എയര് ഇന്ത്യ വിമാനം റാഞ്ചൽ ഭീഷണിയെ തുടര്ന്ന് ജയ്പൂരില് അടിയന്തരമായി ഇറക്കിയപ്പോൾ.
ന്യൂഡല്ഹി: ജര്മനിയിലെ ഫ്രാങ്ക്ഫര്ട്ടില്നിന്ന് ഡല്ഹിയിലേക്ക് വന്ന എയര് ഇന്ത്യ വിമാനം റാഞ്ചൽ ഭീഷണിയെ തുടര്ന്ന് ജയ്പൂരില് അടിയന്തരമായി ഇറക്കി.
എയര് ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനങ്ങളുടെ കീഴിലുള്ള എഐ-2030 എന്ന വിമാനമാണ് ജയ്പുരിൽ ഇറക്കിയത്. തുടര്ന്ന് വിമാനം സുരക്ഷാ പരിശോധനകള്ക്കായി ഐസൊലേഷന് ബേയിലേക്ക് കൊണ്ടുപോയി.
വിമാനം മുംബൈ ഫ്ളൈറ്റ് ഇന്ഫര്മേഷന് റീജിണില് ആയിരുന്നപ്പോള്, നിയമവിരുദ്ധമായ ഇടപെടല് സംഭവിക്കുമ്പോള് (ഹൈജാക്ക് ഭീഷണി പോലുള്ള) നല്കുന്ന സൂചനയായ സ്ക്വാക്ക് കോഡ് 7500 എന്ന സന്ദേശം പൈലറ്റ് നല്കിയെന്നും തുടര്ന്ന് വിമാനം ജയ്പൂരിലേക്ക് അടിയന്തര ലാന്ഡിംഗിനായി പറന്നുവെന്നുമാണ് റിപ്പോര്ട്ട്.
അടിയന്തര ലാന്ഡിംഗിനെക്കുറിച്ച് വിമാനത്താവള അധികൃതരാണ് അറിയിച്ചതെന്ന് മാള്വിയ നഗര് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര് ശിവ് ദയാല് പറഞ്ഞു.
ഐസൊലേഷന് ബേയില് ബന്ധപ്പെട്ട സുരക്ഷാ ഏജന്സികള് ആവശ്യമായ പരിശോധനകള് നടത്തി. എല്ലാ യാത്രക്കാരെയും വിമാനജീവനക്കാരെയും പുറത്തിറക്കി, സുരക്ഷാ പരിശോധനകള്ക്ക് വിധേയരാക്കി. തുടര്ന്ന് അവരെ വിമാനത്തില് തിരികെ കയറ്റി. യാത്രക്കാര്ക്കുണ്ടായ അസൗകര്യത്തില് എയർ ഇന്ത്യ ഖേദം അറിയിച്ചു.
Tags : HijackThreat AirIndia Flight EmergencyLanding JaipurAirport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash