പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എയർ ഇന്ത്യ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് കുറച്ചു. യൂറോപ്പ്, യുകെ, വടക്കേ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ റൂട്ടുകളിലേക്കുള്ള യാത്രാനിരക്കിൽ ഏപ്രിൽ മാസം ഉയർത്തിയ ഇന്ധന സർചാർജാണ് കുറച്ചത്.
യൂറോപ്പ്, യുകെ റൂട്ടുകളിൽ മുമ്പുണ്ടായിരുന്ന 205 ഡോളർ സർചാർജ് 125 ഡോളറായും വടക്കേ അമേരിക്ക, ഓസ്ട്രേലിയ റൂട്ടുകളിൽ 280 ഡോളർ ആയിരുന്നത് 200 ഡോളറായുമാണ് കുറച്ചത്. ഈ റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ 10,000 രൂപയോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ആഭ്യന്തരസർവീസിലും മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസിലും ഇളവ് പ്രഖ്യാപിച്ചിട്ടില്ല.
എയർ ഇന്ത്യക്കു പിന്നാലെ ഇൻഡിഗോയും വരുംദിവസങ്ങളിൽ ഇന്ധന സർചാർജ് കുറച്ചേക്കുമെന്നാണ് സൂചന. നിരക്ക് കുറയ്ക്കുന്ന കാര്യം പരിശോധിച്ചു മറുപടി നൽകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വെട്ടിക്കുറച്ച എല്ലാ സർവീസുകളും പുനഃസ്ഥാപിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണവില കുത്തനെ ഉയർന്നതോടെയാണ് ഇന്ധന സർചാർജ് കൂട്ടാൻ വിമാനക്കമ്പനികൾ തീരുമാനിച്ചത്. എന്നാൽ പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതോടെ അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിലെത്തി.
യുഎസ്-ഇറാൻ സമാധാനക്കരാർ അന്തിമമാകുകയും ഇറാനിൽനിന്നുള്ള എണ്ണ വിപണിയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്താൽ വില ഇനിയും താഴുമെന്നാണ് നിഗമനം.