കേരള ഹൈക്കോടതി
കൊച്ചി: കേസ് തെളിയിക്കാൻ ആധാർ വിരലടയാള വിവരങ്ങൾ ലഭ്യമാക്കാൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഗോപാലകൃഷ്ണൻ, അമ്മുക്കുട്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ ആധാർ ഡാറ്റാ ബോസിലെ വിരലടയാള വിവരങ്ങൾ ശേഖരിക്കാനാണു ഹൈക്കോടതി അനുമതി നൽകിയത്.
കുറ്റാന്വേഷണത്തിന് വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമല്ലെന്ന സുപ്രീംകോടതിയുടെ പുട്ടുസ്വാമി കേസ് വിധി ഉദ്ധരിച്ചാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. 2016 നവംബർ 14നാണ് പാലക്കാട് ശ്രീകൃഷ്ണപുരം കണ്ണുകുറിശിയിലെ വീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കവർച്ച ചെയ്യാനുള്ള ഉദ്ദേശ്യത്തിലാണു കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽനിന്ന് മൂന്നു പവൻ സ്വർണവും 4,000 രൂപയും നഷ്ടമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം പ്രതികളിലൊരാളായ രാജേന്ദ്രന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാൽ, കൂട്ടുപ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. 1,200 പേരുടെ വിരലടയാളങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് സംശയിക്കുന്നവരുടെ വിരലടയാളങ്ങൾ ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ അനുമതി തേടി പാലക്കാട് ക്രൈംബാഞ്ച് ഡിവൈഎസ്പി കോടതിയെ സമീപിച്ചത്.
സ്വകാര്യതയുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ആധാർ അഥോറിറ്റി ഈ ആവശ്യത്തെ എതിർത്തെങ്കിലും കോടതി ഇതു തള്ളി. തുടർന്നാണ് കോയമ്പത്തൂർ ജില്ലയിലുള്ളവരുടെ ആധാർ വിവരങ്ങളുമായി വിരലടയാളം ഒത്തുനോക്കാൻ നിർദേശം നൽകിയത്.
സി ഡാക്കിന്റെ സഹായത്തോടെ വിരലടയാളങ്ങൾ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി പരിശോധന നടത്താം. പ്രതികളുടെ വിലാസം കണ്ടെത്താൻ മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കാവൂവെന്നും കോടതി നിർദേശിച്ചു. അപൂർവമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ ഉത്തരവെന്നും മറ്റു കേസുകളിൽ ഇതു കീഴ്വഴക്കമായി ഉപയോഗിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags : AadhaarFingerprint Data KeralaHighCourt MustAvailable Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash