Kerala
തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകിന്റെയും എന്‍. പ്രശാന്തിന്റെയും സസ്പെന്ഷന് പിന്‍വലിച്ചു. പ്രശാന്ത് രണ്ടു വർഷമായും അശോക് ഒന്നര മാസമായും സസ്പെൻഷനിലായിരുന്നു. ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്ത് സസ്പെൻഷനിലായത്.
പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.
വിമര്‍ശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോള്‍ രണ്ട് പേര് പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി.
Kerala
തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസില്‍ പോലീസ് അസോസിയേഷന് നേതാവിന് സസ്പെന്ഷന്. പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി സിപിഒ അപ്പുവിനെതിരെയാണ് നടപടി.
തിരുവനന്തപുരം റൂറല്‍ എസ്പിയുടേതാണ് നടപടി. ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും പെരുമാറ്റ ദൂഷ്യമുണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇടത് അനുകൂല നേതാവാണ് അപ്പു.
തിരുവനന്തപുരം പളളിപ്പുറത്ത് വെച്ചായിരുന്നു സംഭവം. തട്ടുകട ഉടമയെ ആക്രമിച്ച് പ്ലാറ്റിനം മാല വലിച്ചുപൊട്ടിച്ചു എന്നായിരുന്നു കേസ്. അപ്പു ഉള്‍പ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്.
വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസിൽ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ നടപടി. പിണറായി വിജയന്റെ ഗണ്മാന്മാരായ അഞ്ച് പോലീസുകാരെയാണ് ഡിജിപി സസ്പെന്‍ഡ് ചെയ്തത്.
ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവർക്കെതിരേയാണ് നടപടി. ഇവര്‍ സ്പെഷൽ ബ്രാഞ്ചിന് കീഴിലാണ് ജോലി ചെയ്യുന്നത്.
Kerala
കാസർഗോഡ്: മന്ത്രി കെ.എം.ഷാജിയെ വർഗീയവാദിയെന്ന് വിളിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.
കാസർഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്ക്കാന് ഷാജിക്ക് ആവില്ലെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. കാസർഗോഡ് ജില്ലയിലെ പോലീസ് ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്.
സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്നാണ് നടപടി. സുജിത്ത് അച്ചടക്ക ലംഘനം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ബി. അശോകിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ തന്റെ നിലപാടുകൾ വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
നിലവിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിച്ചു വരികയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളിൽ സർക്കാരിന്റെ നയങ്ങൾക്കെതിരെയും മറ്റും അദ്ദേഹം മാധ്യമങ്ങളിലൂടെ സംസാരിച്ചത് നേരത്തെയും ചർച്ചയായിരുന്നു.
ഔദ്യോഗിക പദവിയിലിരിക്കെ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിയതും സംസാരിച്ചതും ഗൗരവകരമായ അച്ചടക്ക ലംഘനമായാണ് സർക്കാർ കണക്കാക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. വിമാന ഇന്ധനത്തിന്റെ അമിതവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കമ്പനികൾ നൽകുന്നത്.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ഇന്ധനവില അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ശതമാനം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില വർധിച്ചതോടെ കമ്പനികളുടെ ലാഭവിഹിതം ഇല്ലാതാവുകയും ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസപ്പെടുന്ന അവസ്ഥയിലുമാണ്.
വ്യവസായം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്നും സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ നിർത്തിവെക്കുകയോ ചെയ്യേണ്ടി വരുമെന്നും കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കാതെ തന്നെ ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ നികുതി ഇളവുകളോ മറ്റ് സാമ്പത്തിക പാക്കേജുകളോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വ്യോമയാന മേഖല.
Kerala
മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മസ്ക്കറ്റ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാനായില്ല.
ഇതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും പ്രതിസന്ധിയിലായി. വിമാനങ്ങളുടെ സർവീസുകൾ മുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കോടികളുടെ നഷ്ടമാണുണ്ടായത്.
18 ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള നൂറിലേറെ സർവീസുകളാണ് മുടങ്ങിയത്. യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മാസം 28ന് ഉച്ചമുതലാണ് കണ്ണൂരിൽനിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിയത്.
കണ്ണൂരിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അബുദാബി, ദുബായ്, ഷാർജ, റിയാദ്, മസ്ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണു റദ്ദാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം മുതൽ മസ്ക്കറ്റിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.
Kerala
തിരുവനന്തപുരം: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് സസ്പെൻഷൻ പിൻവലിച്ചത്.
നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി എടുത്തത്.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്.
National
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം.
കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോണ്‍ഗ്രസിന്റെ ശതാബ്ദി റോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനെ സന്ദർശിച്ച് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ഇന്നലെ നടന്ന കാര്യനിർവഹണ സമിതിയിൽ കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം ഉന്നയിച്ചു. കൂടിയാലോചനകൾക്കുശേഷം വിഷയത്തിൽ തീരുമാനം അറിയിക്കാമെന്നാണു കേന്ദ്രസർക്കാർ പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
National
ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്നു കോണ്‍ഗ്രസ്.
ഇന്ത്യ-യുഎസ് കരാർ നമ്മുടെ കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ അമേരിക്കയിലെ കാർഷികോത്പന്നങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നുണ്ടെന്നും കെണിയായ ഒരു കരാറിൽ വീഴാൻ തിടുക്കം കാണിക്കുന്നതിനു പകരം കരാറിന്റെ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആസ്ഥാനത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
യുഎസ് സുപ്രീംകോടതിയുടെ വിധി ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ ഒരു മാറ്റവും വരുത്തില്ലെന്നു കഴിഞ്ഞദിവസം ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തത തേടിയ ജയ്റാം രമേശ്, കരാറിലെ പല കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ട്രംപിന്റെ പകരം തീരുവകൾ യുഎസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അധിക തീരുവകൾ പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള കാര്യം എല്ലാവർക്കും അറിയാമെന്നിരിക്ക, എന്തുകൊണ്ടാണ് കേന്ദ്രം കരാറിൽ തിടുക്കപ്പെട്ടു ധാരണയിലെത്തിയെന്നതിലും എന്തുകൊണ്ടാണ് ഒരു മാസം കൂടി കാത്തിരിക്കാത്തതെന്നതിലും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി സന്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യ-യുഎസ് ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിൽ കരാർ പരിഷ്കരിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് കർഷകരെ സംരക്ഷിക്കാൻ കരാർ പരിഷ്കരിക്കണം. യുഎസ് സുപ്രീംകോടതി വിധി ഇന്ത്യക്കുമേലുള്ള തീരുവ പത്തു ശതമാനമായി കുറയാൻ കാരണമായെങ്കിലും നേരത്തേ മൂന്നര ശതമാനമായിരുന്ന തീരുവ പലതവണ വർധിച്ച് ഇപ്പോൾ പത്തു ശതമാനമായതിൽ ആഘോഷിക്കാനൊന്നുമില്ലെന്നും ജയ്റാം വിമർശിച്ചു.
ടംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തള്ളിക്കളയണമെന്ന് അഖിലേന്ത്യാ കിസാൻ സഭയും ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച പോലീസ് ഡ്രൈവർക്ക് സസ്പെൻഷൻ. മാന്നാർ പോലീസ് സ്റ്റേഷനിലെ സ്വരാജിനെതിരെയാണ് നടപടി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി. കായംകുളം- ചെട്ടികുളങ്ങര റോഡിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്.
പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി, മാന്നാർ എസ്എച്ച്ഓയോട് വിശദീകരണം തേടി. വകുപ്പ്തല അന്വേഷണവും നടന്നു.
സ്വരാജ് മദ്യപിച്ചിരുന്നതായി ആരോപണം ഉയർന്നെങ്കിലും സംഭവദിവസം വൈദ്യപരിശോധന നടത്തിയിരുന്നില്ല. അപകടകരമായാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സ്വരാജിനെ സസ്പെന്റ് ചെയ്തത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ചതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മാണിക്കം ടാഗോർ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. സർക്കാരിനെതിരെ ഗൗരവമുള്ള വിഷയങ്ങളാണ് രാഹുൽ ഉന്നയിക്കാൻ ഇരുന്നത്. അത് പറയാൻ പോലും അനുവദിക്കാത്തത് മര്യാദയല്ല.'-മാണിക്കെ ടാഗോർ കുറ്റപ്പെടുത്തി.
'കഴിഞ്ഞ ദിവസവും രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. അതീവ ഗുരുതരമായ കാര്യം പറയാൻ കേന്ദ്രമന്ത്രിമാർ സമ്മതിച്ചില്ല. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പാണ് രാഹുൽ പറയാൻ തുടങ്ങിയത്. എന്നാൽ അവർ അത് തടഞ്ഞു.'-മാണിക്കം ടാഗോർ പറഞ്ഞു.
സസ്പെൻഷൻ കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല. സർക്കാരിനെതിരെയുള്ള പ്രതിഷേധം തുടരും. രാഹുലിന് പറയാനുള്ളത് കേൾക്കാൻ രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും മാണിക്കം പറഞ്ഞു.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് മാണിക്കം ടാഗോർ ഉൾപ്പെടെയുള്ള എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.
