ഹൈക്കോടതി
കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീലിലാണ് നടപടി.
ഇതോടെ ബുധനാഴ്ച ആരംഭിക്കുന്ന പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് എഴുതാനാവില്ല. സിംഗിള്‍ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍വകലാശാലയ്ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സര്‍വകലാശാലയില്‍ സമരം ചെയ്തതിന്‍റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ഥികളാണ് കഴിഞ്ഞ 65 ദിവസമായി സസ്പെന്‍ഷനില്‍ തുടരുന്നത്.
വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീലില്‍ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്.
Tags : SreeSankaracharyaUniversityofSanskrit Exams Suspension Kalady Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash