മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ 2026 ജൂണ്‍ പാദത്തിൽ 57,341 കോടി രൂപയുടെ നിക്ഷേപം. ഈ കാലയളവിൽ ജില്ലയിലെ വായ്പാ വിതരണം 37,289 കോടി രൂപയായി വർധിക്കുകയും ചെയ്തു. ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. മാർച്ച് പാദത്തിൽ ആകെ നിക്ഷേപം 55,607 കോടി രൂപയും വായ്പാ വിതരണം 36675 കോടി രൂപയുമായിരുന്നു.
ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം (സിഡി റേഷ്യോ) 65.03 ശതമാനമാണ്. ആകെ നൽകിയ വായ്പകളിൽ 20,800 കോടി രൂപയും (55.78 ശതമാനം) മുൻഗണനാ മേഖലയ്ക്കാണ് ലഭ്യമാക്കിയത്.
2026-27 സാന്പത്തിക വർഷത്തിലെ 24,080 കോടി രൂപയുടെ ആകെ വായ്പാ ലക്ഷ്യത്തിൽ ജൂണ്‍ പാദം വരെ 6,964 കോടി രൂപ (29ശതമാനം) വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ കാർഷിക മേഖലയിൽ 3,725 കോടി രൂപയും (21ശതമാനം) വ്യവസായ മേഖലയിൽ 2,725 കോടി രൂപയും (51.96ശതമാനം) സേവന മേഖലയിൽ 514 കോടി രൂപയുമാണ് (41ശതമാനം) വായ്പയായി അനുവദിച്ചത്. കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രം, എംപ്ലോയ്മെന്റ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളുടെ പുരോഗതിയും യോഗം വിശദമായി വിലയിരുത്തി.
മലപ്പുറം കിഴക്കേത്തല ഹോട്ടൽ എസ്പെറോ ഇന്നിൽ ചേർന്ന യോഗം എം. റഹ്മത്തുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. എഡിഎം പി.ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് മലപ്പുറം റീജണൽ ഓഫീസ് എജിഎമ്മും റീജണൽ ഹെഡുമായ പുലി സായ്കൃഷ്ണ, തിരുവനന്തപുരം ആർബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ എൻ.എസ്. അമൽ, നബാർഡ് ഡിഡിഎം ഭഗവതി, ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.വി. അഞ്ജനാദേവ്, വിവിധ ബാങ്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.