International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ പ്രശസ്തമായ ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിന് നേരെ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ ജനൽച്ചില്ലുകൾ തകർന്നതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. ഈ സമയം ക്ഷേത്രത്തിനകത്ത് പൂജാരിമാരും വിശ്വാസികളും ഉണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഗ്രേറ്റർ ക്ലീവ്ലാൻഡ് പ്രദേശത്തുള്ള റിച്ച്മണ്ട് ഹൈറ്റ്സിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Kerala
കൊച്ചി: കാലടിയില്‍ കെഎസ്യു ജില്ല വൈസ് പ്രസിഡന്റ് അനിസന്‍ ജോയിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ 25 പേര്‍ക്കെതിരെ കേസ്. കോളജിലെ സംഘര്‍ഷത്തിന് പിന്നാലെ നടന്ന എസ്എഫ്ഐയുടെ പ്രതിഷേധ മാര്‍ച്ചിനിടെ അനിസന്‍ ജോയിയുടെ വീടിന് മുന്നില്‍ വീണ്ടും എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും ഡിവൈഫ്ഐ പ്രവര്‍ത്തകരും അനിസന്റെ വീട്ടില്‍ കയറി മാതാപിതാക്കളെ ഉപദ്രവിച്ചതായും വീട്ടുസാനങ്ങള് നശിപ്പിച്ചതായുമാണ് പരാതി. ആക്രമണത്തില്‍ അനിസന്‍ ജോയിയുടെ മാതാപിതാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 15 ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും 10 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
Kerala
കൊല്ലം: കണ്ണൂരില്‍ തനിക്കുനേരേ നടന്ന അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും മന്ത്രി ഒ.ജെ. ജനീഷ്. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാസപ്പടിയാണോ, ഇഡി ആണോ പിണറായിക്ക് എന്താണ് ഒളിക്കാനുള്ളതെന്ന് മന്ത്രി ചോദിച്ചു. താനും കൂടി പ്രതിഷേധക്കാര്‍ക്കെതിരേ ഇറങ്ങി നിന്നാല്‍ എന്താകും അവസ്ഥ. കോടിയേരിയുടെ ഫ്ളക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണ് സമരക്കാരെന്ന് മന്ത്രി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. മോദിക്കെതിരേ, അമിത്ഷാക്കെതിരേയെല്ലാം പ്രതിഷേധം നടക്കുന്നു.
വോട്ടവകാശം അട്ടിമറിക്കാന്‍ ഉള്ള നീക്കത്തിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പോരാട്ടം. അതിന്റെ ഭാഗമായാണ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധം നടന്നതെന്നും കണ്ണൂരില്‍ തനിക്ക് നേരേ നടന്ന അക്രമം സ്വാഭാവികമായി കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പടെ ഉള്ളവര്‍ കണ്ണൂരില്‍ പോയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇങ്ങനെ അക്രമം അഴിച്ചുവിട്ടാല്‍ എങ്ങനെ നാട്ടില്‍ ക്രമസമാധാനം ഉണ്ടാകുമെന്ന് മന്ത്രി ചോദിച്ചു.
അവര്‍ നിലവിലെ സാഹചര്യത്തെ സുവര്‍ണാവസരമായി മാറ്റാന്‍ ഉള്ള നീക്കത്തിലായിരുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്. പക്ഷേ ആരുടെയും വാഹനം തകര്‍ത്തിട്ടില്ല.
കഴിഞ്ഞ ദിവസം തന്റെ വാഹനം ആക്രമിച്ചു. കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞു ഞാന്‍ ആശുപത്രിയില്‍ പോയി കിടന്നില്ലെന്നും പത്തിടത്താണ് തനിക്കെതിരേ പ്രതിഷേധം നടന്നതെന്നും മന്ത്രി പറഞ്ഞു.
District News
അന്നമനട: വെസ്റ്റ് കൊരട്ടി എട്ടാം വാർഡിൽ മടയത്ത് ഷാജുവിന്റെ കോഴിക്കൂട്ടിൽ അജ്ഞാതജീവിയുടെ ആക്രമണം.
വളർച്ചയെത്തിയ നാൽപത് കോഴികളാണ് കൂട്ടിനുള്ളിൽ ചത്തത്. കോഴികളെകൊന്ന് ചോര ഊറ്റിക്കുടിച്ചതിന്റെ പാടുകളുണ്ടെങ്കിലും ഒന്നിനെയും ഭക്ഷിച്ചിട്ടില്ല. 30ന് രാത്രി കുടുംബാംഗങ്ങൾ ഉറങ്ങാൻകിടന്ന ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. കോഴികളെയും ആടുകളെയും വളർത്തുന്ന കുടുംബമാണ് ഷാജുവിന്റെത്. കൂട്ടിൽ കോഴികൾ ചത്തുകിടക്കുന്നത് രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞ് വാർഡ് മെമ്പർ ഷിജി ബിജു, വെറ്ററിനറി ഡോക്ടർ എന്നിവരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവികളിലേതെങ്കിലും ആക്രമണം നടത്തിയതാകാമെന്നാണ് വെറ്ററിനറി ഡോക്ടറുടെ പ്രാഥമിക നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണ് ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്താനായിട്ടില്ല. ജനവാസ മേഖലയിലെ വീടിനോടുചേർന്നുള്ള കോഴിക്കൂട്ടിൽ ഇത്രയധികം കോഴികളെ കൂട്ടത്തോടെ കൊന്ന സംഭവം പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
District News
ഗുരുവായൂർ: തിരുവെ ങ്കിടത്ത് നാലുപേർക്കു തെരുവുനായയുടെ കടിയേറ്റു. തിരുവെങ്കിടം തെക്കാട്ട് വിശ്വനാഥന്റെ ഭാര്യ ലൈലജ(61), വടക്കൻ ലാസർ(77), കുറുവങ്ങാട്ട് ഹരിഹരൻ(63), അകമ്പടി പറമ്പിൽ അരുൺ (34) എന്നിവർക്കാണു നായയുടെ കടിയേറ്റത്.
രാവിലെ എട്ടരയോ ടെ ഭർത്താവുമൊത്ത് ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു വരുമ്പോഴാണ് ലൈലജയുടെ കാലിൽ നായ കടിച്ചത്.
വാർഡ് കൗൺസിലർ മിഗ്നേഷ് മോഹൻ, സിവിൽ ഡിഫൻസ് പോസ്റ്റുവാർഡൻ പ്രബീഷ് ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ നായയെ പിന്തു ടർന്നുപിടികൂടി. പേവിഷ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയ നായ പിന്നീട് ചത്തു. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ ആക്രമണം. മൂന്നു വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഒന്‍പതു സിവിലിയന്മാർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അറിയിച്ചു. എന്നാൽ 22 തീവ്രവാദികളാണു കൊല്ലപ്പെട്ടതെന്നു പാക്കിസ്ഥാന്റെ ഭാഷ്യം.
കുനാർ, ഹെൽമന്ദ് പ്രവിശ്യകളിലായിരുന്നു ആക്രമണമെന്നു താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 11 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, വിശ്വസനീയമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികളുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നു പാക്കിസ്ഥാനിലെ വാർത്താവിതരണ മന്ത്രാലയം അവകാശപ്പെട്ടു. ഒളിത്താവളത്തിൽ സൂക്ഷിച്ചിരുന്ന ആയുധശേഖരവും നശിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ആരോപണങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണം.
പാക്കിസ്ഥാനിൽ ഭീകരാക്രമണം നടത്തുന്ന സംഘടനകൾക്കു താലിബാൻ സംരക്ഷണം നല്‍കുന്നതായി പാക് ഭരണകൂടം ആരോപിക്കുന്നു. ഇതിന്റെ പേരിലാണ് അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നത്.
International
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റനെ ഗുരുതരമായി പരിക്കേൽപിച്ചത് വിമാനത്തിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് അഥവാ ഫയർ ആക്സ് കൊണ്ടാണെന്ന് റിപ്പോർട്ട്.
ആക്രമണത്തിന് കത്തിയോ വിമാനത്തിലെ കട്ലറിയിൽനിന്നുള്ള മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ചിരിക്കാമെന്നായിരുന്നു ആദ്യഘട്ട നിഗമനം.
എന്നാൽ, പുറത്തുനിന്ന് ആയുധം കോക്പിറ്റിലേക്ക് കൊണ്ടുവന്നതിന്റെ സൂചനയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആയുധം ക്രാഷ് ആക്സ് ആണെന്നു സ്ഥിരീകരിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന്റെ ജനൽ തകർക്കുന്നതിനോ തീപിടി ത്തമുണ്ടായാൽ ആവശ്യമായ ഭാഗങ്ങളിലേക്കു പ്രവേശിക്കുന്നതിനോ ഉപയോഗിക്കാനായി ക്രാഷ് ആക്സ് സാധാരണയായി കോക്പിറ്റിൽ സൂക്ഷിക്കാറുണ്ട്.
Kerala
കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. തളിപ്പറമ്പിൽവച്ചുണ്ടായ സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രജീഷ് ബാബു, കെ.കെ.അക്ഷയ്, അതുൽരാജ്, ടി. സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള പ്രധാനികൾ.
മന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന കല്ലേറിലും ആക്രമണത്തിലും വാഹനത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിനിടയിൽ ഫ്ലാഗ് പോസ്റ്റ് ഒടിച്ചുമാറ്റിയതു കാരണം ഏകദേശം 2000 രൂപയുടെ നഷ്ടമുണ്ടായതായും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.
International
ന്യൂഡൽഹി: ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
"ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിനു മനുഷ്യജീവനുകൾ രക്ഷിച്ചത്,"-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിതിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു. അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു 'സെപ്റ്റംബർ 11' മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ടു വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. "പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്'-ട്രംപ് പറഞ്ഞു.
International
സിയൂൾ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ പേരിൽ ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിനുനേരേ ഒരു സംഘം ചൈനീസ് പൗരന്മാരുടെ ആക്രമണം. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിനു തെക്കുള്ള സിയോംഗ്നാമിലെ റസ്റ്ററന്റിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ആക്രമണം നടത്തിയത്.
