Viral
ഹിമാചൽ പ്രദേശിലെ ഒരു തുരങ്കത്തിനുള്ളിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് കാർ ഡ്രൈവർ നടത്തിയ അപകടകരമായ ഡ്രൈവിംഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച് തുരങ്കത്തിന്റെ മധ്യഭാഗത്തുവെച്ച് യു-ടേൺ എടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുരങ്കത്തിനുള്ളിലെ പരിമിതമായ വെളിച്ചത്തിലും സ്ഥലപരിമിതിക്കിടയിലും ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
നിയമലംഘനം നടത്തുന്ന വാഹനം കാരണം മറ്റ് വാഹനങ്ങൾ തടസപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ വൈറലായതോടെ ഡ്രൈവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
മറ്റുള്ളവരുടെ ജീവൻ പണയപ്പെടുത്തി ഇത്തരം സാഹസങ്ങൾ കാണിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.
റോഡ് സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയെക്കുറിച്ചും തുരങ്കങ്ങൾക്കുള്ളിൽ കൃത്യമായ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കേവലം പിഴ ഈടാക്കുന്നത് കൊണ്ട് മാത്രം ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് പൊതുവായ അഭിപ്രായം. അതേസമയം, ഡൽഹിയിൽ ഇത്തരം ട്രാഫിക് നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞു.
റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തീരുമാനിച്ചു. ഇത്തരത്തിൽ കേസ് എടുക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രഭരണ പ്രദേശമായി ഡൽഹി മാറി.
ഇതിന്റെ ഭാഗമായി ജനുവരി മൂന്നിന് ഉത്തർപ്രദേശ് സ്വദേശിയായ ഒരു യുവാവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 281-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
മതിയായ രേഖകളോ ഇൻഷുറൻസോ ഇല്ലാതെ നിയമം ലംഘിച്ച ഇയാൾക്കെതിരെ എടുത്ത നടപടി മറ്റ് ഡ്രൈവർമാർക്കുള്ള കർശന മുന്നറിയിപ്പായിട്ടാണ് കാണുന്നത്.
Viral
ഡൽഹിയിലെ ശ്വാസംമുട്ടിക്കുന്ന വിഷപ്പുകയിൽ നിന്നും രക്ഷതേടി മലനിരകളിലേക്ക് പലായനം ചെയ്യുന്ന ജനങ്ങളുടെ തിരക്ക് ഹിമാചൽ പ്രദേശിലെ പരിസ്ഥിതിയെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നു.
തലസ്ഥാന മേഖലയിൽ വായു ഗുണനിലവാരം "അതിതീവ്രം' എന്ന വിഭാഗത്തിലേക്ക് താഴ്ന്നതോടെ ശുദ്ധവായു തേടിയുള്ള സഞ്ചാരികളുടെ പ്രവാഹമാണ് ഹിമാലയൻ താഴ്വരകളിൽ അനുഭവപ്പെടുന്നത്.
ഇതിന്റെ നേർക്കാഴ്ചയെന്നോണം ഹിമാചലിലെ പ്രശസ്തമായ റോഹ്താങ് പാസിൽ കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.
സാധാരണയായി ശൈത്യകാലത്തെ മഞ്ഞുവീഴ്ച ആസ്വദിക്കാനോ അവധിക്കാലം ആഘോഷിക്കാനോ എത്തുന്നവരുടെ തിരക്കാണ് ഇവിടെ ഉണ്ടാകാറുള്ളതെങ്കിൽ, ഇത്തവണ മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുൻപേ തന്നെ പതിനായിരക്കണക്കിന് വാഹനങ്ങൾ മലകയറുകയാണ്.
നിഖിൽ സൈനി എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് സമുദ്രനിരപ്പിൽ നിന്ന് പതിനായിരക്കണക്കിന് അടി ഉയരത്തിലുള്ള ഈ ട്രാഫിക് ബ്ലോക്കിന്റെ ഭീകരത പുറംലോകമറിഞ്ഞത്.
ഏകദേശം പത്ത് കിലോമീറ്ററോളം നീളത്തിൽ നൂറുകണക്കിന് ടാക്സികളാണ് റോഹ്താങ് പാസിലെ ഇടുങ്ങിയ പാതകളിൽ ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നത്.
"നഗരങ്ങളിലെ മലിനീകരണത്തിൽ നിന്നുള്ള രക്ഷപെടലാണോ ഇത്?' എന്ന ചോദ്യത്തോടെ പങ്കുവെക്കപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
നഗരങ്ങളിലെ തിരക്കിനെ വെല്ലുന്ന രീതിയിൽ ഹിമാലയൻ താഴ്വരകളിലേക്ക് വാഹനങ്ങൾ ഇരച്ചുകയറുന്നത് അവിടത്തെ പരിസ്ഥിതിക്ക് താങ്ങാവുന്നതിലും അധികമാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ മീഡിയയിലെ അതിശയോക്തി കലർന്ന യാത്രാ വിവരണങ്ങൾ ആളുകളെ ഇത്തരം സെൻസിറ്റീവ് മേഖലകളിലേക്ക് അനാവശ്യമായി ആകർഷിക്കുന്നുണ്ടെന്ന വിമർശനവും ശക്തമാണ്.
