വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് 10 വർഷം അധികാരത്തിനു പുറത്ത് നിന്നിട്ടും ചിലർ പാഠം പഠിച്ചില്ലെന്നും ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരേ പാർട്ടിയിൽ ഒരുവിഭാഗത്തിൽ നിന്നും ഉയർത്തുന്ന വിവാദങ്ങൾ സർക്കാരിനും യുഡിഎഫിനും ലഭിച്ചിട്ടുള്ള ജനകീയ പിന്തുണയെ അവഹേളിക്കുന്നതിനു തുല്യമെന്നും വി.ഡി. സതീശൻ പക്ഷം.
നിയമനകാര്യങ്ങളിൽ മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ കോണ്‍ഗ്രസിനുള്ളിൽ ശക്തമായ ആരോപണ പ്രത്യാരോപണമായി മാറിയത്. ഇതിനിടെ നിയമന കാര്യങ്ങളിൽ ഉൾപ്പടെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു കാട്ടി എ ഗ്രൂപ്പ് നേതാക്കൾ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു പരാതി നൽകുകയും ചെയ്തു.
ഗുരുവായൂർ ദേവസ്വം നിയമനം, പിഎസ്സി അംഗങ്ങളുടെ നിയമനം എന്നിവയിൽ കൃത്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന വാദമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവായിരുന്ന് വി.ഡി. സതീശൻ നടത്തിയ ജനകീയ ഇടപെടലുകളിലാണ് യുഡിഎഫിനു മികച്ച വിജയം നേടാൻ കഴിഞ്ഞതെന്നും ആ നേട്ടത്തെ ഇകഴ്ത്തിക്കാട്ടാനാണ് ഇപ്പോൾ മറുപക്ഷം ശ്രമിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നത്.
പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ ഇരുന്നപ്പോൾ ഉണ്ടായ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാൻ കഴിഞ്ഞു. ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം തൊട്ടുമുൻപത്തേതിന്റെ നേർപ്പകുതി ആക്കാൻ കഴിഞ്ഞതും നേട്ടമെന്ന വാദമാണ് വി ഡി പക്ഷം മുന്നോട്ടുവയ്ക്കുന്നത്. തുടർച്ചയായി രണ്ടു വട്ടം അധികാരത്തിനു പുറത്തു നിൽക്കുന്ന സമയത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പടെ പണം കണ്ടെത്തിയതു സ്വന്തം നിലയ്ക്കാണെന്ന വാദവും മുന്നോട്ടു വെയ്ക്കുന്നു.
വർഷങ്ങളായി കോണ്‍ഗ്രസുമായി അകന്നു നിന്ന ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനും കഴിഞ്ഞത് വി.ഡി. സതീശന്റെ ഇടപെടലിലൂടെയാണെന്നു പറയുന്ന വിഡി അനുകൂലികൾ ഇപ്പോൾ ഗ്രൂപ്പിന്റെ പേരിൽ മുറവിളി കൂട്ടുന്നവർ ഒന്നുംതന്നെ അന്നു വേണ്ടത്ര പിന്തുണ നൽകിയില്ലെന്നും ആരോപിക്കുന്നു. ചില സാമുദായിക നേതാക്കൾ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തെ കടന്നാക്രമിച്ചപ്പോൾ കോണ്‍ഗ്രസിനുള്ളിൽനിന്നു സതീശനു വേണ്ടത്ര പിന്തുണയും ലഭിച്ചിരുന്നില്ല. യുഡിഎഫിന്റെ മികച്ച വിജയത്തിന്റെ അടിത്തറയിൽ പ്രധാന ഘടകം വി.ഡി സതീശന്റെ നിലപാടാണെന്ന വാദമാണ് വി ഡി അനുകൂലികൾ പറയുന്നത്.
എന്നാൽ, മുഖ്യമന്ത്രി സ്വന്തം ഇഷ്ടത്തിൽ കാര്യങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന പരാതിയാണ് എ ഗ്രൂപ്പും കെസി പക്ഷവും ആരോപിക്കുന്നത്. ഇതിനിടയിൽ കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതിനെതിരേയും ബോർഡ് കോർപറേഷൻ ചെയർമാൻമാരുടെ നിയമനം വൈകുന്നതിനെതിരേയും ശക്തമായ വികാരമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.
Tags : Congress Politics Simmering Deepika DeepikaNewspaper BreakingNews Congress Politics Simmering