പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ന്യൂഡല്ഹി: ആസിയാന് രാജ്യങ്ങളുമായി പ്രതിരോധ മേഖലയില് സഹകരിക്കാന് തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഡല്ഹിയിലെ മനോഹര് പരീക്കര് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഡിഫന്സ് സ്റ്റഡീസ് ആന്ഡ് അനാലിസിസില് പ്രഥമ ആസിയാന്-ഇന്ത്യ പ്രതിരോധ തിങ്ക് ടാങ്ക് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തെക്കുകിഴക്കന് ഏഷ്യയിലെ 11 രാജ്യങ്ങളുടെ അന്താരാഷ്ട്ര ഫോറമാണ് ആസിയാന്. ആസിയാനിലെ ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങള്ക്കും മുന്ഗണനകള്ക്കും അനുസൃതമായി പട്രോളിംഗ് കപ്പലുകള്, റഡാറുകള്, വ്യോമപ്രതിരോധ സംവിധാനങ്ങള്, ഹെലികോപ്റ്ററുകള്, ഡ്രോണുകള്, മറ്റ് സാങ്കേതികവിദ്യകള് തുടങ്ങിയ മേഖലകളില് സഹകരിക്കാന് ഇന്ത്യ സന്നദ്ധമാണ്.
രാജ്യങ്ങള് ഒരുമിച്ച് ശേഷി വര്ധിപ്പിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുകയും സംഭാഷണത്തിലൂടെ വിശ്വാസം നിലനിര്ത്തുകയും ചെയ്യുമ്പോള് സുരക്ഷ ശക്തിപ്പെടുമെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
വലുതും ചെറുതുമായ എല്ലാ രാജ്യങ്ങളും സ്വന്തം തീരുമാനങ്ങള് എടുക്കുകയും, അവരുടെ താത്പര്യങ്ങള് സംരക്ഷിക്കുകയും, സമാധാനപരമായ വികസനം പിന്തുടരുകയും ചെയ്യുന്ന ഒരു ഇന്തോ-പസഫിക് മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
അഭിപ്രായവ്യത്യാസങ്ങള് തര്ക്കങ്ങളായി മാറുന്നതിനുമുമ്പ്, അവ സമാധാനപരമായി ചര്ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രതിരോധമന്ത്രി വ്യക്തമാക്കി.
പരസ്പരം പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെയും വിശ്വാസം വളര്ത്തിയെടുക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമം പാലിക്കേണ്ടതിന്റെയും വെല്ലുവിളികളെ നേരിടുന്നതിനുള്ള മാര്ഗങ്ങള് തുറന്നിടേണ്ടതിന്റെയും ആവശ്യകതയും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Tags : ASEAN RajnathSingh DefenseSector Cooperate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash