പ്രതീകാത്മക ചിത്രം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്നു.
പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ, പൂവത്തുംചോല, കാളങ്ങാലി, കേളോത്തുവയൽ, ഓഞ്ഞിൽ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് കാട്ടുപന്നികൾ വ്യാപക കൃഷി നാശം വരുത്തുന്നത്. ജനുവരി മാസത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ എം പാനൽ ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നിവേട്ട നടത്തിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും കാട്ടുപന്നികൾ പെരുകി ഇവയുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പുലർച്ചെ പഞ്ചായത്തിലെ പൂവത്തുംചോല പനച്ചിക്കൽ കോളനിയിൽ താമസിക്കുന്ന കർഷകൻ മനയത്ത് ജോണിന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ കാട്ടുപന്നിക്കൂട്ടം ഉടമയുടെ കൺമുമ്പിൽ വച്ച് ആക്രമിച്ച് കൊന്നിരുന്നു.
പഞ്ചായത്ത് ഭരണസമിതിയിൽ ഈ വിഷയം അജണ്ടയായി ചർച്ച ചെയ്ത് എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നി വേട്ട നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തിൽ ലൈസൻസുള്ള രണ്ട് ഷൂട്ടർമാർ മാത്രമാണുള്ളത്. ഇതിൽ ഒരാൾ മാത്രമാണ് വേട്ടയിൽ പങ്കെടുക്കുന്നത്. കൂടുതൽ പേർക്ക് ലൈസൻസ് അനുവദിക്കണമെന്നും ഷൂട്ടർമാർക്ക് ജില്ലയുടെ പരിധിയിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags : District News Nattuvishesham Wild Boar Farmers Cultivation