സഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സ
കാഞ്ഞങ്ങാട്: സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ ഗാരന്റി നല്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. 73-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിലെ നിക്ഷേപമെടുത്ത് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരെ അയയ്ക്കേണ്ടിടത്തേക്ക് അയയ്ക്കും. സഹകരണ മേഖലയില്‍ കുറ്റം ചെയ്തവരോടു യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല. സഹകരണ സംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ നല്ല ആളുകളെ തെരഞ്ഞെടുക്കണം.
വിശ്വാസ്യതയാണു സഹകരണസംഘങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ മന്ത്രി എം. ലിജു അധ്യക്ഷത വഹിച്ചു. സഹകരണസ്ഥാപനങ്ങള്‍ ആധുനികവത്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ ഗോവിന്ദന് പള്ളിക്കാപ്പില്‍, കല്ലട്ര മാഹിന്‍, കെ. നീലകണ്ഠന്, സന്ദീപ് വാര്യര്‍, കാരായി രാജന്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ വി.വി. രമേശന്, സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍, സഹകരണസംഘം രജിസ്ട്രാര്‍ അനു എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മാത്യു കുഴല്നാടന് എംഎല്‍എയും പി.വി. രാജേഷും സെമിനാര്‍ നയിച്ചു.
Tags : cooperative sector guarantee VDSatheesan deposits Government