എഐ ചിത്രം
കോട്ടയം: വേറെ മേക്കപ്പ് സാധനങ്ങളൊന്നും ഉപയോഗിക്കാറില്ല, പുറത്തുപോകുമ്പോൾ ഒരല്പം ലിപ്സ്റ്റിക് മാത്രമേ ഇടാറുള്ളൂ..." നമ്മളിൽ പലരും സാധാരണയായി പറയുന്നതും ചിന്തിക്കുന്നതുമായ കാര്യമാണിത്. മുഖത്തിന് പെട്ടെന്നൊരു പ്രസരിപ്പ് നൽകാൻ സഹായിക്കുന്നതിനാൽ പലരുടെയും ബാഗിലെ ഒഴിച്ചുകൂടാനാകാത്ത വസ്തുവായി ലിപ്സ്റ്റിക് മാറിക്കഴിഞ്ഞു. എന്നാൽ, കുറഞ്ഞ വിലയിലും ആകർഷകമായ പരസ്യങ്ങളിലും വഴിയോരങ്ങളിലും ഓൺലൈൻ വിപണികളിലും ലഭ്യമാകുന്ന ബ്രാൻഡഡ് അല്ലാത്തതും വ്യാജവുമായ ലിപ്സ്റ്റിക്കുകൾ വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്
സൗന്ദര്യക്കൂട്ടിലെ വിഷം: പരിശോധനകളിൽ കണ്ടെത്തിയത്
2026 ഓഗസ്റ്റിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 'ഓപ്പറേഷൻ സൗന്ദര്യ' എന്ന പേരിൽ കേരളത്തിലുടനീളം നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ, പിടിച്ചെടുത്ത ചില ലിപ്സ്റ്റിക് സാമ്പിളുകളിലും ഫെയ്സ് ക്രീമുകളിലും അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കൂടാതെ, ന്യൂഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) നടത്തിയ പഠനങ്ങളിലും വിപണിയിലെ വിവിധ ലിപ്സ്റ്റിക്കുകളിൽ ക്രോമിയം, നിക്കൽ തുടങ്ങിയ ഘനലോഹങ്ങളുടെ (Heavy Metals) സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ മലപ്പുറത്ത് സൗന്ദര്യവർധക ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ, 1 പിപിഎം (ppm) മാത്രം അനുവദനീയമായ മെർക്കുറി 20,000 പിപിഎം വരെ വ്യാജ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണിത്.
എന്തുകൊണ്ട് ലിപ്സ്റ്റിക്കുകൾ കൂടുതൽ അപകടകാരികളാകുന്നു?
മറ്റ് സൗന്ദര്യവർധക വസ്തുക്കളെ അപേക്ഷിച്ച് ലിപ്സ്റ്റിക്കുകൾ നേരിട്ട് ചുണ്ടുകളിലാണ് പുരട്ടുന്നത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ അംശം നേരിട്ട് ഉള്ളിലേക്ക് ചെല്ലാനുള്ള സാധ്യത വളരെ കൂടുതലാണ്.
• ഘനലോഹങ്ങളുടെ സാന്നിധ്യം (Heavy Metals): ഉൽപ്പന്നങ്ങൾക്ക് കടുത്ത നിറം നൽകുന്നതിനും കൂടുതൽ നേരം ചുണ്ടിൽ തങ്ങിനിൽക്കുന്നതിനുമായി വ്യാജ നിർമാതാക്കൾ ശുദ്ധീകരിക്കാത്ത ധാതുക്കളും രാസവസ്തുക്കളും ഉപയോഗിക്കുന്നു. ഇതിലൂടെ മെർക്കുറി, ലെഡ്,കാഡ്മിയം, ആഴ്സെനിക്, ക്രോമിയം തുടങ്ങിയ വിഷലോഹങ്ങൾ ശരീരത്തിലെത്തുന്നു.
• ആന്തരിക അവയവങ്ങളുടെ തകരാർ: മെർക്കുറി, ലെഡ് തുടങ്ങിയ ലോഹങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് (Bioaccumulation) വൃക്കകളുടെ പ്രവർത്തനത്തെയും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കും.
• ചർമ്മരോഗങ്ങളും അലർജിയും: നിലവാരമില്ലാത്ത കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും ചുണ്ടുകളിൽ കടുത്ത വരൾച്ച, വിണ്ടുകീറൽ, വീക്കം (Contact Dermatitis), ചുണ്ടുകൾ കറുത്തുപോകൽ എന്നിവയ്ക്ക് കാരണമാകുന്നു.
• ഹോർമോൺ വ്യതിയാനങ്ങൾ: ഉൽപ്പന്നങ്ങൾ കേടുകൂടാതിരിക്കാൻ ചേർക്കുന്ന പാരബെൻസ് (Parabens), താലേറ്റുകൾ (Phthalates) തുടങ്ങിയ രാസവസ്തുക്കൾ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കാൻ സാധ്യതയുണ്ട്.
• ഗർഭിണികൾക്കും കുട്ടികൾക്കും ഭീഷണി: ഗർഭിണികൾ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയും നാഡീവ്യവസ്ഥയെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിയമം എന്ത് പറയുന്നു?
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) നടപ്പിലാക്കുന്ന 'കോസ്മെറ്റിക്സ് റൂൾസ് 2020' (Cosmetics Rules, 2020) റൂൾ 39(5) പ്രകാരം, ലിപ്സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സാധാരണ സൗന്ദര്യവർധക വസ്തുക്കളിൽ ബോധപൂർവം മെർക്കുറി ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
അസംസ്കൃത ധാതുക്കളിൽ നിന്ന് സ്വാഭാവികമായി വന്നുചേരാവുന്ന നേരിയ അംശം പരമാവധി 1 പിപിഎം (1 ppm) വരെയാണ് അനുവധിച്ചിട്ടുള്ളത്. കണ്ണിൽ ഉപയോഗിക്കുന്ന മസ്കാര, ഐലൈനർ എന്നിവയിൽ പ്രിസർവേറ്റീവ് എന്ന നിലയിൽ മാത്രം 70 ppm വരെ ഇളവുണ്ടെങ്കിലും, അതും പൂർണ്ണമായി നിരോധിക്കാനുള്ള നടപടികളിലാണ് സർക്കാർ.
പ്രതിരോധം ജാഗ്രത മാത്രം
കോസ്മറ്റിക് പ്രോഡക്റ്റുകൾ വാങ്ങുമ്പോൾ വിലക്കുറവിനേക്കാൾ ഉപരി സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടത്.
1. വിശ്വാസയോഗ്യമായ ബ്രാൻഡുകളിൽനിന്നും അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നോ മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക.
2. പാക്കറ്റിന് പുറത്തെ ലേബലിൽ നിർമാണ ലൈസൻസ് നമ്പറും ചേരുവകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
3. എന്തെങ്കിലും അസ്വസ്ഥതയോ നിറവ്യത്യാസമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഉൽപ്പന്നത്തിന്റെ ഉപയോഗം നിർത്തി ചർമ്മരോഗ വിദഗ്ധന്റെ സഹായം തേടുക.
ചുണ്ടുകളിൽ വിരിയുന്ന നിറങ്ങൾ നമ്മുടെ ജീവിതത്തിന്റെ നിറം കെടുത്തുന്നതാകരുത്. കുറഞ്ഞ വിലയുടെ ആകർഷണത്തിൽ വീണുപോകാതെ, സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ നാം ശ്രദ്ധിക്കണം.
Tags : lipstick poison cosmetics indian law