കഴിഞ്ഞ 24ന് പുലർച്ചെ നടന്ന സംഭവത്തിൽ റസ്റ്ററന്റിലെ ഫർണിച്ചറുകൾ തകർക്കുകയും പെയിന്റ് സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തിനുശേഷം പ്രതികൾ ചൈനയിലേക്കു കടന്നതായി പൊലിസ് അറിയിച്ചു.
ഏകദേശം 11,100 യുഎസ് ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി ഉടമ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് അഞ്ചു ദിവസത്തോളം അടച്ചിട്ട റസ്റ്ററന്റ് ചൊവ്വാഴ്ചയാണ് വീണ്ടും തുറന്നത്. സ്ഥാപനത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചുവരികയാണെന്ന് ഉടമകൾ പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിക്കുന്ന റസ്റ്ററന്റിന് ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ച ചൈനീസ് റസ്റ്ററന്റ് എന്ന നിലയിലാണു ഷി ജിൻപിംഗിന്റെ പേര് നൽകിയതെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഉടമ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ഒരു വർഷമായി സ്ഥാപനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണി ഫോൺ കോളുകൾ വന്നിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേരു മാറ്റാൻ വലിയ തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോൺ കോളുകളും ലഭിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ റസ്റ്ററന്റിലെ 'ഷി ജിൻപിംഗ് സ്പെഷൽ റൈസ്' എന്ന വിഭവത്തിനെതിരേ ദക്ഷിണ കൊറിയൻ ബൗദ്ധിക സ്വത്ത് മന്ത്രാലയത്തിൽ പരാതി ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ അപാകതകളൊന്നും കണ്ടെത്താനായിരുന്നില്ല.
അക്രമികൾ 20നും 40നും ഇടയിൽ പ്രായമുള്ള ചൈനീസ് പൗരന്മാരാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനുശേഷം ഇവർ ചൈനയിലെ ഷാംഗ്ഹായ്, യാന്റായ് എന്നീ നഗരങ്ങളിലേക്കു കടന്നതായാണ് വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയൻ പൊലിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ പൊലിസ് അന്വേഷിച്ച് കണ്ടുപിടിക്കും. ഡിസിസി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയും നെയ്യാറ്റിന്‍കരയിലെ ആനാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയുമാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബേക്കറി ജംഗ്ഷന് സമീപത്തെ ഡിസിസി ഓഫീസിന്റെ മുന്‍വശത്തെ ജനല്ഗ്ലാസാണ് കല്ലേറില്‍ തകര്‍ന്നത്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ തീവയ്പ്പ് ശ്രമം നടന്നു. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ കത്തി നശിച്ചു.
കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു തുടങ്ങി.
Kerala
വൈപ്പിൻ: ബൈക്ക് യാത്രികനെ പതിയിരുന്ന് ആക്രമിച്ചതായി പരാതി. ഫോർട്ട് കൊച്ചി താമരപ്പറമ്പ് നാലാം കണ്ടത്തിൽ ജൂലിയസ് പാസ്കലിനു (56) നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാളെ കൈ ഒടിഞ്ഞ നിലയിൽ ഏലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 9.30 ന് വല്ലാർപാടം കണ്ടെയ്നർ റോഡിൽ മുളവുകാട് മരപ്പാലത്തിന്റെ അടുത്ത് വച്ചായിരുന്നു സംഭവം. ചേരാനല്ലൂരിൽ നിന്നും ബൈക്കിന് പൊന്നാരമംഗലത്തേക്ക് വരികയായിരുന്ന ജൂലിയസ് പാസ്കലിനെ പ്രതി പതിയിരുന്ന് വടി കൊണ്ടാണ് ആക്രമിച്ചത്. സംഭവത്തിൽ ഹൃദയകുമാർ സായ് (35) എന്നയാൾക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്‍ച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം.
ബിജെപിയുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയും യുവമോര്‍ച്ചയും നടത്തിയ അക്രമമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
ഡിസിസി ഓഫീസ് ആക്രമിച്ചതിൽ കോൺഗ്രസ് പ്രതിഷേധിക്കുമെന്നും മന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സംഭവസ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്നാണ് വിവരം. ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് പറഞ്ഞു.
ഇന്നലെ രാത്രി നടന്ന ആക്രമണം ഇന്ന് രാവിലെയാണ് അറിയുന്നത്. നെയ്യാറ്റിന്‍ക്കരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തിയെന്നും ശക്തന് പറഞ്ഞു. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
വൈപ്പിന്‍: പൊലിസില്‍ പരാതി നല്കി എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. ഞാറക്കല്‍ വാളൂരാന്‍ വീട്ടില്‍ സരിന് (41) ആണ് ആക്രമണത്തിന് ഇരയായത്. ഞാറക്കല്‍ സ്വദേശിയായ അജിത്ത് എന്നയാള്‍ വീശിയ കത്തി തടുത്തതിനെ തുടര്‍ന്ന് കൈവിരല്‍ മുറിവേറ്റ സരിന് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഞാറക്കലിലെ അക്ഷയ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഭവം. സരിന്റെ പരാതിയില്‍ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.
Editorial
വന്യജീവി ആക്രമണത്തോളംതന്നെ ഭീകരമാണ് ചില ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ ഉത്തരവുകളുണ്ടാക്കുന്ന കെടുതികൾ. ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ, അവയുടെ സഞ്ചാരപാതകൾ കൊട്ടിയടച്ചതുകൊണ്ടാണെന്ന ജില്ലാ കളക്ടറുടെ വിചിത്രമായ കണ്ടെത്തലാണ് ഇതിൽ ഏറ്റവും പുതിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിനു തടസമാകുന്ന വേലികളും കെട്ടിടനിർമാണങ്ങളും പൊളിക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടത്. ഇതനുസരിച്ചുള്ള നടപടികളും അടിയന്തരപ്രാധാന്യത്തോടെ ആരംഭിച്ചുകഴിഞ്ഞു.
ഇടുക്കി പന്തടിക്കളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനു പിന്നാലെയാണ് ഉത്തരവും നടപടികളും. പന്തടിക്കളം ഉന്നതിക്കു സമീപം വൈദ്യുതവേലികൾ മുറിച്ചുനീക്കുകയും ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലായി നിരവധി സോളാർ വേലികൾ നീക്കംചെയ്യുകയും ചെയ്തു. കൈയേറിയ സർക്കാർ ഭൂമിയിലെ അനധികൃത വൈദ്യുതവേലികളും അനധികൃത സോളാർ വേലികളുമാണ് നീക്കംചെയ്തതെന്നാണ് അധികൃതർ പറയുന്നത്. യാതൊരു പഠനത്തിന്റെയും സർവേയുടെയും പിൻബലമില്ലാത്ത, ജില്ലാ കളക്ടറുടെ അസംബന്ധജടിലമായ കണ്ടെത്തലിനു പിന്നാലെ വന്ന ഉത്തരവിനെതിരേ ഇടുക്കി ജില്ലയിൽ ജനരോഷം ആഞ്ഞടിക്കുകയാണ്.
ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷൻ എന്ന നിലയിലാണ് കളക്ടറുടെ ഉത്തരവ്. മനുഷ്യരുടെ ദുരന്തമാണോ മൃഗങ്ങളുടെ വിളയാട്ടമാണോ പ്രഥമ പരിഗണനയിലുള്ളത് എന്നതാണ് ചോദ്യം. സംസ്ഥാന ഭരണകൂടം വേലി കെട്ടിയില്ലെങ്കിൽ നാളെ സംസ്ഥാനത്തെവിടേക്കും ഈ ഉദ്യോഗസ്ഥ മുഷ്ക് വ്യാപിച്ചേക്കാം. വന്യജീവികളുടെ സഞ്ചാരപാത നിർണയിക്കുന്നത് വനംവകുപ്പാണെന്നിരിക്കെ എന്തു സംഭവിക്കുമെന്ന് മുൻ അനുഭവങ്ങളിൽനിന്ന് നമുക്കറിയാം. ദന്തഗോപുരവാസികളായ വനംവകുപ്പുദ്യോഗസ്ഥരുടെ ധാർഷ്ട്യം നിറഞ്ഞ തുല്യംചാർത്തലുകൾകൊണ്ട് അല്ലെങ്കിൽതന്നെ പൊറുതിമുട്ടിയിരിക്കുകയാണ് മലയോരവാസികൾ.
മനുഷ്യ-വന്യജീവി സംഘർഷം എന്ന ഓമനപ്പേരിട്ട്, മനുഷ്യർ നിരന്തരം വന്യമൃഗങ്ങളെ ആക്രമിക്കുകയാണെന്ന പ്രതീതിയുണ്ടാക്കി വന്യമൃഗ ആക്രമണങ്ങളെ സ്വാഭാവിക ചെറുത്തുനിൽപു മാത്രമാണെന്ന രീതിയിൽ ചിത്രീകരിക്കാനുള്ള കുത്സിതശ്രമമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകാറുള്ളത്. കാട്ടിൽ കഴിയേണ്ട വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയാണെന്ന വസ്തുത ബോധപൂർവം തമസ്കരിക്കപ്പെടുന്നു.
വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും കിട്ടാതെവരുമ്പോഴാണ് വന്യജീവികൾ നാട്ടിലിറങ്ങുന്നത്. കാട്ടിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും മാംസഭോജികളായ മൃഗങ്ങളെ നാട്ടിലെത്തിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും പരിഗണിക്കാതെയാണ് വനംവകുപ്പും റവന്യു വകുപ്പും ചേർന്ന് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത്. വനം ചീഫ് കൺസർവേറ്ററുടെ നിർദേശമനുസരിച്ചാണ് ഉത്തരവെന്നാണ് പറയുന്നത്. വന്യജീവികളെ വനത്തിനുള്ളിൽ നിർത്തി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനാണ്. എന്നാൽ, വന്യമൃഗങ്ങൾക്കുവേണ്ടി മനുഷ്യർ തങ്ങളുണ്ടാക്കിയതെല്ലാം ഒഴിഞ്ഞുകൊടുക്കണമെന്ന ക്രൂരമായ സാഹചര്യമാണ് പുതിയ നിർദേശംകൊണ്ടുണ്ടായിരിക്കുന്നത്.
കർഷകർ അവർക്കവകാശപ്പെട്ട ഭൂമിയിലാണ് കെട്ടിടങ്ങളും മതിലുകളുമൊക്കെ നിർമിച്ചിരിക്കുന്നത്. നിയമവിധേയമായ രീതിയിൽ കൃഷി ചെയ്തു ജീവിക്കുന്നവർക്കെതിരേയാണ് ഫലത്തിൽ ഈ ഉത്തരവ്. മൃഗങ്ങളെ തടയാൻ വനാതിർത്തിയിൽ കെട്ടുന്ന വേലികൾപോലും മതിയാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉള്ള വേലികൾകൂടി പൊളിച്ചുകളഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതോപാധികൾക്കും എന്തു സുരക്ഷയെന്ന ചോദ്യത്തിനാണ് ഉദ്യോഗസ്ഥരും ഭരണകൂടവും മറുപടി നൽകേണ്ടത്.
ആനത്താരകൾ തടഞ്ഞുള്ള അനധികൃത വൈദ്യുതവേലികളാണ് പൊളിച്ചുമാറ്റുന്നതെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് വനം മന്ത്രി ഷിബു ബേബി ജോൺ ഇന്നലെ പറഞ്ഞത്. ആനത്താരയിൽ സ്ഥിതിചെയ്യുന്ന വൻകിട റിസോർട്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ആവശ്യമെങ്കിൽ നീക്കം ചെയ്യേണ്ട ആനകളെ നീക്കംചെയ്യുമെന്നും അദ്ദേഹം പറയുന്നു.
വൈദ്യുതിവേലിയെപ്പോലും വകവയ്ക്കാത്ത വന്യമൃഗങ്ങൾ മന്ത്രി വാക്കുകൾകൊണ്ട് കെട്ടുന്ന വേലിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം വാഗ്ദാനവേലികൾ വർഷങ്ങളായി മന്ത്രിമാരും ഉദ്യോഗസ്ഥരും കെട്ടിപ്പൊക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ, പാവപ്പെട്ട മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതിനു മാത്രം ഒരു കുറവുമില്ല. വളരെ ശക്തവും വ്യക്തവുമായ നടപടികൾകൊണ്ടു മാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകൂ. അതിനുള്ള പ്രായോഗിക നടപടികൾക്കാണ് മന്ത്രി നേതൃത്വം നൽകേണ്ടത്. വനംവകുപ്പുദ്യോഗസ്ഥരുടെ ധാർഷ്ട്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും നടപടികളുടെ ഫലപ്രാപ്തി.
ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവ് എത്രയും പെട്ടെന്നു പിൻവലിക്കുകയും ശാസ്ത്രീയ മാർഗങ്ങളിലൂടെ ശരിയായ കാരണം കണ്ടെത്തി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുകയുമാണ് അടിയന്തരാവശ്യം. അതിൽ കുറഞ്ഞൊന്നുകൊണ്ടും മലയോരത്തെ അധ്വാനിക്കുന്ന കർഷകർ തൃപ്തിപ്പെടുകയില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യരും മൃഗങ്ങളുമായുള്ള വെറുമൊരു ടെന്നീസ് മത്സരമല്ല, അവരുടെ ജീവനും ജീവിതവുമാണ്.
Kerala
ആലപ്പുഴ: ചാരുംമൂട്ടിൽ തെരുവുനായയുടെ ആക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു. വ്യാപാരിയായ ഷൗക്കത്ത്, യാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികൻ എന്നിവർക്കാണ് കടിയേറ്റത്
വയോധികനെ ആക്രമിക്കുന്നതിനിടെ നാട്ടുകാർ അടിച്ചുവീഴ്ത്തിയ നായ പിന്നീട് ചത്തു. ചൊവ്വാഴ്ച രാവിലെ 11 ഓടെ ടൗണിൽ കിഴക്കേ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. നായയുടെ കടിയേറ്റവർ നൂറനാട് സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സ തേടി.
ഷൗക്കത്തിന്റെ കടിച്ചിട്ട് ഓടിയ നായ യാത്രക്കാരിയായ വയോധികയെയും കടിക്കുകയായിരുന്നു. തുടർന്ന് തെരുവിലെ ഭക്ഷണ അലമാരയിൽ നിന്നും ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികനെയും ആക്രമിച്ചു. സമീപത്തെ കടയിലേക്ക് വന്ന യുവതിയെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ നായ തിരിഞ്ഞത്.
കടിയേറ്റിട്ടും ഇദ്ദേഹം നായയെ പിടിച്ചുനിർത്തിയതോടെ ഓടിയെത്തിയ യാത്രക്കാർ വടികൊണ്ട് നായയെ അടിച്ചു വീഴ്ത്തുകയായിരുന്നു.
Kerala
ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽനിന്നു രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്.
തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി പുഴയിൽനിന്ന് മാറാതെ സാഹസം കാട്ടിയതാണ് ഒരാളുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് വഴിവച്ചത്. ആനയുടെ ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ സ്ത്രീയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശി ബുഷാര (52) ആണ് മരിച്ചത്.
ഭവാനിപ്പുഴയിൽ ഇറങ്ങിയവരെയാണ് ആന ആക്രമിച്ചത്. അപായ മുന്നിറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിലിറങ്ങിയത്.
National
ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗത്തിലെ 15 വയസുകാരൻ വെടിയേറ്റ് മരിച്ചു. തമേയി സബ്ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗ ആണ് മരിച്ചത്.
തമെംഗ്ലോംഗ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് വിഫെൻബൗവിന് വെടിയേറ്റത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നു.
Kerala
കോഴിക്കോട്: നാദാപുരത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരിക്കേറ്റത്. നെഞ്ചിലും തലയ്ക്കും സാരമായി പരിക്കേറ്റ ഫിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരാൾ ഫിനാന്റെ ബന്ധുവാണ്. പരിക്ക് സാരമല്ല. വീടിനടുത്തെ പറമ്പിൽ കാട് വെട്ടുന്നതിനിടെ ആണ് മുഹമ്മദ് ഫിനാനെ ജീവി ആക്രമിച്ചത്.
ആക്രമിച്ചത് പുലി ആണെന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്തും സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു. ഫനാൻ ആക്രമിക്കപ്പെട്ട സ്ഥലത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളുണ്ട്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Kerala
കൊച്ചി: സഹോദരനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ 15കാരിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സിഗരറ്റ് വലിച്ചു പുക മുഖത്തേക്ക് ഊതി അലോസരപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
ഓച്ചന്തുരുത്ത് സ്വദേശിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പുതുവൈപ്പ് സാന്താക്രോസ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. കണ്ടാല്‍ അറിയാവുന്ന രണ്ടുപേരാണ് ഭീഷണിപ്പെടുത്തിയത്. ഞാറക്കല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ തിമരുപൂരില് രണ്ട് വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. അബ്ബാസ് എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ തെരുവുനായ ചാടിവീഴുകയായിരുന്നു. നായ കുട്ടിയെ ആക്രമിക്കുതിന്്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സ തുടരുകയാണ്. പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു - അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും ആഴത്തിൽ മുറിവേറ്റു. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Kerala
കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്.
ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് വയസുള്ള മകൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ഇതരസംസ്ഥാന തൊഴിലാളിയുടെ വീട്ടിനുള്ളിൽ കയറിയ തെരുവുനായ മൂന്ന് വയസുകാരിയെ കടിച്ചുകൊണ്ടുപോകാനും ശ്രമിച്ചിരുന്നു.
പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടു. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമായി തുടരുകയാണ്.
International
ബർലിൻ: പടിഞ്ഞാറൻ ജർമൻ നഗരമായ വുപ്പർറ്റാലിൽ സിനഗോഗിൽ തീയിടാൻ ശ്രമം. സംഭവത്തിൽ 37കാരനായ അഫ്ഗാനിസ്ഥാൻ പൗരൻ പിടിയിലായി. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
സിനഗോഗിന്റെ പടികളിലേക്ക് ഇയാൾ ദ്രാവകമൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആരാധനാലയത്തിന്റെ രണ്ടാമത്തെ പ്രവേശന കവാടത്തിലും ഇയാൾ തീയിടാൻ ശ്രമിച്ചു.
എന്നാൽ യഹൂദസമൂഹത്തിലെ അംഗങ്ങൾ സമയബന്ധിതമായി ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരെ ബന്ദിയാക്കിയ ശേഷം സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പാലാരിവട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടുക്കുന്ന മോഷണം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍, ആസാം സ്വദേശികളാണ് മോഷണത്തിനിരയായത്.
പുലര്‍ച്ചെ 12.30 ഓടെ പ്രതികള്‍ മാരകായുധങ്ങളുമായെത്തി വീട്ടില്‍ അതിക്രമിച്ച് കടന്നായിരുന്നു മോഷണം. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതികള്‍ വീട് പൂട്ടിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
മൂന്നു ലക്ഷം രൂപയോളം വിലവരുന്ന 10 മൊബൈല്‍ ഫോണുകളും 1,20,000 രൂപയും കൈക്കലാക്കിയ പ്രതികള്‍ ഇവിടെ പഴ്സില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡിന്റെ പാസ്വേര്ഡ് ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം യുപിഐ ഇടപാടിലൂടെ 12,000 രൂപയും പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഇതിനുശേഷം വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ മോഷ്ടാക്കള്‍ ബലമായി വിവസ്ത്രരാക്കി. തുടര്‍ന്ന് സ്ത്രീകളിലൊരാള്‍ കഴുത്തില്‍ ധരിച്ചിരുന്ന ഒരു പവന് തൂക്കമുള്ള 1,20,000 രൂപ വിലവരുന്ന സ്വര്‍ണ മാലയും, നാല് ഗ്രാം തൂക്കമുള്ള 60,000 രൂപ വിലയുള്ള ഒരു ജോഡി സ്വര്‍ണ കമ്മലും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.
Kerala
പിറവം: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പിറവം ടൗണില്‍ കൊച്ചുപള്ളി-സ്നേഹ ഭവന് റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ന് ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകന് അരുണ്‍ കുമാറിനെ (31) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ ഒഴിച്ച് കത്തിച്ച നെച്ചൂര്‍ പെരുമ്പിള്ളില്‍ വിജയന്റെ മകന് ജിഷ്ണുവും പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അരുണ്‍ ഫോണ്‍ വിളിച്ച് ജിഷ്ണുവിന്റെ മാതാവിനോട് അസഭ്യം പറഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പെട്രോളൊഴിച്ച് കത്തിക്കലില്‍ എത്തിയത് എന്നുമാണ് വിവരം.
അരുണ്‍ പിറവത്തെ ഒരു ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കാണ്. ജിഷ്ണു കുടുംബസമേതം സൗദിയിലായിരുന്നു. ഈയടുത്താണ് നാട്ടില്‍ അവധിക്കു വന്നത്. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഇരുവരും മൊബൈല്‍ ഫോണിലൂടെ തര്‍ക്കമുണ്ടായി. അരുണ്‍ കൊച്ചുപള്ളി റോഡിലുണ്ടന്നറിഞ്ഞ് ജിഷ്ണുവും സുഹൃത്തുക്കളും ഇവിടേക്ക് എത്തുകയായിരുന്നു.
ഫോണ്‍ വിളി പ്രശ്നത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ ജിഷ്ണു കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ സമയം ജീഷ്ണുവിന്റെ ദേഹത്തും പെട്രോള്‍ തെറിച്ചിരുന്നു. ഇതിനിടെ ജിഷ്ണു സിഗരറ്റ് ലാമ്പ് കത്തിച്ചപ്പോള്‍ സ്വന്തം ദേഹത്ത് ആദ്യം തീ പിടിക്കുകയും അത് അരുണിലേക്ക് പടരുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിന്റെ നില ഗുരുതരമാണ്. ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൂന്നു പേരെ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
National
ജഗദൽപുർ: ഛത്തീസ്ഗഡിലെ ജിരാം വാലിയിൽ ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിലെ പത്തു പ്രതികൾക്കും വധശിക്ഷ.
ശിക്ഷിക്കപ്പെട്ടവരിൽ രണ്ടു പേർ വനിതകളാണ്. ജഗദൽപുരിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അജയ് സിംഗ് രജ്പുത് ആണു ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ അഞ്ചിനു കോടതി കണ്ടെത്തിയിരുന്നു.
പ്രമീള മോഡിയം, ചൈതു ലേകം, സുമിത്ര പൂനെം മോഡിയം. മുക്ക മണ്ഡാവി, കോസ കവാസി, ആയത മാർകം, മദ്കാമി ദേവ, ജോഗ മദ്കാമി, ബൻജാമി സന്ന, മഹാദേവ് നാഗ് എന്നിവർക്കാണു വധശിക്ഷ.
കോൺഗ്രസിന്റെ പരിവർത്തൻ റാലിക്കു നേർക്ക് 2013 മേയ് 25നായിരുന്നു മാവോയിസ്റ്റ് ആക്രമണം. കോൺഗ്രസ് നേതാക്കളായ മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല, ഛത്തീസ്ഗഡ് മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, അന്നത്തെ പിസിസി അധ്യക്ഷൻ നന്ദ്കുമാർ പട്ടേൽ, മകൻ ദിനേഷ് , മുൻ എംഎൽഎ ഉദയ് മുദലിയാർ എന്നിവരും സാധാരണ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃനിരയൊന്നാകെ തുടച്ചുനീക്കപ്പെട്ട ആക്രമണത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്നും കൃത്യമായ അന്വേഷണം നടന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 2019ൽ അന്വേഷണത്തിനായി എസ്ഐടി രൂപവത്കരിച്ചു.
National
ചണ്ഡിഗഡ്: അംബേദ്കർ പ്രതിമ തകർത്തത്തിനെതിരേയുള്ള പ്രതിഷേധ പരിപാടിക്കിടെ മുൻ കേന്ദ്രമന്ത്രിയും ബിജെപിനേതാവുമായ വിജയ് സാംപ്ലയ്ക്കുനേരേ ആക്രമണം.
പഞ്ചാബിലെ ഹോഷിയാർപുരിലായിരുന്നു സംഭവം. മൈക്രഫോണിന് അടിയേറ്റ മുൻ മന്ത്രിയുടെ മൂക്കിനു പരിക്കേറ്റു.
ഇതിനുപിന്നാലെ ബിജെപി പ്രവർത്തകരും ബിഎസ്പി പ്രവർത്തകരും ഏറ്റുമുട്ടി.
കഴിഞ്ഞ ദിവസം പ്രദേശത്തെ വ്യാപാരകേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന അംബേദ്കർ പ്രതിമയ്ക്കുനേരേ അജ്ഞാതസംഘം കല്ലെറിഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിക്കാനാണ് മുൻ കേന്ദ്രമന്ത്രി സ്ഥലത്തെ ത്തിയത്.
National
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. പശ്ചിമബംഗാളിലെ നദിയയിൽ ടിഎംസി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവര്‍ത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
പ്രതിഷേധക്കാര്‍ മഹുവ മൊയ്ത്രയ്ക്കെതിരായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഒരു സ്വാതന്ത്ര്യ സമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെയാണ് താന്‍ പ്രതിഷേധക്കാരെ നേരിട്ടതെന്ന് മഹുവ ഫേസ്ബുക്കിൽ കുറിച്ചു.
Kerala
കൊച്ചി: വീട്ടമ്മയെ ആക്രമിച്ചന്നെ പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ ഞാറക്കല്‍ പൊലിസ് കേസെടുത്തു. എളങ്കുന്നപുഴ പതിശ്ശേരി ഗോഡ്വിന് ഫിഗരാദോയ്ക്ക് (33) എതിരെയാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രതി അവിടെ എത്തുകയും ആക്രമിക്കുകയുമായിരുന്നു. പിടിച്ചു മാറ്റാന്‍ ചെന്ന ബന്ധുവായ മറ്റൊരു യുവാവിനെയും ഇയാള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ റിസോര്‍ട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേർ കൂടി പിടിയിൽ. കര്‍ണാടക സ്വദേശികളായ മുഹമ്മദ് കൗനേന്‍ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വെള്ളറട പൊലിസ് ആണ് കര്‍ണാടകത്തിലെ സത്യമംഗലം കാട്ടില്‍നിന്ന് പ്രതികളെ വലയിലാക്കിയത്.
പിടിയിലായവർ കര്‍ണാടക അതിര്‍ത്തിയില്‍ കവര്‍ച്ച, മോഷണം, ക്വട്ടേഷന്‍, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു.
Kerala
കോഴിക്കോട്: താമരശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന എം.കെ. അബ്ദുൽ ഖാദറിനാണ് (59) പരിക്കേറ്റത്.
അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി അബ്ദുൾ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ സംഘം സ്വകാര്യ ബസിനെ റോഡില്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായും ബസിന്റെ ഗ്ലാസ് തകര്‍ത്തതായും പരാതി. വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭുവനേശ്വരി എന്ന ബസിന്റെ ഡ്രൈവര്‍ മുത്തകുന്നം തുരുത്തിപ്പുറം മേക്കാന്‍ തുരുത്തില് ലിബിനാണ് (39) മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഞാറക്കല്‍ പെരുമ്പിള്ളിയില്‍ വച്ചായിരുന്നു സംഭവം. നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസിന്റെ പിന്നില്‍ ഉരസിയതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ ബസിന് വട്ടം വെച്ച് തടഞ്ഞിടുകയും ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ മദിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.
Kerala
റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണം. 13 സാധാരണക്കാർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ 13 പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ മേഖലയിലെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നീ നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ബാല്ലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും തൊടുത്തത്. അതിർത്തി മേഖലകളിൽ ജാഗ്രത ശക്തമാക്കിയതായും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ആലുവയില്‍ യുവാവിനെ ആക്രമിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ സംഘമെന്ന് റിപ്പോർട്ട്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ആക്രമണത്തിനിരയായത്. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിന്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലിസ് ജോഫിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം.
രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില്‍ കിടന്ന മൂന്നര പവന് തൂക്കംവരുന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില്‍ ജോഫിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാർഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഐസിയുവിലാക്കി.
മുമ്പും സമാന സംഭവങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്‍വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര്‍ തുടര്‍ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്ഫോമില്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച. പ്രവാസി മലയാളി ജോഫിൻ ജിജുവിനെയാണ് ആക്രമിച്ചത്. ജോഫിന്റെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇടവഴിയിലൂടെ നടന്നുപോകവേയാണ് അക്രമികൾ ജോഫിനെ കല്ലെറിഞ്ഞു വീഴ്ത്തിയത്.
തുടർന്ന് കയർ ഉപയോഗിച്ച് കൈയ്യും കാലും കെട്ടിയശേഷം പ്രതികൾ ഇയാളെ സമീപത്തെ കനാലിൽ തള്ളിയിട്ട് മാലയും പണവും കവരുകയായിരുന്നു. ആക്രമിണത്തിൽ ഗുരുതര പരിക്കേറ്റ ജോഫിൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജെഫിന്റെ വാരിയെല്ലിനും കൈയ്ക്കും താടിയെല്ലിനും പൊട്ടലുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലിസ് രണ്ടു പേരടങ്ങുന്ന കവർച്ചാ സംഘത്തിനായി തെരച്ചിൽ ആരംഭിച്ചു.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. അത്തിക്കൽ കുണ്ടുമാങ്ങോട് റോഡിനോട് ചേർന്ന കൃഷിയിടത്തിൽ മേനമ്പടത്ത് ടോമിയുടെ ഭാര്യ സുജാത(52)യ്ക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ഓടെ കൃഷിയിടത്തിൽ കപ്പ പറിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. കുറ്റിക്കാട്ടിൽ പതുങ്ങിക്കിടന്ന കാട്ടുപന്നി സുജാതയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സുജാതയെ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് സുജാതയുടെ ചെരുപ്പും തോർത്തും ഉൾപ്പടെയുള്ളവ രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി എന്നിവർ ആക്രമണകാരിയായ പന്നിയെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചു.
തുടർന്ന് ആക്രമണം നടന്ന സ്ഥലത്തിനു സമീപം തന്പടിച്ച പന്നിയെ പഞ്ചായത്ത് ഷൂട്ടർമാരായ കുര്യൻ കൈപ്പനാനിക്കൽ, ജോബി സെബാസ്റ്റ്യൻ, പി.എം. മാത്യു എന്നിവർ സ്ഥലത്തെത്തി വെടിവച്ചുകൊല്ലുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയശേഷം പന്നിയെ സംസ്കരിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്ഐ എൻ. രാജീവന്റെ നേതൃത്വത്തിലുള്ള ആറളം പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ പൊലിസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയിൽ. പൊലിസ് വാഹനത്തിന്റെ ചില്ലും പ്രതി അടിച്ചുതകർത്തു. സംഭവത്തിൽ വട്ടക്കുളം സ്വദേശി സഞ്ജു ആണ് പിടിയിലായത്.
