കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല ക്രൈസ്റ്റ് ദ റെഡീമർ പള്ളിയിൽ ദിവ്യബലി അർപ്പിക്കാനെത്തുന്നു.
തായ്ബെ: പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു. പ്രദേശത്ത് ഇസ്രയേൽ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണു പാത്രിയാർക്കീസിന്റെ സന്ദർശനം.
പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ തായ്ബെയിലെ ക്രൈസ്റ്റ് ദ റെഡീമർ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ കർദിനാൾ മുഖ്യകാർമികത്വം വഹിച്ചു.
ഭയത്തിനും നിരാശയ്ക്കും ഹൃദയത്തിൽ ഇടം നൽകാതെ പ്രത്യാശയോടെ മുന്നോട്ടുപോകാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത പാത്രിയാർക്കീസ്, ഗ്രാമത്തിലെ ജനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
‘സങ്കീർണമായ ഈ സാഹചര്യങ്ങൾക്കിടയിലും ക്രിസ്തീയ ശബ്ദമായി തുടരാൻ നിങ്ങളുടെ മാതൃക അത്യന്താപേക്ഷിതമാണ്. വിശുദ്ധ നാടിന്റെ എല്ലാ മേഖലകളിലും തിരുസഭയുടെ സാന്നിധ്യം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യും’- കർദിനാൾ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ തായ്ബെ ഉൾപ്പെടുന്ന പ്രദേശം ഇസ്രയേൽ നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടേക്ക് തീർഥാടകർക്കും വിദേശികൾക്കും പ്രവേശനവിലക്കുണ്ട്.
Tags : CardinalPisaballa Taipei Visits Christian Presence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash