പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം സംബന്ധിച്ച് കോൺഗ്രസും സമാജ്വാദി പാർട്ടിയും (എസ്പി) തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധാരണയ്ക്ക് അന്തിമരൂപം നൽകുന്നതിനൊപ്പം സീറ്റുകൾ വിഭജിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. എസ്പി ദേശീയ ജനറൽ സെക്രട്ടറി രാംഗോപാൽ യാദവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെയാണ് അഖിലേഷ് യാദവ് ചർച്ചകൾക്കായി നിയോഗിച്ചിരിക്കുന്നത്.
മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ, പ്രാദേശിക രാഷ്ട്രീയസാഹചര്യങ്ങൾ, സ്ഥാനാർഥികളുടെ വിജയസാധ്യത എന്നിവ വിലയിരുത്താൻ രണ്ടു ഡാറ്റാ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ സർക്കാർ രൂപവത്കരിക്കാൻ പാർട്ടി മത്സരരംഗത്തുണ്ടാകുമെന്നും സംഘടനാപ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും യുപി കോൺഗ്രസ് പ്രസിഡന്റ് ആരാധന മിശ്ര മോണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 181 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ. എന്നാൽ ഇത്രയും സീറ്റുകൾ വിട്ടുനൽകാൻ എസ്പി തയാറല്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. നൂറിലധികം സീറ്റുകളിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനു തയാറല്ലെന്ന നിലപാടിലാണു കോൺഗ്രസെന്നും സൂചനയുണ്ട്. ഇന്ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയായിരിക്കണം സീറ്റുവിഭജനത്തിന്റെ അടിസ്ഥാനമെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. ഇതിനായി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെയും പ്രകടനങ്ങൾ ചർച്ചയിൽ വിലയിരുത്തും.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ മത്സരിച്ച എസ്പി 37 ഇടത്തു വിജയിച്ചപ്പോൾ 17 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറിടത്താണു ജയിക്കാനായത്. സഖ്യമില്ലാതെ മത്സരിച്ച 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 347 ഇടത്തു ജനവിധി തേടിയ എസ്പി 111 സീറ്റുകൾ നേടിയപ്പോൾ 399 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് രണ്ടിടത്തു മാത്രമാണ് വിജയിച്ചത്.
അതിനിടെ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്പി-കോൺഗ്രസ് സീറ്റുവിഭജനത്തിൽ ധാരണയായശേഷം ഈ പാർട്ടികളെയും വിശാല പ്രതിപക്ഷ കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുപോകുമെന്നാണു സൂചന.
Tags : UP Assembly Election Deepika DeepikaNewspaper BreakingNews Congress-SP seat talks in Delhi