ നിയമപരമായ ഉത്തരവാദിത്വമാക്കുക, പെട്ടെന്നുള്ള ന്യായമായ നഷ്ടപരിഹാരം, സംസ്ഥാനങ്ങൾക്കു ചിലയിനം ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ നിരവധി നിർദേശങ്ങളാണ് നിയമഭേദഗതിയിലുൾപ്പെടുത്താൻ കണ്വൻഷൻ നിർദേശിച്ചിട്ടുള്ളത്.
District News
ആലപ്പുഴ: നെല്ല് സംഭരിച്ച ശേഷം ബാങ്ക് നൽകുന്ന തുകയുടെ ബാധ്യത കർഷകരിൽ നിന്നും ഒഴിവാക്കി, ബാങ്കുകളും സർക്കാരും തമ്മിൽ നേരിട്ടാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. നെല്ലിന്റെ കിഴിവ് കൊള്ള അവസാനിപ്പിക്കാനുള്ള ശക്തമായ നടപടിയുണ്ടകും. നിലച്ചുപോയ കുടിവെള്ള പദ്ധതികൾ പുനരുദ്ധരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ റെജി ചെറിയാൻ, വിനു ജോബ്, വർഗീസ് മാമൻ, വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, ഉന്നത അധികാര സമിതി അംഗങ്ങളായ സിറിയക് കാവിൽ, എ.എൻ. പുരം ശിവകുമാർ, ജോണി കുതിരവട്ടം, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, ജോസ് കോയപ്പള്ളി, പ്രകാശ് പനവേലി, ഡോ. ഷിബു ഉമ്മൻ, തോമസ് കുറ്റിശേരി, സണ്ണി തോമസ്, ബാബു പാറക്കാടൻ, മുരളി പര്യാത്, ജോസഫ് മാത്യു, ബീന റസാക്ക്, എൻ. അജിത്ത് രാജ്, ജോസൂട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡല്ഹി: നീറ്റ് പരീക്ഷാ പേപ്പര് ചോര്ച്ചയുടെ പേരില് യുദ്ധക്കളമായ ഡല്ഹിയിലേക്കുള്ള മൂന്നാം കര്ഷക മാര്ച്ച് ഹരിയാന അതിര്ത്തിയായ ശംഭുവില് ഇന്നലെ തടഞ്ഞതോടെ അതിര്ത്തി പ്രദേശത്തും സംഘര്ഷവും ഗതാഗത സ്തംഭനവുമുണ്ടായി.
ജന്തര് മന്തറില് പൊളിച്ചു മാറ്റിയ സമരവേദി കോക്രോച്ച് ജനതാ പാര്ട്ടിയുടെ ആഭിമുഖ്യത്തില് വീണ്ടും നിര്മിച്ചു തുടരുന്ന സമരത്തിലേക്ക് ഇന്നലെയും ആയിരക്കണക്കിനു വിദ്യാര്ഥികളെത്തിയതും പോലീസിന്റെ കണക്കുകൂട്ടലുകള് തെറ്റിച്ചു.
നരേന്ദ്ര മോദി സര്ക്കാരിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയ വന് സമരപരമ്പരയാണു ദേശീയ തലസ്ഥാനം ദര്ശിച്ചത്. മുന്കൂട്ടി കാണാനോ, വേണ്ട മുന്കരുതലെടുക്കാനോ കഴിയാതെ വന് പ്രക്ഷോഭം തുടര്ച്ചയായുണ്ടായതോടെ ഡല്ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസര്ക്കാര് ത്രിശങ്കുവിലായി.
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാറിനെതിരേ കര്ഷകര് സംഘടിപ്പിച്ച കിസാന് മഹാപഞ്ചായത്തില് പങ്കെടുക്കാനായി ഡല്ഹിയിലേക്കു മാര്ച്ച് ആരംഭിച്ച പഞ്ചാബില് നിന്നുള്ള നൂറുകണക്കിനു കര്ഷകരെയാണു ഇന്നലെ ഡല്ഹി അതിര്ത്തിയില് വന് കോട്ട കെട്ടി പോലീസ് തടഞ്ഞത്.
ദേശ് ബച്ചാവോ മോര്ച്ചയുടെ നേതൃത്വത്തിലാണു കര്ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
National
ന്യൂഡല്ഹി: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര് ഇന്ത്യയിലെ കാര്ഷിക, ക്ഷീര മേഖലകളെയും കര്ഷകരെയും തകര്ക്കുമെന്ന് കര്ഷകരുടെ സംയുക്ത സമരസമിതി.
പഞ്ചാബ്, ഹരിയാന, ഹിമാചല് പ്രദേശ് എന്നിവിടങ്ങളിലെ കര്ഷക സംഘടനകള് സംയുക്തമായി രൂപീകരിച്ച ദേശ് ബചാവോ (രാജ്യത്തെ രക്ഷിക്കുക) മോര്ച്ചയുടെ നേതൃത്വത്തിലാണു കര്ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
സോയാബീന്, ചോളം, പരുത്തി, എഥനോള്, ആപ്പിള്, ബദാം, ക്ഷീരോത്പന്നങ്ങള്, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറച്ചതും നിയന്ത്രണങ്ങള് ലഘൂകരിച്ചതും ഇന്ത്യയുടെ കാര്ഷിക, ക്ഷീര വിപണികളെ തകര്ക്കുമെന്നു കര്ഷക നേതാക്കള് പറഞ്ഞു. നിര്ദിഷ്ട കരാറിന്റെ പ്രധാന വിവരങ്ങള് പരസ്യമാക്കാത്തതിലും ചര്ച്ചകളിലെ സുതാര്യതയില്ലായ്മയിലും കര്ഷകര് ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാരക്കരാറിന്റെ രേഖകളെല്ലാം കേന്ദ്രം ഉടന് പരസ്യപ്പെടുത്തണം. കര്ഷകര്, തൊഴിലാളികള്, ക്ഷീരകര്ഷകര്, ചെറുകിട വ്യാപാരികള്, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള് എന്നിവരുമായി സമഗ്രമായ ചര്ച്ചകള് നടത്താതെ ഒരു കരാറിലും ഒപ്പുവയ്ക്കരുതെന്നും ദേശ് ബചാവോ മോര്ച്ച ആവശ്യപ്പെട്ടു.
സബ്സിഡി ലഭിക്കുന്ന അമേരിക്കന് കാര്ഷിക-ക്ഷീര ഉത്പന്നങ്ങള്ക്കായി ഇന്ത്യന് വിപണി തുറന്നുകൊടുക്കുന്നതു ദുരന്തമാകും. അമേരിക്കയിലെ വന്കിട കര്ഷകരോട് മത്സരിക്കാന് കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ചെറുകിട-നാമമാത്ര കര്ഷകരെ തള്ളിവിടുമെന്നു കര്ഷകര് മുന്നറിയിപ്പു നല്കി.
ഇന്ത്യയിലെ ക്ഷീരമേഖല മാത്രം ഏകദേശം 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്ഗമാണെന്നു സംഘടനകള് ചൂണ്ടിക്കാട്ടി. ക്ഷീരകര്ഷര്ക്കുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പ്രത്യാഘാതങ്ങള് സൃഷ്ടിക്കും.
ക്ഷീരകര്ഷകര്, ചെറുകിട വ്യാപാരികള്, കാര്ഷികാധിഷ്ഠിത വ്യവസായങ്ങള്, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്, സൂക്ഷ്മ സംരംഭങ്ങള് എന്നിവയെ ബാധിക്കുമെന്നും കര്ഷക നേതാക്കള് മുന്നറിയിപ്പു നല്കി.
ന്യൂഡൽഹി: ഡല്ഹിയില്നിന്നു ഹരിയാനയിലേക്കുള്ള പ്രവേശനകവാടമായ ശംഭു അതിര്ത്തിയിലാണ് കര്ഷകരുടെ വന് മാര്ച്ചിനെ ഹരിയാന പോലീസ് തടഞ്ഞത്. 2024ലെ ഡല്ഹി ചലോ-2 സമരത്തെ ഓര്മിപ്പിക്കുന്ന രീതിയിലാണു ശംഭു അതിര്ത്തിയില് കൂറ്റന് മതിലും ബാരിക്കേഡുകളും സ്ഥാപിച്ചത്. ദേശീയ തലസ്ഥാനത്തേക്കു കര്ഷകര് പ്രവേശിക്കുന്നതു തടയാന് കോണ്ക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് ആണിക്കൂടുകളും പല നിരകളായുള്ള ബാരിക്കേഡുകളും ഉപയോഗിച്ചാണ് അതിര്ത്തിയില് കോട്ട കെട്ടിയത്.
പോലീസ് തടഞ്ഞതോട കര്ഷകര് അതിര്ത്തിയെ സമരവേദിയാക്കി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്നിന്നു കിസാന് മസ്ദൂര് സംഘര്ഷ് കമ്മിറ്റി, കിസാന് മസ്ദൂര് മോര്ച്ച (പഞ്ചാബ് ഘടകം), ആസാദ് കിസാന് മോര്ച്ച, ബികെയു ഏകതാ സംഘര്ഷ് എന്നിവയുടെ നേതൃത്വത്തില് കര്ഷകരുടെ വാഹനവ്യൂഹങ്ങള് എത്തിയെന്ന് കര്ഷക നേതാവ് സര്വാന് സിംഗ് പന്ധേര് പറഞ്ഞു. ഡല്ഹിയില് ഒത്തുചേരാനുള്ള ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സര്ക്കാരുകള് അടിച്ചമര്ത്തുകയാണെന്നു കര്ഷക നേതാക്കള് പറഞ്ഞു.
District News
പത്തനംതിട്ട: വനത്തോടു ചേർന്ന തരിശുഭൂമിയിൽ എല്ലാത്തരം കൃഷികൾക്കും അനുമതി നൽകണമെന്നാവശ്യവുമായി കർഷകർ. വനഭൂമിയിൽ നേരത്തേ അനുവദിച്ച ടാങ്കിയ കൃഷി പുനരാരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. കോന്നി താലൂക്കിലെ കർഷകർ ഇതുസംബന്ധിച്ച് വനംവകുപ്പിന് നിവേദനം നൽകി. പാകമായ തേക്കുമരങ്ങൾ വെട്ടിയ ശേഷമുള്ള തരിശുഭൂമിയിൽ നെല്ല്, പച്ചക്കറികൾ, മുതിര, പയർ തുടങ്ങിയവ കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. തേക്കുമരം വെട്ടിമാറ്റിയ ഭൂമിയിൽ കർഷകരോ ഏജൻസികളോ വേലികെട്ടി കൃഷി ചെയ്താൽ ഭക്ഷ്യോത്പാദനം വർധിക്കുകയും കർഷകർക്ക് വരുമാനമാവുകയും ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തേക്ക് പ്ലാന്റേഷനുകൾ ഉണ്ടായിരുന്നത് നടുവത്തുമൂഴി റേഞ്ച് ഓഫീസ് പരിധിയിലായിരുന്നു. പാടം, വെള്ളംതെറ്റി, മണ്ണീറ, കൊക്കാത്തോട് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് റേഞ്ച് . 156 ലോഡിംഗ് തൊഴിലാളികളുണ്ടായിരുന്നു. വനമേഖലയിൽ മറ്റ് തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സ്ത്രീകളടക്കമുള്ള 200ലധികം തൊഴിലാളികൾ വേറെയുമുണ്ട്. തേക്കുതോട്ടങ്ങളിലെ തീർത്തുവെട്ട്, ഇടവെട്ട്, വള്ളിവെട്ട്, അടിക്കാട് തെളിക്കൽ , ഫയർലൈൻ, പ്ളാൻ്ിംഗ് എന്നിവ നടത്താത്തതുമൂലം തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.