National
ബെംഗളൂരു: കര്‍ണാടക പോലീസിന് നാണക്കേടായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്പെന്ഷന്. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്ഷന്.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. 1968ലെ ഓള് ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര റാവുവിന്റെ പെരുമാറ്റമെന്ന് സസ്പെന്ഷന് ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആരും നിയമത്തിന് മുകളിലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കുറ്റം തെളിയുന്ന പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു
എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഈ നീക്കത്തിന് എതിരെ അഭിഭാഷകരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന് കൂടിയാണ് രാമചന്ദ്ര റാവു. 2025 മാര്‍ച്ചില്‍ ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലായിരുന്നു.
Kerala
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. സുജ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
സ്കൂളിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് മുകളിൽ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേറ്റത്. 2025 ജൂലൈ 17ന് ആയിരുന്നു അപകടം നടന്നത്. ഇതേ തുടർന്നാണ് 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറ് മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂള്‍ വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശിപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ.
National
ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള പിസ്റ്റള്‍ ഷൂട്ടിംഗ് കോച്ച് അങ്കുഷ് ഭരദ്വാജിനെതിരെ 17 വയസ്സുകാരി ഷൂട്ടര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) കോച്ചിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തു.
ഡല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയ മത്സരത്തിന് ശേഷം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ലോബിയില്‍ വിളിച്ചുവരുത്തിയ ശേഷം മുറിയിലേക്ക് നിര്‍ബന്ധിച്ച് കയറ്റി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുകയും കുടുംബത്തിന് ദ്രോഹം ചെയ്യുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഫരീദാബാദ് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മറ്റൊരു വനിതാ ഷൂട്ടറും കോച്ചിനെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴി വിവരം ലഭിച്ചയുടന്‍ കോച്ചിനെ എല്ലാ ഡ്യൂട്ടികളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി എന്‍ആര്‍എഐ സെക്രട്ടറി ജനറല്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ അസൈന്മെന്റുകളൊന്നും നല്‍കില്ലെന്നും വ്യക്തമാക്കി.
National
ബംഗുളൂരു: കർണാടകയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. കൊപ്പൽ ജില്ലയിലെ സ്കൂളിലാണ് സംഭവം.
സംഭവത്തിൽ പാചകക്കാരനെയും രണ്ട് ജീവനക്കാരെയും ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു. കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇറ്റ്നാൽ ഭക്ഷ്യ വിതരണ ഗോഡൗണുകളിൽ പരിശോധന നടത്തി.
സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഗുണനിലവാരം അദ്ദേഹം പരിശോധിച്ചു.
പരിശോധനയ്ക്ക് ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡെപ്യൂട്ടി കമ്മീഷണർ, കുട്ടികൾക്ക് ഇത്തരം ഭക്ഷണം എങ്ങനെ വിളമ്പാൻ കഴിയുമെന്നും അവർ തന്നെ അത്തരം ഭക്ഷണം കഴിക്കുമോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു.
കൊപ്പൽ താലൂക്കിലെ ബിസരള്ളി ഗ്രാമത്തിലെ സർക്കാർ-എയ്ഡഡ് സ്കൂളിലെ അടുക്കളയും ഭക്ഷണം തയാറാക്കുന്ന സ്ഥലവും അദ്ദേഹം പരിശോധിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രായം ശേഖരിക്കുകയും ചെയ്തു.
പരിശോധനയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), മറ്റ് മുതിർന്ന ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.
Kerala
തിരുവനന്തപുരം: ലൈംഗീക ആരോപണത്തിൽ കോൺഗ്രസിൽ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടം എംഎൽഎയെ പിന്തുണച്ച് വീണ്ടും കെ. സുധാകരൻ.
രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത് തന്റെ അറിവോടെയല്ലെന്നും രാഹുലിനെതിരെ നടപടിയെടുക്കാൻ കൂടിയ യോഗത്തിൽ താൻ പങ്കെടുത്തില്ലെന്നും കെ. സുധാകരൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനൊപ്പം വേദി പങ്കിടും. തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അതുവിശ്വസിച്ച് രാഷ്ട്രീയപ്രവര്‍ത്തകനെ തളര്‍ത്താനില്ല. തെറ്റ് തിരുത്തി കൂടെ നിര്‍ത്തുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരിക്കലും പറയില്ലെന്നും കെ.സുധാകരന് പറഞ്ഞു.
അതേസമയം, രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നുമാണ് സുധാകരന് നേരത്തെ പറഞ്ഞത്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. ആറ് മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ നീട്ടിയത്.
ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക. എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സർക്കാര്‍ എൻ. പ്രശാന്തിന്റെ സസ്പെൻഷൻ ആറ് മസത്തേക്ക് കൂടി നീട്ടിയത്.
ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിന്റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വർഷത്തിലെത്തി നിൽക്കുന്നത്.
Kerala
കൊച്ചി: സസ്പെൻഷനെതിരേ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും വൈസ് ചാന്ലര്ക്കുമടക്കം എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു.
നാലു മാസമായി സസ്പെന്‍ഷനിലായ തന്നെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നു തീരുമാനമെടുത്തിട്ടും വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിഷയം ചാന്‍സലറായ ഗവർണര്‍ക്കു വിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കുറ്റാരോപണ മെമ്മോ നല്‍കാത്തപക്ഷം ഇത്തരം തസ്തികയിലുള്ളവരുടെ സസ്പെന്ഷന് മൂന്നു മാസത്തിലധികം നീളില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗമാണു സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, സസ്പെന്ഷന് കാലയളവില്‍ പല ഫയലുകളിൽ ഒപ്പുവച്ച് ഹര്ജിക്കാരന് ക്രമക്കേട് കാട്ടിയെന്നാണു വിസിയുടെ ആരോപണം.
Kerala
കൊച്ചി: കേരള സര്‍വകലാശാലയില്‍ നവംബര്‍ ഒന്നിനു ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ അറിയിച്ചു.
സസ്പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം വിസി ബോധപൂര്‍വം വൈകിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിസി ഇക്കാര്യം അറിയിച്ചത്.
നവംബറിലെ യോഗത്തിന്റെ അജൻഡയായി വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിസിയുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹര്‍ജി വീണ്ടും നവംബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി.
National
ലക്നോ:ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ യുവതിക്കൊപ്പം നൃത്തം ചെയ്ത നാല് പോലീസുകാർക്ക് സസ്പെൻഷൻ. സാഹിബാബാദ് അതിർത്തി ഔട്ട്പോസ്റ്റ് ഇൻചാർജ് ആശിഷ് ജാഡോണിനും മൂന്ന് കോൺസ്റ്റബിൾമാർക്കുമെതിരെയാണ് നടപടി.
കൈയിൽ ബിയർ കുപ്പികളും പിടിച്ച് ഉദ്യോഗസ്ഥർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി കേസുകളിൽ പ്രതിയായ ഇർഷാദ് മാലിക് എന്നയാളെയും വീഡിയോയിൽ കാണാം. ഇയാളുടെ പിറന്നാൾ ആഘോഷിക്കാനാണ് പോലീസുകാർ എത്തിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാൻസ് ഹിൻഡോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പട്ടേൽ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ അവധിയിൽ പ്രവേശിച്ചു. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു.
ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല. ഇന്ന് രാവിലെ ഒന്‍പതിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെ അച്ചടക്ക നടപടി നീക്കങ്ങൾക്കിടെയാണ് ഹരികുമാർ അവധിയിൽ പ്രവശിച്ചത്.
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ടുതട്ടിലാണ്. ഞായറാഴ്ച സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തിയിരുന്നു.
രജിസ്ട്രാറുടെ സസ്പെന്ഷന് ഞായറാഴ്ച വിസിയുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തിരുന്നു. എന്നാൽ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നുമായിരുന്നു സിസ തോമസിന്റെ വാദം.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി താത്ക്കാലിക വിസി ഡോ. സിസ തോമസ്. റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും സിസ തോമസ് പ്രതികരിച്ചു.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ താന്‍ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും അവർ പറഞ്ഞു.
രജിസ്ട്രാറുടെ സസ്പെൻഷൻ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാനാകില്ല. സസ്പെൻഷൻ തുടരും.
വിസിയുടെ അസാന്നിധ്യത്തിൽ എടുക്കുന്ന സിൻഡിക്കേറ്റ് യോഗത്തിന് നിയമസാധുതയില്ല. തന്റെ
അസാന്നിധ്യത്തിൽ നടക്കുന്നത് സിൻഡിക്കേറ്റ് യോഗമല്ല കുശലസംഭാഷണങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
യോഗത്തില്‍ ഇടത് അംഗങ്ങളാണ് റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റില്‍ 16 പേർ പിന്തുണച്ചതോടെ പ്രമേയം പാസായി.
വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തു. സസ്പെന്ഷന് നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ.ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും.
സിൻഡിക്കേറ്റ് തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കൗൺസിലിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മൽ സസ്പെന്‍ഡ് ചെയ്തത്.