ഇന്ത്യയുടെ സാത്വിക് (ഇടത്), ചിരാഗ് സഖ്യം പോയിന്റിനായുള്ള പോരാട്ടത്തിൽ.
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യസെൻ.
സിംഗപ്പുരിന്റെ ലോ കീൻ യൂവിനെ 21-17, 10-21, 21-13 സ്കോറിന് പരാജയപ്പെടുത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. ചൈനയുടെ ഷു ഷുവാൻ ചെന്നിനെ 21-18, 14-21, 24-22 സ്കോറിന് പരാജയപ്പെടുത്തിയ ഡെൻമാർക്കിന്റെ ആൻഡേഴ്സ് ആന്റണ്സനെ ഇന്ത്യൻ താരം സെമിഫൈനലിൽ നേരിടും.
സാത്വിക്- ചിരാഗ് മുന്നോട്ട്
ചൈനയുടെ ഹു കെ യുവാൻ- ലിൻ സിയാംഗ് യി സഖ്യത്തെ 21-12, 13-21, 21-16 സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യയുടെ പുരുഷ ഡബിൾസ് സഖ്യം സാത്വിക്സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സെമിഫൈനലിലേക്ക് മുന്നേറി. സെമിഫൈനലിൽ മലേഷ്യയുടെ മാൻ വെയ് ചോംഗ്- കൈ വുൻ ടീ സഖ്യത്തെയാണ് സാത്വികും ചിരാഗും നേരിടുക.
രക്ഷിതയ്ക്ക് രക്ഷയില്ല
ഇന്ത്യയുടെ വനിത സിംഗിൾസ് താരം രക്ഷിത രാംരാജിന്റെ മുന്നേറ്റം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. തായ്ലൻഡിന്റെ പോണ്പവി ചോചുവോങ്ങിനോട് പരാജയപ്പെട്ടതോടെയാണ് 19കാരിയായ താരം പുറത്തായത്.
ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനു സാക്ഷ്യംവഹിച്ചു. എന്നാൽ, തായ്ലന്ഡ് താരം 21-19 സ്കോറിന് സെറ്റ് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റും സമാനമായി മുന്നേറി. നേരിയ ലീഡ് കൈവശംവച്ചിരുന്ന ചോചുവോങ് 21-16 സ്കോറിന് മത്സരം സ്വന്തമാക്കി സെമിഫൈനലിൽ ഇടം ഉറപ്പിച്ചു.
Tags : Lakshya Sen Satwik-Chirag alliance Badminton Rakshitha Ramraj Sports