ദീപേഷ് റസ്തോഗി
മുംബൈ: ഏഴു വർഷം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മുൻ കാമുകിയുടെ ഫ്ലാറ്റിന് തീയിടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ദീപേഷ് റസ്തോഗിയാണ് പിടിയിലായത്. ഡോംബിവ്ലിയിലെ പ്രധാന റെസിഡൻഷ്യൽ ഏരിയയിൽ യുവതിയും മാതാപിതാക്കളും താമസിക്കുന്ന ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സമീപകാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ബന്ധം വേർപ്പെടുത്താൻ യുവതി തീരുമാനിച്ചത്. ഇക്കാര്യം യുവതി വ്യക്തമാക്കിയതോടെ പ്രകോപിതനായ പ്രതി, വ്യാഴാഴ്ച ഫ്ലാറ്റിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
തീ ആളിപ്പടർന്നതോടെ വീട്ടുകാർ പരിഭ്രാന്തരായെങ്കിലും സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. വീടിന്റെ ഉൾഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ യുവതിക്കും മാതാപിതാക്കൾക്കും പരിക്കുകളേൽക്കാതെ രക്ഷപ്പെടാനായി.
കുടുംബത്തെ ഒന്നാകെ അപായപ്പെടുത്താൻ പ്രതിക്ക് ഉദേശ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Fire Flat BreakingNews