ലോഗോ
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 30.91 ലക്ഷത്തിലധികം നിഷ്ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖ."ഇന്ത്യാ ടുഡേ’ യാണ് ഈ വിവരം പുറത്തുവിട്ടത്.
കേന്ദ്രസർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് 2026-27 സാമ്പത്തികവർഷത്തിൽ അനുവദിച്ച തുകയ്ക്ക് ഒപ്പമാണിത്. മൂന്ന് പുതിയ ഐഐടികൾ നിർമിക്കാൻ ഈ തുക മതിയാകും.
മുൻവർഷത്തെ അപേക്ഷിച്ച് നിഷ്ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025 മാർച്ച് 31ൽ 31.83 ലക്ഷമായിരുന്ന അക്കൗണ്ടുകൾ 2026 മാർച്ച് 31 ആയപ്പോഴേക്കും 30.91 ലക്ഷമായി കുറഞ്ഞു. ഇതോടെ കെട്ടിക്കിടക്കുന്ന തുക 10,181 കോടിയിൽനിന്ന് 9,330 കോടിയായി ചുരുങ്ങി.
കഴിഞ്ഞ അഞ്ചു വർഷത്തെ വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും 2025, 2026 വർഷങ്ങളിലെ വിവരങ്ങൾ മാത്രമേ നൽകാനാകൂവെന്ന് ഇപിഎഫ്ഒ അറിയിച്ചതായി "ഇന്ത്യാ ടുഡേ’ റിപ്പോർട്ടിലുണ്ട്.
Tags : EPF deposits without heirs