അരുവിക്കര മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരുവിക്കര പൊലിസ് സംഭവസ്ഥലത്തെത്തിയത്. എന്നാൽ സ്ഥലത്തെത്തിയ പൊലിസ് സംഘത്തെ തടഞ്ഞുനിർത്തിയ പ്രതി ഗ്രേഡ് എസ്ഐയെ മർദിക്കുകയും വാഹനത്തിന്റെ ചില്ലുകൾ തല്ലിതകർക്കുകയും ചെയ്തു.
തുടർന്ന് പൊലിസ് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
പൂവാർ : തീരദേശമായ അടിമലത്തുറയിൽ തെരുവുനായ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടുക്കൾ ഗ്രാമപഞ്ചായത്തിൽ ജൂബിലി നഗർ വാർഡിലാണ് സംഭവം.
കടിയേറ്റ അടിമലത്തുറ സ്വദേശികളായ ബെനഡിക്ട് ( 38 ) , നിഷാന്ത (36) എന്നിവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തെരുവ് നായ ശല്യത്തിന് അധികൃതർഅടിയന്തിര നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leader Page
അതൊരു ചൊവ്വാഴ്ചയായിരുന്നു. 2001 സെപ്റ്റംബർ 11. ന്യൂയോർക്കിൽ സമയം രാവിലെ 8.46. നഗരത്തിന്റെ അഭിമാനമായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളിൽ വടക്കുഭാഗത്തേതിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം ഇടിച്ചു കയറി. 17 മിനിറ്റിനു ശേഷം 9.03ന് യുനൈറ്റഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം തെക്കേ ഗോപുരത്തിലും ഇടിച്ചുകയറി. 9.37ന് അമേരിക്കൻ എയർലൈൻസിന്റെ മറ്റൊരു വിമാനം 380 കിലോമീറ്റർ അകലെ വിർജീനിയ സംസ്ഥാനത്തെ ആർലിംഗ്ടണിൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ ഇടിച്ചു.
10.03ന് 370 കിലോമീറ്റർ അകലെ വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് അല്ലെങ്കിൽ ക്യാപിറ്റോൾ മന്ദിരം ലക്ഷ്യമിട്ടു തട്ടിയെടുത്ത യുനൈറ്റഡ് എയർലൈൻസ് യാത്രാവിമാനം യാത്രക്കാരും ജീവനക്കാരുംകൂടി വിമാനയാത്രികരെ നേരിടുന്നതിനിടയിൽ പെൻസിൽവാനിയയിലെ ഷാങ്ക്സ് വീലിൽ തകർന്നുവീണു. അതിനു മുമ്പ് 9.59ന് ന്യൂയോർക്കിൽ വടക്കേ ഗോപുരവും താമസിയാതെ 10.28ന് തെക്കേ ഗോപുരവും നിലംപതിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തലവര തിരുത്തിയ ഭീകരാക്രമണം. ലോകത്തിന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങൾ മാറിമറിഞ്ഞു. സമൂഹത്തെ ആകെയും വ്യക്തിജീവിതങ്ങളെയും മാറ്റിമറിച്ച സംഭവം. ഇന്നും പ്രത്യാഘാതങ്ങളുടെ അലയൊടുങ്ങുന്നില്ല.
ഏകധ്രുവ ലോകവും ചരിത്രത്തിന്റെ അന്ത്യവും
രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ ലോകം രണ്ടു വൻശക്തികളുടെ ശീതയുദ്ധത്തിലേക്കാണ് എത്തിപ്പെട്ടത്. 1990കളുടെ തുടക്കത്തിൽ സോവ്യറ്റ് യൂണിയൻ തകർന്നു. ശീതയുദ്ധം അവസാനിച്ചു. ഇതോടെ അമേരിക്ക ആധിപത്യം പുലർത്തുന്ന ഒരു ഏകധ്രുവ ലോകക്രമം (Unipolar World Order) നിലവിൽ വന്നതായി ചാൾസ് ക്രൗഥാമർ 1990ലെ ഒരു പ്രബന്ധത്തിൽ എഴുതി. മാനവ പുരോഗതിയുടെ സംഘർഷാത്മക ചരിത്രം അവസാനിച്ചു, ലിബറൽ ജനാധിപത്യം വെന്നിക്കൊടി പാറിച്ചു എന്നവകാശപ്പെട്ടു ഫ്രാൻസിസ് ഫുക്കുയാമ ചരിത്രത്തിന്റെ അന്ത്യം (The End of History and The Last Man) എന്ന പുസ്തകം രചിച്ചു.
ചരിത്രം ഒരിക്കലും പ്രശാന്തമായ കാലം നൽകുന്നില്ല. ജർമൻ ചിന്തകൻ ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദം (Dialectical Idealism) ആശയസംഘട്ടനങ്ങളിലൂടെയാണു ചരിത്രം പുരോഗമിക്കുന്നത് എന്നു സമർഥിക്കുന്നു. ആ ചരിത്രഗതി അവസാനിച്ചെന്നാണു ഫുക്കുയാമ പറഞ്ഞത്. പക്ഷേ ഏതെങ്കിലും രാഷ്ട്രീയ -സൈനിക ശക്തിയോ ആശയസംഹിതയോ ലോകത്തെ ദീർഘകാലം അടക്കിവാഴുകയില്ല എന്നതാണു ചരിത്രപാഠം. ആ പാഠം ഓർമിപ്പിച്ചതായി 9/11.
അഫ്ഗാനിൽ തുടക്കം
ഇസ്ലാമിക ജിഹാദി പ്രസ്ഥാനങ്ങളിൽ ഒന്നായ അൽ ക്വയ്ദ ആണ് 9/11 ആക്രമണം നടത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഫലം. അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തിന് എതിരേ പൊരുതാൻ രൂപംകൊണ്ട പല പ്രസ്ഥാനങ്ങളിൽ ഒന്നായ മക്തബ് അൽ ഖിദാമതി (എംഎകെ) ലാണ് തുടക്കം. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി ഉസാമ ബിൻ ലാദനും പലസ്തീൻ പണ്ഡിതൻ അബ്ദുള്ള അസമും കൂടി രൂപം കൊടുത്തതാണ് എംഎകെ. അൽ കിഫ എന്നറിയപ്പെട്ട ഇത് സോവ്യറ്റ് പടയ്ക്കെതിരേ പോരാളികളെ ഒരുക്കി. പണം പിരിച്ചു. ആയുധങ്ങൾ സമ്പാദിച്ചു. 1988ൽ ബിൻ ലാദൻ ആഗോള ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനായി അൽ ക്വയ്ദ എന്ന വേറൊരു സംഘമുണ്ടാക്കി.
1989ൽ അസം വധിക്കപ്പെട്ടു. സോവ്യറ്റ് സേന അഫ്ഗാനിൽനിന്നു മാറിയപ്പോൾ അൽ കിഫയെ ബിൻ ലാദൻ അൽ ക്വയ്ദയിൽ ലയിപ്പിച്ചു. അയ്മാൻ അൽ സവാഹിരി തുടങ്ങിയവർ ഇതിനു സഹകരിച്ചു. അൽ ക്വയ്ദ തുടർന്നുള്ള വർഷങ്ങളിൽ പല അക്രമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1993ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബ് വച്ച് ഏഴു പേരെ വധിച്ചു. 1998ൽ കെനിയയിലും ടാൻസാനിയയിലും യുഎസ് എംബസികളെ ആക്രമിച്ചു. 2000ൽ യെമനിലെ എഡനിൽ കോൾ എന്ന യുഎസ് പടക്കപ്പലിൽ ബോംബ് വച്ചു.
അമേരിക്കയെ ആക്രമിച്ചു
വിമാനം തട്ടിയെടുത്ത് അമേരിക്കയെ ആക്രമിക്കാൻ ഇരുപതു പേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. നാലു പേർക്ക് പൈലറ്റ് പണിയിൽ പരിശീലനം നൽകി. നാലു ടീമായി തിരിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ ബിസിനസ്- ധനകാര്യ തലസ്ഥാനമായ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ, സൈനിക ആസ്ഥാനമായ പെന്റഗൺ, തലസ്ഥാനമായ വാഷിംഗ്ടണിൽ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് അല്ലെങ്കിൽ നിയമനിർമാണ കേന്ദ്രമായ ക്യാപിറ്റോൾ - ഇവയാണ് ലക്ഷ്യമിട്ടത്. വാഷിംഗ്ടണിലെ ലക്ഷ്യം മാത്രം സാധിച്ചില്ല.
എങ്കിലും ബിൻ ലാദനും അൽ ക്വയ്ദയും അതിനു പിന്നിലുള്ളവരും ലക്ഷ്യമിട്ടതു സാധിച്ചു. അമേരിക്ക ആക്രമിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യത്തെ സംഭവം. അതും ഏക വൻശക്തിയായി അമേരിക്ക വാഴ്ത്തപ്പെട്ടിട്ട് ഒരു ദശകം ആകുമ്പോൾ. അന്ന് നൂറു കണക്കിനു പോലീസുകാരും അഗ്നി-രക്ഷാപ്രവർത്തകരും അടക്കം 2977 പേർ കൊല്ലപ്പെട്ടു. ചാവേറായ 19 ഭീകരരും. മൊത്തം 90 രാജ്യങ്ങളിൽനിന്നുള്ളവർ ദുരന്തത്തിൽ മരിച്ചു.
ഒറ്റയാന്മാർ തുടരുന്നു
ആസൂത്രകനായ ബിൻ ലാദനെ ഒളിവിൽ കഴിഞ്ഞ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ 2011 മേയ് രണ്ടിനു യുഎസ് സ്പെഷൽ ഫോഴ്സസ് വെടിവച്ചു കൊന്നു. ശരീരം കടലിലൊഴുക്കി എന്നാണു പറയുന്നത്. പിന്നീട് അൽ ക്വയ്ദ തലവനായ അൽ സവാഹിരിയെ 2022ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുഎസ് ദൂതന്മാർ വധിച്ചു.
അൽ ക്വയ്ദ ഇന്നു വാർത്തകളിൽ കാര്യമായി വരുന്നില്ല. ഫലപ്രദമായ കേന്ദ്രീകൃത നേതൃത്വം ഇല്ലെന്നാണു വിലയിരുത്തൽ. സൈഫ് അൽ ആദൽ എന്നയാളാണു നേതാവ്. ഇറാനിലാണ് ആസ്ഥാനം. അൽ ഷബാബ് ഭീകരപ്രസ്ഥാനം വഴി സൊമാലിയയിലും മാലിയിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഇവർ സജീവമാണ്.
അൽ ക്വയ്ദ ഇൻ ദ അറേബ്യൻ പെനിൻസുല എന്നൊരു സംഘം യെമനിലും സൗദി അറേബ്യയിലും മറ്റും പ്രവർത്തിക്കുന്നുണ്ട്. 28,000 പേർ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗങ്ങൾ കണക്കാക്കുന്നു. എങ്കിലും സംഘടിത നീക്കങ്ങൾ ഇല്ലെന്നു പറയാം. ഇവരിൽനിന്ന് ഒറ്റയാൻ നീക്കങ്ങളാണ് ഇന്റലിജൻസ് ഏജൻസികൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
പക്ഷേ, അൽ ക്വയ്ദയുടെ ആശയസംഹിത ഇന്നും ശക്തമാണ്. ഇസ്ലാമിക കാലിഫേറ്റിനു കീഴിൽ ലോകത്തെ കൊണ്ടുവരാനുള്ള ശ്രമം ഇവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തുടരുന്നു. 9/11 നു ശേഷമുള്ള സൈനിക നടപടികൾ പാശ്ചാത്യവിരുദ്ധ, ഇസ്ലാമിക് ജിഹാദി ആശയങ്ങൾക്കു കരുത്തു പകരുകയാണു ചെയ്തത്.
തുടർയുദ്ധങ്ങൾ
അൽ ക്വയ്ദയെ തകർക്കാൻ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്കു സേനയെ അയച്ചത് 2001 ഒക്ടോബറിലാണ്. താലിബാൻ ഭരണകൂടം ബിൻ ലാദനെ പിടിച്ചു നൽകാത്തതിനെത്തുടർന്നായിരുന്നു അത്. താലിബാനെയും അൽ ക്വയ്ദയെയും പുറത്താക്കി. യുഎസ് സേന നഗരങ്ങൾ പിടിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിൽ ജനാധിപത്യ ഭരണം കൊണ്ടുവരാനായി ശ്രമം. ജനകീയ സർക്കാരുകൾ ഉണ്ടായി. പക്ഷേ, വർഷങ്ങൾകൊണ്ടു താലിബാൻ വീണ്ടും ശക്തമായി. 2021ൽ അമേരിക്കൻ സേന തല കുനിച്ചു മടങ്ങി. ആഴ്ചകൾക്കകം താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തു.
ഇതിനിടെ, ഇറാക്കിൽ സദ്ദാം ഹുസൈനെയും ലിബിയയിൽ മുഅമർ ഖദ്ദാഫിയെയും സൈനിക നടപടിയിലൂടെ അമേരിക്ക കൊലപ്പെടുത്തി. രണ്ടു രാജ്യങ്ങളും ദീർഘകാലം ആഭ്യന്തര കലാപത്തിലായി. 2014ൽ ഇറാക്കിലും സിറിയയിലും അബൂബക്കർ അൽ ബാഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് ഭരണം പിടിച്ച് ഇസ്ലാമിക് കാലിഫേറ്റ് പ്രഖ്യാപിച്ചു. വർഷങ്ങൾ എടുത്തു, അവരെ തുരത്താൻ. 2019ൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ ബാഷർ അൽ അസദിന്റെ ഭരണം അവസാനിപ്പിക്കാനും അമേരിക്ക ഇടപെട്ടു. ബാഷർ റഷ്യയിൽ അഭയം തേടി. ഇറാക്കിലും സിറിയയിലും അമേരിക്കൻ പിന്തുണയുള്ള ഭരണകൂടങ്ങളെ അവഗണിക്കുന്ന വിമതവിഭാഗങ്ങൾ ഇപ്പോഴും ശക്തമാണ്. ഇറാനും റഷ്യയുമൊക്കെ വിമതർക്കു സഹായം നൽകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ചെറിയ സംഘങ്ങൾ ഇപ്പോഴും ഈ രാജ്യങ്ങളിൽ ഉണ്ട്.
International
ന്യൂയോർക്ക്: ആധുനിക ചരിത്രത്തെ ‘9/11ന് മുമ്പും പിമ്പും’എന്ന് അടയാളപ്പെടുത്തിയ അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു.
2001 സെപ്റ്റംബർ 11ന് നടന്ന ആ ദുരന്തം അമേരിക്കയുടെ മാത്രം നടുക്കമായിരുന്നില്ല; മറിച്ച് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളെയാകെ മാറ്റിമറിച്ച വലിയൊരു വഴിത്തിരിവായിരുന്നു.
അൽ ക്വയ്ദയുടെ 19 ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾക്കു നേരേ പ്രയോഗിക്കുകയായിരുന്നു.
രണ്ടു വിമാനങ്ങൾ നിമിഷങ്ങളുടെ ഇടവേളയിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ടഗോപുരങ്ങൾക്കുനേരേ ഇടിച്ചിറക്കി. മറ്റൊരു വിമാനം സൈനിക ആസ്ഥാനമായ പെന്റഗണിലാണു ഇടിച്ചിറക്കിയത്.
നാലാമത്തെ വിമാനം കോക്പിറ്റില്‍ ഭീകരരും യാത്രക്കാരുമായി നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പിറ്റ്ട്സ്ബര്ഗില് പാടത്ത് തകര്‍ന്നുവീണു. അമേരിക്കയുടെ ഹൃദയം തകർത്ത ഈ ഭീകരാക്രമണങ്ങലിൽ 77 രാജ്യങ്ങളിൽനിന്നുള്ള 2,977 പേർക്കു ജീവൻ നഷ്ടപ്പെടുകയും ആറായിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ‘ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ച അമേരിക്ക, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ സൈനിക നീക്കങ്ങൾക്കും നാലര ട്രില്യൺ ഡോളറിലധികം ചെലവിട്ട യുദ്ധങ്ങൾക്കും ലോകം സാക്ഷ്യംവഹിച്ചു.
സോവ്യറ്റ് യൂണിയനെതിരേ ഒരുകാലത്ത് അമേരിക്കതന്നെ വളർത്തിയെടുത്ത ഒസാമ ബിൻ ലാദനും ഭീകരഗ്രൂപ്പുകളും പിന്നീട് സ്വന്തം യജമാനന്മാർക്കു നേരേതന്നെ തിരിയുകയായിരുന്നുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി.
വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിനൊടുവിൽ, 2011 മേയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് മിന്നലാക്രമണത്തിലൂടെ ബിൻ ലാദനെ വധിച്ചുകൊണ്ട് ‘നീതി നടപ്പിലായി’ എന്ന് അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു.
സൗദി ഭരണകൂടത്തിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ 2028ലെ വിചാരണാ പ്രഖ്യാപനവുമെല്ലാം നിയമപോരാട്ടങ്ങളുടെ തുടർച്ചയായി നിലനിൽക്കുന്നു.
എന്നിരുന്നാലും, തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് കരുത്തോടെ തലയുയർത്തിനിൽക്കുന്ന പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം ഇന്ന് അമേരിക്കൻ അതിജീവനത്തിന്റെ പ്രകാശഗോപുരമാണ്.
Kerala
വൈപ്പിന്‍: വീട്ടമ്മയെ മകന്റെ സുഹൃത്തുക്കളായ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പില്‍പറമ്പില്‍ അംബികയെ (60) ആണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടര്‍ന്ന് മുന്‍വശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ചികിത്സയിലാണ്.
വീടിന്റെ ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും തന്നെ തള്ളിയിടുകയും കുറ്റകരമായ രീതിയില്‍ ബലമായി പിടിക്കുകയും ചെയ്തതായി ഇവര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികള്‍ കടമായി വാങ്ങിയ 20,000 രൂപ തിരികെ ചോദിച്ചിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. സംഭവത്തില്‍ മുളവുകാട് സ്വദേശികളായ അനു ആന്റണി (45), ജോസ് മൈജോ (36) എന്നിവര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു.
Kerala
തൃശൂർ: നഗരത്തിൽ രാത്രിയിൽ കാറുകൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു യുവതിയുടെ പരാക്രമം. വിവരമറിഞ്ഞെത്തിയ വനിതാ എഎസ്ഐയെ യുവതി മർദിക്കുകയും കടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചാഴൂർ സ്വദേശി റഹ്മത്തിനെ (21) പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11നു രാഗം തിയറ്ററിനു സമീപമായിരുന്നു സംഭവം.
തടഞ്ഞുനിർത്തിയ വാഹനങ്ങൾക്കു മുകളിൽ കൈകൊണ്ടടിച്ചാണു യുവതി പണം ആവശ്യപ്പെട്ടിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണു യുവതി എഎസ്ഐയുടെ കൈയിൽ കടിച്ചത്. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിടെയും യുവതി പരാക്രമം തുടർന്നു.
യുവതി ജോലിതേടി നഗരത്തിൽ എത്തിയതാണെന്നു പറയുന്നു. പ്രശ്നങ്ങളുണ്ടായപ്പോൾ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്നു പൊലിസ് പറഞ്ഞു.
Kerala
പാലാ: പാലായിൽ കഞ്ചാവ് വേട്ടയ്ക്കിടെ പോലീസിനെ കാർ ഇടിപ്പിച്ചു. മൂന്നു പേർ പിടിയിൽ. വാഹനം തടഞ്ഞ പോലീസുകാരെയാണ് കാർ ഇടിപ്പിച്ചത്. സംഭവത്തിൽ ഒരു പോലീസുദ്യോഗസ്ഥനു പരിക്കേറ്റു. പ്രതികളിൽനിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായിൽ ആർവി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത്.
ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്.. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിൽ കച്ചവടം നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷ് പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. പ്രതികൾ മുമ്പും ലഹരിക്കേസിൽ ഉൾപ്പെട്ടവരാണ്.
Kerala
കൊച്ചി: കാര്‍ യാത്രികരെ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരന് മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറും. മോഷണം അടക്കം ഏഴോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഓഗസ്റ്റ് 9ന് കച്ചേരിപ്പടിയില്‍ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നോര്‍ത്ത് പൊലിസ് എടുത്ത കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്‍സാറിന് സ്റ്റേഷന് ജാമ്യം നല്‍കിയിരുന്നു. നോര്‍ത്ത് എഎസ്ഐ സുനിലിനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചിട്ടും പ്രതിയോട് പൊലിസ് മൃദുസമീപനം സ്വീകരിച്ചതില്‍ സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് അന്‍സാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാര്‍ റിമാന്‍ഡിലാണ്.
ഓഗസ്റ്റ് 22ന് വൈകുന്നേരം പടമുഗളില്‍ കാര്‍ യാത്രികരെ തടഞ്ഞു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തൃക്കാക്കര പൊലിസും അന്‍സാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. അലങ്കാര്‍ ബസിലെ ജീവനക്കാരനായ പ്രതിക്കെതിരെ 2024ല്‍ ബൈക്ക് മോഷണം, മൊബൈല്‍ ഫോണ്‍ മോഷണം തുടങ്ങി ഏഴു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഗ്രാമത്തിൽ ഇന്നലെ രാവിലെ ഇസ്രേലി സേന നടത്തിയ രണ്ടു വ്യോമാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു.
ഒട്ടേറെ പേർക്കു പരിക്കേറ്റു. ആദ്യത്തെ ആക്രമണം ഒരു കെട്ടിടത്തിനു നേർക്കായിരുന്നു ഇവിടെ ഒരു കുട്ടിയും രണ്ടു സ്ത്രീകളും ഉൾപ്പടെ 11 പേരാണു കൊല്ലപ്പെട്ടത്.
കാറിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. ഇസ്രേലി സേനയെ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിനു പകരമാണ് വ്യോമാക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു.
ഞായറാഴ്ച തെക്കൻ ലബനനിൽ ഇസ്രേലി ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.
National
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വാർഡനു നേർക്ക് വിചാരണത്തടവുകാരുടെ ആക്രമണം. വാർഡൻ മഞ്ജുനാഥ് ഹവേലി (32)യെ ആണ് തടവുകാർ ആക്രമിച്ച്കഴുത്തുഞെരിച്ച് കൊല്ലാനും ശ്രമിച്ചത്.
തടവുകാരായ അഞ്ചു പേർക്കെതിരേ കൊലപാതകശ്രമം, ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തു.
ബജ്രംഗ്ദൾ പ്രവർത്തകനായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരാണ് ആക്രമണം നടത്തിയത്. ജയിൽ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു അക്രമം.
കോടതിയിൽ ഹാജരാക്കേണ്ട തടവുകാരനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മഞ്ജുനാഥ് ജയിലിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളിലൊരാളായ മുഹമ്മദ് മുഷാമിർ വാർഡനെ അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വാർഡന്റെ മുഖത്തിടിക്കുകയും ചെയ്തു.
ഇതിനിടെ അബ്ദുൾ ഷഫ്ഗാൻ, മുഹമ്മദ് റിസ്വാൻ, നിയാസ്, കലന്ദർ ഷാഫി എന്നിവരും ആക്രമണത്തിൽ പങ്കുചേർന്നു. മഞ്ജുനാഥിനെ ജയിലിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അഞ്ചുപേരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ജയിൽ ജീവനക്കാർ ഇടപെട്ട് വാർഡനെ രക്ഷപ്പെടുത്തുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
മുഷാമിർ ജയിലിലേക്ക് അനുവദിച്ചതിലധികം സാധനങ്ങൾ കൊണ്ടുവരുന്നത് ഹവേലി തടഞ്ഞതിൽ പ്രകോപിതനായിരുന്നുവെന്നാണു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
National
ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷ പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛന്റെ തല അടിച്ചുപൊട്ടിച്ച സംഘപരിവാർ അനുകൂലിയുടെ പ്രസ്താവനയിൽ വെട്ടിലായി ബിജെപി. പെൺകുട്ടിയുടെ അച്ഛന്റെ തല അടിച്ചുപൊട്ടിച്ചെന്നും ബിജെപി നേതാക്കളുടെ ഉറച്ച പിന്തുണ കിട്ടിയതിനാൽ ജയിലിൽ പോകേണ്ടിവന്നില്ലെന്നുമാണ് ഇയാൾ ഒരു യു ട്യൂബ് ചാനലിൽ വീരവാദം മുഴക്കിയത്.
ജൂലൈ 20ന് ജന്തർമന്തറിൽ ഡൽഹി പോലീസിന്റെ ലാത്തിയും ഷൂസുമണിഞ്ഞാണ് വിദ്യാർഥികളെ നേരിടാൻ സ്വതന്ത്ര ഭരദ്വാജ് എന്ന ഇയാൾ ഇറങ്ങിയത്. ഇതുതന്നെ വിവാദമായിരുന്നു. യു ട്യൂബിൽ ഒരു മണിക്കൂർ നീളുന്ന പോഡ്കാസ്റ്റിലാണ് സമരക്കാരെ താനും കൂട്ടുകാരും കൈകാര്യം ചെയ്തതിന്റെ കഥകൾ ഇയാൾ വിളമ്പിയത്. തല അടിച്ചുപൊട്ടിച്ചിട്ടും തനിക്ക് ഡൽഹി ബിജെപിമന്ത്രി കപിൽ മിശ്രയുടെയും മറ്റും പിന്തുണ ഉണ്ടായിരുന്നതിനാൽ ജയിലിൽ പോകേണ്ടി വന്നില്ല എന്നാണ് ഇയാൾ പറയുന്നത്.
വെളിപ്പെടുത്തൽ വിവാദമായതോടെ ഇന്നു സിജെപിയുടെ നേതൃത്വത്തിൽ അക്രമിക്കെതിരേ വധശ്രമം ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. ഡൽഹി പോലീസിന്റെ ലാത്തിയും ഷൂസുമാണ് ആക്രമണം നടത്തിയപ്പോൾ താൻ ധരിച്ചിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്.
സമരത്തിനെത്തിയ നിഷു എന്ന വിദ്യാർഥിനിയുടെ പിതാവിനെയാണ് ഇയാൾ ആക്രമിച്ചത്.
നിഷുവിന്റെ അച്ഛന്റെ തല ഞാൻ അടിച്ചുപൊട്ടിച്ചു. വധശ്രമക്കുറ്റമാണിത്. അയാൾക്ക് തലയിൽ 60 തുന്നൽ ഇടേണ്ടിവന്നു. അച്ഛനു നീതിലഭിച്ചില്ലെങ്കിൽ വിഷം കഴിച്ചു മരിക്കുമെന്നു പറഞ്ഞ് മകൾ പോലീസ് സ്റ്റേഷനു മുന്നിൽ കുറെ നേരം നിന്നു. എന്നിട്ടു വല്ലതും സംഭവിച്ചോ? പിറ്റേദിവസം എന്നെ സ്റ്റേഷനിൽനിന്നു വിട്ടു. എനിക്ക് ജയിലിൽ പോലും പോകേണ്ടിവന്നില്ല. - ഭരദ്വാജ് ചിരിച്ചുകൊണ്ടു ചാനലിൽ പറഞ്ഞു.
ഞാൻ ജയിലിൽ പോയില്ലെന്ന് നിങ്ങൾ എല്ലാവരും അറിയണം. കപിൽ മിശ്ര എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്രയുടെ ഫോൺകോൾ വന്നതുകൊണ്ടാണ് എന്നെ വിട്ടയച്ചതെന്നാണ് പോലീസ് പറഞ്ഞത്. ചിരാഗ് പാസ്വാൻ എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. മോദിജിയും എന്റെ ജ്യേഷ്ഠനാണ്. എനിക്ക് ഇവരുടെയെല്ലാം പിന്തുണയുണ്ട്. ഞാനിട്ട ഷൂസ് അതു ഡൽഹി പോലീസിന്റേതാണ്. ഒരു ഫോമും പൂരിപ്പിച്ചുനൽകിയില്ലെങ്കിലും ഡൽഹി പോലീസിനെപ്പോലെയാണ് ഞാൻ നടക്കുന്നത്. ഷൂസും ലാത്തിയുമെല്ലാം അവരുടേതാണ്. - ലാത്തി എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
അഭിമുഖം പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തന്നെ രക്ഷിച്ചത് ഡൽഹിമന്ത്രി കപിൽ മിശ്രയാണെന്നു പ്രതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നു സിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. ക്രിമിനലുകൾ പോലീസ് ഒത്താശയിൽ വിദ്യാർഥികളെ മർദിച്ചെന്ന തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണ് ഭരദ്വാജിന്റെ വെളിപ്പെടുത്തലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്കെതിരേ വധശ്രമക്കേസ് ചുമത്തുംവരെ പ്രക്ഷോഭം തുടരാനാണ് സിജെപി തീരുമാനം. അതേസമയം, വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമിക്കേണ്ടി വന്നതെന്ന ന്യായവുമായി ഭരദ്വാജ് രംഗത്തുവന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: 13 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് പൂജപ്പുര പൊലിസ് അന്വേഷണം വ്യാപകമാക്കി. വലിയതുറ സ്വദേശി സരുണ്‍ (38) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളില്‍ നിന്ന് എട്ടു ഗ്രാം വൈറ്റ് എംഡിഎംഎയും അഞ്ച് ഗ്രാം ഗോള്‍ഡ് എംഡിഎംഎയും പിടികൂടിയിരുന്നു.
വലിയൊരളവ് മയക്കുമരുന്ന് പ്രതിയില്‍ നിന്നു പിടികൂടിയതോടെ സരുണിന്റെ കൂട്ടാളികള്‍ക്കായി അന്വേഷണം പൊലിസ് വ്യാപിപ്പിക്കുകയായിരുന്നു. സരുണ്‍ പിടിയിലായതിനു പിന്നാലെ വലിയതുറ ഭാഗത്ത് അന്വേഷണത്തിലായിരുന്ന രണ്ടു ഡാന്‍സാഫ് പൊലിസുകാരായ വിനീത്, റോജിന്‍ എന്നിവരെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.
