പ്രതീകാത്മക ചിത്രം (എഐ)
കോഴിക്കോട്: മരണവീടിന് തൊട്ടടുത്ത് നടക്കുന്ന പിറന്നാൾ ആഘോഷവും തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളും ബേസിൽ ജോസഫ് നായകനായ ജാൻ.എ.മൻ എന്ന സിനിമയിലെ രസകരമായ രംഗങ്ങളാണെങ്കിൽ, സമാനമായ സംഭവം കൈയാങ്കളിയിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് നാദാപുരം തൂണേരി നിവാസികൾ.
തൂണേരിയിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് വരന്റെ സുഹൃത്തുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലുണ്ടായത്. പേരോട് സ്വദേശിയായ വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റുമേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് സംഘർഷത്തിന് വഴിവെച്ചത്.
വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാൽ ഉച്ചത്തിലുള്ള ആഘോഷങ്ങളും പടക്കം പൊട്ടിക്കലും ഒഴിവാക്കണമെന്നും നാട്ടുകാർ വരന്റെ സുഹൃത്തുക്കളോട് നേരത്തെ അഭ്യർഥിച്ചിരുന്നു. എന്നാൽ, ഈ നിർദേശം അവഗണിച്ച് സംഘം ആഘോഷം തുടർന്നതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ ഇവരെ തടയുകയായിരുന്നു. ഇത് രൂക്ഷമായ വാക്കേറ്റത്തിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും നീങ്ങി.
വിവരമറിഞ്ഞ് നാദാപുരം പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ഇരുകൂട്ടരുമായി ചർച്ച നടത്തുകയും പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. ആർക്കും പരാതിയില്ലാത്തതിനാൽ പൊലിസ് സംഭവത്തിൽ കേസെടുത്തിട്ടില്ല.
Tags : Mass brawl wedding house band music bursting cracker funeral home