തിരുവനന്തപുരം: പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള മുതിർന്ന 30 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി പി. വിജയനെ നിയമിച്ചു.
ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹത്തിന് സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകി. എസ്. ശ്രീജിത്തിനെ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ നിന്ന് മാറ്റി ജയിൽ എഡിജിപിയായി നിയമിച്ചു. ഷൗക്കത്തലി കോഴിക്കോട് കമ്മീഷണറാകും.
ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐജിയാക്കി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പോസ്റ്റിലേക്ക് ഐജിയായി നിയമിച്ചു. ആർ. നിശാന്തിനിയെ ഹെഡ്ക്വാർട്ടേഴ്സ് ഐജി പദവിയിൽ നിന്നും മാറ്റി ഇന്റലിജൻസ് വിഭാഗം ഐജിയാക്കി നിയമിച്ചു.
യതീഷ് ചന്ദ്രയെ കണ്ണൂർ റേഞ്ച് ഡിഐജി പദവിയിൽ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡിഐജിയാക്കി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ മാറ്റി തൃശൂർ റേഞ്ച് ഡിഐജിയാക്കി. തൃശൂർ റേഞ്ച് ഡിഐജി സ്ഥാനത്തുനിന്നും ടി.നാരായണനെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു.
എറണാകുളം റേഞ്ച് ഡിഐജി പദവിയിൽ നിന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ഡോ. അരുൾ ആർ.ബി. കൃഷ്ണയെ നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പോലീസ് ബറ്റാലിയൻ എഡിജിപിയാക്കി.
എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയായി പൂർണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ സായുധ പോലീസ് ബറ്റാലിയനിൽ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയാക്കി.
Tags : reshuffle police department p.vijayan