കോക്രോച്ച് ക്ലബ്ബ് ആക്ഷേപ ഹാസ്യ കൂട്ടായ്മയുമായി സിജെപി
ന്യൂഡൽഹി: ജെൻ-സി പോപ്പ് കൾച്ചറും രാഷ്ട്രീയ ആക്ഷേപഹാസ്യവും സമന്വയിപ്പിച്ചുകൊണ്ട് പുതിയ സ്റ്റേജ് പെർഫോമൻസ് പ്ലാറ്റ്ഫോമുമായി സിജെപി. പ്രശസ്ത കൊമേഡിയൻ സമയ് റെയ്നയുടെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്'എന്ന ഷോയുടെ മാതൃകയിൽ, 'കോക്രോച്ച് ക്ലബ്' എന്ന പേരിലാണ് സിജെപിയുടെ ഈ പുതിയ വേദി ആരംഭിച്ചത്.
സ്റ്റേജ് സംവിധാനം മുതൽ ജഡ്ജിംഗ് പാനലിന്റെ ഇരിപ്പിടവും പ്രചാരണ വാചകങ്ങളും വരെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനെ' ഓർമിപ്പിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. "കോമഡി, ആക്ഷേപഹാസ്യം, ബാപ്പുവിനെക്കുറിച്ചുള്ള സംഭാഷണം" എന്ന ടാഗ്ലൈനോടെ പൂനെയിലെ കോത്രൂഡിലുള്ള ഗാന്ധി ഭവനിൽ വെച്ചായിരുന്നു ആദ്യ എപ്പിസോഡിന്റെ ചിത്രീകരണം.
ഏകദേശം 250-ഓളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പുതിയ തലമുറയിലേക്ക് എത്തിക്കാനാണ് സംഘാടകർ ശ്രമിച്ചത്. തങ്ങളൊരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് യുവാക്കളുടെ ഒരു പ്രഷർ ഗ്രൂപ്പാണെന്നാണ് സിജെപി വിശേഷിപ്പിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച, വോട്ടിംഗ് ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച ഇവർ, ഒടിടി പ്ലാറ്റ്ഫോമുകളിലെ സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾക്ക് സമാനമായി 'കോക്രോച്ച് ക്ലബ്' എപ്പിസോഡുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കൻ ഷോയായ 'കിൽ ടോണി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' വലിയ വിവാദങ്ങൾക്ക് ശേഷം അടുത്തിടെ യൂട്യൂബിലും നെറ്റ്ഫ്ലിക്സിലുമായി തിരിച്ചെത്തിയിരുന്നു.
എന്നാൽ സമയ് റെയ്നയുടെ ഷോയിൽ നിന്ന് വ്യത്യസ്തമായി, ഗാന്ധിജി, ജവഹർലാൽ നെഹ്റു, ബി.ആർ. അംബേദ്കർ തുടങ്ങിയ ചിന്തകരുടെ ആശയങ്ങൾ ചർച്ച ചെയ്യാനും, ചലച്ചിത്ര പ്രദർശനങ്ങൾക്കും സ്റ്റാൻഡ്-അപ്പ് കോമഡിക്കും വേദിയൊരുക്കി യുവാക്കളുടെ ഊർജത്തെ രാജ്യത്തെ മാറ്റങ്ങൾക്കായി ക്രിയാത്മകമായി ഉപയോഗിക്കാനുമാണ് 'കോക്രോച്ച് ക്ലബ്ബിലൂടെ' ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. പൂനെയ്ക്ക് പിന്നാലെ ഡൽഹിയിലേക്കും രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
Tags : CockroachJanataParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash