ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ലോട്ടറി ടിക്കറ്റുകൾ
കൊല്ലം: കൊല്ലത്ത് ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ലോട്ടറി ടിക്കറ്റുകൾ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികൾ ലഭിച്ചത്.
കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപ്പനയ്‌ക്കായി എത്തിയ ടിക്കറ്റുകളിലാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ലോട്ടറി വിൽപ്പനക്കാരനായ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി.
കരിക്കോടുള്ള ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്. ജില്ലാ ട്രഷറിയിൽ നിന്ന് എടുത്ത ടിക്കറ്റാണെന്ന് ഏജന്‍റ് വ്യക്തമാക്കി. തിങ്കളാഴ്ച കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റിൽ ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടത്.
ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങിയ 300 ടിക്കറ്റുകളിൽ രണ്ടെണ്ണത്തിനാണ് ഒരേ നമ്പറുള്ളതായി കണ്ടെത്തിയത്. കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ടിക്കറ്റുകളുടെ ബിൽ തയാറാക്കുന്നതിനിടെയാണ് സന്തോഷ് പിഴവ് ശ്രദ്ധിച്ചത്.
Tags : Lottery Tickets Number Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash