രാഹുൽ ഗാന്ധി, നിതിൻ നബീൻ
ചണ്ഡീഗഡ്: ഡിസംബർ 23-ന് നടക്കാനിരിക്കുന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടക്കം കുറിച്ചു. ചണ്ഡീഗഡിലെ ബൂത്ത് പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിതിൻ നബിൻ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
വിദേശ ശക്തികളുടെ 'ടൂൾകിറ്റ്' ആയി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് നിതിൻ നബിൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് പ്രതിപക്ഷ നേതാക്കൾക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും, പ്രധാനമന്ത്രിയുമായി സംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ഒരു ബിജെപി മണ്ഡലം പ്രസിഡന്റ് മാത്രം മതിയെന്നും അദ്ദേഹം പരിഹസിച്ചു.
മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയ മുതിർന്ന നേതാക്കളെ ബഹുമാനിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും, ഒരു കുടുംബത്തിന്റെ രാഷ്ട്രീയ ഭാവിയിൽ മാത്രമാണ് അവർക്ക് താത്പര്യമെന്നും നബിൻ കുറ്റപ്പെടുത്തി.
അതേസമയം, ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സുഖ്വീന്ദർ സിംഗ് ഡാനി രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടുന്നതിന് മുൻപ് 'എപ്സ്റ്റീൻ ഫയലുകളുമായി'ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ രാജ്യത്തിനുണ്ടാക്കിയ നാണക്കേടിൽ ബിജെപി നേതാക്കൾ ആശങ്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര കരാറുകളിൽ രാജ്യതാത്പര്യങ്ങൾ ബലികഴിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യങ്ങൾക്ക് ബിജെപി മറുപടി നൽകണമെന്നും, സത്യത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി എപ്പോഴും വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ചണ്ഡീഗഡ് തെരഞ്ഞെടുപ്പിലൂടെ പഞ്ചാബിൽ അടിത്തറ വിപുലീകരിക്കാനും ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് നിതിൻ നബിൻ പറഞ്ഞു.
ചണ്ഡീഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യമില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഡിസംബർ 23-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഡിസംബർ 26-ന് പ്രഖ്യാപിക്കും.
Tags : NitinNabin RAHULGANDHI Congress BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash