പ്രതീകാത്മക ചിത്രം
അങ്കാറ: തുർക്കിയിലെ ജനപ്രിയ പ്രതിപക്ഷ ചാനലിന്റെ ഓഫിസിൽ പൊലിസ് റെയ്ഡ്. പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുമായി ആഭിമുഖ്യമുള്ള ഹാൽക്ക് ടിവിയുടെ ഓഫിസിൽനിന്ന് 11 പേരെ കസ്റ്റഡിയിലെടുത്തു.
സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലിസ് വിഭാഗമാണ് പരിശോധന നടത്തിയത്. ചാനൽ ഉടമസ്ഥൻ ജാഫർ മഹിരൊഗ്ലുവിനെതിരേ കൈക്കൂലി, പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ എടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് ഇതര തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശോധനാ സമയം ജാഫർ തുർക്കിയിലില്ലായിരുന്നു. കസ്റ്റഡിയിൽ എടുക്കപ്പെട്ടവരിൽ തന്റെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
തുർക്കി പ്രസിഡന്റ് എർദോഗനെയും അദ്ദേഹത്തിന്റെ എകെ പാർട്ടിയെയും വിമർശിക്കുന്ന ഹൽക്ക് ടിവിക്ക് തുർക്കിയിൽ ധാരാളം പ്രേക്ഷകരുണ്ട്.
എർദോഗൻ ഭരണകൂടം മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നുവെന്ന ആരോപണം ശക്തമായിരിക്കേയാണ് ടിവി ആസ്ഥാനത്തെ റെയ്ഡ്.
തുർക്കിയിലെ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇന്റർനെറ്റ് സെൻസർഷിപ്പ് നേരിടുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും ഉൾപ്പടെ 21 സംഘടനകൾ അടുത്തിടെ ആരോപിച്ചിരുന്നു.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടനയുടെ 2026ലെ പത്രസ്വാതന്ത്ര്യ പട്ടികയിൽ 180ൽ 160-ാം സ്ഥാനമാണ് തുർക്കിക്ക്.
Tags : Raid TVOffice Turkey Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash