സ്നേഹ ജോയ്
പെരുമ്പാവൂർ: അഞ്ചു വർഷം മുൻപ് നാട്ടിലെ തിരഞ്ഞെടുപ്പ് ഗോദയിൽ വെറും 13 വോട്ടുകൾക്ക് കൈവിട്ടുപോയ ഭാഗ്യം, അങ്ങ് കാനഡയിൽ നിന്ന് 30 കോടിയിലധികം രൂപയുടെ മഹാഭാഗ്യമായി തിരികെയെത്തിയതിന്റെ ആഹ്ളാദത്തിലാണ് പെരുമ്പാവൂർ വേങ്ങൂർ സ്വദേശിനി സ്നേഹ ജോയ്. കാനഡയിലെ പ്രശസ്തമായ 'ലോട്ടോ സ്പോട്ട് 6/49 ക്ലാസിക്' നറുക്കെടുപ്പിലാണ് 5 മില്യൺ കനേഡിയൻ ഡോളർ (30 കോടിയിലേറെ ഇന്ത്യൻ രൂപ) ഈ മലയാളി യുവതിയെ തേടിയെത്തിയത്.
കാനഡയിൽ എൻജിനീയറായി ജോലി ചെയ്യുന്ന സ്നേഹയെ തേടി ഒക്ടോബർ 21-ന് നടന്ന നറുക്കെടുപ്പിലാണ് ഈ അപ്രതീക്ഷിത സമ്മാനം എത്തിയത്. നവംബർ 20-ന് കാനഡ ലോട്ടറി കോർപ്പറേഷൻ സ്നേഹയെ ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചു.
ബാലറ്റ് പെട്ടിയിൽ വീഴാത്ത ഭാഗ്യം ലോട്ടറിയിലൂടെ
2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ യു.ഡിഎഫ് സ്ഥാനാർത്ഥിയായി സ്നേഹ ജനവിധി തേടിയിരുന്നു. അന്ന് വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയോട് വെറും 13 വോട്ടുകൾക്കായിരുന്നു സ്നേഹയുടെ പരാജയം. എൻജിനീയറിങ് പഠനത്തിന് ശേഷം കാക്കനാട് സെസിൽ ജോലി ചെയ്യുമ്പോഴായിരുന്നു രാഷ്ട്രീയത്തിലെ ആ ആദ്യ ഭാഗ്യപരീക്ഷണം.
തിരഞ്ഞെടുപ്പിന് നാല് മാസത്തിന് ശേഷം വിവാഹിതയായ സ്നേഹ, പിന്നീട് ഭർത്താവിനൊപ്പം കാനഡയിലേക്ക് ചേക്കേറുകയായിരുന്നു. അഞ്ച് വർഷമായി കാനഡയിൽ സ്ഥിരതാമസമാണ്.
ആദ്യം കടം വീട്ടണം, പിന്നെ ലോകം ചുറ്റണം
കോടികൾ കൈയിലെത്തുമ്പോഴും സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ കരുതലാണ് സ്നേഹയുടെ വാക്കുകളിൽ നിറയുന്നത്. ഭവനവായ്പ പൂർണ്ണമായും അടച്ചുതീർക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് സ്നേഹ വെസ്റ്റേൺ കാനഡ ലോട്ടറി കോർപറേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കുടുംബാംഗങ്ങളെ സഹായിക്കുന്നതിനൊപ്പം ലോകം ചുറ്റിക്കാണുകയെന്ന വലിയൊരു ആഗ്രഹവും ഈ നേട്ടത്തിലൂടെ സഫലമാക്കാൻ ഒരുങ്ങുകയാണ് സ്നേഹ.
വേങ്ങൂർ കൈപ്പിള്ളി പടിക്കക്കുടിയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ പി.പി. ജോയിയുടെയും ജോളിയുടെയും മകളാണ് സ്നേഹ. ഇടത്തരം കർഷക കുടുംബത്തിൽ നിന്ന് കാനഡയിലെ കോടീശ്വരി പദവിയിലേക്കുള്ള സ്നേഹയുടെ ഈ ഭാഗ്യയാത്ര നാട്ടുകാർക്കും ബന്ധുക്കൾക്കും വലിയ ആഘോഷമായി മാറിയിരിക്കുകയാണ്.
Tags : BumperLottery Lottery Malayali women Canada 30 crore