വൈപ്പിൻ : സർഫാസി നിയമമനുസരിച്ച് ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയ ആളെയും അമ്മയെയും സർഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചു എന്ന പരാതിയിൽ 13 പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ, സ്വദേശികളായ പി. ജെ. മാനുവൽ, സതീഷ്, പി.കെ. വിജയൻ, ടി.കെ. പുഷ്‌കരൻ, വാമനൻ, ശശി, വർഗീസ്, ദീപേഷ്, ഗിരീഷ്, കുമരൻ, വി.സി. ജെന്നി, സാവിത്രി, എളങ്കുന്നപ്പുഴ സ്വദേശി റോസിലി എന്നിവരാണ് അറസ്റ്റിൽ ആയത്.
കോടതിയിൽ ഹാജരാക്കിയ 13 പേരിൽ മുൻ വീട്ടുടമ റോസിലി, ജെന്നി, സാവിത്രി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വീട് ലേലത്തിൽ വാങ്ങിച്ച ഞാറക്കൽ ഒളിപ്പറമ്പിൽ അബിൻ നൽകിയ പരാതിയിൽ ആയിരുന്നു അറസ്റ്റ്.
പെരുമാൾ പടിയിലുള്ള റോസിലിയുടെ വീടാണ് സർഫാസി നിയമ മൂലം ഒരു സ്വകാര്യ പണമിടപാട് കമ്പനി ജപ്തി ചെയ്ത് ലേലത്തിൽ വിറ്റത്. ഇതേ തുടർന്ന് സർഫാസി വിരുദ്ധ നേതൃത്വത്തിൽ വീടിനടുത്ത് സമരം നടക്കുന്നുണ്ട്. ഇതിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.
അതേസമയം ലേലത്തിൽ വീട് വാങ്ങിയ അബിൻ മുൻ താമസക്കാരിയായ റോസിലിയുടെ ആധാർ കാർഡും മറ്റു രേഖകളും മരുന്നുകളും വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയതാണ് പ്രശ്നത്തിന് കാരണമെന്ന് സമരസമിതിക്കാർ പറയുന്നു. ഇത് സംബന്ധിച്ച് റോസിലി ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോലീസുമായി ഒരു ചർച്ച നടന്നിരുന്നുവത്രേ. ഇതനുസരിച്ച് മുടക്കിയ പണം തിരികെ കൊടുത്താൽ വീട് ഒഴിഞ്ഞു തരാം എന്ന് വീട് ലേലത്തിൽ വാങ്ങിയ അബിൻ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു വത്രേ.
എന്നാൽ ഇതിനിടെ ബുധനാഴ്ച മുൻ വീട്ടുടമയുടെ സാധനങ്ങൾ അവിടെ നിന്ന് വീണ്ടും കടത്തിക്കൊണ്ട് പോയത്രേ. ഇത് ചോദ്യം ചെയ്ത സമരസമിതി പ്രവർത്തകർക്കാണ് യഥാർത്ഥത്തിൽ മർദ്ദനമേറ്റതെന്നും പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ കള്ള കേസ് എടുത്ത് തങ്ങളെ ജയിലിൽ അടക്കുകയായിരുന്നുവെന്നും സമരസമിതിക്കാർ ആരോപിക്കുന്നു.