പ്രതീകാത്മക ചിത്രം
ബംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം പ്രഗതിനഗർ സ്വദേശി ശ്യാം എലിസാണ് (32) മരിച്ചത്. മഡിവാള ടീച്ചേഴ്സ് കോളനിയിലെ സിൽക്ക് ബോർഡ് ഔട്ടർ റിംഗ് റോഡിലായിരുന്നു അപകടം.
കോറമംഗലയിലെ ഒരു ജിമ്മിൽ പരിശീലകനായി ജോലി ചെയ്തിരുന്ന ശ്യാം, ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ടീച്ചേഴ്സ് കോളനി ഭാഗത്ത് എത്തിയപ്പോൾ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ അറ്റകുറ്റപ്പണികൾ നടന്നതിനാൽ ഗതാഗതം തടസപ്പെടുത്തി കല്ലുകൾ നിരത്തിയിട്ടിരുന്നു. കല്ലുകൾക്കിടയിലൂടെ സ്കൂട്ടർ ഓടിച്ച് ഔട്ടർ റിംഗ് റോഡിൽ എത്തിയ ശ്യാം വാഹനം നിർത്തി സമീപത്ത് നിൽക്കുകയായിരുന്നു. ഈ സമയത്താണ് അമിതവേഗത്തലെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വഴിയാത്രക്കാരും പൊലിസും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം കാർ നിർത്താതെ ഡ്രൈവർ കടന്നുകളഞ്ഞു.
ശ്യാമിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കാർ ഇടിക്കുന്നത് വ്യക്തമാണെങ്കിലും ദൃശ്യങ്ങൾക്ക് വ്യക്തത കുറവായതിനാൽ കാർ ഏതാണെന്നും നമ്പറോ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പൊലിസ് അറിയിച്ചു. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.