പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദിൽ അനന്തഗിരി വനമേഖലയിൽ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ ഹരിജൻ നാഗേഷ് (30), ഹരിജൻ സരിത (35), ഹരിജൻ ചന്ദ്രമ്മ (60), മാല പാർവതമ്മ (50) എന്നിവരാണ് മരിച്ചത്. പെൻഡ്ലിമലുഗു ഗ്രാമത്തിൽ നിന്നും കെറല്ലിയിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പാമ്പുകടിയേറ്റ പാർവതമ്മയെ ചികിത്സയ്ക്കായി ധരൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. വികാരാബാദ്-ധരൂർ റോഡിൽ ബുഗ്ഗ രാമേശ്വരം ക്ഷേത്രത്തിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്.
റോഡിലെ അപകടകരമായ വളവ് തിരിയുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു. സേദത്തിൽ നിന്നും വികാരാബാദ് വഴി നവാബ്പേട്ടിലേക്ക് പോവുകയായിരുന്നു ട്രക്ക്. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടമേഖലയായ ഈ ഭാഗത്ത് ഏകദേശം 500 മീറ്ററോളം നീളത്തിൽ വളവുകളുണ്ടെന്നും റോഡരികിലെ മരങ്ങൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. വളവ് തിരിയുന്നതിനിടെ ഓട്ടോ റോഡിന്റെ മധ്യരേഖ കടന്ന് ട്രക്കിന്റെ വശത്തേക്ക് ഇടിച്ചുകയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.