ഇവരില്‍ ഒരാള്‍ ഫോര്‍ട്ട് ആശുപത്രിയിലും മറ്റൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോഴും ചികിത്സയിലാണ്. സരുണ്‍ പിടിയിലായി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയതുറ സ്വദേശി ടോമി ഫെര്‍ണാണ്ടസിനെ (35) വലിയതുറ പൊലിസ് അറസ്റ്റുചെയ്യുകയുണ്ടായി. സരുണിന്റെ കൂട്ടാളിയാണ് ടോമി എന്ന് സൂചനയുണ്ട്.
ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചശേഷം മുടവന്മുകള് ഭാഗത്തുവച്ച് ചില്ലറ വിതരണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സരുണ്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഇയാളുടെ കൂട്ടുപ്രതികള്‍ വലിയതുറ ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിക്കുന്നത്.
സരുണ്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘമാണ് എംഡിഎംഎ കടത്തിനും കച്ചവടത്തിനും പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും മൂന്നുപേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. രഹസ്യസങ്കേതത്തില്‍ എംഡിഎംഎ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വില്‍പ്പന നടത്തുകയാണ് രീതി.
വ്യാഴാഴ്ച ഡാന്‍സാഫ് സംഘം വലിയതുറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. അതിനിടെ കുപ്രസിദ്ധ ഗുണ്ടയായ നവീന്‍ സുരേഷ് കഴിഞ്ഞദിവസം വലിയതുറയിലെ ഒരു വീട് അടിച്ചുതകര്‍ക്കുകയുണ്ടായി. സരുണിന്റെ എംഡിഎംഎ കച്ചവടം ചോര്‍ത്തി നല്‍കിയത് ഈ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെയും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.
റിമാന്‍ഡില്‍ കഴിയുന്ന സരുണ്‍, ടോമി ഫെര്‍ണാണ്ടസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ലഹരിസംഘത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുകയുള്ളൂ.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ഗുരുതര പരിക്ക്. രാജ് നഗർ എക്സ്ടെൻഷനിലെ സ്റ്റാർ രാമേശ്വരം സൊസൈറ്റിയിലാണ് സംഭവം നടന്നത്.
കുട്ടി റെസിഡൻഷ്യൽ കോംപ്ലക്സിലൂടെ നടന്നുപോകുമ്പോൾ തെരുവ് നായ കുട്ടിയുടെ നേരെ ഓടിയെത്തുകയായിരുന്നു. നായ കുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുവലിച്ച് മറ്റ് മൂന്ന് നായ്ക്കളുടെ അടുത്തേക്ക് കൊണ്ടുപോയി. തുടർന്ന് നായ്ക്കൾ കുട്ടിയെ വളഞ്ഞുപിടിക്കുകയും ആക്രമിക്കുകയും ചെയ്തു. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ ആക്രമണം തുടർന്നു.
ഈ സമയം അതുവഴിയെത്തിയ ഒരു സ്ത്രീ ഉടൻ തന്നെ ചെരുപ്പ് ഉപയോഗിച്ച് നായ്ക്കളെ തുരത്തിയോടിക്കുകയുമായിരുന്നു. പിന്നാലെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
സൊസൈറ്റിയിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ഉടൻ തന്നെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്ത്യൻ പൗരനടക്കം 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട മേഖലകളും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിലും ഇതിനോടു ചേർന്ന ബോറിസ്പിൽ നഗരത്തിലുമാണു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കീവിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസ, ഖേർസൺ, സാപ്പോറിഷ്യ, ഖാർകീവ്, ചെർണിഹീവ്, സുമി, നിപ്രോ പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ച പുതിയ തരം ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി സെലൻസ്കി അറിയിച്ചു. വേഗം കൂടിയ ഇത്തരം ഡ്രോണുകൾ വെടിവച്ചിടുക ദുഷ്കരമാണ്. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമായ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണങ്ങളിൽ പതിവിലും കൂടുതൽ പേർ കൊല്ലപ്പെടുന്നുണ്ട്. മിത്ര രാജ്യങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കണമെന്നു യുക്രെയ്ൻ നേതൃത്വം അഭ്യർഥിച്ചു.
Kerala
തൃശൂര്‍: കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ അറസ്റ്റിൽ. കുന്നംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന് (29) ആര്‍ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ആനായ്ക്കലില്‍ പോലീസിനുനേരെ അക്രമം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആകെ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
വിലങ്ങാട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ ആണ് മരിച്ചത്.
ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ്. കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിച്ചുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണവം വനമേഖലയിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത്.
District News
വീടുകളും വാഹനങ്ങളും തകർത്തു,
ആക്രമിച്ചത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുടെ വീടുകൾ
കഴക്കൂട്ടം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായതിലുള്ള വൈരാഗ്യത്തിൽ നാട്ടുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൈലാത്ത് കോണം സ്വദേശികളായ മിഥുൻ , രാഹുൽ , ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കൈലത്ത്കോണം സ്കൂളിന് സമീപം വ്യാഴാഴ്ച രാത്രി 10.30 നാണ് സംഭവം. വധശ്രമം, അക്രമം, വീടുകളും വാഹനങ്ങളും തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തു.
നാട്ടുകാരായ ലിബീഷ്, ഹേംജിത്ത് എന്നിവർ പ്രദേശത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഓണാഘോഷ പരിപാടിക്കിടെ പ്രശ്നമുണ്ടാക്കിയ അക്രമിസംഘത്തിനെതിരെ ഇവർ പോലീസിൽ പരാതി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഇതിന്റെ വൈരാഗ്യത്തിൽ ഇരുമ്പ് കമ്പിയും വെട്ടുകത്തിയുമടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അക്രമികൾ, ലിബീഷ്, ഹേംജിത്ത്, കൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീട്ടിലെ കതകുകളും വീടുകളുടെ മുൻവശത്ത് നിർത്തിയിട്ടിരുന്ന പത്തോളം മോട്ടോർ സൈക്കിളുകളും രണ്ട് കാറുകളും അക്രമികൾ അടിച്ച് തകർത്തു.
പ്രദേശവാസിയായ ബിജുവിന്റെ വീടിന് മുന്നിലെത്തിയ സംഘം കൊലവിളി മുഴക്കിക്കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ട് ബിജുവിന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അനുജൻ അനൂപിനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ജ്യേഷ്ഠൻ ദീപുരാജിന്റെ കൈയ്ക്ക് ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ അസ്ഥിക്ക് പൊട്ടലേറ്റു. അക്രമത്തിൽ പരിക്കേറ്റ മറ്റൊരാളായ ജിഷ്ണുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീജു (ഡോൺ), സൂരജ് (ഹെയർബോയ്), ശ്രീരാജ്, ശ്രീജിത്ത്, ഫഹദ്, അൽസഹാദ്, അമ്പാടി എന്നിവരും കണ്ടാലറിയാവുന്ന എട്ടോളം പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
District News
നെടുങ്കണ്ടം: തൂക്കുപാലം ബിവറേജ് ഔട്ട്ലെറ്റിനു സമീപം പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൂക്കുപാലം കുരുവിക്കാട്ട് ആനന്ദ് (19), ആനവിലാസം ചപ്പാത്ത് ആലത്തറക്കൽ അഭിഷേക് (19) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഒരാളെ രണ്ട് പേർ ചേർന്നു മർദിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പോലീസ് ബിവറേജ് ഔട്ട്ലെറ്റിനു സമീപം എത്തുകയായിരുന്നു. ഇവിടെ പ്രതികളായ ആനന്ദും അഭിഷേകും മറ്റൊരാളും ചേർന്ന് മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ അരുണിനെ വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പോലീസ് ഇടപെട്ട് മർദനം തടയുകയും പ്രതികളോട് പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിക്കെതിരേ തിരിയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത നെടുങ്കണ്ടം പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തു. എഫ്ഐആർ ഇടാൻ തയാറാകാതിരുന്ന പോലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് ആസ്ഥാനത്ത് നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
ജൂലായ് 20-നുനടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സാഹിൽ ലോച്ചാബിന് പെല്ലറ്റേറ്റ് ഗുരുതര പരിക്കുണ്ടായതിനു പിന്നാലെ ഡൽഹി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആർ ഇടുകയോ പരാതി ലഭിച്ചതായി രേഖനൽകുകയോ ചെയ്തില്ല. തുടർന്നാണ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തത്.
പരാതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മയുടെ ഓഫീസിലെത്തിയ രാഹുൽ അദ്ദേഹവുമായി സംസാരിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. ഇതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഡൽഹി പോലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു.
തുടർന്ന് വൈകിട്ടോടെ പേലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുകയും സാഹിൽ ലോച്ചാബിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നീതിയിലേക്കുള്ള ആദ്യ കാൽവയ്പ്പാണിതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സമ്മതം ലഭിച്ചശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
National
ഗൂഡല്ലൂർ: ഒരു കർഷകൻ കൂടി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേലെ ഗൂഡല്ലൂർ ഓവാലി കോക്കലിമലയിൽ രവിചന്ദ്രൻ (48) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഓവാലി ലോറിസ്റ്റൺ നാലാം നമ്പർ തോട്ടത്തിന് സമീപത്ത് സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് രവിചന്ദ്രനെ കടുവ പിടികൂടിയത്.
ഈ പ്രദേശത്തു കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ ആളാണ് രവിചന്ദ്രൻ .വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ കരച്ചിലും കടുവയുടെ അലർച്ചയും കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും രവിചന്ദ്രൻ മരണപ്പെട്ടിരുന്നു.
ഇയാളുടെ ഒരു കൈയും കടിച്ചെടുത്തുകൊണ്ടാണ് കടുവ പോയത്, പിന്നീട് ഉപേക്ഷിച്ചു. ഭാര്യ -മഹേശ്വരി . മക്കൾ - മഹാലക്ഷ്മി (കോത്തഗിരി), സംഗീത (തിരുപ്പൂർ ), അജിത് കുമാർ (ഗൂഡല്ലൂർ ), മരുമകൾ - ജനനന്ദിത.
Kerala
തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒ.എം.ആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്.
തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.