മതിയായ പ്ലാനിംഗോ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെ സഞ്ചാരികൾ മലനിരകളിലേക്ക് ഒഴുകുന്നത് പ്രാദേശിക ഭരണകൂടത്തിനും വലിയ തലവേദന സൃഷ്ടിക്കുന്നു.
കേവലം വിനോദത്തിനപ്പുറം വായു മലിനീകരണം ഒരു "പരിസ്ഥിതി കുടിയേറ്റത്തിന്' കാരണമാകുന്നു എന്നത് ഗൗരവകരമായ സംഗതിയാണ്.
Viral
ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിൽ സന്ദർശകരെ കബളിപ്പിക്കുന്ന ഒരു തട്ടിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടൂറിസ്റ്റ് ഗൈഡുകളും ഓപ്പറേറ്റർമാരും ചേർന്ന് കൃത്രിമമായി ഒരുക്കിയ മഞ്ഞിന്റെ ചെറിയൊരിടത്തേക്ക് സഞ്ചാരികളെ കൊണ്ടുപോയി വൻ തുക ഈടാക്കുന്നു എന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്.
അതുൽ ചൗഹാൻ എന്ന യാത്രികൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ "സ്നോ സ്കാം' പൊതുജനശ്രദ്ധയിൽ എത്തിയത്. മണാലിയിൽ എങ്ങനെയാണ് "മഞ്ഞുവീഴ്ച' ഉണ്ടാകുന്നതെന്ന് കാണിക്കുന്നതായി അദ്ദേഹം വീഡിയോയിൽ പറയുന്നു.
ട്രക്കുകളിൽ മഞ്ഞ് കയറ്റി കൊണ്ടുവന്ന് ഒരു പ്രത്യേക സ്ഥലത്ത് നിരത്തിയിട്ട്, അതിനുശേഷം സഞ്ചാരികളെക്കൊണ്ട് വിവിധ വിനോദങ്ങൾ ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. പ്രദേശത്ത് സ്വാഭാവികമായി മഞ്ഞില്ലെന്നും, ചുറ്റുമുള്ള ഭൂപ്രദേശം വരണ്ടതായി കാണപ്പെടുന്നുണ്ടെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ട്രക്കുകളിൽനിന്ന് മൺവെട്ടികൾ ഉപയോഗിച്ച് മഞ്ഞ് നിലത്തേക്ക് മാറ്റി പരത്തുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെയും, ഈ കൃത്രിമ മഞ്ഞിൽ സ്കേറ്റിംഗ് പോലുള്ള വിനോദങ്ങളിൽ മുഴുകിയിരിക്കുന്ന സഞ്ചാരികളെയും വീഡിയോയിൽ കാണാം. ടൈംസ് നൗ പോലുള്ള മാധ്യമ സ്ഥാപനങ്ങളും ഈ വീഡിയോ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി.
ഈ വെളിപ്പെടുത്തലിന് പിന്നാലെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. മണാലിയിൽ യഥാർത്ഥ മഞ്ഞുവീഴ്ച കുറയുന്നതിനെക്കുറിച്ചാണ് പലരും അഭിപ്രായപ്പെട്ടത്.
അമിതമായ വനനശീകരണവും, പുതിയ പാതകൾക്കും തുരങ്കങ്ങൾക്കുമായി നടക്കുന്ന നിയന്ത്രണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും വനമേഖലകളെ ഇല്ലാതാക്കുന്നത് മഞ്ഞിന്റെ അളവ് കുറയാൻ കാരണമാകുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി.
അധികൃതർ ഈ വിഷയത്തിൽ ഇടപെടണമെന്നും, മഞ്ഞുണ്ടെന്ന് പറഞ്ഞ് ഉയർന്ന വിലയ്ക്ക് മഞ്ഞിൽ കളിക്കാനുള്ള പ്രത്യേക വസ്ത്രങ്ങൾ (സ്നോ സ്യൂട്ടുകൾ) വാങ്ങിച്ച് അവസാനം കാണാൻ കഴിയുന്നത് ചെറിയൊരു കൃത്രിമ മഞ്ഞുമേട മാത്രമാണെന്നും സഞ്ചാരികൾക്ക് പണവും സമയവും നഷ്ടമാകുന്നുവെന്നും മറ്റ് ചിലർ പ്രതികരിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിദത്തമായ മഞ്ഞുകാഴ്ച കുറയുന്നതിനെ ചൂഷണം ചെയ്ത് ടൂറിസം മേഖലയിലെ ചിലർ നടത്തുന്ന ഈ തട്ടിപ്പ്, മണാലിയിലെ ടൂറിസത്തിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്.