കണ്ണൂർ: കല്യാണവീട് അവരെ കാത്തിരിക്കുകയായിരുന്നു. ആഘോഷങ്ങളിലേക്ക് അടുക്കാൻ കിലോമീറ്ററുകൾ മാത്രം ബാക്കിയിരിക്കെ പ്രിയപ്പെട്ടവർക്ക് തീരാനൊന്പരമായി അവർ അഞ്ചുപേർ വിടപറഞ്ഞു. അർധരാത്രി എത്തിയ ദുരന്തം തീർത്ത ആഘാതത്തിലാണ് ഉറ്റവർ.
അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തിന്റെ മകൻ ഷാൻ സിറാജും നാലു സുഹൃത്തുക്കളുമാണ് കൂടാളി കുംഭത്ത് വെള്ളിയാഴ്ച അർധരാത്രിയുണ്ടായ കാർ അപകടത്തിൽ മരിച്ചത്.
ഷാനിന്റെ പിതൃസഹോദരൻ റിയാസിന്റെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്ച. ഇതിൽ പങ്കെടുക്കാനാണ് ഷാനും സുഹൃത്തുക്കളും വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. കാറിലിരുന്ന് അവരെടുത്ത് അയച്ചുകൊടുത്ത ഫോട്ടോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇപ്പോൾ കണ്ണീരോർമ.
യുഎഇയിൽ ബിസിനസുകാരാണ് ഷാനിന്റെ കുടുംബാംഗളെല്ലാം. അവധിക്കും വിവാഹം പോലുള്ള ആഘോഷങ്ങൾക്കും മാത്രമേ അവർ നാട്ടിലെത്താറുള്ളൂ. ഷാനിന്റെ സ്കൂൾ വിദ്യാഭ്യാസം യുഎഇയിലായിരുന്നു. എൻജിനിയറിംഗ് പഠനത്തിനാണ് നാലുവർഷം മുന്പ് നാട്ടിൽ എത്തിയത്. ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിലായിരുന്നു എയറോ സ്പേസ് എൻജിനിയറിംഗ് പഠനം. പഠനകാലത്തുള്ള ഉറ്റസുഹൃത്തുക്കൾക്കൊപ്പമാണ് ഷാൻ വിവാഹത്തിൽ പങ്കെടുക്കാൻ തിരിച്ചത്.
കോഴ്സ് പൂർത്തിയാക്കുന്നതിനിടെ ഒരു മാസം മുന്പ് കാന്പസ് ഇന്റർവ്യൂ വഴി ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ പ്രൊഡക്ഷൻ എൻജിനിയറായി ഷാൻ ജോലിക്ക് കയറി. തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദേവും ഷാനും ഒരു കന്പനിയിലാണ് ജോലി ചെയ്യുന്നത്. ഫുട്ബോളും ബാഡ്മിന്റണും കളിച്ചിരുന്ന ഷാൻ കോളജിൽ വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു.