പ്രതീകാത്മക ചിത്രം
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനം ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതിനെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നടപടികൾ ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ സഭ നിർത്തിവെച്ചു. ദേശീയ ഗാനത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. എന്നാൽ, സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ വന്ദേമാതരവും ആലപിക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെടുകയായിരുന്നു.
സഭാ ചട്ടങ്ങൾ പ്രകാരം സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനവും സമാപനത്തിലാണ് ദേശീയ ഗീതവും ആലപിക്കുന്നതെന്ന് സ്പീക്കർ കുൽദീപ് സിംഗ് പഠാനിയ വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണം അംഗീകരിക്കാൻ തയ്യാറാകാതെ ബിജെപി അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിച്ചതോടെ നടപടികൾ ശനിയാഴ്ച രാവിലെ 11 മണിയിലേക്ക് മാറ്റി വെച്ചു.
സഭയ്ക്ക് പുറത്തും കോൺഗ്രസ്-ബിജെപി എംഎൽഎമാർ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു. ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും കോൺഗ്രസ് ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും, സഭാ പാരമ്പര്യങ്ങളെ മാനിക്കാതെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി വിവാദമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ആരോപിച്ചു.
Tags : HimachalPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash