ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് സസ്പെൻഷനിലായ അധ്യാപകർ
യാദ്ഗിർ: ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് കർണാടകയിലെ യാദ്ഗിർ ജില്ലയിലെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കർണാടക സിവിൽ സർവീസ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാട്ടിയാണ് ഇവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഹുണസഗി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപകനായ ഗുരുരാജ് ജോഷി, സുർപൂർ താലൂക്കിലെ കുപ്പി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ അണ്ണാ സാഹിബ് ദേശ്മുഖ് എന്നിവർക്കെതിരെയാണ് യാദ്ഗിർ ഡെപ്യൂട്ടി ഡയറക്ടർ ചന്നബസപ്പ മുധോൾ നടപടിയെടുത്തത്.
2025 ഒക്ടോബറിൽ നടന്ന പഥസഞ്ചലനങ്ങളിൽ ഇരുവരും പങ്കെടുത്തിരുന്നു. ഞായറാഴ്ച അവധി ദിനത്തിലാണ് പരിപാടി നടന്നതെന്നും ഇത് രാഷ്ട്രീയ പരിപാടിയല്ല, മറിച്ച് സാംസ്കാരിക പരിപാടിയാണെന്നും അധ്യാപകർ നൽകിയ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തള്ളി.
സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളിലോ രാഷ്ട്രീയവുമായി ബന്ധമുള്ള സംഘടനകളിലോ പ്രവർത്തിക്കാനോ അവയുടെ പരിപാടികളിൽ പങ്കെടുക്കാനോ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസിന് ശേഷമുള്ള സസ്പെൻഷൻ നടപടി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Tags : Karnataka SchoolTeachers Suspension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash