പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ശേഷം യുവാവ് ജീവനൊടുക്കി. ഹോട്ടൽ ഉടമയായിരുന്ന നരേന്ദ്ര സാഹുവാണ് (35) ഭാര്യ സോംലത (30), മകൾ കൃതി (10), മകൻ കുഷ് (ആറ്) അമ്മ സരസ്വതി (55), എന്നിവരെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളുടെ തലയിൽ ചുറ്റികയ്ക്ക് അടിച്ച് ബോധംക്കെടുത്തിയ ശേഷം, കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു. ഒരു മുറിയിൽ സോംലതയുടെയും കുഷിന്റെയും മൃതദേഹങ്ങളും മറ്റൊരു മുറിയിൽ സരസ്വതിയുടെയും കൃതിയുടെയും മൃതദേഹങ്ങളും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉറങ്ങിക്കിടക്കുമ്പോൾ തന്നെ ഇവർക്ക് വിഷാംശമോ ഉറക്കഗുളിയോ നൽകി മയക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന സംശയവും പൊലിസ് അന്വേഷിക്കുന്നുണ്ട്. അടുക്കളയിൽ നിന്ന് കണ്ടെത്തിയ ചെറിയ ഗ്ലാസ് കുപ്പികൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം വീട് പുറത്തുനിന്ന് പൂട്ടി നരേന്ദ്ര ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് ചോപ്ഡ കലാൻ റെയിൽവേ ട്രാക്കിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിനു തൊട്ടുമുമ്പ് നരേന്ദ്രയുയെ ബന്ധുവായ ദീപക് സിംഗിനെ ഫോണിൽ വിളിച്ച് എത്രയും പെട്ടെന്ന് ചോപ്ഡ കലാനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ അത് അത്യാവിശമാണെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുകയായിരുന്നു. ദീപക് അവിടെയെത്തി നരേന്ദ്രയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നരേന്ദ്രയുടെ വീട്ടിലെത്തി നോക്കിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു.
രാവിലെ പത്തിനു റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ ദീപക്, പിന്നീട് വീണ്ടും നരേന്ദ്രയുടെ വീട്ടിലെത്തി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് നാല് പേരുടെ കൊലപാതക വിവരം പുറത്തറിയുന്നത്.
ബിസിനസിലുണ്ടായ നഷ്ടവും കടബാധ്യതയുമാണ് നരേന്ദ്രയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.