ടാങ്കിയ കൃഷി
തരിശുഭൂമിയിൽ പുതിയ തേക്കു തൈകൾ നട്ടുപിടിപ്പിച്ച ശേഷം 2 - 3 വർഷത്തേക്ക് ഇടവിളയായി മറ്റ് കൃഷിക്ക് കർഷകർക്ക് നൽകുന്നതാണ് ടാങ്കിയ കൃഷി. തേക്കുതൈകൾ പൊക്കത്തിലായി ഇലകൾ കൂടുമ്പോഴേക്കും കർഷകരുടെ കൃഷി അവസാനിക്കും. കൃഷി നടക്കുന്ന കാലയളവിൽ തേക്കു തൈകളുടെ സംരക്ഷണ ചുമതല കർഷകർക്കാണ്. നേരത്തേ മലയോര മേഖലയിൽ ഈ രീതി നിലനിന്നിരുന്നു. കർഷകർക്ക് ഇടക്കാല വരുമാനം ലഭിക്കുന്നതാണ് പദ്ധതി. കളകൾ നിയന്ത്രിക്കാനും തേക്കിൻ തൈകളുടെ സംരക്ഷണം ഉറപ്പാക്കാനാകുമെന്നതും പ്രത്യേകതയാണ്. എന്നാൽ ടാങ്കിയ കൃഷിയോട് വനംവകുപ്പിന് എതിർപ്പാണ്. മണ്ണൊലിപ്പ് ഉണ്ടാകുകയും വന്യമൃഗശല്യം രൂക്ഷമാവുകയും ചെയ്യുമെന്നാണ് അവരുടെ വാദം. തുടർച്ചയായ വളപ്രയോഗങ്ങൾ മണ്ണിന്റെ ഘടനയ്ക്ക് ദോഷമെന്നും വിലയിരുത്തുന്നു.
District News
പാലക്കാട്: പട്ടുനൂൽ കൃഷി (സെറികൾച്ചർ) മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി കർഷകരെ കൂടുതൽ ശക്തീകരിക്കുന്നതിനായി കേന്ദ്ര സിൽക്ക് ബോർഡ് എംആർഎംഎ 2.0 എന്ന പേരിൽ പുതിയ കാന്പയിന് തുടക്കം കുറിച്ചു. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിൽ നിന്ന് പാലക്കാട്, വയനാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകൾ കർഷകരിലേക്ക് നേരിട്ടെത്തിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുകവഴി കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം.
കാന്പയിന്റെ ഭാഗമായി കർഷകർക്കായി വിവിധ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് പ്രത്യേക ക്ലാസുകൾ, ഫീൽഡ് തലത്തിലുള്ള തത്സമയ ഡെമോണ്സ്ട്രേഷനുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. മൾബറി കൃഷിരംഗത്തെ നൂതനമായ കൃഷിരീതികൾ, സംയോജിത രോഗകീട നിയന്ത്രണ സംവിധാനങ്ങൾ, ജൈവ കൃഷിരീതികൾ, ജീവാണു വളപ്രയോഗം എന്നിവയിൽ കർഷകർക്ക് പ്രായോഗിക പരിശീലനവും ഉറപ്പുവരുത്തും. ശാസ്ത്രജ്ഞയായ ഡോ. ശരണ്യയ്ക്കാണ് കാന്പയിനിന്റെ സംസ്ഥാനതല ഏകോപന ചുമതല. പുതുതായി പട്ടുനൂൽ കൃഷി ആരംഭിക്കാൻ താത്പര്യമുള്ള കർഷകരെ സിൽക്ക് സമഗ്ര 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കും.
സ്വന്തമായോ അല്ലെങ്കിൽ പാട്ടത്തിനെടുത്തതോ കുറഞ്ഞത് ഒരു ഏക്കർ ജലസേചന സൗകര്യമുള്ള ഭൂമിയുള്ള കർഷകരെയാണ് തെരഞ്ഞെടുക്കുക. പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണനയും അധിക ആനുകൂല്യങ്ങളും ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് പാലക്കാട് ജില്ലയിലെ സെറികൾച്ചർ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കർഷകർക്ക് 9447443561 നന്പറിൽ വിളിക്കാമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Kerala
കോഴിക്കോട്: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കർഷക പെൻഷൻ പദ്ധതിയെ യുഡിഎഫും കൈവിടുന്നോ? ബജറ്റിൽ കേരള കർഷക ക്ഷേമനിധി ബോർഡിനുള്ള തുക വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ബോർഡിനുള്ള വിഹിതം രണ്ടു കോടിയാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 50 ലക്ഷമായി ചുരുക്കി. ഇതോടെ, ബോർഡിന്റെ തുടർപ്രവർത്തനങ്ങൾക്കു ഫണ്ടില്ലാതായിരിക്കുകയാണ്.
ജീവനക്കാർക്കുള്ള ശന്പളത്തിനു പോലും ഈ തുക തികയില്ലെന്നാണ് പറയുന്നത്. 2023ൽ ഡയറക്ടർ ബോർഡിന്റെ കാലാവധി തീർന്നെങ്കിലും എൽഡിഎഫ് സർക്കാർ തുടരാൻ അനുവദിക്കുകയായിരുന്നു.
നിലവിലുള്ള, ഡയറക്ടർ ബോർഡ്തന്നെയാണു തുടരുന്നത്. 2021ൽ അംശദായം അടച്ചുതുടങ്ങി 60 വയസ് കഴിഞ്ഞ 294 പേർക്ക് ഈ വർഷം ഡിസംബർ ഒന്നു മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതാണ്. ഓരോ മാസം കഴിയുന്പോൾ പെൻഷൻ നല്കേണ്ടവരുടെ എണ്ണത്തിൽ വർധനയുണ്ടാകും.
എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021ലാണ് കർഷക പെൻഷൻ പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം.
പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയെങ്കിലും ധനവകുപ്പ് ഇതിനെ അനുമതി കൊടുത്തിരുന്നില്ല.
District News
ചിറ്റൂർ: നെൽകൃഷിക്ക് കനാൽവെള്ളം ലഭ്യമല്ലാത്തതിനാൽ കുഴൽകിണർ വെള്ളമുപയോഗിച്ചു കൃഷിയിറക്കി കർഷകർ. നരിച്ചിറ പാടശേഖരത്തിലെ കർഷകരാണ് ഏറെ ദുരിതത്തിനിടയിലും കൃഷിപ്പണികളിൽ സജീവമായത്. നടീലും അടിവളം, കളനാശിനി പ്രയോഗങ്ങളാണ് തുടങ്ങിയത്.
പലയിടത്തും വളത്തിന്റെ ലഭ്യതയ്ക്കു പുറമേ തൊഴിലാളിക്ഷാമവും പ്രശ്നമാകുന്നുണ്ടെന്നു കർഷകർ പറഞ്ഞു. രാവവളം ലഭ്യമാകാൻതന്നെ സമയമേറെയെടുക്കുന്നുണ്ട്. വളംകിട്ടിയാൽതന്നെ വെള്ളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
District News
എടത്വ: കുട്ടനാട്ടിലെ തണ്ണീര്ത്തട സംരക്ഷണവും പാരിസ്ഥിതിക വെല്ലുവിളികളും ചര്ച്ച ചെയ്യുന്നതിനായി എടത്വ സെന്റ് അലോഷ്യസ് കോളജ് രസതന്ത്ര വിഭാഗവും കോഴിക്കോട് സിഡബ്ല്യുആര്ഡിഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാര് ഇന്ന് രാവിലെ 10 ന് നടക്കും. കോളജിലെ ഫാ. പുന്നപ്പാടം ഹാളില് നടക്കുന്ന പരിപാടി റെജി ചെറിയാന് എംഎല്എ ഉദ്ഘാടനം ചെയ്യും. മാനേജര് ഫാ. ജോസഫ് കളരിക്കല് അധ്യക്ഷത വഹിക്കും.
സിഡബ്ല്യുആര്ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. വി. അനിത മുഖ്യപ്രഭാഷണം നടത്തും. പ്രിന്സിപ്പല് പ്രഫ. ഡോ. ജി. ഇന്ദുലാല്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ആന്സി ബിജോയ്, സംസ്ഥാന തണ്ണീര്ത്തട അഥോറിറ്റി പ്രതിനിധി ഡോ. ജോണ് സി. മാത്യു എന്നിവര് പ്രസംഗിക്കും. സെമിനാറിന്റെ ഭാഗമായി കര്ഷകര്ക്കായി പ്രത്യേക മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്. കൃഷിഭവന് അഗ്രികള്ച്ചറല് ഓഫീസര് ടി.എല്. സഞ്ജയ് കര്ഷകരുമായി സംവദിക്കും.
Kerala
കുമളി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില് മഴ ലഭിക്കുന്നതിനായി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്ഷക സംഘങ്ങളുടെ നേതൃത്വത്തില് സര്വമത പ്രാര്ഥന നടത്തി.
അണക്കെട്ടില് നിന്നു തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്വേ ഷട്ടറിനു സമീപമായിരുന്നു പ്രാര്ഥന. തേനി ജില്ലയിലെ 14,707 ഏക്കര് ഭൂമിയിലെ കൃഷിക്കായി മുല്ലപ്പെരിയാര് അണക്കെട്ടിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
ഒന്നാം വിള ഇറക്കുന്നതിന് എല്ലാ വര്ഷവും ജൂണ് ആദ്യവാരം അണക്കെട്ടില് നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുക പതിവാണ്. എന്നാല്, ഈ വര്ഷം തെക്കുപടിഞ്ഞാറന് മണ്സൂണ് കനിയാത്തതിനാല് ഇതുവരെ ജല സേചനത്തിനായി വെള്ളം തുറന്നുവിട്ടിട്ടില്ല. നിലവില് മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയാണ്.
തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തില് പ്രത്യേക പൂജകളും ഇവര് നടത്തി. ചടങ്ങിന് കര്ഷക സംഘങ്ങളുടെ വര്ക്കിംഗ് പ്രസിഡന്റ് എസ്. മനോഹരന് അധ്യക്ഷത വഹിച്ചു.
കമ്പം വാവര് പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീന് അമ്പ, വ്യവസായി രായപ്പന്പ്പെട്ടി ആനന്ദന്, ചെന്നൈ ശെല്വം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനിയര് രാജഗോപാല്, അസിസ്റ്റന്റ് എന്ജിനിയര് മഹേന്ദ്രന്, കര്ഷകര് തുടങ്ങിയവര് പങ്കെടുത്തു.
Kerala
കോട്ടയം: രാത്രിയില് കൂട്ടമായി എത്തി കൃഷികള് മുഴുവന് തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന് ഒച്ചുകളെ തുരത്താനുള്ള വഴികള് തേടുകയാണ് വാഴൂര് ശാസ്താങ്കല്കാവ് നിവാസികള്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില് അക്കാറ്റിന ഫുലിക്ക (achatina fulica) എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന് ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്.
വാഴൂര് പഞ്ചായത്തിലെ തീര്ഥപാദപുരം, ശാസ്താങ്കല്ക്കാവ്, ചാമപതാല് പ്രദേശങ്ങളിലാണ് ശല്യം വലിയതോതില് വര്ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില് ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന് ആഫ്രിക്കന് സ്വദേശിയാണ്. ഒന്നും രണ്ടുമല്ല പല വലിപ്പത്തിലുള്ള നുറൂകണക്കിനു ഒച്ചുകളാണ് രാത്രിയില് ഇവിടേക്ക് എത്തുന്നത്.
ഈ പ്രദേശത്തെ ഓരോ കര്ഷകരും തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന് ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്.
കഴിഞ്ഞ രണ്ടുവര്ഷമായി ഒച്ചുകള് കര്ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല് മണ്ണില് ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും. കഴിഞ്ഞവര്ഷം മുതലാണ് ഒച്ചുകളുടെ ശല്യം വലിയതോതില് വര്ധിച്ചത്.
കര്ഷകരുടെ മാസങ്ങളുടെ അധ്വാനമാണ് ഒരൊറ്റരാത്രികൊണ്ട് ഈ ഒച്ചുകള് നശിപ്പിക്കുന്നത്. പ്രദേശത്തെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള് തിന്നുതീര്ക്കുന്നു. തളിരിലകളും തണ്ടുകളും പൂര്ണമായി കാര്ന്നുതിന്നുന്നതോടെ ചെടികള് ദിവസങ്ങള്ക്കുള്ളില് നശിക്കും.
ഒച്ചുകള് അഞ്ചു മുതല് ആറു തവണ വരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകള് വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയില് 10-15 സെന്റിമീറ്റര് താഴ്ചയില് കുഴിയുണ്ടാക്കി മൂന്ന് വര്ഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി പിടികൂടിയാല് ഉടന് തന്നെ ഉപ്പു വെള്ളിത്തിലിടണം. നോക്കി നിന്നില്ലെങ്കില് മണ്ണിനടിയിലോ കരിയിലക്കിടയിലോ ഒളിക്കുമെന്നും പ്രദേശവാസികള് പറയുന്നു. ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കര്ഷകര് ഇവയെ തുരത്തുന്നത്. തുരിശിന്റെ ഉയര്ന്നവിലയും താങ്ങാനാകുന്നില്ലെന്നു കര്ഷകര് പറയുന്നു. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയര്ന്നിരിക്കുകയാണ്.
Business
കോതമംഗലം: റംബുട്ടാന്റെ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. വിപണിയിൽ കച്ചവടക്കാർ കുറഞ്ഞതും കാലാവസ്ഥാമാറ്റം ഗുണനിലവാരത്തെ ബാധിച്ചതുമാണ് വിലയിടിവിനു കാരണം.
നേരത്തേ റബറിനുണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവവും മൂലം കർഷകർ വ്യാപകമായി തോട്ടങ്ങൾ വെട്ടിമാറ്റി റംബുട്ടാൻ കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു. സ്ഥലപരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റംബുട്ടാൻ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തരവിപണിയിൽ ഇതു സുലഭമായി. ഉത്പാദനത്തിനൊത്ത് ആവശ്യക്കാർ ഇല്ലാതായതും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി കാര്യമായി ഇല്ലാത്തതും ഡിമാൻഡ് കുറയാനിടയാക്കിയിട്ടുണ്ട്.
പഴങ്ങൾ വിളവെടുത്താൽ കൂടുതൽ ദിവസം കളർ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മുൻകാലങ്ങളിൽ റമ്പൂട്ടാൻ കായ്ച്ചുതുടങ്ങി സീസൺ ആരംഭിക്കുമ്പോൾത്തന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിച്ച് അഡ്വാൻസ് നൽകി ചെടികളിൽ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങൾ പറിച്ചുപോകുന്നത് പതിവായിരുന്നു. ഇക്കുറി ഇത്തരം കച്ചവടക്കാർ നന്നേ കുറവാണെന്ന് കർഷകർ പറയുന്നു
നിലവിൽ വിപണിയിൽ കിലോയ്ക്ക്180 മുതൽ 350 രൂപ വരെയാണു ചില്ലറ വില്പന വില. എന്നാൽ കൃഷിക്കാർക്ക് 80-100 രൂപ മാത്രമേ കിട്ടുന്നുള്ളൂ.
റംബുട്ടാൻ കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കർഷകരെ സഹായിക്കാനും ന്യായവില ഉറപ്പാക്കാനും ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയ സർക്കാർ ഏജൻസികൾ വഴി റംബുട്ടാൻ സംഭരിക്കാൻ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
മൂല്യവർധിത ഉത്പന്നങ്ങളിലേക്കു നീങ്ങാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തികസഹായവും പരിശീലനവും നൽകണം. പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നൂതന സാങ്കേതികവിദ്യകൾ സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: റമ്പൂട്ടാന് വിലയിടിവിനെ തുടര്ന്ന് കര്ഷകര് കടുത്ത പ്രതിസന്ധിയില്. അടിയന്തരമായി സംസ്ഥാന സര്ക്കാര് ഇടപെടണമെന്നാണ് ആവശ്യം. ഇക്കുറി വിപണിയില് റമ്പൂട്ടാന് കച്ചവടക്കാര് കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.
റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടര്ന്ന് കര്ഷകര് വ്യാപകമായി റബര് വെട്ടിമാറ്റി റമ്പൂട്ടാന് കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാന് കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില് റമ്പൂട്ടാന് പഴത്തിന്റെ ആവശ്യക്കാര് തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി.
പഴങ്ങള് പറിച്ച് കഴിഞ്ഞ് കൂടുതല് ദിവസം കളര് മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്കാലങ്ങളില് റമ്പൂട്ടാന് കായ്ച്ച് തുടങ്ങി സീസണ് ആരംഭിക്കുമ്പോള് തന്നെ കച്ചവടക്കാര് എത്തി വിലയുറപ്പിച്ച് അഡ്വാന്സ് നല്കി, ചെടികളില് വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള് പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല് ഇക്കുറി അത്തരം കച്ചവടക്കാര് കുറവാണ്.
സാഹചര്യം കണക്കിലെടുത്ത് കര്ഷകരെ സഹായിക്കാന് ഹോര്ട്ടികോര്പ്, വിഎഫ്പിസികെ പോലുള്ള സര്ക്കാര് ഏജന്സികള് വഴി റമ്പൂട്ടാന് സംഭരിക്കാന് തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കര്ഷകരുടെ ആവശ്യം. നിലവില് വിപണിയില് കിലോയ്ക്ക് ഏകദേശം 180 മുതല് 350 രൂപ വരെയാണ് ചില്ലറ വില്പ്പന. എന്നാല് കൃഷിക്കാര്ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു.
സര്ക്കാര് തലത്തില് റംമ്പൂട്ടാന് സംഭരണം നടത്തിയാല് വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാന് കഴിയും. വിളവെടുപ്പ് സീസണ് ആരംഭിച്ചിട്ടും വ്യാപാരികള് എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകര്ച്ചയും മഴയും കര്ഷകര്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോര്ട്ടികോര്പ്, വിഎഫ്പിസികെ പോലുള്ള സര്ക്കാര് ഏജന്സികള് ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല് കര്ഷകര്ക്ക് ന്യായവില ഉറപ്പാക്കാം.
മൂല്യവര്ധിത ഉത്പന്നങ്ങള് ഉല്പ്പാദിപ്പിക്കുവാന് കൃഷിക്കാര്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നല്കണം. പഴങ്ങള് കേടുകൂടാതെ സൂക്ഷിക്കാന് നൂതന സാങ്കേതികവിദ്യകള് സര്ക്കാര് തലത്തില് ലഭ്യമാക്കുന്നതും കര്ഷകര്ക്ക് സഹായകമാകും.
Kerala
തിരുവനന്തപുരം: പിആര്എസ് വായ്പ തിരിച്ചടവിലെ കാലതാമസം നെല് കര്ഷകരുടെ സിബില് സ്കോറിനെ ബാധിക്കുന്നത് ഒഴിവാക്കാന് സപ്ളൈകോയുടേയും ബാങ്ക് കണ്സോര്ഷ്യത്തിന്റേയും പിആര്എസ് വായ്പാ വിവരങ്ങള് ലഭ്യമാക്കുന്ന വെബ് സീരിസ് ഇന്റഗ്രേഷന് പോര്ട്ടലില് സാങ്കേതിക മാറ്റങ്ങള് വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില് അറിയിച്ചു.
ഔട്ട് ടേം റേഷ്യോ (ഒടിആര്) നടപടികള് പൂര്ത്തിയാക്കാത്ത സ്വകാര്യ മില്ലുകള്ക്കെതിരേ പരിശോധിച്ചു നടപടിയെടുക്കും.
സ്വകാര്യമില്ലുകളെ ആശ്രയിക്കുന്നതു കുറയ്ക്കാന് സപ്ലൈകോ സ്വന്തമായി മില് തുടങ്ങുന്നതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കും. ഫലപ്രദമായ റിവോള്വിംഗ് ഫണ്ട് പദ്ധതി മുന്നോട്ടുവയ്ക്കാന് സപ്ലൈകോയോട് ആവശ്യപ്പെട്ടുണ്ട്.
നെല്ലിന്റെ വില കാലതാമസമില്ലാതെ ലഭ്യമാക്കാന് ബാങ്കുകള് മുഖേന നല്കുന്ന പാഡി രസീത് ഷീറ്റ് (പിആര്എസ്) വായ്പയുടെ തിരിച്ചടവിനു കാലതാമസമുണ്ടാകുമ്പോള് കര്ഷകര്ക്ക് ബാധ്യതയാകാതിരിക്കാന് സര്ക്കാര് നടപടി സ്വീകരിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
നെൽ കർഷകർക്കു അക്കൗണ്ടിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും
തിരുവനന്തപുരം: നെൽ കർഷകരിൽ നിന്നും നെല്ലു സംഭരിച്ച ശേഷം പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
Leader Page
റബര് കര്ഷകന്കൂടിയാണ് ഇന്ന് റബര് ബോര്ഡിന്റെ ചെയര്മാനായി ചുമതലയേൽക്കുന്ന എൻ. ഹരി. അതിനാൽതന്നെ റബര് കര്ഷകര് നേരിടുന്ന വിവിധ വിഷയങ്ങള്ക്ക് പരിഹാരം കാണുമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ കർഷകർക്കു പ്രതീക്ഷയുണ്ട്. മുമ്പ് ബോർഡിൽ അംഗമായിരുന്ന കാലത്ത് ഹരിയുടെ ഇടപെടലിലാണ് ലാറ്റക്സില്നിന്ന് ഷീറ്റിലേക്ക് കർഷകരെ തിരിച്ചു കൊണ്ടുവരാന് കിലോഗ്രാമിന് ഒരു രൂപ സഹായം ലഭ്യമാക്കിയതും ടയര് കമ്പനികളെ ചരക്കെടുപ്പിക്കാന് ബോര്ഡ് ഇടപെട്ടതും. ഇന്നു രാവിലെ 11.45നു കോട്ടയത്തെ റബര് ബോര്ഡ് ആസ്ഥാനത്ത് ചുമതലയേറ്റെടുക്കുന്ന എന്. ഹരി ദീപികയുമായി സംസാരിച്ചപ്പോള്...
റബര് കര്ഷകരുടെ ആശങ്കകള് പരിഹരിക്കും
റബര് ബോര്ഡ് ഭരണചുമതലയുള്ള സ്ഥാപനം മാത്രമല്ല; ട്രെയിനിംഗ്, റിസര്ച്ച് രംഗങ്ങളിലും ഏറെ സംഭാവനകള് നടത്തേണ്ട സ്ഥാപനമാണ്. കേരളത്തില് ഇനിയും കൃഷി ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഡാറ്റാ ബാങ്ക് തയാറാക്കും. അവിടെ കൃഷി വര്ധിപ്പിക്കാന് പദ്ധതി തയാറാക്കും. റബര് കൃഷിയുടെയും കര്ഷകരുടെയും വ്യാപനവും വികസനവും ലക്ഷ്യമിട്ടുള്ള സമയബന്ധിതമായ പദ്ധതികള് മനസിലുണ്ട്. വേഗത്തില് നടപ്പാക്കാവുന്ന പദ്ധതികളല്ല ഇവയൊന്നും. റബര് ബോര്ഡ് അംഗമെന്ന നിലയില് കര്ഷകസമൂഹത്തിന്റെ പ്രശ്നങ്ങള് നേരിട്ടറിയാന് കഴിഞ്ഞിട്ടുണ്ട്. കര്ഷക സമൂഹത്തെ ചേര്ത്തുപിടിച്ച് ജീവിതഭദ്രതയും വിലസ്ഥിരതയും ഉറപ്പാക്കാനുള്ള പദ്ധതികള്ക്കാണ് ബോര്ഡ് എന്നും മുന്ഗണന നല്കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ചു കര്ഷകരും റബര് ഉത്പാദക സംഘങ്ങളും വിദഗ്ധരുമായി ചര്ച്ച നടത്തും.
യുവജനങ്ങളെ റബര് കൃഷിയുടെ ഭാഗമാക്കും
നാട്ടിലെ യുവജനങ്ങളെ റബര് കൃഷിയുടെ ഭാഗമാക്കുകയെന്ന ദൗത്യം മുന്നിലുണ്ട്. റബര് ഉപയോഗിച്ചു വ്യവസായ സംരംഭങ്ങള് തുടങ്ങാനും അതുമായി മുന്നോട്ടു പോകാനും കഴിയും. ബലൂണുകള്, കളിപ്പാട്ടങ്ങള്, കൈയുറകള് അങ്ങനെ നിരധി മേഖലകളിലാണ് സാധ്യത. മെഡിക്കല് സര്ജിക്കല് മേഖലയില് സാധ്യതയാണ് റബര് ഉത്പന്നങ്ങള്ക്കുള്ളത്. ഇത്തരം തദ്ദേശീയമായ സംരംഭങ്ങളിലേക്ക് യുവാക്കള്ക്ക് പ്രോത്സാഹനം നല്കാനും ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്താന് സഹായിക്കാനും കഴിയും. റബര് തടി സംസ്കരിച്ചു വീട്ടുപകരണങ്ങളടക്കം നിർമിക്കുന്നതിനുള്ള പദ്ധതികള് കൂടുതല് വ്യാപകമാക്കുകയും ലക്ഷ്യമിടുന്നു. റബര് അധിഷ്ഠിത വ്യവസായങ്ങളും വളര്ന്നുവരണം. അനുകൂലമല്ലാത്ത സാഹചര്യം കാരണം പല വ്യവസായങ്ങളും സംസ്ഥാനത്തിനു പുറത്തേക്കു മാറിയിട്ടുണ്ട്. അവരെക്കൂടി കേരളത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കണം. മികച്ച രീതിയില് പ്രവര്ത്തിക്കുന്ന റബര് ഉത്പാദകസംഘങ്ങളുണ്ട്. അവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തും. റബര് കര്ഷകരിലേക്ക് ഇറങ്ങി പ്രവര്ത്തിക്കും. റബര്തടി സംസ്കരിക്കുന്ന പദ്ധതികള് നടപ്പാക്കും. റബറധിഷ്ഠിത വ്യവസായങ്ങള് കേരളത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പ്രവര്ത്തനം നടത്തും. റബര് ഉത്പന്നങ്ങളുടെ വിപണനരംഗത്തും ഇടപെടലുണ്ടാകും.
റബര് ഉത്പാദക സംഘങ്ങളെ (ആര്പിഎസ്) കരുത്തുള്ളതാക്കും
ആഭ്യന്തര വ്യവസായത്തിനും വിനിയോഗത്തിനുമായി 11 ലക്ഷം ടണ് റബറാണ് ആവശ്യമായി വരുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് എട്ട് ലക്ഷം ടണ് സ്വാഭാവിക റബര് മാത്രമാണ്. സ്വാഭാവികമായും റബര് ഇറക്കുമതി ഒരു പരിധിവരെ വ്യവസായങ്ങള്ക്ക് ആവശ്യമായി വരും. റബര് കര്ഷക താത്പര്യങ്ങളെ ബലികഴിക്കുന്ന സമീപനം കേന്ദ്രസര്ക്കാര് സ്വീകരിക്കുന്നില്ല. സാധ്യമായതില് ഏറ്റവും ഉയര്ന്ന ഇറക്കുമതിച്ചുങ്കമാണ് നിലവിലുള്ളത്. ഒരു കിലോയ്ക്ക് ഏതാണ്ട് 25 ശതമാനം. റബര് കര്ഷകരുടെ നട്ടെല്ലായ റബര് ഉത്പാദക സംഘങ്ങളെ (ആര്പിഎസ്) കരുത്തുള്ളതാക്കുക ഒരു പോംവഴിയാണ്. നിലവില് റബര് ബോര്ഡ് പദ്ധതികളുടെ നടത്തിപ്പില് നിര്ണായക പങ്കാണ് സംഘങ്ങള് വഹിക്കുന്നത്. ഇത്തരം സംഘങ്ങളെ കൂടുതല് ശക്തിപ്പെടുത്തും. പുകപ്പുര നിര്മാണം, കൃഷി വ്യാപനം, യന്ത്രങ്ങള്, സാങ്കേതിക ഉപദേശം ഇവയെല്ലാം നിലവില് ബോര്ഡ് നല്കുന്നുണ്ട്. റബര് കര്ഷകരുടെ കുട്ടികള്ക്കുള്ള വിദ്യാഭ്യാസ സഹായം, ഭവനങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി, വിള ഇന്ഷ്വറന്സ് ഇങ്ങനെയുള്ള പദ്ധതികളും ബോര്ഡ് വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.
ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യം
കർഷകര്ക്ക് കൃഷി കൂടുതല് മെച്ചപ്പെടുത്തുന്നതിനും വില സ്വഭാവികമായി ഉയരുന്നതിനുള്ള ഒട്ടനവധി കര്മപദ്ധതികളാണ് കേന്ദ്രസര്ക്കാര് ആവിഷ്കരിച്ചു ബോര്ഡ് നടപ്പാക്കുന്നത്. അവയെല്ലാം ശരിയായ ദിശയില് മുന്നോട്ടുപോകുകയാണ്. റബര് കര്ഷകര്ക്ക് ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള് എത്തിയിരിക്കുന്നത് ഈ പ്രവര്ത്തനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമാണ്.
റബര് ബോര്ഡ് ചെയര്മാനായി ഇന്നു ചുമതലയേറ്റെടുക്കുന്ന എന്. ഹരി ദീപികയ്ക്ക് നൽകിയ അഭിമുഖം
റബര് വില സ്ഥിരതാ ഫണ്ടിനായി കാലാകാലങ്ങളില് ഇടതു, വലതു മുന്നണികള് മുറവിളി കൂട്ടുന്നതും അധികാരത്തിലെത്തുമ്പോള് വാക്കു പാലിക്കാതെ മാറുന്നതും പതിവ് ദൃശ്യമാണ്. വിലസ്ഥിരതാ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്ന പണം പലപ്പോഴും നാമമാത്രമായി മാത്രമേ ചെലവഴിക്കേണ്ടി വരാറുള്ളൂ. സംസ്ഥാന സര്ക്കാര് നിശ്ചയിക്കുന്ന താങ്ങു വിലയേക്കാള് ഉയര്ന്നാണ് വിപണി വില എന്നതാണ് ഇതിനു കാരണം. ഇപ്പോഴും അതേ അവസ്ഥയാണ് മാര്ക്കറ്റിലുള്ളത്. 270 രൂപ വരെ ഒരു കിലോ റബറിന് ലഭിക്കാവുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള് പ്രഖ്യാപിച്ച 250 രൂപ താങ്ങുവില നടപ്പാക്കുന്നതിനായി സംസ്ഥാന സര്ക്കാരിന് ഖജനാവില്നിന്ന് ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കേണ്ടിവരില്ല.
ടാപ്പ് ചെയ്യാത്ത തോട്ടങ്ങള് ഉപയോഗപ്രദമാക്കും
ഇന്ത്യയില് ആഭ്യന്തര റബറില് 72 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. നിരവധി തോട്ടങ്ങള് ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്നു. റബര് ടാപ്പര്മാരെ കിട്ടാനില്ലാത്തതും ഭൂഉടമകള് വിദേശത്തേക്ക് കൂടിയേറിയതും പ്രായംചെന്ന മരങ്ങള് വെട്ടിമാറ്റാത്തതുമൊക്കെ തോട്ടങ്ങള് ടാപ്പ് ചെയ്യാതെ ശുന്യമാകുന്നതിനു കാരണങ്ങളാണ്. കേരളത്തില് ടാപ്പ് ചെയ്യാതെ കിടക്കുന്നത് രണ്ടര ലക്ഷം ഏക്കറിലധികം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം തോട്ടങ്ങള് വീണ്ടും ഉപയോഗപ്രദമാക്കുന്നതിനും സജീവമാക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്ന തോട്ടങ്ങള് പുനരുദ്ധരിക്കാന് പദ്ധതി തയാറാക്കുന്നതിനു മുന്ഗണന നല്കും. റബര് തോട്ടങ്ങള് അനാഥമാകുന്ന രീതിയിലുള്ള അവസ്ഥ ഒഴിവാക്കുന്ന വ്യക്തമായ കര്മപദ്ധതിക്ക് രൂപം നല്കാന് കഴിയുമെന്നാണു പ്രതീക്ഷ.
കൃഷിവ്യാപനത്തിനു സബ്സിഡി
റബര് കൃഷിക്കായി ഹെക്ടറിന് 45,000 രൂപ വരെ കേന്ദ്രസര്ക്കാര് സബ്സിഡി നല്കുന്നുണ്ട്. സംസ്ഥാന സര്ക്കാര് ലോകബാങ്ക് സഹായത്തോടെ റബര് കൃഷി വ്യാപനത്തിനായി കേര എന്നൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇപ്പോള് ആറു ജില്ലകളില് മാത്രമാണു പദ്ധതി പൂര്ത്തിയായിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്ക്കാരുമായി ഏതെല്ലാം മേഖലകളിൽ പദ്ധതി നടപ്പാക്കാന് കഴിയുമെന്ന് പരിശോധിക്കും. ത്രിപുര സര്ക്കാര് ഇക്കാര്യത്തില് മാതൃകാപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. റബര് ബോര്ഡിനു വലിയ പ്രാധാന്യവും പരിഗണനയുമാണ് ലഭിക്കുന്നത്.
District News
മാന്ദാമംഗലത്തുകൃഷിയിടങ്ങൾ തകർത്തു
തൃശൂർ: മാന്ദാമംഗലത്തു കഴിഞ്ഞദിവസം കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് ഓഫീസിന്റെ തൊട്ടടുത്തുവരെ കാട്ടാനയെത്തി.
കർഷകരുടെ വാഴ, റബർ, കുലയ്ക്കാറായ തെങ്ങുകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്. വൈനിലം മേരിയുടെ കൃഷിയിടത്തിലെ 40 തെങ്ങ്, താഴത്തേടത്ത് മത്തായിയുടെ 150 റബർ, മലമേൽ ആന്റണിയുടെ വാഴ, റബർ, കുന്നമ്മത്ത് ശ്രീനിയുടെ കുലയ്ക്കാറായ തെങ്ങുകൾ, ഈന്തംതോട്ടിൽ ജോസിന്റെ വാഴ, കുഴുപ്പുള്ളിൽ മേരിയുടെ തെങ്ങ്, വാഴ, വാട്ടപ്പിള്ളി ബോസിന്റെ റബർ, കൊല്ലംപറന്പിൽ അനീഷിന്റെ വാഴ, കാഞ്ഞിരത്തൂട്ടിൽ രവിയുടെ തെങ്ങ്, കുഴുക്കാട്ടിൽ വിഷ്ണു ജയന്റെ റബർ എന്നിവ നശിപ്പിച്ചു.
കാട്ടിൽനിന്നു കൃഷിത്തോട്ടത്തിലേക്ക് ആനത്താര വരെ ഉണ്ടായിട്ടുണ്ടെന്നു കർഷകർ പരാതിപ്പെടുന്നു. കർഷകസംഘം ഒല്ലൂർ ഏരിയ കമ്മിറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വെള്ളക്കാരിത്തടത്തും
കാട്ടാനക്കൂട്ടം,
മൂന്നുലക്ഷത്തിന്റെ
പാവൽകൃഷി നശിപ്പിച്ചു
മലയോര മേഖലയായ വെള്ളക്കാരിത്തടത്തിൽ കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചു. വെള്ളക്കാരിത്തടം തറയിൽ സുബ്രന്റെ കൃഷിയിടത്തിലാണ് ആനക്കൂട്ടം നാശമുണ്ടാക്കിയത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഏഴ് ആനകളുടെ കൂട്ടമെത്തി മൂന്നേക്കർ പാവൽകൃഷി പൂർണമായി നശിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വിളവെടുപ്പിനു പാകമായ പാവൽചെടികൾ പന്തലോടെ തകർത്തു.
നാട്ടുകാർ പടക്കംപൊട്ടിച്ചും ബഹളംവച്ചും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം പിൻമാറിയില്ല. പുലർച്ചെ മൂന്നോടെയാണ് ആനകൾ കാടുകയറിയത്.
ബാങ്കിൽനിന്നു വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നു സുബ്രൻ പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് വിളവെടുക്കാനിരുന്നതാണ്. ഇപ്പോൾ എല്ലാം നശിച്ചു. എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ കാട്ടാനശല്യം നിത്യസംഭവമായി മാറി. കുട്ടികളെ സ്കൂളിൽ വിടാനും രാത്രി പുറത്തിറങ്ങാനും ഭയക്കുകയാണ് നാട്ടുകാർ.
നടപടിയില്ല , വലഞ്ഞ് മലയോരവാസികൾ
യോഗം ചേരുന്നതല്ലാതെ വന്യമൃഗശല്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആനശല്യത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു കർഷക സംഘം അറിയിച്ചു.
ട്രഞ്ച് കീറി ആനയുടെ വരവ് തടയണം, ആനത്താരകൾ അടച്ച് സോളാർ ഫെൻസിംഗ് സ്ഥാപിക്കണം, കർഷകർക്കു പൂർണ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നൽകണം, മാന്ദാമംഗലത്തു റാപ്പിഡ് റെസ്പോണ്സ് ടീമിനെ സ്ഥിരമായി വിന്യസിക്കണം, രാത്രികാല വനംവകുപ്പ് പട്രോളിംഗ് ശക്തിപ്പെടുത്തണം എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.
Kerala
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിക്കായി നിലങ്ങൾ ഒരുക്കി കർഷകർ കാത്തിരിക്കുകയാണെങ്കിലും വിതയ്ക്കാനുള്ള വിത്തു മാത്രം എത്തിയില്ല. ഏക്കറിന് 40 കിലോ എന്ന കണക്കിൽ പഞ്ചായത്തും സർക്കാരും ചേർന്ന് സൗജന്യമായാണ് കർഷകർക്ക് നെൽ വിത്ത് നൽകുന്നത്. ഉമ ഇനത്തിൽപ്പെട്ട നെല്ലിന്റെ ഡി വൺ എന്ന വിത്തും പൗർണമി എന്ന വിത്തുമാണ് രണ്ടാം കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്.
കാർഷിക സർവകലാശാലയുടെ കണക്കു പ്രകാരം ഏക്കറിന് 40 കിലോ നെൽവിത്ത് മതിയെന്നാണെങ്കിലും 60 കിലോ വിത്തുണ്ടെങ്കിലേ ഒരേക്കർ വിതയ്ക്കാനാവൂ എന്നാണ് കർഷകർ പറയുന്നത്. സർക്കാർ നൽകുന്നത് കൂടാതെ ഏക്കറിന് 20 കിലോയോളം വിത്ത് കിലോയ്ക്ക് 40- 42 രൂപ കണക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് കർഷകർ വാങ്ങുന്നത്.
കർഷകർക്ക് വിത്ത് നൽകാൻ സർക്കാർ ചില ഏജൻസികളെയാണ് ചുമതലപ്പെടുത്തുന്നത്. നെൽവിത്തെത്തിക്കാൻ വാഹനസൗകര്യം ലഭിക്കാത്തതാണ് താമസം വരുന്നതെന്നാണ് കൃഷിഭവന്റെ ഭാഷ്യം. 15നെങ്കിലും വിത്ത് ലഭിച്ചാലേ 30ന് രണ്ടാം കൃഷി വിതയ്ക്കാനാവൂ. ലഭിക്കുന്ന വിത്ത് 10 -18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കിയിടും. തുടർന്ന് 36- 40 മണിക്കൂർ കരയ്ക്ക് ഉണങ്ങാൻ വയ്ക്കും. അതിനുശേഷം ചാക്ക് പൊട്ടിച്ച് ആവി കളഞ്ഞ് നല്ല വെള്ളത്തിൽ മുക്കി തോർന്നു കഴിഞ്ഞാണ് മുളപൊട്ടിയ വിത്ത് കണ്ടത്തിൽ വിതയ്ക്കുന്നത്.
നെടുമുടി, ചമ്പക്കുളം, കൈനകരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് എന്നിവിടങ്ങളിലെ 150ലധികം പാടശേഖരങ്ങളിലായി 27, 000 ഏക്കറിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കുന്നത്.
ഇതിൽ 5000 ഏക്കറിൽ നെൽകൃഷി, 36 പാടശേഖരങ്ങളുള്ള നെടുമുടി കൃഷിഭവന് കീഴിലാണ് രണ്ടാം കൃഷി ഏറ്റവും അധികമുള്ളത്. സമയത്ത് വിതച്ചില്ലെങ്കിൽ രണ്ടു കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ അടുത്തതായി പുഞ്ചകൃഷിയുടെ കൃഷിപ്പണികളും വിതയും താമസിക്കും.
രണ്ടാം കൃഷിക്കായി പാടം ഒരുക്കുമ്പോൾ മഴയുള്ളതിനാൽ പാടശേഖരങ്ങളിൽ പുളിരസം കൂടുതലായിരിക്കും. ഇത് നീക്കാൻ നീറ്റു കക്കയാണ് കർഷകർ ആവശ്യപ്പെടുന്നതെങ്കിലും സൗജന്യ നിരക്കിൽ ലഭിക്കുന്നത് ഡോളോമൈറ്റാണ്. ഇതു മാറ്റി നീറ്റുകക്കയാക്കിയാലേ വിളവ് വർധിക്കൂ എന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൃഷിമന്ത്രിയുടെ അടിയന്തരശ്രദ്ധ പതിഞ്ഞില്ലെങ്കിൽ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിത നീണ്ടുപോകാനാണ് സാധ്യത.
District News
കുരുവിക്കൂട്: തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷകസംഗമം നാളെ രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
കർഷക സൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവയുണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷിരീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. ഫോൺ: 9446924840, 9447348069.
District News
കുരുവിക്കൂട്: തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷകസംഗമം നാളെ രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, ജോഷി കെ. ആന്റണി കുഴിക്കാട്ടുതാഴെ, സൂര്യാമോൾ, അസി. കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, പി.എസ്. പ്രജീഷ് ചെറുവള്ളി, നാട്ടുചന്ത ഭാരവാഹികളായ വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, വിത്സൻ മാത്യൂ പാമ്പൂരിക്കൽ, രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, പി.കെ. ശശിധരൻ പാമ്പാടിയാത്ത്, ജോസ് പി. കുര്യൻ പഴേപറമ്പിൽ, ടോണി ജോർജ് പന്തലാടിക്കൽ, പത്മിനി ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജോർജുകുട്ടി പനച്ചിക്കൽ, പി.എസ്. സാബു തുടങ്ങിയവർ പ്രസംഗിക്കും.
കർഷക സൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവയുണ്ടായിരിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷിരീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. ഫോൺ: 9446924840, 9447348069.
District News
നെന്മാറ: കാലവർഷം ശക്തിപ്രാപിച്ച് പ്രദേശത്ത് മതിയായ മഴ ലഭിച്ചതോടെ നെന്മാറ, അയിലൂർ കൃഷിഭവനുകളുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി.
പ്രദേശത്തെ കയ്പഞ്ചേരി, കണ്ണിയമംഗലം, തോണിക്കടവ് എന്നിവ ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലാണ് നിലവിൽ വ്യാപകമായി നടീൽ നടക്കുന്നത്. മഴ ലഭിച്ചതോടെ കർഷകരിൽ പ്രതീക്ഷയും ആത്മവിശ്വാസവും വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി പ്രതിസന്ധിയിലായിരുന്നെങ്കിലും ഇത്തവണ കാലവർഷത്തിന്റെ അനുഗ്രഹം കർഷകർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം തൊഴിലാളി ക്ഷാമം ഇത്തവണയും തുടരുകയാണ്.
ഇതുമൂലം നടീൽ ജോലികൾ പൂർത്തിയാക്കുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്.
അയിലൂർ, കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസം നടീൽ ജോലികൾക്കെത്തിയത് പശ്ചിമബംഗാളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട തൊഴിലാളി സംഘമാണ്. പാടങ്ങളിൽ ഞാറ് പറിച്ചുനടുന്ന ജോലികൾ ഇവരുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
Leader Page
ബജറ്റിൽ കർഷകർക്കും യുവകർഷകർക്കും പ്രത്യേക പരിഗണന അനിവാര്യമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും ഭക്ഷ്യസുരക്ഷയുടെയും അടിത്തറ കർഷകരാണ്.
നാടിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നത് ഒരു സാമൂഹിക ബാധ്യത മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള അനിവാര്യമായ നിക്ഷേപവുമാണ്.
കൃഷി മേഖല നശിക്കാതിരിക്കണമെങ്കിൽ വരാനിരിക്കുന്ന ബജറ്റിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്:
Kerala
തിരുവനന്തപുരം: നെല്ല് സംഭരണത്തിനും കൃഷി വകുപ്പുമായും ബന്ധപ്പെട്ട മറ്റു പദ്ധതികളിലും കർഷകർക്കു നൽകേണ്ട കുടിശിക തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. പാലക്കാട്ട് ഇനി സപ്ലൈകോ നേരിട്ടു സംഭരണം നടത്തുമെന്നും നിയമസഭാ മന്ദിരത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോക പരിസ്ഥിതി ദിനമായ നാളെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൃഷി വകുപ്പ് വിപുലമായ പരിപാടികൾ നടത്തും. സെക്രട്ടേറിയറ്റിൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന വൃക്ഷത്തൈ നടീൽ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത അഞ്ചു കുട്ടിക്കർഷകരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. ഫലവൃക്ഷ തൈയും പച്ചക്കറി വിത്തുകളുമടങ്ങുന്ന പ്രത്യേക ഹരിത കിറ്റ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്.
"ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' എന്ന പേരിൽ നടപ്പാക്കുന്ന ഓണക്കാലത്ത് ആവശ്യമായ വിഷരഹിത പച്ചക്കറികളും പൂക്കളും ലഭ്യമാക്കാനുള്ള പദ്ധതി സെക്രട്ടേറിയറ്റിൽ തയാറാക്കുന്ന മാതൃക പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും "കതിര്' എന്ന പേരിൽ പ്രകൃതി കൃഷി ക്ലബ്ബുകൾ തുടങ്ങും.
പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവ കൂടാതെ ഹോട്ടികൾച്ചർ തെറാപ്പി പോലുള്ള ആധുനികരീതികളും ഈ ക്ലബ്ബുകളിൽ നടപ്പാക്കും ഈ ക്ലബ്ബുകൾ എല്ലാം കൃഷിവകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക. കൃഷിയിൽ താത്പര്യമുള്ള 20 മുതൽ 25 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഓരോ വിദ്യാലയത്തിലും ക്ലബ്ബ് രൂപീകരിക്കുന്നത്.
