Kerala
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാൽ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ മോഷ്ടിച്ചതാണെന്നും കാണിച്ച് റിട്ടയേർഡ് എഎസ്ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
പിറവം സ്വദേശിയായ സജിമോൻ ശബരിമല തീർത്ഥാടകർക്കായി ഓടിക്കുന്ന തന്റെ വാഹനത്തിൽ നിന്ന് ലഭിച്ച നെയ്യ് അടങ്ങിയ പാത്രം ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ ലോട്ടറി ടിക്കറ്റും ഭാഗ്യത്തിനായി ഈ നെയ്യ് പാത്രത്തിനൊപ്പം പൂജാമുറിയിൽ സൂക്ഷിച്ചു. പിന്നീട് ഉടമയുടെ ആവശ്യപ്രകാരം ഈ പാത്രം കൊറിയർ വഴി അയക്കാൻ സജിമോൻ തീരുമാനിച്ചു.
ജനുവരി 24-ന് ഒരു അപകടത്തിൽപ്പെട്ട് തലയ്ക്ക് പരിക്കേറ്റ സജിമോൻ അവശനിലയിലായിരുന്നു. ഈ അവശതയ്ക്കിടെ ജനുവരി 30-ന് പിറവത്തെ ഒരു കൊറിയർ സ്ഥാപനത്തിൽ പാത്രം അയക്കാൻ ഏൽപ്പിച്ചു. എന്നാൽ പാത്രം പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാർ ടിക്കറ്റ് കൈക്കലാക്കിയെന്നാണ് സജിമോന്റെ പരാതി. ലോട്ടറി അടിച്ചത് അറിഞ്ഞ് ടിക്കറ്റിനായി തിരഞ്ഞപ്പോഴാണ് അത് നെയ്യ് പാത്രത്തോടൊപ്പം കൊറിയർ ഓഫീസിൽ പോയ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.
സജിമോൻ ഉടൻ തന്നെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. തുടർന്ന് അദ്ദേഹം പോലീസിലും കോടതിയിലും പരാതി നൽകുകയായിരുന്നു. കൊറിയർ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സമ്മാനത്തുക കൈമാറുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കൂടാതെ, നിലവിൽ ലോട്ടറി വകുപ്പിൽ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ലോട്ടറി ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ സമ്മാനത്തുക വിതരണം ചെയ്യരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
Kerala
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച (12-02-26) നടക്കാനിരുന്ന കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. നറുക്കെടുപ്പ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവന് അറിയിച്ചു.
പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. തീരുമാനം കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായി ആണെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മദ്യവും ലോട്ടറിയും മോട്ടോർവാഹന നികുതിയും മാത്രമല്ല കേരളത്തിന്റെ സന്പദ്ഘടനയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനവും പെട്രോളും മറ്റു വരുമാന മാർഗങ്ങളും കേരളത്തിന്റെ സന്പദ്ഘടനയുടെ നെടുംതൂണാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്. ചരക്കുസേവന നികുതി വരുമാനത്തിലും വർധനയുണ്ട്. ലോട്ടറിയിൽനിന്നു കൂടുതൽ ലാഭം ലഭിക്കുന്നില്ല. ലോട്ടറി സർക്കാർ നടത്തുന്നതിനാൽ ലോട്ടറിയിൽനിന്നുള്ള വരുമാനം ജീവനക്കാർക്ക് ശന്പളം നൽകാനും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കമ്മീഷനും മറ്റു ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മദ്യത്തിന് ഇതുവരെ സർക്കാർ വില കൂട്ടിയിട്ടില്ല. സെസ് ഏർപ്പെടുത്തുക മാത്രമാണു ചെയ്തത്. മോട്ടോർ വാഹന നികുതി കുറച്ചതു വഴി കേരളത്തിന് 2000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.
ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വർധിപ്പിച്ചാൽ മാത്രമേ നമുക്ക് സാന്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയൂ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും മാധ്യമ മേഖലയിലുള്ളവരുമായുള്ള പ്രി ബജറ്റ് സംവാദത്തിൽ ധനമന്ത്രി പറഞ്ഞു.
സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാർ വിമാനടിക്കറ്റും ഡൽഹിയിലെ കേരള ഹൗസിൽ താമസസൗകര്യവും ഏർപ്പെടുത്തുന്നതുപോലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളി യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റും താമസ സൗകര്യവും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ പിഎസ്സി ഇന്റർവ്യൂവിനു പോകുന്ന യുവാക്കൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യം നൽകണമെന്ന ആവശ്യവും ഉയർന്നു.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നു. സർക്കാർ ജീവനക്കാരുടെ ഡിഎ ഒഴികെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.
ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് ആണ് ടിക്കറ്റ് വിട്ടത്. ടിക്കറ്റ് വാങ്ങിച്ചത് ആരാണെന്ന് അറിയില്ല. 2023ൽ തിരുവോണം ബമ്പർ രണ്ടാം സമ്മാനം ഒരു കോടി രൂപയും മുമ്പ് അടിച്ചിട്ടുണ്ട്.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത.
Kerala
കോട്ടയം: ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണത്തില്‍നിന്നു 15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തില്‍ ഇന്നു രാവിലെ 10നു തിരുവനന്തപുരം ലോട്ടറി ക്ഷേമനിധി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.
ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണമെന്നും തട്ടിപ്പില്‍ ഭരണകക്ഷി ഉന്നതരുടെ പങ്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.