എബിന് ബി. പോൾ
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് ആക്രമണക്കേസില് അറസ്റ്റിലായ പുത്തന്കുരിശ് ഐക്കരനാട് സ്വദേശി എബിന് ബി. പോളിന് സിനഗോഗ് തീ കൊളുത്തി നശിപ്പിക്കാന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആക്രമണത്തിന്റെ സൂത്രധാരനായ പാക്കിസ്ഥാന് ബോസ് പ്രതിക്ക് ആയുധങ്ങള് എത്തിച്ചുനല്കാന് നീക്കം നടത്തിയതായും കണ്ടെത്തല്. ഇതുസംബന്ധിച്ച് പ്രതിയും ആസൂത്രകനും നടത്തിയ സമൂഹമാധ്യമത്തിലെ ചാറ്റിന്റെ നിര്ണായക വിവരങ്ങള് പൊലിസ് കണ്ടെടുത്തു.
ആക്രമണം നടത്തിയത് ബോസ് എന്നയാളുടെ നിര്ദേശ പ്രകാരമാണെന്നാണു പ്രതി പൊലിസിന് മൊഴി നല്കിയിട്ടുള്ളത്. എന്നാല് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യഹൂദ ആരാധനാലയങ്ങള് ഉള്പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണം നടത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണില്നിന്നു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി ആശയവിനിമയം നടത്തിയ മറ്റൊരാളെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.
ആയുധം വാങ്ങുന്നതു സംബന്ധിച്ച് ഇവര് നടത്തിയ ചാറ്റില് പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയില് മുന്കൂറായി രണ്ടു ലക്ഷം രൂപ എബിന് നല്കിയതിനും തെളിവ് ലഭിച്ചു. കൊച്ചിക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനരീതിയില് ആക്രമണം നടത്താന് ഇവര് പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തില് കണ്ടെത്തിയിട്ടുള്ളത്. പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും എബിന്റെ ഫോണില്നിന്നു കണ്ടെത്തി. ഈ ടെലിഗ്രാം അക്കൗണ്ടിന്റെ വിവരങ്ങള് ആവശ്യപ്പെട്ടു ടെലിഗ്രാമിന് നോട്ടീസ് നല്കുമെന്ന് പൊലിസ് പറഞ്ഞു. ഇയാള് ബോസിലേക്ക് എത്തിയതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) ചോദ്യം ചെയ്തു. രാജ്യാന്തര ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. എന്ഐഎയെ കൂടാതെ എബിനെ ഐബി, റോ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യംചെയ്തു. കേസന്വേഷണത്തിനായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര് അരുണ് കെ. പവിത്രന്റെ മേല്നോട്ടത്തില് എറണാകുളം സെന്ട്രല് അസിസ്റ്റന്റ് കമ്മിഷണര് സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘംരൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് സിനഗോഗിനു മുന്പുള്ള ബ്ലോസം നഴ്സറിക്കു പ്രതി തീയിട്ടത്. കാറില് എത്തിയ പ്രതി വാഹനത്തില്നിന്നിറങ്ങി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്രചാരണ സാമഗ്രികള്ക്കും ഫ്ലക്സുകള്ക്കും തീകൊളുത്തുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള് സ്വന്തം ഫോണില് പകര്ത്തിയശേഷമാണ് ഇയാള് കടന്നുകളഞ്ഞത്.
സംഭവം ശ്രദ്ധയില്പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പൊലിസ് സിസിടിവി ദൃശ്യങ്ങളുടെയും 150ഓളം പേരില്നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സൈബര് സെല്ലിന്റെ സഹായത്തോടെയാണു പുത്തന്കുരിശിലെ വാടകവീട്ടില് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.
പ്രതിയുടെ മൊബൈല് ഫോണ് ഉള്പ്പടെയുള്ള ഡിജിറ്റല് തെളിവുകള് ഫോറന്സിക് പരിശോധനയ്ക്കു വിധേയമാക്കും. ഇതിന്റെ ഫലം വന്നതിനുശേഷം മാത്രമേ ഗൂഢാലോചന ഉള്പ്പടെയുള്ള കാര്യങ്ങളില് കൂടുതല് വ്യക്തത വരൂ. പ്രതിയെ കസ്റ്റഡിയില് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലിസ്.

ടെലിഗ്രാം ഉള്പ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ നിരവധി ഗ്രൂപ്പുകളില് അംഗമായ പ്രതി സംഭവങ്ങളുടെ വിവരങ്ങള് മറ്റൊരാളുമായി പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിര്ദേശിക്കപ്പെടുന്ന ലക്ഷ്യങ്ങളില് ആക്രമണം നടത്തുക, ദൃശ്യങ്ങള് പകര്ത്തി അയച്ചുകൊടുക്കുക, അതിനുശേഷം ക്രിപ്റ്റോ കറന്സി വഴി പ്രതിഫലം കൈപ്പറ്റുക-ഇതായിരുന്നു പ്രതിയുടെ രീതി.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാര് ഷോറൂം തീവച്ച സംഭവത്തിലും ഇയാൾക്കു പങ്കുള്ളതായി ചോദ്യം ചെയ്യലില് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെ കോഡര് ഹൗസ് തീപിടിത്തത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. പ്രതി താമസിച്ചിരുന്ന വീട്ടില് നടത്തിയ പരിശോധനയില് വിവിധയിനം ലഹരിമരുന്നുകളും കണ്ടെത്തിയിരുന്നു.
ലഹരിവസ്തുക്കളുടെ വില്പനയുമായി ബന്ധപ്പെട്ട വിവരങ്ങള് ഫോണില്നിന്ന് ലഭിച്ചതിനെത്തുടര്ന്ന് എറണാകുളം റൂറല് പൊലിസും പുത്തന്കുരിശ് പൊലിസും എന്ഡിപിഎസ് നിയമപ്രകാരം കേസുകൾ രജിസ്റ്റര് ചെയ്തിട്ടുണ്ട്.
Tags : PakistaniIntelligenceAgency Attack KochiSynagogue AbinPPaul