ജനപ്രതിനിധികൾ, പഞ്ചായത്ത്, പിടിഎ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയും രൂപീകരിക്കും. സംസ്ഥാനത്തെ 2500 സ്കൂളുകളിൽ ആദ്യഘട്ടത്തിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും സ്കൂളുകളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിനും പരമാവധി 10,000 രൂപ വീതം നൽകാൻ രണ്ടരക്കോടി രൂപ പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
Business
സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷകരെ ഞെട്ടിച്ച് ഉത്പന്ന വിലയിൽ വൻ തകർച്ച. എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് ഇക്കുറി കാലവർഷം ദുർബലമാകാൻ സാധ്യത, ഉയർന്ന പകൽ താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലത്തോട്ടങ്ങൾ ഇതിനകംതന്നെ ക്ലേശിക്കുന്നു, അടുത്ത സീസണിലെ ഏലം ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഒരു വിഭാഗം കർഷകർ. ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ കുരുമുളക് വില ഉയർത്തി ശേഖരിച്ചു. പ്രതികൂല കാലാവസ്ഥയിൽ തായ്ലൻഡിൽ റബർ ഉത്പാദനം ചുരുങ്ങിയത് അവരുടെ കയറ്റുമതിക്കു കാലതാമസം സൃഷ്ടിക്കാൻ സാധ്യത, വാങ്ങലുകാർ നിരക്ക് ഉയർത്തി.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷക കുടുംബങ്ങളെ കണ്ണീരിലാക്കും വിധം ഉത്പന്ന വില നിത്യേന ഇടിയുന്നു. പ്രതിസന്ധിക്കിടയിൽ പല ആവർത്തി കൊപ്ര തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങിയത് കണക്കുകൂട്ടലുകൾ തകിടംമറിച്ചു. മാസാരംഭ ഡിമാൻഡ് പ്രതീക്ഷിച്ച് കരുത്തിവച്ച വെളിച്ചെണ്ണ വിറ്റുമാറാൻ മില്ലുകാർ പരക്കംപാഞ്ഞു. സാധാരണ കാലവർഷം അടുക്കുന്ന അവസരങ്ങളിൽ തേങ്ങവെട്ട് സ്തംഭിക്കുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാറുണ്ട്. എന്നാൽ, ഇക്കുറി ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റിക്കാർഡ് വിലയിൽ നിന്നും വെളിച്ചെണ്ണ വില ഇതിനകം 30 ശതമാനത്തിൽ അധികം ഇടിഞ്ഞു. 2025 മധ്യം ലിറ്ററിനു 393 രൂപ വരെ ഉയർന്ന എണ്ണ വില നിലവിൽ 235ലേക്ക് താഴ്ന്നു. കൊപ്ര വില കിലോ 259 രൂപയിൽ നിന്ന് 138 രൂപയായി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നാളികേര ഉത്പാദനം ഉയർന്നതിനൊപ്പം വിപണിയിൽ ചരക്ക് വരവ് ശക്തിയാർജിച്ചതും തിരിച്ചടിയായി. 2024ലെ വരൾച്ചയുടെ ഫലമായി കഴിഞ്ഞ വർഷം നാളികേര ഉത്പാദനം കുറഞ്ഞതാണ് അന്ന് റിക്കാർഡ് വിലക്കയറ്റത്തിന് അവസരമൊരുക്കിയത്.
ഇതിനിടയിൽ കയറ്റുമതി വിപണിയിൽ സമീപ മാസങ്ങളിൽ ഡിമാൻഡ് ദുർബലമായതും പ്രതിസന്ധി രൂക്ഷമാക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നേരിട്ട തടസങ്ങൾ വിദേശ വാങ്ങലുകാരെ പിന്നാക്കം വലിച്ച് ആഭ്യന്തര വിപണിയെ കൂടുതൽ സമ്മർദത്തിലാക്കി.
വർഷാരംഭം രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ ടണ്ണിനു 4164 ഡോളർ വരെ കയറി, ലോക വിപണിയിൽ വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കും ഇതായിരുന്നു. ഭക്ഷ്യസംസ്കരണ, സൗന്ദര്യവർധക വ്യവസായങ്ങളിൽനിന്നുള്ള സ്ഥിരമായ ഡിമാൻഡ് വെളിച്ചെണ്ണയ്ക്ക് താങ്ങു പകരുന്നുണ്ട്. കൊച്ചിയിൽ എണ്ണ വില 24,500 രൂപയിൽനിന്നും വാരാന്ത്യം 23,600ലേക്ക് ഇടിഞ്ഞു. കൊപ്ര 14,600 രൂപയിൽനിന്നും 13,800 രൂപയായി. തമിഴ്നാട്ടിൽ കൊപ്രയ്ക്കു വൻകിട മില്ലുകാരിൽ നിന്നുള്ള ആവശ്യം ചുരുങ്ങിയതോടെ നിരക്ക് ക്വിന്റലിന് 13,600 രൂപയിൽ നിന്ന് 12,350 രൂപയായി.
ഏലത്തിനു ഭീഷണിയായി കാലാവസ്ഥ
കാലവർഷം കേരളത്തിന്റെ പാടിവാതുക്കൽ എത്തി ഒളിഞ്ഞുനോട്ടം നടത്തിയത് രാത്രി മഴയ്ക്ക് അവസരം ഒരുക്കിയെങ്കിലും പകൽ അനുഭവപ്പെടുന്ന ഉയർന്ന താപനില ഏലത്തോട്ടങ്ങളെ പ്രതിസന്ധിലാക്കുന്നു. അന്തരീക്ഷ താപനില ഉയർന്നതിനെ പ്രതിരോധിക്കാൻ ശരങ്ങൾക്കാകുന്നില്ലെന്നാണ് ഹൈറേഞ്ചിലെ കർഷകരുടെ വിലയിരുത്തൽ. ഈ നില ഒരാഴ്ച കൂടി തുടർന്നാൽ അടുത്ത സീസണിൽ വിളവ് ചുരുങ്ങാം. അതേസമയം, പിന്നിട്ട സീസണിൽ ബംപർ വിളവിനിടയിൽ ഉയർന്ന വില ഉറപ്പുവരുത്താനായത് കർഷകരുടെ വരുമാനം ഉയർത്തി. എന്നാൽ, വളം, കീടനാശിനി വില വർധന മൂലം പലരും വാങ്ങൽ കുറച്ചത് ഉത്പാദനത്തിൽ പ്രതിഫലിക്കും.
ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ നിന്നും ഇന്ത്യൻ ഏലത്തിന് ഡിമാൻഡ് തുടരുന്നു. ഗ്വാട്ടിമാലയിൽ ഉത്പാദനം അമ്പത് ശതമാനം കുറഞ്ഞത് നമ്മുടെ ചരക്കിന് ആവശ്യം വർധിപ്പിച്ചു. ഓഗസ്റ്റിലെ ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും വ്യവസായികളും ചരക്ക് സംഭരിക്കുന്നുണ്ട്. ഇതിനിടയിൽ ജൂൺ-ജൂലൈയിൽ ഉത്പാദനത്തിൽ കുറവ് സംഭവിച്ചാൽ നിരക്ക് ഉയർത്തി ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിക്കും. അതേസമയം, വരവ് ഉയർന്നാൽ താത്കാലികമായി ശരാശരി ഇനങ്ങൾക്കു കിലോ രണ്ടായിരം രൂപയിൽ താങ്ങ് പ്രതീക്ഷിക്കാം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2660 വരെ ഉയർന്നു.
കുരുമുളക് വരവ് കുറവ്
അന്തർസംസ്ഥാന വ്യാപാരികൾക്ക് കുരുമുളകിനായി വീണ്ടും കർഷകരുടെ പുറകെ. അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് വില്പനയ്ക്ക് എത്താത്തത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. വൻകിട കർഷകരും തോട്ടങ്ങളും ഉത്സവവേളയിലെ ഉയർന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിക്കുന്നത് ഉത്തരേന്ത്യൻ വ്യവസായികളെ പിരിമുറുക്കത്തിലാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,400 രൂപയിലും ഗാർബിൾഡ് 72,400 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7750 ഡോളർ.
റബറിൽ പ്രതീക്ഷ
തായ്ലൻഡിൽ മഴ വീണ്ടും വില്ലനായതോടെ റബർ ടാപ്പിംഗിൽ നിന്നു വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ തോട്ടങ്ങളിൽ സജീവമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ടയർ മേഖല. ഇതിനിടയിൽ ഷീറ്റ് ലഭ്യത കുറഞ്ഞത് വ്യവസായികളെയും അവിടത്തെ കയറ്റുമതിക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ബാങ്കോക്കിൽ റബർ വില കിലോ 279 രൂപയിൽനിന്നും 282 രൂപയിലേക്ക് കയറി. രാജ്യാന്തര വില 300 ഡോളറിലേക്ക് മുന്നേറിയത് യൂറോപ്യൻ വ്യവസായികളെ പുതിയ വാങ്ങലുകളിൽ നിന്നും പിൻതിരിപ്പിച്ചു. ഏതാണ്ട് ഈ അവസരത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് കൃത്രിമ റബർ വിലയും കുറയാൻ ഇടയാക്കി.
ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 406 യെന്നിൽ നീങ്ങിയ ഘട്ടത്തിൽ വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. വാങ്ങൽ താത്പര്യം ഉയർന്നതോടെ നിരക്ക് 424 യെൻ വരെ കയറി. ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന റബറിന് 400 യെന്നിൽ ശക്തമായ താങ്ങ് പ്രതീക്ഷിക്കാം. റബർ ഉത്പാദനം ഉയരുന്നത് സംബന്ധിച്ച് തായ് മാർക്കറ്റിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരും വരെ മികവ് നിലനിർത്താം.
സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ്. മഴയ്ക്കിടയിലും വെട്ടുമായി മുന്നേറാനുള്ള നീക്കങ്ങൾക്കിടയിൽ അവർക്ക് ആത്മവിശ്വാസം നൽകുന്നത് റബറിന്റെ ഉയർന്ന വില ഒന്ന് മാത്രമാണ്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ വില 24,500 രൂപയിൽനിന്നും 26,200ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡ് 24,500 രൂപയിൽ നിന്ന് 25,600 രൂപയായി.
Business
ആഗോള റബർ ഉത്പാദകരെ രോമാഞ്ചം കൊള്ളിച്ച് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 യെൻ വരെ മുന്നേറി, അപ്രതീക്ഷിത കുതിപ്പിനിടയിൽ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടു മാറ്റുന്നതു സാങ്കേതിക തിരുത്തലിന് ഇടയാക്കാം.
അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കർഷകർ റബർ വെട്ട് പുനരാരംഭിച്ചു. ഇറക്കുമതി രാജ്യങ്ങളിൽ കുരുമുളക് സ്റ്റോക്ക് ചുരുങ്ങി, മധ്യപൂർവേഷ്യ വഴിയുള്ള കപ്പൽ ഗതാഗത തടസങ്ങൾ വാങ്ങലുകാരെ സമ്മർദത്തിലാക്കി. വെളിച്ചെണ്ണ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നു. ഉത്പാദകരുടെ ചെറുത്തുനിൽപ്പ് കൊപ്രയ്ക്ക് താങ്ങായി. കൊക്കോ ഉത്പാദനം നേരത്തേ കണക്കുകൂട്ടിയതിലും ഉയരുമെന്ന ഐവറി കോസ്റ്റിന്റെ വെളിപ്പെടുത്തൽ ചോക്ലേറ്റ് വ്യവസായികളുടെ മുഖത്ത് പുഞ്ചിരി വിടർത്തി, ഉത്പന്നവിലയിൽ ഇടിവ്.
റബറിനു മുന്നേറ്റം; കേരളം ടാപ്പിംഗിലേക്ക്
ഏഷ്യൻ റബർ അവധിവ്യാപാരരംഗം കരുത്ത് നിലനിർത്തുന്നു. ഒക്ടോബറിൽ ഉടലെടുത്ത് ബുൾ റാലിയിൽ ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 306 യെന്നിൽനിന്നും ഇതിനകം 430 യെൻ വരെ കയറി. ഇതിനിടയിൽ 340ലെയും 360ലെയും പ്രതിരോധങ്ങൾ വിപണി തകർത്താണു മികവിലേക്ക് ചുവടു വച്ചത്. 2011 രേഖപ്പെടുത്തിയ തലത്തിലേക്ക് ഉത്പന്നവില കയറി.
ജപ്പാൻ ഒസാക്കയിൽ റബറിനു കഴിഞ്ഞ വാരം സൂചിപ്പിച്ച കിലോ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 വരെ സഞ്ചരിച്ചു. വിപണി സാങ്കേതിമായി ഓവർ ബോട്ട് മേഖലയിൽ പ്രവേശിച്ചതോടെ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതു കണ്ട് ഊഹക്കച്ചവടക്കാർ ഉയർന്ന റേഞ്ചിൽ പുതിയ വില്പനയ്ക്കും അവസരം പ്രയോജനപ്പെടുത്തി. വാരാന്ത്യം 413ലെ സപ്പോർട്ട് നിലനിർത്തിയെങ്കിലും ഈ താങ്ങ് കൈമോശം വന്നാൽ 393ലേക്ക് തിരുത്തലിനു ശ്രമം നടത്താം. അതേസമയം, ജപ്പാനിൽ റബർ മുന്നോറിയാൽ 436 യെന്നിൽ പ്രതിരോധമുണ്ട്.
കനത്ത മഴയിൽ തായ്ലൻഡിലെ ഒട്ടുമിക്ക റബർ ഉത്പാദക മേഖലകളിലും ടാപ്പിംഗിന് അവസരം ലഭിക്കാതെ കർഷകർ വിട്ടുനിന്നു. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ വീണ്ടും തോട്ടങ്ങളിലേക്ക് തിരിയുമെന്നു മനസിലാക്കി ഇറക്കുമതിരാജ്യങ്ങൾ പുതിയ കരാറുകൾക്ക് തയാറായില്ല. ഇതിനിടയിൽ ബാങ്കോക്കിൽ റബർ കിലോ 288 രൂപയിൽനിന്നും വാരാന്ത്യം 280ലേക്ക് താഴ്ന്നു.
വരണ്ട കാലാവസ്ഥയ്ക്ക് അവധി നൽകി തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. നിക്കോബാർ ദ്വീപസമൂഹങ്ങളിൽ മഴമേഘങ്ങളെത്തിയത് കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ ആവശ്യമായ വളപ്രയോഗങ്ങൾക്ക് തിരക്കിട്ട നീക്കങ്ങൾ ഇതിനകംതന്നെ ആരംഭിച്ചു. അതേസമയം, വളങ്ങളുടെ വില മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്നത് ഉത്പാദകർക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ വില കിലോ 260 രൂപയിൽനിന്നും 265 വരെ ഉയർത്തിയെങ്കിലും ശനിയാഴ്ച വില 263 രൂപയിലാണ്. ഈ നിരക്കിലും വില്പനക്കാരില്ലെന്നാണു വ്യാപാരികളുടെ പക്ഷം. അഞ്ചാം ഗ്രേഡ് 255 രൂപയിൽ നിന്ന് 259 രൂപയായി. ഒട്ടുപാൽ 160 രൂപയിലും ലാറ്റക്സ് 155 രൂപയിലും സ്റ്റെഡിയാണ്.
കുരുമുളക് ലഭ്യതയിൽ കുറവ്
ആഗോള വിപണിയിൽ കുരുമുളക് ലഭ്യത പ്രതീക്ഷയിലും കുറഞ്ഞത് യൂറോപ്യൻ രാജ്യങ്ങളിലെ വാങ്ങലുകാരെ സമ്മർദത്തിലാക്കുന്നു. വിയറ്റ്നാം മുളകിനെയാണ് ഈ വർഷം കൂടുതലായി ആശ്രയിച്ചത്. പശ്ചിമേഷ്യ വഴിയുള്ള കപ്പൽ ഗതാഗതത്തിലെ തടസങ്ങളും യുദ്ധാന്തരീക്ഷത്തിൽ ചരക്കുകൂലി ഇനത്തിൽ വരുത്തിയ മാറ്റങ്ങളും മൂലം രണ്ട് മാസമായി പല വൻകിട ബയർമാരും ഇറക്കുമതിയിൽനിന്നും അല്പം വിട്ടുനിൽക്കുകയാണ്.
പല ബഹുരാഷ്ട്ര കന്പനികളുടെയും കരുതൽ ശേഖരത്തിൽ കുരുമുളകിന്റെ അളവ് ചുരുങ്ങുന്നതായാണു രഹസ്യവിവരം. എന്നാൽ, ഇതു സംബന്ധിച്ച് സൂചനകളൊന്നും അവർ ഇനിയും പുറത്തു വിട്ടിട്ടില്ല. ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണ സമയമാണെങ്കിലും ആഗോള ചരക്ക് ക്ഷാമം മുൻനിര ഇറക്കുമതി രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ചു.
വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കാര്യമായ വില്പനക്കാരില്ല. ജൂലൈയോടെ അവരുടെ നിരക്ക് ടണ്ണിന് 500 മുതൽ 1000 ഡോളർ വരെ കുതിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 72,800 രൂപ കയറിയ ശേഷം വാരാന്ത്യം 72,700ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളർ.
പ്രതിസന്ധിയൊഴിയാതെ നാളികേരോത്പന്ന വിപണി
നാളികേരോത്്പന്ന വിപണി പ്രതിസന്ധിയിൽ. വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം കുറഞ്ഞതിനാൽ കൈവശമുള്ള എണ്ണ വിറ്റുമാറാൻ ഒരു വശത്ത് വൻകിട മില്ലുകൾ പരക്കം പായുന്നു. പച്ചത്തേങ്ങയും കൊപ്രയും വില്പനയ്ക്ക് ഇറക്കുന്നതിൽ വൻകിട തോട്ടങ്ങൾ വരുത്തിയ നിയന്ത്രണം ഒരു പരിധി വരെ വിപണിക്ക് താങ്ങായി. കാങ്കയത്ത് കൊപ്ര 13,550 രൂപയായി താഴ്ന്നു. വെളിച്ചെണ്ണ ക്വിന്റലിന് 20,350 രൂപ. കൊച്ചിയിൽ എണ്ണ വില 25,500 രൂപയിൽ നിന്നും. 24,600 രൂപയായി. ഒറ്റ ആഴ്ചയിൽ 900 രൂപ ഇടിഞ്ഞു. അതേസമയം, കൊപ്ര 14,700ൽ പിടിച്ചുനിന്നു.
കൊക്കോവിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര കൊക്കോവില കരുത്തു നേടുന്നതിനിടയിൽ മുൻനിര ഉത്പാദക രാജ്യമായ ഐവറി കോസ്റ്റിൽനിന്നും നടപ്പ് സീസണിലെ ഉത്പാദനം സംബന്ധിച്ച് പുതിയ വിവരം പുറത്ത് വന്നത് വിപണിയെ ഞെട്ടിച്ചു.
ന്യൂയോർക്കിൽ കൊക്കോ ടണ്ണിന് 4433 ഡോളറിൽനിന്നും 4795 വരെ ഉയർന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലാണ് ഉത്പന്നവില കുതിച്ചുകയറാൻ ഇടയാക്കിയത്. എന്നാൽ, നടപ്പ് സീസണിലെ വിളവ് സംബന്ധിച്ച ഐവറി കോസ്റ്റിൽനിന്നുള്ള വിവരം പുറത്തുവന്നതോടെ കൊക്കോ വില വാരാന്ത്യം 4058 ഡോളറിലേക്ക് ഇടിഞ്ഞു.
Business
കൊച്ചി: മില്മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര് പാലിനും രണ്ടുരൂപ വീതം പ്രോത്സാഹന വിലയായി അധികം നല്കും.
ഇന്നലെ മുതല് 31 വരെ വരെ സംഭരിക്കുന്ന പാലിനാണ് അധിക വില നൽകുകയെന്ന് ചെയര്മാന് സി.എന്. വൽസലന് പിള്ള അറിയിച്ചു.
എറണാകുളം, തൃശൂര്, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിലധികം പ്രാഥമിക ക്ഷീരസംഘങ്ങളില് പാലളക്കുന്ന കര്ഷകര്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
District News
പുൽപ്പള്ളി: കുടിയേറ്റമേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ.
വേനൽമഴ ലഭിച്ചതോടെ കൃഷിയിടങ്ങളിൽ പച്ചപ്പ് പടർന്നു. ഇതോടെ മേഖലയിലെ വനാതിർത്തി ഗ്രാമങ്ങൾ കാട്ടാന ഭീതിയിയിലാണ്. കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള വനമേഖലയിൽ നിന്നും കബനിനദി കടന്നെത്തുന്ന കാട്ടാനകൾക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിലെ ചെതലയം കുറിച്ചാട് റേഞ്ചിലെ വനമേഖലയിൽ നിന്ന് ട്രഞ്ചും ഫെൻസിംഗും തകർത്താണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വ്യപകമായി കൃഷികൾ നശിപ്പിക്കുന്നത്.
മേഖലയിലെ കണ്ടാമല, വേലിയന്പം, കുറിച്ചിപ്പറ്റ, പാക്കം, ദാസനക്കര, ചേകാടി, സീതാമണ്ട്, മരക്കടവ്, കൃഗന്നൂർ, കൊളവള്ളി, ചാമപ്പാറ, മൂഴിമല, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഏറെയും. പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷി നാശം വരുത്തുന്നുണ്ട്.
വനാതിർത്തി തിരിക്കുന്ന പാളക്കൊല്ലി ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നിട്ട് വർഷങ്ങളായി. അത് റിപ്പയർ ചെയത് ആന ഇറങ്ങുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല.
ഇടിഞ്ഞ ട്രഞ്ചുകൾ റിപ്പയർ ചെയ്യാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷി നഷ്ടം ഉണ്ടാക്കുന്നതിന് കാരണം. സർക്കാർ തലത്തിൽ കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ നിരവധി പദ്ധതികൾ തയാറാക്കുന്നുണ്ടെങ്കിലും വനാതിർത്തി പ്രദേശത്തെ കർഷകർക്ക് ഒരു പ്രയോജനവുമില്ലാന്നാണ് കർഷകരുടെ പരാതി. അടിയന്തരമായി വനാതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
National
ന്യൂഡൽഹി: ന്യൂസിലൻഡുമായി കേന്ദ്രസർക്കാർ ഒപ്പിട്ട സ്വാതന്ത്ര വ്യാപാരക്കരാറിലൂടെ കർഷകതാത്പര്യങ്ങൾ ആഗോളശക്തികൾക്കു പണയപ്പെടുത്തിയതായി അഖിലേന്ത്യ കിസാൻ സഭ .
മോദിസർക്കാർ മുന്പ് ഒപ്പിട്ട പല കരാറുകളുടെയും തുടർച്ചയാണു ഈ കരാറെന്നും കർഷകരോടുള്ള വിദ്വേഷവും സാമ്രാജ്യത്വത്തോടുള്ള വിധേയത്വവുമാണ് തെളിയുന്നതിനും സംഘടന കുറ്റപ്പെടുത്തി.
Business
കോതമംഗലം: ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയെങ്കിലും ഉത്പാദകരായ കർഷകരിലേക്ക് ഡിമാൻഡനുസരിച്ചുള്ള നേട്ടമെത്തുന്നില്ല. മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.
ഇടിയൻ ചക്ക(ഇടിഞ്ചക്ക) ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചു മുതൽ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25 - 30 രൂപ മാത്രമാണെന്നു കർഷകർ പറയുന്നു. മഴ പെയ്തു തുടങ്ങിയാൽ വില ഇനിയും കുറയും.
കർഷകരിൽനിന്ന് 25 - 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക ചെറുവണ്ടികളിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എത്തിച്ച് മൊത്തക്കച്ചവടക്കാരനു നൽകുമ്പോൾ കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണു വില ഉയരുന്നത്. ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്.
ചക്ക ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കയ്ക്കു പുറമേ, കപ്പ, ഏത്തയ്ക്ക എന്നിവയിലും പ്രാദേശികമായി മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ തുടങ്ങിയാൽ ഇടനിലക്കാരുടെയും വൻകിട കച്ചവടക്കാരുടെയും ചൂഷണം നിയന്ത്രിക്കാനാകും. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഗ്യാസ് ക്ഷാമം ചക്കയ്ക്കും തിരിച്ചടി
മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്. അധിക വിലകൊടുത്ത് ഇതു വാങ്ങാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരേറെ.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും കൂട്ടത്തോടെ പിന്മാറി. ചക്കയുടെ വിവിധ ഇനം ചിപ്സുകൾക്ക് വില കൂടിയിട്ടുമുണ്ട്.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്.
Kerala
കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതിയായി വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനരോഷം ഭയന്നാണു പ്രകടനപത്രിക തിരുത്താൻ എൽഡിഎഫ് തയാറായത്.
വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണു പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.
വൻകിട വിദേശ ഏജൻസികളിൽനിന്നു കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എൽഡിഎഫ് ഭരണം കേരളത്തെ കര്ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറ്റിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കര്ഷകരുടെ രക്തക്കറ പുരണ്ട സര്ക്കാരാണിത്.
വൈക്കത്ത് എല്ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില് തൂങ്ങിമരിച്ച ചെല്ലപ്പന് അതില് ഒടുവിലത്തേതാണെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്ക്ക് ഇരയായതിനെത്തുടര്ന്നാണ് ചെല്ലപ്പന് ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിൽനിന്നു നടപടി ഉണ്ടായപ്പോള് ചെല്ലപ്പന് കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്ഡിഎഫ് സര്ക്കാരിന്റെ പ്രകടമായ കര്ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്.
മണ്ണില് പണിയെടുത്ത കര്ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്ക്ക് കേരളീയ ജനത മാപ്പുനല്കില്ല. ഈ സര്ക്കാരിനെതിരായ കര്ഷക രോഷം തെരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Business
കോട്ടയം: പൈനാപ്പിള് വിളവെടുപ്പ് എത്തിയതോടെ തുള്ളി മധുരിക്കാതെ കര്ഷകര് വന് നഷ്ടത്തില്. പശ്ചിമേഷ്യന് സംഘര്ഷവും കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്റെ വില കുത്തനെ ഇടിച്ചു. പ്രീമിയം കൈതച്ചക്ക കിലോയ്ക്ക് നിലവില് വില 26 രൂപ. കഴിഞ്ഞ വര്ഷം ഇതേ സമയം 50 രൂപ. 2024ല് 49 രൂപ. ഇന്ധനക്ഷാമത്തെത്തുടര്ന്ന് വടക്കേ ഇന്ത്യന് സംസ്ഥാനങ്ങളില്നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതാണ് സീസണിലെ പ്രധാന പരിമിതി.
റസ്റ്ററന്റുകള് അടഞ്ഞതോടെ പൈനാളിന് ലോക്കല് ആവശ്യക്കാര് കുറഞ്ഞു. ആഴ്ചകള് നീണ്ട യാത്രയില് ഭക്ഷണം കിട്ടാനുള്ള പരിമിധിയും ട്രക്ക് ജീവനക്കാരെ വലയ്ക്കുന്നു. വടക്കേ ഇന്ത്യയില് വിവാഹസീസണ് വരികയാണ്. ട്രക്കുവരവ് നിലയ്ക്കുന്നതോടെ വിവാഹ ആവശ്യത്തിനും ആവശ്യക്കാരില്ലാതാകും.
വിമാന സര്വീസുകള് ദിവസേന റദ്ദാക്കുന്നതിനാല് ഗള്ഫിലേക്കും പൈനാപ്പിള് കയറ്റുമതി നടക്കുന്നില്ല. റംസാന്, ഹോളി വേളയില് കാലാവസ്ഥാ വ്യതിയാനത്തെത്തുടര്ന്ന് പൈനാപ്പിള് ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണിയും വില്പനയുമില്ല.
120 ദിവസമാണ് ശരാശരി വിളവുകാലം. റംസാനും ഹോളിയും ഒരേസമയം വന്നത് ഉത്തരേന്ത്യയിലേക്കുള്ള ലോറി സര്വീസുകളെ ബാധിച്ചു. വിഷുവിനും കാര്യമായ വില്പന നാട്ടിലും മറുനാട്ടിലും പ്രതീക്ഷിക്കുന്നില്ല. റബര് ഇടവിളയായും തനിച്ചും കേരളത്തില് ഏകദേശം 60,000 ഏക്കര് പൈനാപ്പിള് കൃഷി നടക്കുന്നുണ്ട്.
ഏകദേശം ആറു ലക്ഷം ടണ് പൈനാപ്പിള് വിളയിക്കുന്നതിലൂടെ 2000 കോടിയുടെ വരുമാനമുണ്ട്. തോട്ടം മൂന്നു വര്ഷത്തേക്ക് പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവര്ക്ക് ഒന്നാം വര്ഷം ഏക്കറിന് രണ്ടര ലക്ഷം രൂപയുടെ ചെലവുണ്ട്. രണ്ടും മൂന്നും വര്ഷങ്ങളിലും ഏക്കറിന് ഒരു ലക്ഷം രൂപ മുടക്കുവരും. ആദ്യ രണ്ടു വര്ഷങ്ങളില് മാത്രമാണ് കര്ഷകര്ക്ക് കാര്യമായ വിളവു ലഭിക്കുക.
ലോണെടുത്തും കടംവാങ്ങിയും വലിയ അളവില് കൃഷിയിറക്കിയ പാട്ടകര്ഷകര്ക്ക് ഭീമമായ നഷ്ടമാണ് ഈ സീസണിലുണ്ടാവുക. കൂലിച്ചെലവ്, വെള്ളം, വളം, കന്നാര തൈ എന്നിവയുടെ ചെലവ് ഓരോ വര്ഷവും വര്ധിക്കുകയാണ്. അഞ്ചു വര്ഷത്തിനുള്ളല് കൃഷി ചെലവില് 50 ശതമാനത്തോളം വര്ധനവുണ്ട്.ഇതിനൊപ്പം കൈതകൃഷിയിലെ പതിവു ജോലിക്കാരായ ബംഗാളികള് ഒന്നടങ്കം നാട്ടിലേക്കു മടങ്ങിയതും വിളവെടുപ്പ് പ്രതസന്ധിയിലാക്കി.
പൈനാപ്പിള് വിപണിയില് നാലു വര്ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്പെഷല് ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില് 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.
Kerala
കോട്ടയം: ചുവരുകളില് സ്ഥാനാര്ഥികളുടെ വലിയ എഴുത്തുകളും തെരഞ്ഞെടുപ്പ് അടയാളങ്ങളും. വഴിയരങ്ങളില് നമ്മെ നയിക്കേണ്ടവരുടെ ചിരിക്കുന്ന മുഖങ്ങള്, കാതടിപ്പിക്കുന്ന ശബ്ദത്തില് പ്രചാരണ വാഹനങ്ങള് തലങ്ങും വിലങ്ങും പായുന്നു.
മീനച്ചൂടില് തെരെഞ്ഞെടുപ്പിന്റെ ആരവവും ആവേശവുമാണ് എവിടെയും. പക്ഷേ അപ്പര് കുട്ടനാട്ടിലെ നെല് കര്ഷകരില് തെരഞ്ഞെടുപ്പ് ആവേശം എത്തിയിട്ടില്ല. അവരുടെ ചങ്കില് തീയാണ്.
മീനച്ചൂടിനെ വെല്ലുന്ന ചൂടും. വായ്പയെടുത്തും കടം വാങ്ങിയും കിട്ടിയ പൈസ ഉപയോഗിച്ച് വിതച്ച് നട്ടുവളര്ത്തിയെടുത്ത നെല്ചെടികള് കൊയ്തെടുത്തിട്ട് ആഴ്ചകല് പിന്നിട്ടു. സംഭരിക്കാന് ഇതുവരെ മില്ലുകാര് എത്തിയിട്ടില്ല. കത്തിക്കാളുന്ന വേനല്ചൂടിനു ശേഷം ഇടിയോടു കൂടി വേനല് മഴയെത്തും.
പാടത്ത് കൊയ്തു കൂട്ടിയ നെല്ലു മുഴുവന് നനയും. കുമരകം, തിരുവാര്പ്പ്, അയ്മനം, ആര്പ്പൂക്കര, കല്ലറ, വൈക്കം, കുറിച്ചി, നാട്ടകം, പായിപ്പാട് തുടങ്ങി ജില്ലയുള്പ്പെടുന്ന അപ്പര്കുട്ടനാട് മേഖലയിലെ നെല്കര്ഷകര്ക്ക് ഇത്തവണ കണ്ണീര്കൊയ്ത്താണ്.
ഈ കണ്ണീര്കൊയ്ത്തിന് പരിഹാരം കാണാന് ജനവിധി തേടുന്നവര്ക്ക് കഴിയണമെന്നും അങ്ങനെയുള്ളവര്ക്കാണ് വോട്ടെന്നും നെല്കര്ഷകര് ഒന്നടങ്കം പറയുന്നു. കുമരകം മങ്കുഴി പാടം ഇടവട്ടം, മൂലേപ്പാടം വല്ലകേരി, പത്തുപങ്ക്, വടക്കേ മൂലേപാടം, വെച്ചൂര് പൂവത്തിങ്കരി, പൊന്നുരുക്കുംപാറ, വലിയപുതുക്കര കല്ലറ നീണ്ടൂര് പാടശേഖരങ്ങള് എന്നിവിടങ്ങളിലാണ് പുഞ്ചകൃഷിയുടെ ഏറ്റവും വലിയ വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്.
120 ദിവസം പാടത്തു പണിയെടുത്ത് ഉണ്ടാക്കിയ വിളവാണ്. പലരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വേറെ തൊഴില് അറിയുന്നവരോ അതിനു പോകുന്നവരോ അല്ല ഞങ്ങള്. അപ്പോള് അധ്വാനത്തിനു കൃത്യസമയത്ത് പ്രതിഫലം കിട്ടേണ്ടത് അത്യാവശ്യമേല്ലേ? നീണ്ടൂരിലെ കര്ഷകരിലൊരാളായ തോമസുകുട്ടിയുടേതാണ് ചോദ്യം.
കൃഷിഭവനുകള് ശക്തമായ തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യണം. നെല്ല് സംഭരിക്കാന് സ്ഥലമില്ലെന്നു പറയുന്നു. അതിനുള്ള സൗകര്യം ഒരുക്കേണ്ടത് കൃഷിഭവനാണ്. നെല്ല് ക്വിന്റലിന് അഞ്ചു രൂപയുടെ അധിക കിഴിവാണ് മില്ലുടമകള് ആവശ്യപ്പെട്ടത്. ഇത് നല്കാതിരുന്നതോടെയാണ് മില്ലുടമകള് സംഭരണത്തില് നിന്നും പിന്മാറിയതെന്നും കുമരകത്തെ നെല്കര്ഷകര് പറയുന്നു.
2005 ലെ നിയമം കര്ശനമായി പാലിക്കാന് കൃഷിഭവനുകള് തയാറാകണം. ഇത്തവണ വിത്തു മോശമായിരുന്നു. അതുകൊണ്ടു തന്നെ വിളവും മോശമായിരുന്നു. നല്ല വിത്തു കണ്ടെത്തി തരണം. എങ്കിലെ വിളവും നന്നാകൂ.
ഓരോ തെരഞ്ഞെടുപ്പു കാലത്തും വാഗ്ദാനങ്ങള്ക്കൊന്നും കുറവുണ്ടായിട്ടില്ല. അവയൊക്കെ പാലിക്കപ്പെട്ടിരുന്നുവെങ്കില് കൃഷിയും ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് ഇങ്ങനെ ആശങ്കയോടെ കഴിയേണ്ടി വരില്ലായിരുന്നുവെന്നാണ് ചങ്ങനാശേരി മൂക്കാട്ടുവാക്ക, താമരച്ചാല് പ്രദേശത്തെ കര്ഷകര് പറയുന്നത്.
മഴ ശക്തമായാല് നെല്ല് നനഞ്ഞു പോകും. കിളിര്ക്കാനും തുടങ്ങും. കര്ഷകരുടെ അധ്വാനവും വെറുതെയാകും. കിടങ്ങൂര് ഒരു നെല്ല് സംഭരണ കേന്ദ്രം വരുമെന്ന് പറയുന്നുണ്ട്. അത് എത്രയും വേഗം വന്നാല് അത്രയും നല്ലതെന്നും കര്ഷകര് പറയുന്നു. നെല്ലു സംഭരണം വൈകുന്നതിനെതിരെ ഇന്നു പാഡി ഓഫീസിനു മുമ്പില് സമരം നടത്തുമെന്നും കര്ഷകര് പറഞ്ഞു.